' മ്മയാകാന്‍ പ്രസവിച്ചാല്‍ മാത്രം പോര... എന്നു പറയുന്നവരുന്നവരോട്. അമ്മയാകാന്‍ പ്രസവിക്കണമെന്നേയില്ലെന്ന് സുമതിയമ്മ പറയും. ആ  പറച്ചില്‍ വാക്കുകള്‍ കൊണ്ടല്ലെന്നുമാത്രം...! അവരുടെ ജീവിതമാണ് ആ വാക്കുകള്‍ക്ക് പകരം നില്‍ക്കുന്നത്. കഴിഞ്ഞ ഒരു പതിറ്റാണ്ടായി 'നന്മയൂട്ടി വളര്‍ത്തുന്ന 20 കുട്ടികളുണ്ട്, കോഴിക്കോട് പറമ്പില്‍ബസാറിലെ നന്മ മാത്രം വിളയുന്ന സുമതിയമ്മയുടെ ആ കൊച്ചു വാടകവീട്ടില്‍. പല മതത്തിലും ജാതിയിലും ഭാഷയിലും പെട്ടവരുണ്ടിവിടെ. എല്ലാവരും സ്‌കൂളില്‍ പോകുന്നുണ്ട്. ഒന്നാം ക്ലാസുകാര്‍ മുതല്‍ ഡിഗ്രി വിദ്യാര്‍ത്ഥികള്‍ വരെ സുമതിയമമ്മയുടെ ' നന്മ'യുടെ തണലിലുണ്ട്.

എല്ലാം നഷ്ടപ്പെട്ട് വീട്ടുകാര്‍ക്കു വേണ്ടാത്തവളായി വനിതാകമ്മീഷനില്‍ അഭയം പ്രാപിച്ചു. പിന്നീട് ഹൃദ്രോഗം ബാധിച്ച് മൂന്നു ശസ്ത്രക്രിയകള്‍ കഴിഞ്ഞു. 18 വര്‍ഷത്തോളം തളര്‍ന്നു കിടന്നു. കിടപ്പിലായ അവരെ മരണത്തില്‍ നിന്നു പിടിച്ചു വാങ്ങി ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയത് കവയത്രി സുഗതകുമാരിയും, എഴുത്തുകാരി പി. വത്സലയുമൊക്കെയായിരുന്നു. പിന്നീടുള്ള ജീവിതം വെറും ഒരു സ്ത്രീയായി മാത്രം ജീവിച്ചു തീര്‍ക്കാന്‍ ഒരുക്കമായിരുന്നില്ല. അങ്ങനെ 2006 ജനുവരി രണ്ടിന് നന്മ ചാരിറ്റബിള്‍ ട്രസ്റ്റിന് രൂപം നല്‍കി.  ആ മനക്കരുത്ത് നിരവധി തെരുവു ജീവിതങ്ങള്‍ക്ക് നിറം പകര്‍ന്നുകൊണ്ടിരിക്കുന്നു. ജീവിക്കാനാവശ്യമായ വരുമാനം കണ്ടെത്താനും  ഇവര്‍ ആരേയും ആശ്രയിക്കുന്നില്ല. കൂട്ടായി പൊരുതാനും  ജീവിത വിജയം നേടാനും അവരെ പഠിപ്പിക്കുകയാണ് സുമതിയമ്മ. അനുഭവതീഷ്ണമായ ഈ അമ്മജീവിതത്തിന്റെ നാള്‍വഴികളെക്കുറിച്ചും. നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും മാതൃദിനത്തില്‍ സുമതിയമ്മ മാതൃഭൂമി ഡോട്‌കോമിനോട് സംസാരിക്കുന്നു.

1, തുടക്കം എങ്ങിനെയായിരുന്നു.

പത്തിരുപത് വര്‍ഷമായി ഞാന്‍ കോഴിക്കോട്ടു വന്നിട്ട്.  ആദ്യമായി ഇവിടെ വരുന്നത് ഒരു പരിചയക്കാരിയുടെ തൊഴില്‍ പ്രശ്‌നങ്ങളില്‍ ഇടപെട്ടു സംസാരിക്കാനായിരുന്നു. അന്ന് വന്ന കാര്യം നടന്നില്ല, അവര്‍ നാട്ടിലേക്കു തിരിച്ചു പോയി.  ആ സ്ത്രീ ജോലി ചെയ്തിരുന്നത് ഒരു അനാഥ മന്ദിരത്തിലായിരുന്നു. ചെറിയ അഞ്ചുകുട്ടികള്‍ അന്നവിടെയുണ്ടായിരുന്നു. അവരെ നോക്കാന്‍ പുതിയൊരാളു വരുന്നവരെ നോക്കണമല്ലോ...

അപ്പൊ പുതിയൊരാളു വരുന്നതു വരെ നില്‍ക്കാന്‍ ഞാന്‍ തീരുമാനിച്ചു. ഇവരെ നോക്കാന്‍ പിന്നെ ആരും വന്നില്ല. പിന്നീട് ആരെങ്കിലും വന്നിരുന്നെങ്കിലും അവരെ പിരിയാന്‍ എനിക്ക് കഴിയില്ലായിരുന്നു. അന്ന് അവിടെ കാര്യമായി നടത്താന്‍ സാധിക്കാതെ വന്നപ്പോള്‍ കുട്ടികളെയും കൂട്ടി ഞാന്‍ ഇറങ്ങി. എന്നെ അവര്‍ ആദ്യം കണ്ടപ്പോള്‍ വിളിച്ചത് അമ്മേ... എന്നായിരുന്നു. ശരീരം കൊണ്ട് അമ്മയായില്ലെങ്കിലും ഒരമ്മ ആരായിരിക്കണമെന്നത് എന്നെ എന്റെ അമ്മ പഠിപ്പിച്ചിട്ടുണ്ട്.

b

അതുകൊണ്ടുതന്നെ അന്നു മുതല്‍ ഇന്നുവരെ ആ സ്ഥാനത്തില്‍ അസുഖം തോന്നിയിട്ടില്ല. പിന്നെ പ്രതിസന്ധികള്‍ നേരിടേണ്ടി വരുമ്പോഴാണല്ലോ നമ്മള്‍ സ്വയം തിരിച്ചറിയുന്നത്. 18 വര്‍ഷം കിടപ്പിലായ ശേഷം വേണ്ടപ്പട്ടവര്‍ക്ക് ഞാന്‍ വേണ്ടാത്തവളായി മാറി..! എഴുന്നേറ്റു നടക്കാമെന്നായപ്പൊ, എനിക്കൊരു തീരുമാനമുണ്ടായിരുന്നു. വേണ്ടപ്പെട്ടവര്‍ക്ക് വേണ്ടാത്തവളായി ജീവിക്കുന്നതിനു പകരം ആര്‍ക്കും വേണ്ടാത്തവര്‍ക്ക് വേണ്ടപ്പെട്ടവളായി ജീവിക്കണം.  

a 2, കുട്ടികള്‍ വീട്ടിലുണ്ടെങ്കില്‍ അവരുടെ കാര്യങ്ങള്‍ നോക്കാന്‍ അത്ര എളുപ്പമല്ല. പക്ഷെ ഒരേ വീട്ടില്‍ ഇത്രയും കുട്ടികള്‍ ഒരുമിച്ച്... എങ്ങനെ കഴിയുന്നു...

നേരത്തെ ഞാന്‍ പറഞ്ഞപോലെ അമ്മ എന്ന വാക്കിന് വലിയ അര്‍ത്ഥമുണ്ട്. ഈ കുട്ടികളെ ഞാന്‍ വളര്‍ത്തുകയല്ല., അവര്‍ വളരുകയാണ്. രാവിലെ മുതല്‍ അവരവരുടെ ജോലികള്‍ എന്തൊക്കെയാണെന്ന് പറഞ്ഞുകൊടുക്കേണ്ടതില്ല. പത്രമിടാന്‍ പോകാനും കോഴിക്കു തീറ്റ കൊടുക്കാനും ആടിനെ നോക്കാനും അവരവരുടെ കഴിവിനനുസരിച്ച് അവര്‍ ചെയ്യും. അതിനുള്ള വഴിയുണ്ടാക്കുക സത്യവും അല്ലാത്തതും അവരെ പഠിപ്പിക്കുക. എന്നൊക്കെയുള്ളതാണ്...

പിന്നെ കരയാനും ചിരിക്കാനും കുട്ടികളെ പഠിപ്പിക്കേണ്ടതുണ്ടോ... ഇല്ലല്ലോ... അപ്പോ ജീവിതവും അതുപോലാണെന്ന് ഞാനവരെ പഠിപ്പിക്കുന്നുണ്ട്. തെറ്റുകള്‍ തെറ്റുകളാണെന്ന് തിരിച്ചറിയാന്‍ അവര്‍ക്കറിയാം... എന്റെ കുട്ടിക്കാലത്ത് എനിക്ക് കിട്ടിയ എല്ലാ സ്വാതന്ത്ര്യവും ഞാനവര്‍ക്കു കൊടുത്തിട്ടുണ്ട്...

മുമ്പൊരു അനുഭവമുണ്ടായി ഒരാള്‍ അദ്ദേഹത്തിന്റെ വീട്ടുകൂടലിന് കുട്ടികള്‍ക്ക് ഭക്ഷണം കൊടുക്കണമെന്നു പറഞ്ഞു. ബിരിയാണിയാണ് ഞാന്‍ കൊടുക്കാനുദ്ദേശിക്കുന്നതെന്നു കൂടി പറഞ്ഞപ്പോള്‍ ഞാന്‍ ഒന്നു പരിഭ്രമിച്ചു. അതുവരെ വീട്ടില്‍ സസ്യാഹാരങ്ങള്‍ മാത്രമായിരുന്നു ഉപയോഗിച്ചിരുന്നത്. എന്റെ പരിഭ്രമം കണ്ട് കുട്ടികളില്‍ ഒരാള്‍ എന്നെ അടുത്ത് വിളിച്ചു പറഞ്ഞു അമ്മ ഒന്നു കണ്ണടച്ചേക്കൂ... 'ആ ഭക്ഷണം ഞങ്ങള്‍ പുറത്തുനിന്നു വിളമ്പിക്കഴിച്ചോളാം' ഞാന്‍ അതിനു സമ്മതം കൊടുത്തു കുട്ടികള്‍ വീട്ടില്‍ വച്ചു തന്നെ അത് കഴിക്കുകയും ചെയ്തു.

ഇതില്‍ നിന്നു വലിയൊരു കാര്യം ഞാന്‍ പഠിച്ചു. അവരുടെ ആവശ്യത്തിന്റെ ആഴം ഞാനന്നാണ് മനസിലാക്കിയത്. അമ്മ മക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ബാധ്യസ്ഥയാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നു. നാം ആവശ്യമില്ലാത്ത നിയന്ത്രണങ്ങള്‍ വയ്ക്കുന്നത് നല്ലതാവില്ലെന്നാണ് എന്റെ അനുഭവം.

3, ബാല്യകാല ഓര്‍മകള്‍, ഒപ്പം അമ്മയെക്കുറിച്ച്... 

എന്റെ ബാല്യകാലം സ്വര്‍ഗതുല്യമായിരുന്നു. എന്റെ അമ്മയും സഹോദരങ്ങളുമടക്കം വളരെ സന്തോഷത്തിലായിരുന്നു എന്റെ കുടുംബം. എനിക്ക് 20 വയസുള്ള സമയത്താണ് എന്റെ അമ്മ മരിച്ചത്. പക്ഷെ അമ്മ പഠിപ്പിച്ച ഒന്നും എനിക്കു മറക്കാന്‍ സാധിച്ചിട്ടില്ല. ഞാന്‍ നേരത്തെ പറഞ്ഞല്ലോ കുട്ടികളെ ഞാന്‍ വളര്‍ത്തുന്നത് ഞാന്‍ വളര്‍ന്ന അതേ സാഹചര്യത്തിലാണ്. എന്റെ അമ്മ എന്നെ പഠിപ്പിച്ച പാഠങ്ങളാണ് ഇന്ന് ഇവിടെ ഇരുന്ന് നിങ്ങളോട് സംസാരിക്കാന്‍ എന്നെ പ്രാപ്തയാക്കിയത്. കുട്ടികള്‍ക്ക് സ്വന്തം കാലില്‍ നില്‍ക്കാനും ജീവിക്കാനും കഴിയണമെന്ന്  അമ്മയ്ക്ക് നിര്‍ബന്ധുമുണ്ടായിരുന്നു.

sumathiyamma

5, സാമ്പത്തികമായി എങ്ങനെയാണ് ' നന്മ' മുന്നോട്ടു പോകുന്നത്. അതിന്റെ  നടത്തിപ്പിനുള്ള വരുമാനം എങ്ങനെയാണ് കണ്ടെത്തുന്നത്. 

നേരത്തെ പറഞ്ഞതിന്റെ തുടര്‍ച്ചയാണ്. ആരുടെയും മുന്നില്‍ കൈനീട്ടരുതെന്ന ഒരു ബോധം എനിക്കുണ്ടായുരുന്നു. പക്ഷെ ഇന്നതില്‍ മാറ്റം വന്നിട്ടുണ്ട് അതു ഞാന്‍ പിന്നീട് പറയാം... നാട്ടുകാരുടെയൊക്കെ സഹായം ലഭിക്കുന്നുണ്ട്. ആദ്യകാലത്ത് ഒരു വ്യക്തി വാടകയും മാസാന്ത ചെലവും വഹിച്ചിരുന്നു പിന്നീട് അദ്ദേഹത്തിനു കഴിയാതെ വന്നപ്പോള്‍ നിര്‍ത്തി. അന്നുമുതലാണ് ഞാന്‍ മറ്റു വഴികളെക്കുറിച്ചു ചിന്തിച്ചു തുടങ്ങിയത്.

കുറച്ചു കോഴികളെ വാങ്ങി വളര്‍ത്തി. പിന്നീട് ആടിനെയും പശുവിനെയും... ബാങ്ക് ലോണെടുത്ത് തയ്യല്‍ തുടങ്ങി. അവിടെ പ്രദേശത്തുള്ള സ്ത്രീകളാണ് ജോലി ചെയ്യുന്നത്. കാരി ബാഗ്‌നിര്‍മാണം, കുടനിര്‍മാണം തുടങ്ങയവയൊക്കെ ചെയ്യുന്നുണ്ട് ഇരുന്നോറോളം മുട്ട കിട്ടുന്നുണ്ട്. പത്തിരുപത് ലിറ്റര്‍ പാല്‍ ഇങ്ങനെ പല വരുമാനങ്ങളുമുണ്ട്. പക്ഷെ അതിനനുസരിച്ച ചെലവുണ്ട്. ചെലവിന്റെ കാര്യത്തില്‍ വലിയ ബുദ്ധിമുട്ടു വരുമ്പോള്‍ ഒരാടിനെ വില്‍ക്കും, പിന്നീട് കഴിയുമ്പോ വാങ്ങിക്കും അങ്ങനെയൊക്കെയാണ്...

7, അമ്മയുടെ ആരോഗ്യസ്ഥിതി എങ്ങനെയുണ്ട്.

ഇനിയെന്തായാലും 17 കാരിയാകാമെന്നൊന്നും കരുതാന്‍ പറ്റില്ലല്ലോ.. ( ചിരിച്ചുകൊണ്ട്.) ആരോഗ്യം വളരെ മോശമാണ്. പക്ഷെ ഇവിടെ ചെയ്തു തീര്‍ക്കാനുള്ള കാര്യങ്ങള്‍ ചെയ്തുതീര്‍ക്കാനുള്ളതുകൊണ്ട് ഇതൊന്നും ഞാന്‍ കാര്യമാക്കുന്നില്ല. ഹാര്‍ട്ടിന് മൂന്ന് ഓപ്പറേഷന്‍ കഴിഞ്ഞതാണ്. എന്നോട് ഡോക്ടര്‍ പറഞ്ഞിരിക്കുന്നത് അമ്മയുടെ രോഗം മാറ്റാനുള്ള മരുന്നല്ല ഞാന്‍ നല്‍കുന്നത്. മറിച്ച് അമ്മയെ ഇതുപോലെ പിടിച്ചു നിര്‍ത്താനുള്ളതാണ് എന്നാണ്. ഇതില്‍ നിന്നു വ്യക്തമാണല്ലോ എന്റെ ആരോഗ്യം.

8, കുട്ടികളുടെ പഠനമൊക്കെ... നന്നായി പോകുന്നു. ഇപ്പോള്‍ അവധിയാണല്ലോ.. ചിത്രം വരയ്ക്കുന്നവരെ അതു പഠിപ്പിക്കാന്‍ വിടുന്നുണ്ട്. ആണ്‍കുട്ടികളില്‍ പലരും ഫുട്‌ബോള്‍ പരിശീലനത്തിനു പോകുന്നു. ഇവരൊക്കെ രാവിലെ പരിശീലനത്തിന് പോയിട്ടു വന്നതാണ്. ( കുട്ടികളെ ചൂണ്ടിക്കാണിച്ചുകൊണ്ട്) ഇത്തവണ പ്ലസ് വണ്‍ കഴിഞ്ഞവരുണ്ട്. എല്ലാവരും പഠിക്കുന്നുണ്ട്.

9, നാട്ടുകാരെക്കുറിച്ച്...

ഈ നാടും നാട്ടുകാരും എനിക്ക് ഏറെ ഇഷ്ടപ്പെട്ടതാണ്. അവരുടെ സ്‌നേഹം പോലെ തന്നെ ഇവിടം ഇഷ്ടപ്പെടാന്‍ മറ്റൊരു കാരണം കൂടിയുണ്ട് കാരണം എന്റെ വീടിന്റെ അന്തരീക്ഷമാണ് ഇവിടെ എന്റെ അമ്മയുടെ ഓര്‍മകളും പാഠങ്ങളും എന്നും കൂടെയുള്ളതു പോലെ തോന്നും ഇവിടെ ജീവിക്കുമ്പോള്‍.

അതുകൊണ്ടു തന്നെയാണ് 'നന്മ' യ്ക്ക് സ്വന്തമായി കെട്ടിടമുണ്ടാക്കാന്‍ ഇവിടെ വീടിന്റെ മുന്നിലായിത്തന്നെ 10 സെന്റ് സ്ഥലം വാങ്ങിച്ചത്. മറ്റു പലയിടത്തേക്കും ആളുകള്‍ വിളിച്ചെങ്കിലും കുട്ടികള്‍ക്കും ഈ നാടാണിഷ്ടം. അവിടെ കെട്ടിടം പണിതാല്‍ സര്‍ക്കാരില്‍ നിന്ന് അനുമതി ലഭിക്കുകയുള്ളൂ... അതിന് ആരെങ്കിലും സഹായിക്കാതിരിക്കില്ല.

10,  അമ്മയെന്ന നിലയില്‍ ഏറ്റവും സന്തോഷമുണ്ടാക്കിയ കാര്യം എന്താണെന്നു പറയാമോ...

അമ്മയെന്ന നിലയില്‍ എന്നും ഞാന്‍ സന്തോഷിച്ചു കൊണ്ടിരിക്കുകയാണ്. വൈകുന്നേരം സ്‌കൂള്‍ വിട്ടു വരുന്ന സമയം പരാതികളും പരിഭവങ്ങളും കേള്‍ക്കാന്‍ വീട്ടുമുറ്റത്തുണ്ടാകും അപ്പോള്‍ അവരു പറച്ചിലുകള്‍ എന്നെ വളരെ സന്തോഷിപ്പിക്കാറുണ്ട്. ഏറ്റവും കൂടുതല്‍ സന്തോഷമുള്ള ഒരു നിമിഷം എന്നു ചോദിച്ചാല്‍ അതില്‍ ഒരു സംശയവുമില്ല., എവിടെ നിന്നോ എന്റെ കൈകളിലെത്തി, 18 വര്‍ഷം എന്റെ കൂടെ ജീവിച്ച് ഞാന്‍ വളര്‍ത്തിയ മകളെ എനിക്കുതന്നെ കഴിഞ്ഞ മെയ് ആറിന് (2015) മാന്യമായി ഒരാള്‍ക്ക കൈപിടിച്ചു കൊടുക്കാന്‍ സാധിച്ചു.

അതില്‍പരം എന്തു സന്തോഷമാണ് ഒരമ്മയ്ക്കുണ്ടാകുക. ഒരു പൂജാരിയാണ് അവളെ വിവാഹം ചെയ്തത്. ഇന്നവരുടെ വിവാഹ വാര്‍ഷികമാണ്, അവരിപ്പോ ഇവിടെ വന്നുപോയതേ ഉള്ളൂ..

c

11 സങ്കടം തോന്നിയ അവസരം...

സങ്കടം തോന്നിയ കാര്യങ്ങളൊക്കെയുണ്ട്. ഒരിക്കല്‍ ഈ വീടിന്റ ഉടമ  വീടിന് താഴിട്ടുപൂട്ടി. ഞാനും കുട്ടികളും അപ്പൊ അവിടെയുണ്ടായിരുന്നു. അതുപോലെത്തന്നെ വീട്ടിലുള്ള തയ്യല്‍ മെഷീനും തുണികളും ഒക്കെ വാരി പുറത്തിട്ടു. പല മെഷീനുകളും കേടായട്ടുണ്ട്. അത് റിപ്പയര്‍ ചെയ്യാനുള്ള ടെക്‌നീഷ്യനാണ് ഇപ്പോ വന്നത്. അങ്ങനെ ഞാനും കുട്ടികളും ഒരു ഭാഗത്തു മാറിനിന്നു ഉറക്കെ ശബ്ദമെടുക്കാന്‍ പറ്റാത്തതുകൊണ്ട് ഞാന്‍ ഒന്നും പറഞ്ഞില്ല. പക്ഷെ മനസ് വിങ്ങുന്നുണ്ടായിരുന്നു. കുട്ടികളെയും കൂട്ടി എങ്ങോട്ടു പോകുമെന്ന് ഒരു പിടിയും കിട്ടാത്ത അവസ്ഥ. അദ്ദേഹം വാതില്‍ പൂട്ടി പോകാനൊരുങ്ങുമ്പോള്‍ പൊലിസ് വന്നു ഞാന്‍ പൊലിസിനെ വിളിച്ചിട്ടില്ല.

അവരു വന്നപ്പൊ ഞാന്‍ ഒന്നുകൂടി തളര്‍ന്നു ഉടമ പൊലിസനെയും കൂട്ടി നിയമപരമായി ഒഴിപ്പിക്കാന്‍ വരുന്നതാണെന്ന് എനിക്കു തോന്നി. എന്നാല്‍ അദ്ദേഹം വന്ന് ഉടമയോട് തുറക്കടാ എന്ന് കുറച്ച് അരിശത്തോടെ പറഞ്ഞു. അപ്പോഴാണ് എനിക്കു ശ്വാസം വീണത്. ഞാന്‍ മനസില്‍ കരഞ്ഞു തുടങ്ങിയിരുന്നു. പക്ഷെ ഉടമയില്‍ നിന്ന് വീട് തട്ടിയെടുക്കാന്‍ വേണ്ടിയൊന്നുമല്ല. ഈ കുട്ടികളെയും കൊണ്ട് തെരുവിലേക്കിറങ്ങേണ്ടി വരുമല്ലോ എന്നതിലായിരുന്നു. എന്റെ നിസ്സഹായതയില്‍ നിന്നാണ് ഞാന്‍ പൊരുതുന്നത്. സ്വന്തമായെരു കെട്ടിടം അതുണ്ടാകുന്നതുവരെ ഒരു സാവകാശമാണ് ഞാന്‍ അദ്ദേഹത്തോട് ചോദിക്കുന്നത്. കേസ് നടക്കുന്നുണ്ട് കെട്ടിടം ഉണ്ടാക്കാമെന്ന് സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്. പക്ഷെ രണ്ടുമാസമായിട്ടും തുടങ്ങാന്‍ പോലും കഴിഞ്ഞിട്ടില്ല. 

'നന്മ'യുടെ വീട്ടില്‍ ഒരമ്മ12, സ്വന്തമായൊരു കെട്ടിടം...

സ്വന്തമായി ഒരു കെട്ടിടം നന്മയ്ക്കുണ്ടാകണം അതും എത്രയും പെട്ടെന്നു തന്നെ. അല്ലെങ്കില്‍ ഞങ്ങള്‍ തെരുവിലേക്കിറങ്ങേണ്ടി വരും എനിക്കെന്റെ കുട്ടികളെ പിരിയേണ്ടതായി വരുന്നതില്‍പരം ദുഖം എനിക്കു മറ്റൊന്നുമില്ല. ഞാന്‍ മുമ്പു പറഞ്ഞല്ലോ മറ്റുള്ളവരോട് കൈനീട്ടാന്‍ എനിക്കു മടിയുണ്ടെന്ന് ഇന്ന് അതു മാറ്റിവച്ചുകൊണ്ട് ഞാന്‍ ചോദിക്കുകയാണ് ഞങ്ങള്‍ക്കൊരു കിടക്കാനൊരിടം ഉണ്ടാക്കിത്തരാന്‍ പറ്റുമോയെന്ന്..(കരഞ്ഞു കലങ്ങിയ കണ്ണുകള്‍ തുടയ്ക്കുന്നു.)

ആരെങ്കിലും സഹായിക്കുമെന്ന വിശ്വാസം എനിക്കുണ്ട്. എന്തായാലും കുറച്ചുകാലം ഞാന്‍ അവര്‍ക്കു നല്‍കിയ സനാഥത്വം ഇല്ലാതാകരുതെന്നാണ് ആഗ്രഹിക്കുന്നത്. നാളെ നന്മയക്ക് സ്വന്തമായൊരിടമിണ്ടെങ്കില്‍ ആരില്ലെങ്കിലും എന്റെ കുട്ടികള്‍ ജീവിക്കും അവരെ ഞാനതു പഠിപ്പിച്ചിട്ടുണ്ട്. മുമ്പ് മാതൃഭൂമിയില്‍ എന്നെക്കുറിച്ച് ഒരു വാര്‍ത്ത വന്നപ്പോള്‍ ഇപ്പോഴുള്ള സ്ഥലം വാങ്ങാന്‍ ഒരാള്‍ സഹായിച്ചിട്ടുണ്ടായിരുന്നു.

13, മാതൃദിനത്തില്‍ അമ്മമാരോടും കുട്ടികളോടുമായി  പറയാനുള്ളത് 

മാതൃദിനം... ( ചിരിച്ചുകൊണ്ട്) അമ്മമാര്‍ക്ക് ഒരു ദിവസമുണ്ടോ... എല്ലാ ദിവസവും അമ്മയുടെതല്ലെ... എന്തായാലും ഏതൊരു സ്ത്രീയും ആദ്യം ചെയ്യേണ്ട ഒരു കാര്യമുണ്ട് ഞാന്‍ വിവാഹം ചെയ്യുമ്പോള്‍ അത് ഒരു ഉത്തരവാദിത്തം ഏറ്റെടുക്കുകയാണ്. കുട്ടിയുണ്ടായിക്കഴിഞ്ഞാല്‍ അവരെ മോശമായ ഒരവസ്ഥയിലേക്ക് തള്ളിവിടാന്‍ എന്തിന് അതിന് മുതിരണം.

സ്ത്രീക്കുമാത്രമല്ല പുരുഷനും ഇത് ബാധകമാണ്. കുട്ടികളുടെ അമ്മയായിരിക്കാന്‍ അമ്മമാര്‍ക്ക് കഴിയണം. അതു കഴിയുമോ എന്ന് വിവാഹത്തിനു മുമ്പ് ചിന്തിക്കണം. മാതൃത്വം ഉത്തരവാദിത്തമാണ്. അത് ഏറ്റെടുക്കുന്നത് ധീരതയും. എന്താ അമ്മമാര്‍ക്ക് ആശംസകള്‍ പറയാനാണോ പറഞ്ഞത്. എല്ലാ അമ്മാര്‍ക്കും നല്ലതു വരട്ടെ...