ussain bolt and Bennet

റിയോ ഡി ജനെയ്‌റൊ: കൊടുങ്കാറ്റിന്റെ പര്യായമായി കുതിക്കുന്ന ഉസൈന്‍ ബോള്‍ട്ടിനെ പിടിച്ചുകെട്ടാന്‍ ഇനി ആര് എന്ന ചോദ്യത്തിന് ഇതാ ഉത്തരമായി. കാസി ബെന്നറ്റ്. ബോള്‍ട്ടിന്റെ കാമുകി. ട്രിപ്പിള്‍ സ്വര്‍ണത്തില്‍ ട്രിപ്പിളടിച്ച് ചരിത്രം കുറിച്ച് ഒളിമ്പിക്‌സിനോട് വിട പറഞ്ഞ ബോള്‍ട്ട് കാസിയുമായുള്ള വിവാഹത്തിന് സമ്മതം മൂളിയതായാണ് വിവരം. ബോള്‍ട്ടിന്റെ സഹോദരി ഷെറിന്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ബോള്‍ട്ട് റിയോയില്‍ നിന്ന് തിരിച്ചെത്തിയാല്‍ ഉടന്‍ മോതിരമാറ്റം നടന്നേക്കുമെന്നും സഹോദരി സൂചന നല്‍കുന്നു.

ട്രാക്കില്‍ നിന്ന് വിരമിച്ചശേഷം മകന്‍ വിവാഹിതനായി കാണണമെന്ന് അമ്മ ജെന്നിഫര്‍ ബോള്‍ട്ടും ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഓട്ടമൊക്കെ നിര്‍ത്തി അവനൊന്ന് ജീവിതത്തില്‍ ഇരുന്ന് കാണണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. കുറച്ച് പേരമക്കളും വേണം എനിക്ക്-ജെന്നിഫര്‍ ഇയ്യിടെ സി.എന്‍.എന്നിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ട്രാക്കില്‍ വേഗം കൊണ്ടും രസികത്തം കൊണ്ടും ലക്ഷക്കണക്കിന് ആരാധകരെ സൃഷ്ടിച്ച ബോള്‍ട്ട് ഈ വര്‍ഷം ജനവരിയിലാണ് ജമൈക്കക്കാരിയായ കാസി ബെന്നറ്റുമായുള്ള പ്രണം തുറന്നു പറഞ്ഞത്.

രണ്ടു വര്‍ഷമായി ഇവര്‍ പ്രണയത്തിലാണ്. തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തി എന്നാണ് ബോള്‍ട്ട് ബെന്നറ്റിനെ വിശേഷിപ്പിച്ചത്. പ്രണയം തുറന്നുപറഞ്ഞ ശേഷം ബെന്നറ്റിനൊപ്പമുള്ള നിരവധി ചിത്രങ്ങളും ബോള്‍ട്ട് തന്നെ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവച്ചിരുന്നു. പ്രസിഡന്റും പ്രഥമ വനിതയും എന്നാണ് ഒരു ചിത്രത്തിന് ബോള്‍ട്ട് നല്‍കിയ അടിക്കുറിപ്പ്.

ഫാഷന്‍ പ്രണയിയായ ബെന്നറ്റ് ബോള്‍ട്ടിന്റെ ഓരോ വിജയവും വേറിട്ട രീതിയിലാണ് ആഘോഷിച്ചുവരുന്നത്. മൈ ബേബീ.... ലിവിങ് ലെജന്‍ഡ് എന്നീ വിശേഷണങ്ങളോടെയാണ് ബോള്‍ട്ടിന്റെ 100 മീറ്ററിലെ വിജയം ബെന്നറ്റ് ആഘോഷിച്ചത്. ഇരുന്നൂറ് മീറ്ററില്‍ വിജയിച്ചശേഷം അനുഭവിക്കുന്ന അഭിമാനം അളക്കാനാവില്ല എന്നായിരുന്നു കുറിപ്പിട്ടത്. ട്രിപ്പിള്‍ സ്വര്‍ണനേട്ടത്തില്‍ ട്രിപ്പിള്‍ തികച്ചപ്പോള്‍ ട്രാക്ക് അമരമായി എന്നായിരുന്നു ബെന്നറ്റിന്റെ പ്രതികരണം.

ബോള്‍ട്ട് ട്രാക്കില്‍ വിജയിക്കുന്നതിനെ കുറിച്ചോര്‍ത്ത് ഒരിക്കലും ആശങ്കപ്പെട്ടിട്ടില്ലെന്നാണ് ബെന്നറ്റ് പറയുന്നത്. ട്രാക്കിലിറങ്ങിയാല്‍ ബോള്‍ട്ട് ജയിച്ചേ കയറൂ എന്നെനിക്ക് നന്നായി അറിയാം-ഒരു അഭിമുഖത്തില്‍ ബെന്നറ്റ് പറഞ്ഞു.

തന്റെ സ്വകാര്യ ജീവിതം അധികമൊന്നും പങ്കുവയ്ക്കാത്ത ബോള്‍ട്ടിന്റെ പേരുമായി പല പേരും കൂട്ടിച്ചേര്‍ത്ത് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഏപ്രില്‍ ജാക്‌സണായിരുന്നു കുറച്ചുകാലം. പിന്നീടത് ജമൈക്കന്‍ അത്‌ലറ്റ് മേഖന്‍ എഡ്വേഡ്‌സായി. അതുകഴിഞ്ഞ് ലുബിക്ക കുസെറോവയുടെ ഊഴമായി. പിന്നീട് റെബേക്ക പാസ്ലിയായി കഥാനായിക. ടെനെയിഷ് സിംസണ്‍, മിസികാന്‍ ഇവാന്‍സ് എന്നിവരുടെ പേരുകളുമായി ചേര്‍ത്തും ബോള്‍ട്ടിനെക്കുറിച്ച് കഥകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍, ഇതൊന്നും നിഷേധിക്കാനോ ശരിവയ്ക്കാനോ ബോള്‍ട്ട് ഒരുക്കമായിരുന്നില്ല. ഒരുപാട് സ്ത്രീകള്‍ എന്നെ തുറച്ചുനോക്കുമ്പോള്‍ ഒരാളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എങ്ങിനെ എന്നായിരുന്നു ചോദ്യങ്ങള്‍ക്ക് അക്കാലത്തുള്ള ബോള്‍ട്ടിന്റെ മറുപടി. 35 വയസ്സില്‍ മാത്രമേ വിവാഹിതനാവൂ എന്നും പറയാറുണ്ടായിരുന്നു ബോള്‍ട്ട്. റിയോയിലെ ചരിത്രനേട്ടത്തോടെ കാര്യങ്ങളൊക്കെ മാറിമറിയുകയാണ്. ബെന്നറ്റ് കൂടി എത്തുന്നതോടെ ട്രാക്കിലല്ലെങ്കിലും ജീവിതത്തിലെങ്കിലും ഇനി ബോള്‍ട്ടിനൊന്ന് വേഗം കുറച്ച് ഓടേണ്ടിവന്നേക്കുമെന്ന് സാരം.