MOTHER TERESAതന്റെ സേവനപാതയിലെ ക്‌ളേശങ്ങളെയും തടസ്സങ്ങളെയും പുഞ്ചിരിയോടെ നേരിട്ട് മുന്നോട്ടുപോകുമ്പൊഴും മദറിന്റെ മനസ്സ് പലപ്പോഴും സംഘര്‍ഷഭരിതമായിരുന്നു.ഏറ്റവുമടുത്ത ശിഷ്യരെപ്പോലും അറിയിക്കാതെ കൊണ്ടു നടന്ന അത്തരം ആശങ്കകള്‍ അവര്‍ തന്റെ ആത്മീയ വഴികാട്ടിയായ ഫാ.വാന്‍ എക്‌സമിനും ആര്‍ച്ച് ബിഷപ്പ് പെരിയര്‍ക്കുമെഴുതിയ കത്തുകളില്‍ പങ്കുവെച്ചിരുന്നു.ആത്മീയമായ ഒരു അനാഥത്വം അനുഭവപ്പെടുന്നതിലെ വേദനയായിരുന്നു അവയില്‍ നിഴലിച്ചത്.

ക്‌ളേശകരമായ തന്റെ ആദ്യകാല ദിനങ്ങളില്‍ ഏകാന്തത അനുഭവപ്പെട്ടതായും ഒരു ഘട്ടത്തില്‍ ലോറേറ്റോ കോണ്‍വെന്റിലേക്ക് മടങ്ങിയാലോ എന്നൊരു ചിന്ത കടന്നുവരികയും ചെയ്തു.ഒരു ദിവസം ലോറെറ്റോയുടെ കവാടത്തിലെത്തി ഉള്ളിലേക്ക് നോക്കുകയും ചെയ്തു.മറ്റൊരു ഘട്ടത്തില്‍ അല്‍ബേനിയന്‍ ഗവണ്‍മെന്റ് അനുമതി നിഷേധിച്ചതു മൂലം അമ്മയ്ക്കും സഹോദരങ്ങള്‍ക്കും തന്നെ വന്നുകാണാന്‍ കഴിയാതിരുന്ന ഘട്ടത്തിലും അവര്‍ വേദനയനുഭവിച്ചിരുന്നു.ഇതിലൊക്കെ മദറിനെ വിഷമിപ്പിച്ചത് തന്നെ ദൈവം കൈവിട്ടുവോ എന്ന തോന്നലായിരുന്നു.തീവ്രമായ പ്രാര്‍ത്ഥനകളിലൂടെയും തന്റെ ദൗത്യത്തില്‍ പൂര്‍ണമായി സ്വയം അര്‍പ്പിച്ചുമാണ് മദര്‍ ഇത്തരം പരീക്ഷണങ്ങളെ മറികടന്നത്.

നാല്‍പ്പതു വര്‍ഷക്കാലത്തിനിടെ എഴുതിയ ഈ കത്തുകള്‍ സൂക്ഷി്ച്ചുവെക്കരുതെന്നായിരുന്നു മദറിന്റെ അഭിപ്രായം.ദൈവത്തെക്കാള്‍ തന്നിലേക്ക് വിശ്വാസികളുടെ ശ്രദ്ധ തിരിയുന്നത് അവര്‍ ഇഷ്ടപ്പെട്ടില്ല.എന്നാല്‍ മദറിനെ വിശുദ്ധയായി പ്രഖ്യാപിക്കുന്നതിന് മുന്‍പുള്ള നടപടിക്രമങ്ങളുടെ ഭാഗമായി വത്തിക്കാന്‍ ഈ കത്തുകള്‍ വിശദമായിത്തന്നെ പരിശോധിച്ചു.മറ്റെല്ലാം മറന്ന് തന്റെ ദൈവവിളിയിലേക്ക് മദറിനെ കൂടുതലായി അടുപ്പിച്ച് നിര്‍ത്താന്‍ ഇത്തരം പരീക്ഷണങ്ങള്‍ കാരണമായി എന്നാണ് ദൈവശാസ്ത്രജ്ഞന്‍മാര്‍ വിലയിരുത്തിയത്.