രാമനെ എപ്പോഴാണോ തിരിച്ചറിഞ്ഞ് അവനില്‍ സ്വയം സമര്‍പ്പിക്കാന്‍ കഴിയുന്നത്, അപ്പോള്‍ മുതല്‍ ആ രാമന്‍ ആരാമനാകും. ആ അനുഭവം ആത്മാവില്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്നവന്‍ ആത്മാരാമനാകും. ഹൃദയത്തില്‍ അതിരുകളില്ലാത്ത ഒരു മഹാസന്തോഷത്തിന്റെ പൂന്തോട്ടം. അതുനിറയെ ഒരിക്കലും വാടാത്ത, മണംചോരാത്ത, നക്ഷത്രപുഷ്പങ്ങള്‍! പിന്നെ ആ ജീവിതത്തില്‍ ഇരുട്ടില്ല. പ്രകാശംമാത്രം!

മതവും രാഷ്ട്രീയവുമല്ല ദൈവം. അത് ഇടമുറിയാതെ പെയ്യുന്ന സ്‌നേഹമഴയാണ്. സമസൃഷ്ടിസ്‌നേഹത്തിന്റെ നിലാമഴ. സഹനത്തിന്റെ സാന്ത്വനമഴ. വരുംതലമുറയുടെ നിഷ്‌കളങ്കമായ ഈരിലപ്പൊടിപ്പുകള്‍ ഈ മണ്ണില്‍ മുളപൊട്ടുന്നത് ആ ദൈവമഴയേറ്റിട്ടാണ്.

കലിയുഗത്തിലെ കണ്ണില്ലാത്ത അഹംബോധവും ആധിപത്യദാഹവും ഈ മഴകൊണ്ടൊന്നും ശമിക്കില്ല. അത്രമേല്‍ വജ്രശിലാകഠിനമായ കുറ്റവാസനകളുടെയും ആസുരഭാവങ്ങളുടെയും ഘനീഭൂതവിപര്യയമാണ് കാലം. കാലത്തിന്റെ കര്‍ക്കടകചികിത്സയ്ക്ക് പണ്ടുപണ്ട് അയോധ്യയില്‍ ഒരു ഹോമാഗ്‌നികുണ്ഡത്തില്‍നിന്ന് ഉയര്‍ന്നുവന്ന ഒരു പായസപ്പാത്രമുണ്ട്‌യാജ്ഞികനായ ഋഷ്യശൃംഗന്‍ ഏറ്റുവാങ്ങി ദശരഥമഹാരാജാവിനെ ഏല്‍പ്പിച്ച സന്താനാനുഗ്രഹപാത്രം. അതിലെ ആജീവനാന്തമധുരമാണ് രാമന്‍.

രാമകഥ ലോകകഥയാണ്. സര്‍വലോകവ്യാപ്തമായ സങ്കീര്‍ണമനുഷ്യജീവിതത്തെ അത് താളിയോലയില്‍ വിവര്‍ത്തനംചെയ്ത് താളപ്രമാണത്തില്‍ വ്യാഖ്യാനിക്കുന്നു. രാമനെ ദൈവമായിട്ടല്ല, പച്ചമനുഷ്യനായിത്തന്നെ അവതരിപ്പിച്ച് അത് മാതൃകകാട്ടുന്നു. 'നരപേഷു രാമ!' എന്നാണ് പ്രയോഗം. അതായത് നാരായണനും നരന്‍തന്നെ! ഏതൊരു മനുഷ്യനും ജീവമാതൃകയാകുന്ന സുഖദുഃഖസാനുക്കളിലെ ഒരു പൂര്‍ണമനുഷ്യന്‍!

ഭൗതികത്തിന്റെ വര്‍ഗീകരണം ഇത്രേയുള്ളൂഉള്ളവരും ഇല്ലാത്തവരും. എല്ലാകാലത്തും ഇവര്‍ തമ്മിലുള്ള സംഘര്‍ഷമാണ് ചരിത്രമായി വായിക്കപ്പെടുന്നത്. എന്നാല്‍, എല്ലാ സൗഭാഗ്യങ്ങളും സാധ്യതകളും സൗകര്യങ്ങളും ഉണ്ടായിട്ടും യാതൊന്നും വേണ്ടാത്തവരായ ഒരുപിടി ജീവാത്മാക്കള്‍ ഇവിടെയെന്നും ഉണ്ടായിട്ടുണ്ട്. ഭൗതികം അവരെ കണ്ടില്ല. ആത്മീയതയുടെ മൂന്നാംചേരിയിലാണ് അവര്‍. മഹത്തുക്കള്‍! അവരാണ് ലോകത്ത് ധര്‍മം നിലനിര്‍ത്തിയത്. അഭിഷേകവിഘ്‌നത്തില്‍ അല്പംപോലും അസ്വസ്ഥനാകാതെ, വനയാത്രയ്ക്ക് പുറപ്പെടുന്ന രാമന്‍ അചഞ്ചലനായി പറയുന്നു:

'രാജ്യത്തെ രക്ഷിപ്പതിന്നു മതിയവന്‍
രാജ്യമുപേക്ഷിപ്പതിന്നു ഞാനും മതി'

ഉപേക്ഷിക്കലാണ് സുഖവും ധര്‍മവും. രാമനും സിദ്ധാര്‍ഥനുമൊക്കെ അതുചെയ്ത് ഭാരതത്തിന് മഹത്ത്വമണച്ചു. ഇന്നത്തെ അധികാരകേന്ദ്രങ്ങളില്‍ ഇങ്ങനെ നട്ടെല്ലുനിവര്‍ത്തിനിന്ന് പറയാനും പ്രവര്‍ത്തിക്കാനും ധൈര്യമുള്ള എത്രപേരുണ്ട്? ഈ ചോദ്യത്തിനുള്ള ഉത്തരം തന്നെയാണ് ഈ കാലത്തിന്റെ ദുരന്തവും!

അക്ഷരങ്ങള്‍ക്കിടയ്ക്ക് കാര്യകാരണപ്പൊരുത്തത്തിന്റെ സ്വര്‍ണക്കണ്ണികള്‍ സമൃദ്ധമായി വിളക്കിച്ചേര്‍ത്ത കാവ്യമാണ് രാമായണം. പുത്രദുഃഖംകൊണ്ട് ദശരഥന്‍ നാടുനീങ്ങുന്നു. അതിനൊരു കാരണമുണ്ട്. ഒരേയൊരു പുത്രനല്ലാതെ, കണ്ണുകാണാത്ത വയസ്സാംകാലത്ത് മറ്റാരും ആശ്രയത്തിനില്ലാത്ത മുനിയും മുനിപത്‌നിയും. അവര്‍ക്ക് ദാഹജലത്തിനുകുടവുമായി ഇരുട്ടില്‍ സരയൂതീരത്തുചെന്ന ആ ശ്രാവണകുമാരനെ ദശരഥന്‍ അമ്പെയ്തുകൊന്നു. അബദ്ധമായിരുന്നു. അതുകൊണ്ട് പാപം പുണ്യമാകുന്നില്ല. മകന്റെ ചിതയില്‍ച്ചാടി ആലംബഹീനരായ ആ മുനിദമ്പതിമാര്‍ ദേഹത്യാഗം ചെയ്തു. അതിനുമുമ്പ് ഉള്ളില്‍ തീപടര്‍ന്ന നിലവിളിയുമായി അവര്‍ ദശരഥനെ ശപിച്ചുപുത്രദുഃഖംകൊണ്ടുതന്നെ ദശരഥനും മരിച്ചു.

കര്‍മങ്ങള്‍ തിരിച്ചടിക്കും. കര്‍മഫലങ്ങള്‍ പകരം ചോദിക്കും. 'താന്‍താന്‍ നിരന്തരം ചെയ്തിടും കര്‍മങ്ങള്‍ താന്‍താനനുഭവിച്ചീടുകെന്നേ വരൂ...' അവനവന്റെ വേടത്തിക്കും അവളിലുണ്ടായ സന്തതികള്‍ക്കുംവേണ്ടി കൊല്ലും കൊലയും കവര്‍ച്ചയും നടത്തി പാപം കുന്നുകൂട്ടിയ കാട്ടാളനുപോലും ഉണ്മയറിഞ്ഞപ്പോള്‍ മാനസാന്തരം വന്നു. അയാള്‍ രാമരാമാ ജപിച്ച് ആത്മാരാമനായി. ആദികവിയുമായി. പക്ഷേ, ഇന്നത്തെ കാട്ടാളന്മാര്‍ക്ക് അങ്ങനെയൊരു മാനസാന്തരമുണ്ടാകുമോ, എന്നെങ്കിലും അവര്‍ ആത്മാരാമന്മാരായി പരിണമിക്കുമോ?