saraswathi
കലാമണ്ഡലം സരസ്വതി 

'അമ്മ വളരെ സ്ട്രിക്റ്റ് ആയിരുന്നു. അച്ഛനായാലും അമ്മയായാലും ആവശ്യത്തിലേറെ എന്നെ ലാളിക്കുകയോ കൊഞ്ചിക്കുകയോ ചെയ്തിട്ടില്ല.. പഠനത്തിന്റെ കാര്യത്തിലായിലും നൃത്തത്തിന്റെ കാര്യത്തിലായിലും പരിശീലനത്തിന്റെ കാര്യത്തിലായിലും കൃത്യനിഷ്ഠ വേണമെന്ന് അമ്മക്ക് നിര്‍ബന്ധമായിരുന്നു. അച്ചടക്കത്തിന്റെ കാര്യത്തിലും ഒരു വിട്ടുവീഴ്ചക്കും അമ്മ തയ്യാറല്ലായിരുന്നു. നൃത്തത്തേക്കാള്‍ അമ്മയില്‍ നിന്ന് ഞാന്‍ സ്വായത്തമാക്കാന്‍ ശ്രമിച്ചത് ആ ഗുണമാണ്.' അമ്മയുടെ പാത പിന്തുടര്‍ന്ന് ഇന്ന് ഇന്ത്യയിലെ മികച്ച നര്‍ത്തകരില്‍ ഒരാളായി മാറിയ അശ്വതിക്ക് അമ്മ എല്ലാ അര്‍ത്ഥത്തിലും ഗുരുവാണ്. 

അച്ഛന്‍ മലയാളികളുടെ പ്രിയ കഥാകാരന്‍ എം.ടി.വാസുദേവന്‍ നായര്‍, അമ്മ പ്രശസ്ത നര്‍ത്തകി കലാമണ്ഡലം സരസ്വതി സാഹിത്യവും കലയും ഒരുപോലെ ജന്മഗുണമായി ലഭിച്ച മകള്‍ അശ്വതി. സാഹിത്യത്തെ സ്‌നേഹിച്ച മകള്‍ തിരഞ്ഞെടുത്തത് അമ്മയുടെ നൃത്തവഴിയാണ്. അതും തികച്ചും ആകസ്മികമായി.

aswathi and saraswathi
അശ്വതിയും അമ്മ കലാമണ്ഡലം സരസ്വതിയും

ആംഗിക വാചിക അഭിനയങ്ങളും അടവുകളും വര്‍ണപകിട്ടേറിയ ആടയാഭരണങ്ങളും ഓര്‍മ്മ വച്ച നാള്‍ മുതല്‍ കാണുന്നതുകൊണ്ടാകാം നൃത്തത്തോട് അശ്വതിക്ക് വലിയ കൗതുകമൊന്നും തോന്നിയില്ല. 'ചിലപ്പോള്‍ അമ്മയുടെ തിരക്ക് കണ്ടിട്ടാകാം നര്‍ത്തകിയാകാന്‍ ഞാന്‍ അന്ന് താല്പര്യപ്പെടാതിരുന്നത്.അമ്മ അടുത്ത് വേണമെന്ന് ആഗ്രഹിക്കുമ്പോഴൊന്നും എനിക്ക് അമ്മയെ കിട്ടുന്നില്ല. അതിനെല്ലാം കാരണം നൃത്തമാണല്ലോ? പക്ഷേ അമ്മ അന്ന് ചെയ്തിരുന്ന പല ഐറ്റങ്ങളും ഇന്നും കണ്ണടച്ചാല്‍ എനിക്ക് കാണാം. ഞാന്‍ പോലും അറിയാതെ എന്നില്‍ ഉണ്ടായിരുന്ന ഇഷ്ടമായിരിക്കാം അത് എന്നില്‍ കയറിക്കൂടാന്‍ കാരണം.' അശ്വതി പറയുന്നു. 

നൃത്തത്തിന്റെ അടിസ്ഥാനപാഠങ്ങളെങ്കിലും മകള്‍ അറിഞ്ഞിരിക്കണമെന്നുള്ള സരസ്വതി ടീച്ചറുടെ ഒറ്റ ആഗ്രഹത്തിലാണ് അമ്മയുടെ ശിക്ഷണത്തില്‍ അടവുകള്‍ ഉറപ്പിച്ച് ഏഴാം വയസ്സില്‍ അശ്വതി അരങ്ങേറ്റം നടത്തിയത്. 'അച്ഛന്‍ കുട്ടിയായിരുന്നു അശ്വതി. ഏഴാം വയസ്സില്‍ അരങ്ങേറ്റം കഴിഞ്ഞുവെന്നത് ശരിയാണ് പക്ഷേ പിന്നെ അശ്വതി ചിലങ്കയണിയുന്നത് എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ്. അച്ഛനെ പോലെ വളരെ കുറച്ച് മാത്രം സംസാരിക്കും, എപ്പോഴും അച്ഛന്റെ കൂടെ തന്നെ. എന്റെയൊപ്പം വന്നാല്‍ തന്നെ എന്റെ അമ്മയുടെ അടുത്ത് പോയി ഇരിക്കും. ക്ലാസിലൊന്നും വരില്ല..' സരസ്വതി ടീച്ചര്‍ അശ്വതിയുടെ കുട്ടിക്കാലം ഓര്‍ത്തെടുത്തു. 

aswathi

' അമ്മ വളരെ സ്ട്രിക്ടായ ഒരു അധ്യാപികയായിരുന്നു. അമ്മ തന്നെ ഗുരുവായി വരുന്നതിന്റെ ചെറിയ ചില പ്രയാസങ്ങളും ഉണ്ടായിരുന്നു.അതിന്റെ ഗുണം ഇപ്പോഴാണ് ഞാന്‍ മനസ്സിലാക്കുന്നത്. പലയിടത്തും പോകുമ്പോള്‍ പല അനുഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ അമ്മ പഠിപ്പിച്ച അച്ചടക്കം ഗുണം ചെയ്തിട്ടുണ്ട്.ബുക്‌സിനോടായിരുന്നു എനിക്ക് താല്പര്യം. വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍ ചെയ്യണമെന്നാണ് കരുതിയിരുന്നത്. അഡ്മിഷനും ശരിയായതാണ്.' പക്ഷേ സാഹചര്യങ്ങള്‍ അശ്വതിയെ എത്തിച്ചത് നൃത്തത്തിലാണ്. 

സരസ്വതി ടീച്ചറുടെ വലിയ സ്വപ്‌നമായിരുന്നു നൃത്താലയ..ഇടക്ക് വച്ച് സ്‌കൂളിന്റെ പ്രവര്‍ത്തനം ശരിയായ രീതിയില്‍ നടക്കാതായപ്പോള്‍ അശ്വതി വിഷ്വല്‍ കമ്മ്യൂണിക്കേഷനെന്ന സ്വപ്‌നത്തോട് തല്ക്കാലം ഗുഡ് ബൈ പറഞ്ഞു. അമ്മയെ സഹായിക്കേണ്ടത് തന്‍രെ കടമയായി കണ്ടു. അശ്വതിയിലെ നര്‍ത്തകിയെ അശ്വതി തിരിച്ചറിയുന്നത് അവിടം മുതലാണ്. 

aswathi
അശ്വതിയും ഭര്‍ത്താവ്ശ്രീകാന്തും

നൃത്തത്തിലേക്ക് പരിപൂര്‍ണ്ണമായി ഇറങ്ങിത്തിരിക്കാന്‍ ശ്രമിച്ചതോടെ നൃത്തിന്റെ പുതിയ ലോകങ്ങള്‍ അശ്വതി തിരഞ്ഞുതുടങ്ങി.ചെയ്തുതുടങ്ങിയപ്പോള്‍ നന്നായി ചെയ്യുന്നുണ്ട് എന്ന് മനസ്സിലായി. ആത്മവിശ്വാസം വന്നു. അതോടെ നൃത്തവുമായി മുന്നോട്ട് പോകാന്‍ ഉറച്ചു. തനിക്കറിയാവുന്നതെല്ലാം മകള്‍ക്ക് പകര്‍ന്നു നല്‍കിയ സരസ്വതി ടീച്ചര്‍ കൂടുതല്‍ പഠനത്തിനായി പുതിയഗുരുക്കന്മാരെ തിരയാന്‍ മകളെ ഉപദേശിച്ചു. അങ്ങനെയാണ് ശ്രീകാന്തിന്റെ അടുക്കല്‍ അശ്വതി എത്തിച്ചേരുന്നത്. പത്മാസുബ്രഹ്മണ്യത്തിന്റെ ശിഷ്യനായിരുന്ന ശ്രീകാന്ത് പഠനം പൂര്‍ത്തിയാക്കി സ്വന്തമായി അധ്യാപനം തുടങ്ങിയ സമയമായിരുന്നു അത്. കുറച്ച് വൈകിയെങ്കിലും വളരെ വേഗം തന്നെ നൃത്തരംഗത്ത് അശ്വതി തന്റെ ചുവട് ഉറപ്പിച്ചു. 

aswathiമകളിലെ നര്‍ത്തകിയെ പൂര്‍ണ്ണതൃപ്തിയോടെയാണ് സരസ്വതി നോക്കിക്കാണുന്നത്. 'മറ്റാര്‍ക്കും കിട്ടാത്ത ഒരു സൗഭാഗ്യമാണ് എനിക്ക് അശ്വതിയിലൂടെ കിട്ടിയത്. എന്റെ കൂടെ പഠിച്ചവരില്‍ എല്ലാവരുടേയും മക്കള്‍ ഇതേ രംഗത്ത് എത്തിയിട്ടില്ല.അശ്വതി വളരെ വൈകിയാണ് എത്തിയതെങ്കിലും വളരെ വേഗം മുന്‍നിരയില്‍ തന്നെ എത്തി. മികച്ച ഒരു ജീവിത പങ്കാളിയെ അവള്‍ക്ക് കിട്ടി. അതൊന്നും ഒരിക്കലും ഞങ്ങള്‍ ആലോചിച്ചതേ അല്ല. എല്ലാം ദൈവം സാധിച്ചു തന്നു. അവളെ സംബന്ധിച്ച് ഞാന്‍ തൃപ്തയാണ്. എന്നെ പഠിപ്പിച്ച ഗുരുക്കന്മാരുടെ മുന്നില്‍ മകള്‍ നൃത്തം ചെയ്യുന്നതും അവരുടെ അഭിനന്ദനം ഏറ്റുവാങ്ങുന്നതും ഞാന്‍ കണ്ടു.അതിലും വലിയ ഭാഗ്യമെന്താണുള്ളത്. ' 

അമ്മക്കൊപ്പവും അശ്വതി ചിലങ്ക അണിഞ്ഞിട്ടുണ്ട്. ഒളപ്പമണ്ണയുടെ അംബ എന്ന ആട്ടക്കഥ നൃത്തരൂപത്തില്‍ വേദിയില്‍ എത്തിച്ചത് അമ്മയും മകളും ചേര്‍ന്നാണ്. വളരെ അപൂര്‍വ്വമായ അവസരമായതിനാല്‍ അമ്മക്കൊപ്പം നൃത്തം ചെയ്ത ഒരോ നിമിഷവും ആസ്വദിച്ചാണ് അശ്വതി ചുവടുകള്‍ വച്ചത്. ഇനിയും ഒട്ടേറെ നൃത്ത ശില്പങ്ങള്‍ സംവിധാനം ചെയ്യണം, വേദികള്‍ പിന്നിടണം.. നൃത്താലയയില്‍ നൃത്തത്തെ ഗൗരവമായി സമീപിക്കുന്നവര്‍ക്ക് വേണ്ടി ബിരുദ കോഴ്‌സുകള്‍ ആരംഭിക്കണം. അമ്മ വേദിയില്‍ വീണ്ടും സജീവമാകണം..പ്രതീക്ഷിക്കാതെ എത്തിച്ചേര്‍ന്ന നൃത്ത ജീവിതത്തെ കുറിച്ചുള്ള സ്വപ്‌നങ്ങളിലാണ് അശ്വതി..