monicaമോണിക്ക ബെർസ, മാർസിലിയൊ ഹദ്ദാദ് ആൻഡ്രിനോ... മദർ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുമ്പോൾ ലോകം ഈ രണ്ടുപേരെയും ഓർക്കും.

മദർ തെരേസയുടെ മധ്യസ്ഥതയിൽ ഇവരുടെ രോഗം മാറിയെന്ന അദ്‌ഭുതപ്രവൃത്തി സഭ സ്ഥിരീകരിച്ചതോടെയാണ് പാവങ്ങളുടെ അമ്മ വിശുദ്ധപദവിയിലേക്ക് ഉയർത്തപ്പെടുന്നത്.

കൊൽക്കത്ത സ്വദേശിയാണ് മോണിക്ക ബെർസ. ഇവർക്ക് ഉദരത്തിൽ ബാധിച്ച ട്യൂമർ മാറില്ലെന്ന് ഡോക്ടർമാർ വിധിയെഴുതി. ഇതേത്തുടർന്ന് ഇവർ കൊൽക്കത്തയിലെ മിഷണറീസ് ഓഫ് ചാരിറ്റിയിലെത്തി മദർ തെരേസയുടെ മധ്യസ്ഥതയിൽ പ്രാർഥിച്ചു.


മദർ മരിച്ച് ഒരുവർഷം പിന്നിട്ട ദിനം ട്യൂമർ അപ്രത്യക്ഷമായതായി കണ്ടെത്തി.

വിശുദ്ധർക്കായുള്ള സഭാസമിതിയുടെ തെളിവെടുപ്പിനും വിലയിരുത്തലുകൾക്കുംശേഷം 2002 ഡിസംബർ 20-ന് ഈ അദ്‌ഭുതപ്രവൃത്തി അന്നത്തെ മാർപാപ്പ ജോൺപോൾ രണ്ടാമൻ സ്ഥിരീകരിച്ചു. 2003-ൽ മദറിനെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചത് ഈ അദ്‌ഭുതപ്രവൃത്തിയുടെ അടിസ്ഥാനത്തിലാണ്.

രണ്ടാമത്തെ അദ്‌ഭുതമായി സഭ സ്ഥിരീകരിച്ചത് ബ്രസീലുകാരനായ  മാർസിലിയൊ ഹദ്ദാദ് ആൻഡ്രിനോയുടെ തലച്ചോറിലെ അസുഖം ഭേദമാക്കിയതാണ്. 2008 ഡിസംബറിലാണ് ഈ സംഭവം. സാൻറേസിലുള്ള 42-കാരനായ മെക്കാനിക്കൽ എൻജിനീയറാണ് ആൻഡ്രിനോ. തലച്ചോറിലെ അണുബാധ മാറില്ലെന്നായിരുന്നു ഡോക്ടർമാരുടെ നിഗമനം.

ആൻഡ്രിനോയുടെ ഭാര്യ ഫെർണാൻഡ റോച്ച മദർ തെരേസയുടെ മധ്യസ്ഥതയിൽ പ്രാർഥിച്ചു.

ഒടുവിൽ അദ്ദേഹത്തെ ശസ്ത്രക്രിയാ മുറിയിലെത്തിച്ചപ്പോൾ നടത്തിയ പരിശോധനയിൽ അസുഖം പൂർണമായും ഭേദമായെന്ന് കണ്ടതായി പറയുന്നു.

 മദർ തെരേസയുടെ പേരിലുള്ള രണ്ടാമത്തെ അദ്‌ഭുതമായി സഭ ഇത് സ്ഥിരീകരിച്ചു. മദറിനെ വിശുദ്ധയായി പ്രഖ്യാപിക്കുന്നതിലേക്ക് നയിച്ചത് ഈ അദ്‌ഭുതപ്രവൃത്തിയാണ്.