മുഹമ്മദ് അലി. 1942 ജനവരി 17-ന് കെന്റുക്കിയില്‍ ജനനം. കാഷ്യസ് മാഴ്സലസ് ക്ലേ എന്ന പേര് പിന്നീട് മുഹമ്മദ് അലി എന്നാക്കി. 1964, 1974, 1978 എന്നീ വര്‍ഷങ്ങളില്‍ ലോക ഹെവി വെയ്റ്റ് ചാമ്പ്യന്‍. ബോക്സിങ്ങിലെ എക്കാലത്തെയും ഇതിഹാസമെന്ന് വിലയിരുത്തല്‍. ശദാബ്ദത്തിന്റെ താരമായി സ്പോര്‍ട്സ് ഇല്ലസ്ട്രേറ്റഡും ബി.ബി.സി.യും തിരഞ്ഞെടുത്തു. ബോക്സിങ് എന്ന കായികവിനോദത്തിന് ഒരേയൊരുപര്യായമേ ഉള്ളൂ. മുഹമ്മദ് അലി. 12-ാം വയസ്സില്‍ ബോക്സിങ് റിങ്ങിലെത്തി. 22-ാം വയസ്സില്‍ ലോക ഹെവി വെയ്റ്റ് ചാമ്പ്യന്‍. 1960ല്‍ ഒളിമ്പിക് ചാമ്പ്യനായി.
മയാമിയിലെ കണ്വെന്ഷന് സെന്ററില്‍ 1964 ഫിബ്രവരി 25ന് തടിച്ചുകൂടിയവരൊക്കെ വിജയിയാരെന്ന് മുന്‍കൂട്ടി ഉറപ്പിച്ച് എത്തിയവരായിരുന്നു. എന്നാല്‍ ഇടിക്കൂട്ടില്‍ മുന്വിധികള്ക്കെന്തു സ്ഥാനം.
ബോക്സിങ് റിങ്ങിലെ ഏറ്റവും ഭീഷണസാന്നിധ്യമായി പരിഗണിക്കപ്പെട്ടിരുന്ന, ചരിത്രത്തിലെ ഏറ്റവും മാരകമായ ലെഫ്റ്റ് ജാബിന് ഉടമയെന്ന് വിശേഷിപ്പിക്കപ്പെട്ടയാളാണ് ഫ്ലോയ്ഡ് പാറ്റേഴ്സണ്‍. റിങ്ങില്‍ പാറ്റേഴ്സണെ ഇടിച്ചുവീഴ്ത്തുക അസാധ്യമെന്നു കരുതിയിരുന്ന കാലം. എന്നാല്‍, രണ്ടുവട്ടം പാറ്റേഴ്സണെ നിലംപരിശാക്കിയ ലോകചാമ്പ്യനാണ് റിങ്ങിലുള്ളത്. എതിരാളിയോ? കേവലം 22 വയസ്സുള്ള, അത്രയൊന്നും കേമനെന്ന് കരുതപ്പെട്ടിട്ടില്ലാത്ത ചാലഞ്ചര്‍. 58 സ്പോര്‍ട്സ് ലേഖകരില്‍ 55 പേരും അവന് യാതൊരു സാധ്യതയും കല്പിച്ചിരുന്നില്ല. വീരവാദം മുഴക്കി നടക്കുന്ന വായാടിയായിരുന്നു അവര്‍ക്ക് ആ പയ്യന്. അമേച്വര്‍ എന്നുപോലും പലരും വിളിച്ചു.
മൂന്നാംറൗണ്ടിലെ 22-ാം സെക്കന്‍ഡിലാണ് ലോകത്തെ വിറപ്പിച്ച ആ നീക്കങ്ങള്‍ തുടങ്ങുന്നത്. ലോകചാമ്പ്യനെ ചാലഞ്ചര്‍ നേരിടുന്നു. ആദ്യറൗണ്ടില്‍തന്നെ മത്സരം എങ്ങോട്ടെന്ന് കാണികള്‍ ഉറപ്പിച്ചു. ആദ്യറൗണ്ടിന്റെ അവസാന 30 സെക്കന്‍ഡില്‍ പയ്യന്റെ കഥ കഴിഞ്ഞെന്നുതന്നെ അവര്‍ കരുതി. ചാമ്പ്യനില്നിന്ന് ഒഴിഞ്ഞുമാറി റിങ്ങില്‍ ഓടിനടക്കുകയായിരുന്നു ചാലഞ്ചര്‍.
എന്നാല്‍, ഒരൊറ്റ ഇടിപോലും പയ്യന്റെ ദേഹത്ത് കൊള്ളുന്നില്ലെന്ന് കാണികള്‍ അദ്ഭുതത്തോടെ കണ്ടിരുന്നു. ഒരു ചിത്രശലഭത്തെപ്പോലെ വെട്ടിയൊഴിഞ്ഞ് പറന്നുനടന്ന പയ്യന്റെ പാദവിന്യാസങ്ങളും തല പിന്നോട്ടെടുത്തുകൊണ്ടുള്ള, ആപത്കരമായ പ്രതിരോധരീതിയും അവരെ ആവേശഭരിതരാക്കി. അപ്രതീക്ഷിതമായിരുന്നു ആ ശരീരചലനങ്ങള്‍.
ചാമ്പ്യന്റെ കണക്കുകൂട്ടല്‍ തെറ്റിക്കൊണ്ടിരുന്നു. എന്നാല്‍ അവസാന 30 സെക്കന്‍ഡില്‍ പയ്യന്റെ ലെഫ്റ്റ്റൈറ്റ് കോമ്പിനേഷനില്‍ ചാമ്പ്യന്‍ ഒന്നുലഞ്ഞു. രണ്ടാംറൗണ്ടില്‍ പക്ഷേ, ചാമ്പ്യന്‍ തിരിച്ചുവന്നു. തന്നില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ ശ്രമിച്ച ചാലഞ്ചറെ റോപ്പിനടുത്തേക്ക് കൊണ്ടുവന്ന്, തന്റെ വജ്രായുധമായ ലെഫ്റ്റ് ജാബ് കൊണ്ടൊരു പ്രയോഗം. ചാലഞ്ചറുടെ കാല്‍മുട്ടുകള്‍ വിറച്ചു. ഇടിയുടെ ആഘാതം ശരീരത്തില്‍ പടര്‍ന്നു. അയാള്‍ക്ക് കാഴ്ചതന്നെ ഇല്ലാതായെന്ന് തോന്നി. പയ്യന്റെ പോരാട്ടം അവസാനിച്ചുവെന്നുറപ്പിച്ച കാണികള്‍, ചാമ്പ്യന്റെ വിജയം
ആസ്വദിക്കാന്‍ കസേരയുടെ മുന്‍ഭാഗത്തേക്ക് നീങ്ങിയിരുന്നു.
മൂന്നാംറൗണ്ട് വേറിട്ടൊരു കാഴ്ചകൂടി അവര്‍ക്ക് സമ്മാനിച്ചു. 22-ാം സെക്കന്‍ഡുമുതല്‍ 36-ാം സെക്കന്‍ഡുവരെ അവരുടെ ശ്വാസം നിലച്ചു. അജയ്യനെന്ന് ലോകം വിലയിരുത്തിയ ചാമ്പ്യന്‍ ബോക്സര്‍ ചാലഞ്ചറുടെ പ്രയോഗങ്ങളില്‍ കിടുങ്ങിവിറച്ചു. താന്‍ തോല്‍ക്കില്ലെന്ന് ഉറച്ചുവിശ്വസിച്ചിരുന്ന അയാളുടെ മനസ്സിലേക്ക് ഭയം കടന്നുകൂടി. അത്രയ്ക്കും കരുത്തനായിരുന്നു ആ ചാമ്പ്യന്‍. അന്നേവരെ നടന്ന 36 പോരാട്ടങ്ങളില്‍ മാള്‍ട്ടി മാര്‍ഷല്‍ എന്ന ഒരേയൊരു ബോക്സര്‍ക്കു മുന്നില്‍ മാത്രമേ അയാള്‍ കീഴടങ്ങിയിരുന്നുള്ളൂ. എന്നാല്‍, ആ തോല്‍വിയിലും അയാളുടെ പ്രകടനം അപാരമായിരുന്നു. മാര്‍ഷലിന്റെ ഇടിയില്‍ കീഴ്ത്താടിയെല്ല് തകര്‍ന്നിട്ടും വേദനയുടെ ലാഞ്ഛനപോലും അയാളുടെ മുഖത്തുണ്ടായിരുന്നില്ലെന്ന് മാര്‍ഷല്‍ പിന്നീട് പറയുകയുണ്ടായി. പിന്നീട് രണ്ടുവട്ടം മാര്‍ഷലിനെ നിലംപരിശാക്കി ചാമ്പ്യന്‍ തന്റെ പകവീട്ടുകയും ചെയ്തിരുന്നു.
മാര്‍ഷലിന്റെ ഇടിയ്ക്കു മുന്നില്‍പോലും പതറാതിരുന്ന ചാമ്പ്യന്‍ പക്ഷേ, ആ 14 സെക്കന്‍ഡുകളെ അളക്കാനായില്ല. അയാള്‍ കരിയറിലാദ്യമായി റോപ്പിലേക്ക് നിസ്സഹായനായി വീണു. വര്‍ധിത ക്രൗര്യത്തോടെ തിരിച്ചുവന്ന് മുഷ്ടിചുരുട്ടി ഉതിര്‍ത്ത ഹുക്കുകളും ജാബുകളും അപ്പര്കട്ടുകളുമൊക്കെ പാഴാകുന്നത് അവിശ്വസനീയതോടെ അയാള്‍ കണ്ടു. ചാഞ്ഞും ചരിഞ്ഞും കുനിഞ്ഞും തെന്നിയും പിന്നോട്ടാഞ്ഞും ചാമ്പ്യനെ ചാലഞ്ചര്‍ പരിഹസിച്ചുകൊണ്ടിരുന്നു.
ചാലഞ്ചറെ അന്നാദ്യമായല്ല ചാമ്പ്യന്‍ കാണുന്നത്. കുറച്ചു മാസങ്ങള്‍ക്കു മുന്‍പ് ഡഗ്ലസ് ജോണ്‍സ് എന്ന ബോക്സറുടെ മുന്നില്‍ നിരായുധനായ കാലാളിനെപ്പോലെ അവന് പിടയുന്നത് കണ്ടതാണ്. അന്ന് ഡഗ്ലസ്സിന്റെ വിജയത്തേക്കാള്‍ ചാമ്പ്യന്റെ വാക്കുകളാണ് തലക്കെട്ടായത്. അതിങ്ങനെയായിരുന്നു ''ഞാനായിരുന്നെങ്കില്‍ കൊലപാതകത്തിന് ഉത്തരം പറയേണ്ടിവന്നേനെ...''
ആ പയ്യനില്‍നിന്നാണ് ചാമ്പ്യന്റെ മുഖത്തേക്ക് തുടരെ പ്രഹരം വന്നുകൊണ്ടിരിക്കുന്നത്. ഇടത്തുനിന്നും വലത്തുനിന്നും ഒന്നൊഴിയാതെ പ്രഹരം. റൈറ്റ് ഹുക്ക്, അപ്പര്‍ കട്ട്, ലെഫ്റ്റ് ജാബ്... ഇടി, പിന്നെയും ഇടി. ചാമ്പ്യന്റെ ഇടതു കണ്ണിനു താഴെ ഇടിച്ച് കൈ പിന്‍വലിക്കുമ്പോള്‍ ചാലഞ്ചറുടെ ഗ്ലൗവില്‍ രക്തം പുരണ്ടിരുന്നു. പിന്നീട് എട്ട് തുന്നലുകളാണ് ആ മുറിവ് അടയ്ക്കാന്‍ വേണ്ടിവന്നത്. വലതുകണ്ണിനു താഴെ രക്തം ചത്ത് കട്ടപിടിച്ചുകിടന്നു.
അവിശ്വസനീയമായിരുന്നു ഈ കാഴ്ചകളെല്ലാം. അതുവരെ അങ്ങനെയൊരു പ്രഹരത്തിന് ആരും തയ്യാറായിരുന്നില്ല. ഫ്ലോയ്ഡ് പാറ്റേഴ്സണെ 126 സെക്കന്‍ഡില്‍ ഇടിച്ചുവീഴ്ത്തിയ ചാമ്പ്യന്‍ ബോക്സറാണ് റിങ്ങില്‍ ചോരയൊലിപ്പിച്ച് നില്‍ക്കുന്നത്. വേദനയും നിരാശയും അമര്‍ഷവും അയാളില്‍നിന്ന് നിറഞ്ഞ് പുറത്തേക്കു വന്നു.
കാണികള്‍ ഓരോരുത്തരും മുറിവേറ്റത് സ്വന്തം മുഖത്തുനിന്നോ എന്നുപോലും വ്യക്തമാകാതെ ആ ദൃശ്യം കണ്ടുനിന്നു. റേഡിയോ കമന്റേറ്റര്‍ മോര്‍ട്ട് ഷാര്നിങ്ങിന് എന്തുപറയണമെന്നുപോലും അറിയുമായിരുന്നില്ല. ''ഇത് പടക്കപ്പലിന്റെ പടച്ചട്ട ഭേദിച്ചതുപോലെയാണ്. ദൈവമേ... ഈ പയ്യന് ജയിക്കാന്പോവുകയാണോ?'' -ഷാര്നിങ് വിളിച്ചുകൂവി.
നാലും അഞ്ചും റൗണ്ടുകള്‍ കഴിഞ്ഞ് ആറാംറൗണ്ടിലെത്തിയപ്പോഴേക്കും ചാമ്പ്യന്‍ തികച്ചും പരിക്ഷീണനായിരുന്നു. പയ്യനാകട്ടെ ഇടിയില്‍ ഹരംകയറി നില്‍ക്കുകയായിരുന്നു. എങ്ങനെയൊക്കെയോ അത് തടുക്കുവാനല്ലാതെ തിരിച്ചൊന്ന് പ്രയോഗിക്കാനുള്ള ശേഷി ചാമ്പ്യനുണ്ടായിരുന്നില്ല. മാന്ത്രികച്ചുവടുകളും അതിശയിപ്പിക്കുന്ന റിഫ്ലെക്സുകളും അന്നുവരെ കാണാത്ത പ്രതിരോധതന്ത്രങ്ങളും കാണികളെ അതിനകം ചാലഞ്ചറുടെ ആരാധകരാക്കി മാറ്റിയിരുന്നു.
കാല്‍ച്ചുവടുകളുടെ വേഗം, കൈകളുടെ ചടുലത, തല കുടഞ്ഞുകൊണ്ട് ഇടികളില്‍നിന്ന് ഒഴിഞ്ഞുമാറാനുള്ള വൈദഗ്ധ്യം, ബോധം കെടുത്തുന്ന ഇടികള്‍ക്ക് പേരുകേട്ട എതിരാളിക്കു മുന്നിലും കൈകള്‍ തൂക്കിയിട്ട് കൂസലില്ലാതെ നില്‍ക്കാനുള്ള ധൈര്യം... ചരിത്രം അവനു മുന്നില്‍ വഴിമാറുകയാണെന്ന് കാണികള്‍ തിരിച്ചറിഞ്ഞുതുടങ്ങി.
വിജയങ്ങളില്‍നിന്ന് വിജയങ്ങളിലേക്കു കുതിച്ച ഈ ചാമ്പ്യന്റെ കുതിപ്പിനെ പേടിയോടെ കണ്ടിരുന്ന ചിലരുണ്ടായിരുന്നു. ഇങ്ങനെപോയാല്‍ ബോക്സിങ്തന്നെ ഇല്ലാതാവും എന്ന് അവര്‍ പരിഭവിച്ചു. ആ ചാമ്പ്യനാണ് ഒരു ചാലഞ്ചറുടെ അദ്ഭുതപ്രകടനത്തിനു മുന്നില്‍ തളര്‍ന്ന് സ്റ്റൂളിലേക്ക് ഇരുന്നത്.
ആറാംറൗണ്ട് കഴിഞ്ഞു. സ്റ്റൂളിലിരിക്കുന്ന ചാമ്പ്യനെ സഹായികള്‍ പിന്നില്‍നിന്ന് ആശ്വസിപ്പിക്കുന്നു. അയാളുടെ മുഖം വലിഞ്ഞുമുറുകിയിരുന്നു. അടുത്ത റൗണ്ടിനുള്ള ബെല്‍ മുഴങ്ങുന്നതിന് തൊട്ടു മുന്‍പ് ചാമ്പ്യന്‍ മൗത്ത് ഗാഡ് തുപ്പിക്കളഞ്ഞു. ആ നീക്കം ചാലഞ്ചര്‍ മാത്രം കണ്ടു. ബെല്‍ മുഴങ്ങി. ഒരുനിമിഷംപോലും പാഴാക്കാതെ ചാലഞ്ചര്‍ റിങ്ങിന്റെ നടുവിലെത്തി. ചാമ്പ്യന്‍ സ്റ്റൂളില്‍നിന്ന് എഴുന്നേല്ക്കുന്നില്ല. റിങ്ങിനു നടുവില്‍ ചാലഞ്ചര്‍ അതിവേഗം പാദങ്ങള്‍ ചലിപ്പിച്ച് നൃത്തംതുടങ്ങി. പില്ക്കാലം ലോകം കോരിത്തരിപ്പോടെ കണ്ടുനിന്ന 'ഷഫിള്‍' റിങ്ങിനു നടുവില്‍ അരങ്ങേറി. അതെ, ബോക്സിങ് റിങ്ങിലെ എക്കാലത്തെയും മഹാനായ ഷഹന്‍ഷാ അവിടെ പിറവിയെടുത്തു. കാഷ്യസ് ക്ലേ എന്ന മുഹമ്മദ് അലി!
നിലത്തേക്ക് ഇരുന്നുപോയ ആ എതിരാളിയെക്കൂടി അറിയുക. ബോക്സിങ് ചരിത്രത്തിലെ എക്കാലത്തെയും വലിയ ഹാഡ് ഹിറ്റര്‍ സണ്ണി ലിസ്റ്റണാണ് കാഷ്യസ് ക്ലേയ്ക്കു മുന്നില്‍ നിലംപരിശായത്. 36 മത്സരങ്ങളില്‍ 35ഉം ജയിച്ചാണ് ലിസ്റ്റണ്‍ ലോക ഹെവി വെയ്റ്റ് പോരാട്ടത്തിന് ക്ലേയെ നേരിടാനെത്തിയത്. അതില്‍ 24 നോക്കൗട്ട് വിജയങ്ങളായിരുന്നു.
ഒരുവര്‍ഷത്തിനുശേഷം, 1965 മെയ് 25-ന് ലിസ്റ്റണെ നോക്കൗട്ട് ചെയ്തുചെയ്തുകൊണ്ട് ക്ലേ തന്റെ ചാമ്പ്യന്പട്ടത്തെക്കുറിച്ച് ഉയര്‍ന്ന എല്ലാ സംശയങ്ങളും ഇല്ലാതാക്കി. അപ്പോഴേക്കും കാഷ്യസ് ക്ലേ വിഖ്യാതമായ മുഹമ്മദ് അലി എന്ന പേര് സ്വീകരിച്ചുകഴിഞ്ഞിരുന്നു.
1965 മെയ് 25-ന് നടന്ന രണ്ടാം അലി-ലിസ്റ്റണ്‍ പോരാട്ടം മറ്റൊരു ത്രില്ലറായിരുന്നു. അലിയെ ഇടിച്ചിട്ട് ലിസ്റ്റണ്‍ ഹെവിവെയ്റ്റ് പട്ടം തിരിച്ചുപിടിക്കും എന്നുതന്നെ എല്ലാവരും കരുതി. അത് മനസ്സിലുറപ്പിച്ചുകൊണ്ടാണ് ലിസ്റ്റണ്‍ റിങ്ങിലെത്തിയതും. കാണികള്‍ വന്നുതുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ. ഒന്നാംറൗണ്ട് ആരംഭിച്ച് 104 സെക്കന്‍ഡ് പിന്നിട്ടപ്പോള്‍ ലിസ്റ്റണ്‍ അലിയുടെ നേരെ ഒരു ലെഫ്റ്റ് ജാബ് തൊടുത്തു. പിന്നോട്ടാഞ്ഞ് ഒഴിഞ്ഞുമാറിയ അലിയുടെ വലതുമുഷ്ടി അതേനിമിഷംതന്നെ ലിസ്റ്റണിന്റെ കീഴ്ത്താടിയില്‍ വന്നിടിച്ചു. തീര്‍ന്നു. ലിസ്റ്റണ്‍ നിലത്ത്!
മാസങ്ങള്‍ക്കുശേഷം ലിയോട്ടിസ് മാര്ട്ടിന് എന്ന ബോക്സര്‍ ലിസ്റ്റണെ വീണ്ടും ഇടിച്ചുവീഴ്ത്തി. അതോടെ ആ കരിയര്‍ അസ്തമിച്ചു. പിന്നീട് ലിസ്റ്റണിന് തന്റെ ചാമ്പ്യന്‍പട്ടത്തിന് അടുത്തെത്താന്പോലുമായില്ല.
അലിയുടെ ജീവിതം ഒരു പാഠപുസ്തകമാണ്. മനുഷ്യന് എന്ന നിലയിലും ബോക്സര്‍ എന്ന നിലയിലും. വായാടിയെന്ന് വിളിക്കപ്പെട്ട അലി ഒരിക്കല്‍ വെറുക്കപ്പെട്ടവനായിരുന്നു. ഭ്രാന്തനാണെന്നുപോലും ആളുകള്‍ പറഞ്ഞുപരത്തി. അവിടെനിന്നാണ് അലിയുടെ വളര്‍ച്ച. കായികചരിത്രത്തിലെ ഏറ്റവും പ്രശസ്ത വ്യക്തിത്വങ്ങളിലൊരാളായി മാറിയ അലിയെ കഴിഞ്ഞ നൂറ്റാണ്ടിനൊടുവില്‍ സ്പോര്‍ട്സ് ഇല്ലസ്ട്രേറ്റഡും ബി.ബി.സി.യും ശതാബ്ദത്തിന്റെ താരമായി വാഴ്ത്തി. അപ്രശസ്തനായ ബോക്സറില്നിന്ന് ചരിത്രത്തിലെ ഏറ്റവും പുകഴ്പെറ്റ കായികതാരമായി അലി വളര്‍ന്നു. അലിയുടെ ജീവിതം അടുത്തറിയുമ്പോഴാണ് ഒന്നാംനമ്പര്‍ താരത്തിലേക്കുള്ള വളര്‍ച്ച എത്രത്തോളം അവിശ്വസനീയമായിരുന്നുവെന്ന് നാം അറിയുക.
മാതൃഭൂമി സ്പോര്‍ട്സ് മാസിക മെയ് ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്