Gautam Gambhir

കൊല്‍ക്കത്ത: ഐപിഎല്ലില്‍ രണ്ട് തവണ ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും ആദ്യ കിരീടം ലക്ഷ്യമിട്ടിറങ്ങുന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദും ഇന്ന് എലിമിനേറ്റര്‍ മത്സരത്തിനായി കളത്തിലിറങ്ങും. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കുന്ന എലിമിനേറ്ററില്‍ വിജയിക്കുന്ന ടീം രണ്ടാം ക്വാളിഫെയറില്‍ ഗുജറാത്ത് ലയണ്‍സുമായി ഏറ്റുമുട്ടും.

ഇരുടീമുകളും 16 പോയിന്റുമായാണ് പ്ലേ ഓഫിലേക്ക് യോഗ്യത നേടിയത്. എന്നാല്‍ റണ്‍റേറ്റ് കുറവായതിനെ തുടര്‍ന്ന് ഹൈദരാബാദിന് പിന്നില്‍ നാലാം സ്ഥാനത്തായി കൊല്‍ക്കത്ത.

ലീഗ് ഘട്ടത്തില്‍ രണ്ട് മത്സരങ്ങളിലും ഹൈദരബാദിനെ തോല്‍പ്പിക്കാനായി എന്നത് കൊല്‍ക്കത്തയുടെ സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ഇരുടീമുകളും മുഖാമുഖം വന്ന ആദ്യ മത്സരത്തില്‍ കൊല്‍ക്കത്ത എട്ട് വിക്കറ്റിന് ഹൈദരാബാദിനെ പരാജയപ്പെടുത്തിയപ്പോള്‍ രണ്ടാം മത്സരത്തില്‍ 22 റണ്‍സിനായിരുന്നു കൊല്‍ക്കത്തയുടെ വിജയം. കൊല്‍ക്കത്ത പ്ലേ ഓഫിലേക്ക് പ്രവേശിച്ചതും ഈ 22 റണ്‍സിന്റെ വിജയത്തിലാണ്.

14 മത്സരങ്ങളില്‍ നിന്ന് അഞ്ച് അര്‍ദ്ധസെഞ്ച്വറിയുള്‍പ്പെടെ 473 റണ്‍സ് നേടിയ നായകന്‍ ഗൗതം ഗംഭീര്‍ തന്നെയാണ് കൊല്‍ക്കത്തയെ മുന്നില്‍ നിന്ന് നയിക്കുന്നത്. ദേശീയ ടീമില്‍ ഇടം ലഭിക്കാതെ പോയ റോബിന്‍ ഉത്തപ്പയും യൂസുഫ് പഠാനും ഇതുവരെ മികച്ച ബാറ്റിങ് പ്രകടനമാണ് പുറത്തെടുത്തത്.

ഇന്ത്യയുടെ സിംബാബ്‌വെ പര്യടന ടീമില്‍ ഇടം പിടിച്ച യുവതാരം മനീഷ് പാണ്ഡെ സെലക്റ്റര്‍മാരുടെ തീരുമാനം ശരിവെയ്ക്കുന്ന രീതിരിയില്‍ പ്രകടനം പുറത്തെടുക്കുമെന്ന് പ്രതീക്ഷിക്കാം.

ജമൈക്കന്‍ ഓള്‍ റൗണ്ടറായ ആന്ദ്രെ റസലിന്റെ പരിക്കാണ് കൊല്‍ക്കത്തയെ അലട്ടുന്നത്. മികച്ച ഫോമിലായിരുന്ന റസലിന് പരിക്ക് മൂലം കഴിഞ്ഞ രണ്ട് മത്സരങ്ങളിലും പുറത്തിരിക്കേണ്ടി വന്നു.

നിര്‍ണായക മത്സരത്തില്‍ ഹൈദരാബാദിനെതിരെ അഞ്ച് വിക്കറ്റ് വീഴ്ത്തി ഫോമിലേക്ക് തിരിച്ചെത്തിയ സ്പിന്നര്‍മാരായ സുനില്‍ നരെയ്‌നും കുല്‍ദീപ് യാദവും കൊല്‍ക്കത്തക്ക് പ്രതീക്ഷ നല്‍കുന്നു. 

കഴിഞ്ഞ രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ട ഹൈദരാബാദിന്റെ നില അല്‍പം പരുങ്ങലിലാണ്. ഗംഭീറിനെപ്പോലെ തന്നെ മുന്നില്‍ നിന്ന് നയിക്കുന്ന നായകന്‍ ഡേവിഡ് വാര്‍ണറാണ് ഹൈദരാബാദിന് പ്രതീക്ഷ നല്‍കുന്ന ഏക ഘടകം. 14 മത്സരങ്ങളില്‍ നിന്ന് 658 റണ്‍സുമായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ കളിക്കാരുടെ പട്ടികയില്‍ രണ്ടാമതാണ് വാര്‍ണര്‍.

വാര്‍ണറിനൊപ്പം ഓപ്പണിങ്ങില്‍ ഇറങ്ങുന്ന ശിഖര്‍ ധവാന്‍ താളം കണ്ടെത്തിയതും ഹൈദരാബാദിന് ആശ്വസിക്കാവുന്ന ഘടകമാണ്.

ഇതുവരെ 463 റണ്‍സാണ് ഈ സീസണില്‍ ധവാന്റെ ബാറ്റില്‍ നിന്ന് പിറന്നത്. യുവരാജ് സിങ്ങും മോയിസെസ് ഹെന്റിക്വെസും മോര്‍ഗനും ഇതുവരെ ഫോമിലേക്കെത്തിയിട്ടില്ല.

പരിക്കിന്റെ പിടിയിലായ ആശിഷ് നെഹ്‌റക്ക് പകരം ബരീന്ദെര്‍ സ്രാനും മുതഫിസുര്‍ റഹീമുമാകും ഹൈദരാബാദിന്റെ ബൗളിങ്ങിന് നേതൃത്വം നല്‍കുക. ഒപ്പം ഭുവനേശ്വര്‍ കുമാറുമുണ്ടാകും.