അമ്മയുടെ കണ്ണീരുകാണാതെ ഇത്തവണത്തെ മാതൃദിനം പൂര്‍ണ്ണമാകില്ല. ഇത് രാജേശ്വരി, ജിഷയുടെ അമ്മ. മകളുടെ നല്ല ജീവിതം സ്വപ്‌നം കണ്ട് അവള്‍ക്ക് പുസ്തകം വാങ്ങാനും നല്ല നിലയില്‍ വിദ്യാഭ്യാസം നല്‍കുന്നതിനുമായി നാട്ടുകാരുടെ മുമ്പില്‍ കൈനീട്ടിയ, അടച്ചുറപ്പില്ലാത്ത വീട്ടില്‍ മകളെ തനിച്ചാക്കി പോകാന്‍ ഭയന്ന, ആരും അടുക്കാതിരിക്കാന്‍ ചുറ്റുമുള്ളവരെ ഉറക്കെ ഉറക്കെ വഴക്കുപറഞ്ഞതിന് നാട്ടുകാര്‍ മാനസിക സ്വാസ്ഥ്യമില്ലാത്തവള്‍ എന്ന് വിളിച്ചാക്ഷേപിച്ച ഒരു മാതൃത്വം. മകള്‍ക്ക് വേണ്ടി പൊരുതി പൊരുതി തോറ്റുപോയ പാവം അമ്മ.

ഏപ്രില്‍ 28 ന് ശേഷം രാജേശ്വരിയമ്മയുടെ ജീവിതം ഒരര്‍ത്ഥത്തില്‍ നിശ്ചലമാണ്. അവരുടെ ഓര്‍മ്മകളും വര്‍ത്തമാനവും എല്ലാം ആ തിയതിക്ക് മുന്നിലും പിന്നിലുമായി പകുത്ത് കിടക്കുന്നു. ആവര്‍ത്തിച്ച് പറഞ്ഞിട്ടും അലമുറയിട്ട് കരഞ്ഞിട്ടും അവസാനിക്കാത്ത വേദനകളാണ് പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിലെ സ്ത്രീകളുടേയും കുട്ടികളുടേയും വാര്‍ഡിലെ പ്രത്യേകം തയ്യാറാക്കിയിരിക്കുന്ന മുറിയില്‍ നിറഞ്ഞിരിക്കുന്നത്. കൂട്ടിരിക്കുന്നവര്‍ക്കോ, കാണാന്‍ വരുന്നവര്‍ക്കോ ആ അമ്മയുടെ ചോദ്യത്തിന് ഉത്തരമില്ല. 'അവനെ എന്റെ മുമ്പില്‍ കൊണ്ട് താ,' എന്ന അലമുറയിലാണ് പലപ്പോഴും രാജേശ്വരിയമ്മയുടെ ഓര്‍മ്മകളുടെ വീണ്ടെടുക്കലുകള്‍ അവസാനിക്കുന്നത്. 

'അയാള്‍ക്കെന്റെ മോളെ കൊല്ലുന്നതിന് ഇത്രയും സമയം എടുത്തില്ലല്ലോ.... ഇത്രയായിട്ടും അവനെ എന്താ കണ്ട് പിടിയ്ക്കാത്തേ,' രാജേശ്വരിയമ്മ ചോദ്യം ആവര്‍ത്തിക്കുയാണ്. പക്ഷേ, അതിന് മറുപടി പറയാന്‍ ആ മുറിയില്‍ ആരുമുണ്ടായിരുന്നില്ല. മണിക്കൂറുകള്‍ ഇടവിട്ടുള്ള പ്രതിഷേധങ്ങളുടേയും മുദ്രാവാക്യങ്ങളുടേയും ബഹളമൊന്നും അടച്ചിട്ടിരിക്കുന്ന മുറിയിലേക്ക് എത്തില്ല. മരുന്നിന്റെ മയക്കത്തിനിടയിലുള്ള ചില നേരങ്ങളില്‍ രാജേശ്വരിയമ്മയുടെ ഓര്‍മ്മകള്‍ വട്ടോള്‍പ്പടിയിലുള്ള വീട്ടിലെത്തും. അവളൊന്നും കഴിച്ചല്ലല്ലോ എന്ന് ആവലാതിപ്പെടും. പരീക്ഷയ്ക്കായുള്ള ഒരുക്കത്തിലായിരുന്നതിനാല്‍ ജിഷ വീട്ടില്‍ നിന്നും കാര്യമായി പുറത്തിറങ്ങിയിരുന്നില്ല. അമ്മ വരുമ്പോള്‍ എന്തെങ്കിലും കൊണ്ടു വരും. അതായിരുന്നു അവരുടെ ആകെയുള്ള ഭക്ഷണം. ഒരാള്‍ക്ക് കഷ്ടിച്ച് മാത്രം കിടക്കാന്‍  പറ്റുന്ന കട്ടിലില്‍ അവര്‍ ഒരുമിച്ച് കിടന്നുറങ്ങും. 'ഏത് ഇരുട്ടിലും അവളായിരുന്നു എന്റെ ധൈര്യം. ഇനി ഞാന്‍ ആരെ കെട്ടിപ്പിടിച്ചുറങ്ങും,' രാജേശ്വരിയമ്മ ചോദ്യം ആവര്‍ത്തിച്ചു. 

'അവള്‍ക്ക് വേണ്ടിയാണ് ഒരു വീടിനായി ഞാനോടി നടന്നത്. ഒരു ആയിരം ഇഷ്ടിക കൂടി വേണമായിരുന്നു പണിക്ക്. അതിന് വേണ്ടിയുള്ള ഓട്ടത്തിലായിരുന്നു ഞാന്‍...,' അമ്മയുടെ വാക്കുകള്‍ വീണ്ടും മുറിഞ്ഞു. 

'അങ്ങോട്ടുമിങ്ങോട്ടുമുള്ള ഓട്ടത്തിനിടയില്‍ എനിയ്‌ക്കെന്തെങ്കിലും പറ്റിയാലോ എന്നുള്ള പേടിയായിരുന്നു അവള്‍ക്ക്. ഒരു കഷണം കടലാസില്‍ അവളുടെ ഫോണ്‍ നമ്പര്‍ എഴുതിത്തന്നിട്ടുണ്ട്. അത്യാവശ്യം വന്നാല്‍ ആരോടെങ്കിലും പറഞ്ഞ് ഒന്ന് വിളിക്കാന്‍. അന്ന് മൂന്ന് തവണ വിളിച്ചിട്ടും അവള്‍ എടുത്തില്ല. പ്രാര്‍ത്ഥിയ്ക്കാവും ന്നാ വിചാരിച്ചേ...,' തേങ്ങലിനിടയില്‍ രാജേശ്വരിയമ്മ വീണ്ടും മയക്കത്തിലേക്ക് വീണു. 

സംഭവം നടന്ന ദിവസം, വീട് പണിക്ക് സഹായം ചോദിക്കാന്‍ നേരത്തെ പണിക്ക് നിന്നിരുന്ന വീട്ടിലേക്ക് പോയതായിരുന്നു രാജേശ്വരിയമ്മ. സൗജന്യമായല്ല, പണത്തിന് പകരമായി അവിടെ താമസിച്ച് വീട്ടുജോലികളില്‍ സഹായിക്കാമെന്നും പറഞ്ഞിരുന്നു. എന്നാല്‍ തനിക്ക് മാത്രമല്ല മോള്‍ക്കും കൂടി താമസിക്കാന്‍ വിരോധമില്ലെങ്കില്‍ പണം സ്വീകരിക്കാമെന്ന് രാജേശ്വരിയമ്മ പറഞ്ഞു. വീട്ടുകാര്‍ക്ക് പ്രശ്‌നമില്ലെന്ന് പറഞ്ഞപ്പോള്‍ ജിഷയോടും കൂടി ഇക്കാര്യം ചോദിക്കാമെന്നായി. ആ വീട്ടുകാരുടെ ഫോണില്‍ നിന്ന് വിളിച്ചെങ്കിലും ജിഷ ഫോണ്‍ എടുത്തില്ല. അവള്‍ക്കുള്ള ഭക്ഷണവും വാങ്ങി വൈകിയാണ് അമ്മ വീട്ടിലെത്തിയതും.  ഇരുട്ടില്‍ അമ്മ പല തവണ വിളിച്ചിട്ടും ജിഷ വിളി കേട്ടില്ല. ലൈറ്റ് ഇട്ടില്ല. 

പിന്നീട് നടന്നതൊക്കെ യാഥാര്‍ത്ഥ്യമാണെന്ന തിരിച്ചറിവിലേക്ക് ജീവിതം പറിച്ച് നടാന്‍ രാജേശ്വരിയമ്മയുടെ മനസ് ഇപ്പോഴും പൂര്‍ണമായും ഒരുങ്ങിയിട്ടില്ല. ആശുപത്രി മുറിയിലെ വെളിച്ചത്തിലും ആ അമ്മയുടെ കണ്ണില്‍ ഇരുട്ടാണ്. അന്നത്തെ രാത്രിയിലെ ഇരുട്ടില്‍ ആ അമ്മ കണ്ട കാഴ്ചകളൊന്നും അവരെ വിട്ടു പോയിട്ടില്ല. നേരം പുലര്‍ന്നിട്ടും ദിവസങ്ങള്‍ കഴിഞ്ഞിട്ടും ആ ഇരുട്ടില്‍ തന്നെയാണ് രാജേശ്വരിയമ്മ ഇപ്പോഴും. കാണാനെത്തുന്ന ജിഷയുടെ സഹപാഠികളോട് അവര്‍ പറയുന്നു, 'സൂക്ഷിച്ചു പോകണേ മക്കളേ... കാലം ശരിയല്ല.'

അന്ന് സൗമ്യ

ഒരു അമ്മയുടെ നെഞ്ചുപൊട്ടിയ നിലവിളി നമ്മള്‍ കേള്‍ക്കുന്നത് ഇതാദ്യമായല്ല. 2011 ഫെബ്രുവരിയിലാണ് കേരള മന:സാക്ഷിയെ ഞെട്ടിച്ച് ഒരമ്മയുടെ ആര്‍ത്തനാദം കേരളത്തില്‍ അലയടിച്ചത്. സൗമ്യയുടെ അമ്മ സുമതിയുടെ. വിവാഹസ്വപ്‌നങ്ങളുമായി ജോലി സ്ഥലത്ത് നിന്നും വീട്ടിലേക്ക് യാത്രചെയ്ത സൗമ്യയുടെ സ്വപ്‌നങ്ങള്‍ ഒറ്റക്കൈ കൊണ്ടാണ് അന്ന് ഗോവിന്ദച്ചാമി തച്ചുടച്ചത്. ഇന്ന് ഗോവിന്ദച്ചാമിക്ക് പകരം മറ്റൊരാള്‍..സൗമ്യക്ക് പകരം ജിഷ..

soumya mother
ചിത്രം: പ്രവീഷ് ഷൊര്‍ണൂര്‍

'എന്റെ മകളുടെ പ്രായമാണ് ജിഷക്ക്. ഈ ആഗസ്തില്‍ സൗമ്യക്ക് 29 വയസ്സു തികയും. സൗമ്യയുടെ അമ്മ നെടുവീര്‍പ്പിട്ടു. സുമതി ജീവിതത്തിലേക്ക് തിരിച്ചു നടന്നുതുടങ്ങി. പക്ഷേ മകളെ ഓര്‍ക്കാത്ത ഒരു നിമിഷം പോലും അവരുടെ ജീവിതത്തിലില്ല. 'ജിഷയുടെ അമ്മയില്‍ ഞാന്‍ കാണുന്നത് എന്നെ തന്നെയാണ്. ഒരമ്മക്ക് മാത്രമേ ആ നോവിന്റെ ആഴമറിയൂ..'

'എന്റെ മകളെ ഇല്ലാതാക്കിയവനെ ഇനിയും വച്ചുപൊറുപ്പിക്കുന്നത് എന്തിനാണ്?  അവന് വിധിച്ച ശിക്ഷ ഉടനടി നടപ്പാക്കണം. അല്ലെങ്കില്‍ കേരളത്തില്‍ സൗമ്യമാരും ജിഷമാരും ഇനിയുമുണ്ടാകും. സ്ത്രീ സുരക്ഷ എന്ന് വാദിക്കുകയും പ്രസംഗിക്കുകയും ചര്‍ച്ചകള്‍ നടത്തുകയുമല്ല വേണ്ടത്. ചര്‍ച്ച ചെയ്ത് ഉത്തരം കണ്ടെത്താനുള്ള സമയം അതിക്രമിച്ചു. ഇനി വേണ്ടത് ഗള്‍ഫ് രാജ്യങ്ങളിലെ പോലുള്ള ശിക്ഷാ രീതികളാണ്. എങ്കിലേ ഇവര്‍ക്കൊക്കെ പേടിയുണ്ടാകൂ..' സുമതിയുടെ ശബ്ദം ഉയര്‍ന്നു. 

'എത്ര സ്വപ്‌നങ്ങള്‍ ആ കുട്ടി(ജിഷ) കണ്ടിരിക്കും. എന്റെ മോളെ പോലെ..പുതിയൊരു ജീവിതത്തെ കുറിച്ചുള്ള ചിന്തകളുമായല്ലേ അവള്‍ അന്ന് എറണാകുളത്ത് നിന്ന് വണ്ടികയറിയത്. എല്ലാം നശിപ്പിച്ചില്ലേ..എന്റെ മകള്‍ ജോലിസ്ഥലത്ത് നിന്നും മടങ്ങുമ്പോഴാണ് ആക്രമിക്കപ്പെട്ടത്. ഈ കുട്ടി സ്വന്തം വീട്ടിലിരിക്കുമ്പോഴും. എങ്ങനെയാണ് അമ്മമാരിനി സമാധാനത്തോടെ ജീവിക്കുക..'സുമതിയുടെ ചോദ്യങ്ങള്‍ക്ക് നല്‍കാന്‍ ഉത്തരങ്ങളില്ല..

മകളുടെ ഓര്‍മകളിലാണ് സുമതിയുടെ ജീവിതം.' എന്നോടായിരുന്നു അവള്‍ക്ക് ഏറ്റവും ഇഷ്ടം.എന്നോട് പറയാതെ എന്റെ കുട്ടി ഒന്നും ചെയ്യാറില്ല. എന്തെങ്കിലും ഉണ്ടെങ്കില്‍ എന്നെ വിളിച്ച് ചോദിക്കും..അമ്മാ ഞാന്‍ എന്താ ചെയ്യണ്ടേ ? ആ മോളെയാണ് എന്നില്‍ നിന്ന്..'സുമതിയുടെ വാക്കുകള്‍ വിതുമ്പലില്‍ മുറിയുന്നു..'അവനെ ശിക്ഷിക്കണം മക്കളേ..തൂക്കിക്കൊല്ലണം.എന്റെ മകളെ എന്നില്‍ നിന്നും തട്ടിപ്പറിച്ചെടുത്ത അവനെ നിങ്ങളും കാണുന്നില്ലേ. അന്നത്തെ ഗോവിന്ദച്ചാമിയാണോ ഇന്ന്. അവന്‍ ജയിലില്‍ സുഖിച്ചു കഴിയുകയല്ലേ.'

'ഞാനായാലും ഡല്‍ഹിയിലെ കുട്ടിയുടെ അമ്മയായാലും ആഗ്രഹിക്കുന്നത് കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണമെന്ന് മാത്രമാണ്. എങ്കില്‍ മാത്രമേ ഞങ്ങളുടെ മക്കള്‍ക്ക് നീതി ലഭിക്കു..ജിഷയുടെ ഘാതകനേയും എത്രയും വേഗം കണ്ടെത്തി ശിക്ഷിക്കണം.വൈകുന്തോറും ആപത്താണ്.' സ്ത്രീ സുരക്ഷയെ കുറിച്ച് പ്രസംഗിച്ചു നടക്കുകയല്ല പ്രവര്‍ത്തിക്കുകയാണ് വേണ്ടതെന്നും സുമതി ഒാര്‍മ്മിപ്പിക്കുന്നു.

സൗമ്യ ഒരു ആദ്യ സംഭവമായിരുന്നില്ല. അതിന് മുമ്പേ തന്നെ കേരളവും ഇന്ത്യയും പെണ്‍മക്കള്‍ക്ക് വസിക്കാന്‍ ഭയമുള്ള ഇടമായിക്കഴിഞ്ഞിരുന്നു. സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങളുടെ ജീവച്ഛവ സ്മാരകമായി അരുണ ഷാന്‍ബാഗ് അത് ഓര്‍മിപ്പിച്ചുകൊണ്ടേയിരുന്നു. തൊട്ടടുത്ത വര്‍ഷം ഡിസംബറിന്റെ തണുപ്പില്‍ വീണ്ടും ഒരമ്മയുടെ കരച്ചില്‍ ഇന്ത്യയൊട്ടാകെ മാറ്റൊലി കൊണ്ടു.അതിക്രൂരമായ  രീതിയില്‍ ആക്രമിക്കപ്പെട്ടിട്ടും മരണത്തിലേക്ക് നടന്നടുക്കുമ്പോഴും അസാമാന്യമായ മനക്കരുത്തോടെ അവള്‍ ഇന്ത്യയിലെ സ്ത്രീകളെ വീണ്ടും ഒരുമിപ്പിച്ചു. അവരുടെ നെഞ്ചില്‍ നീതിക്കായുള്ള നെരിപ്പോടുകള്‍ തെളിച്ചു.

അന്നും നമ്മള്‍ ചര്‍ച്ച ചെയ്തു സ്ത്രീ സുരക്ഷയും സ്ത്രീയോടുള്ള പുരുഷന്റെ സമീപനത്തില്‍ ഉണ്ടാകേണ്ട മാറ്റത്തെ കുറിച്ചും.  ജിഷക്കു ശേഷവും ഇന്നും നാം അതുതന്നെ ചര്‍ച്ച ചെയ്യുന്നു. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ഒഴിവാക്കാന്‍ മകനെ എങ്ങനെ വളര്‍ത്തണമെന്ന ചോദ്യവുമായാണ് കഴിഞ്ഞ വര്‍ഷത്തെ മാതൃദിനത്തെ മാതൃഭൂമി ഡോട്ട് കോം വരവേറ്റത്. അമ്മയുടെ നെഞ്ചിലെ നെരിപ്പോടുകള്‍ ആഞ്ഞുതെളിച്ച് വീണ്ടും മാതൃദിനം വന്നെത്തുമ്പോള്‍ ആ ചോദ്യത്തിന് ഇനിയും ഉത്തരം കണ്ടെത്തേണ്ടിയിരിക്കുന്നു. അതുവരെ ജിഷയുടെ അമ്മ പറയും പോലെ സൂക്ഷിച്ച് വളരെ സൂക്ഷിച്ച് പോകണേ പെണ്‍മക്കളേ..