നിമിഷം തീര്‍ച്ചയായും ഒത്താക്കര പനീര്‍ശെല്‍വം എന്ന ഒ.പി.എസിനവകാശപ്പെട്ടതാണ്. ജയലളിത എന്ന ആല്‍വൃക്ഷത്തിനു മുന്നില്‍ ഒരു പുല്‍ക്കൊടി മാത്രമായിരുന്ന ഒ.പി.എസ്. ഇന്നിപ്പോള്‍ പഴങ്കഥയാണ്. തമിഴക രാഷ്ട്രീയത്തിലെ ദുര്‍മന്ത്രവാദിനിയെന്ന് മുദ്രകുത്തപ്പെട്ട് വിവേകാനന്ദം കൃഷ്ണവേണി ശശികല ജയലിലേക്ക് പോകാനൊരുങ്ങുമ്പോള്‍ കാവ്യനീതിയെന്തൊണെന്ന് ഒ.പി.എസ്. തിരിച്ചറിയുന്നുണ്ടാവണം.

രണ്ടു കൊല്ലം മുമ്പ് ജയലളിത ബെംഗളൂരുവിലെ ജയിലിലേക്ക് പോയപ്പോള്‍ തമിഴകത്ത് ഇതായിരുന്നില്ല അവസ്ഥ. ഡി.എം.കെ. നേതാവ് എം. കരുണാനിധി ഗോപാലപുരത്തെ വീട്ടില്‍നിന്നു പുറത്തിറങ്ങിയതേയില്ല. മകന്‍ എം.കെ. സ്റ്റാലിനും അന്ന് വിധിയില്‍ ആഹ്ലാദം പ്രകടിപ്പിക്കാതെ മാറി നിന്നു. എ.ഐ.എ.ഡി.എം.കെ. പ്രവര്‍ത്തകര്‍ കരുണാനിധിയുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്തുകയും കരുണാനിധിയുടെ ചിത്രത്തില്‍ ചെരുപ്പ് കൊണ്ടടിക്കുകയും ചെയ്തു. പാട്ടാളി മക്കള്‍ കക്ഷി നേതാവ് ഡോ. എസ്. രാമദാസ് മാത്രമാണ് അന്ന് ജയലളിതയുടെ ശിക്ഷ പരസ്യമായി സ്വാഗതം ചെയ്തത്.

ജയലളിതയുടെ വോട്ടവകാശം എടുത്തുകളയണമെന്നാവശ്യപ്പെടാനും രാമദാസ് തയ്യാറായി. പക്ഷെ, രാമദാസും വിഴുപുരത്തിനടുത്ത് തൈലാപുരത്തുള്ള തന്റെ വീട്ടില്‍നിന്നു പുറത്തിറങ്ങാതിരിക്കാന്‍ ശ്രദ്ധിച്ചു. കാരണം തടവിലായത് സാക്ഷാല്‍ ജയലളിതയായിരുന്നു. ദൈവത്തെ എങ്ങിനെ ജയിലിലടയ്ക്കാനാവുമെന്നാണ് എ.ഐ.എ.ഡി.എം.കെ. പ്രവര്‍ത്തകര്‍ അന്ന് ചോദിച്ചത്. ഇതിനുത്തരം പറയാനാവാതെ ബി.ജെ.പി. അടക്കമുള്ള രാഷ്ട്രീയ കക്ഷികള്‍ സമര്‍ത്ഥമായി മൗനം പാലിച്ചു. തലൈവി ജയിലില്‍ കിടക്കവേ വിതുമ്പിക്കരഞ്ഞുകൊണ്ട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒ.പി.എസിന്റെ ചിത്രം ആര്‍ക്കാണ് മറക്കാനാവുക.

ജയലളിതയോട് ജനത്തിന് ഒരു തരം വിഗ്രഹാരാധനയായിരുന്നു. ജയലളിതയല്ല ശശികലയാണ് കുറ്റക്കാരി എന്ന നിലപാട് ജനം എടുക്കുന്നതും ഇതുകൊണ്ടുതന്നെയാണ്. എന്തായാലും നീതിന്യായ വ്യവസ്ഥയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം ഊട്ടിയുറപ്പിക്കുന്ന വിധിയാണ് സുപ്രീം കോടതിയില്‍ നിന്നുണ്ടായിരിക്കുന്നതെന്ന് പറയുക തന്നെ വേണം. 2015 ല്‍ ജയലളിതയെയും കൂട്ടരെയും കുറ്റവിമുക്തരാക്കി കര്‍ണ്ണാടക ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കുമാരസാമി പുറപ്പെടുവിച്ച വിധി അത്രമേല്‍ പരിഹാസ്യമായിരുന്നു. വൈകിപ്പോയെങ്കിലും ഇന്ത്യന്‍ ജനതയെ ഉണര്‍ത്തുന്ന വിധിയാണ് സുപ്രീം കോടതിയുടേത്.

ആഹ്ലാദത്തിന്റെ ഈ നിമിഷങ്ങള്‍ ഒ.പി.എസിനു ചുറ്റും എത്രകാലമുണ്ടാവും എന്ന ചോദ്യം ഈ ഘട്ടത്തില്‍ പ്രസക്തമാണ്. 89 എം.എല്‍.എമാര്‍ കൂടെ വന്നാല്‍ മാത്രമേ ഒ.പി.എസിന് കുറുമാറ്റ നിരോധനനിയമത്തില്‍നിന്നും രക്ഷപ്പെടാനാവുകയുള്ളൂ. 118 എം.എല്‍.എമാരുടെ പിന്തുണയുണ്ടെങ്കിലേ 234 അംഗ തമിഴ്‌നാട് നിയമസഭയില്‍ ഒ.പി.എസിന് ഭൂരിപക്ഷമാവുകയുള്ളൂ. എടപ്പാടി പഴനിസാമിയെ മുന്നില്‍ നിര്‍ത്തി കലാശക്കളിക്ക് ശശികല പക്ഷം തയ്യാറെടുക്കുമ്പോള്‍ 118 എന്ന മാന്ത്രിക സംഖ്യയിലേക്ക് എത്തുക ഒ.പി.എസ്സിന് എളുപ്പമാവില്ല. ഈ മാന്ത്രിക പ്രകടനം നടത്താനായാല്‍ തന്നെ എത്രകാലം സുസ്ഥിരമായി ഭരണം നടത്താനാവും എന്നതാണ് ചോദ്യം.

1988-ല്‍ ഒരു മാസത്തോളം നീണ്ട ഭരണത്തിനു ശേഷം ജാനകി മന്ത്രിസഭ നിലംപതിച്ചതോടെ തമിഴകം രാഷ്ട്രപതി ഭരണത്തിലേക്കാണ് നീങ്ങിയത്. തുടര്‍ന്ന് 1989-ല്‍ നടന്ന ഇടക്കാല തിരഞ്ഞെടുപ്പില്‍ ജനാകി-ജയലളിത പക്ഷങ്ങള്‍ ചേരിതിരിഞ്ഞു മത്സരിച്ചു. തമിഴകം തിരിച്ചു പിടിക്കാനാവുമെന്ന കണക്ക് കൂട്ടലില്‍ കോണ്‍ഗ്രസും തനിച്ച് മത്സരിച്ചു. അന്ന് പ്രധാനമന്ത്രിയായിരുന്ന രാജീവ്ഗാന്ധി തമിഴ്‌നാട്ടില്‍ ക്യാമ്പ്‌ചെയ്താണ് കോണ്‍ഗ്രസിനെ നയിച്ചത്.1 967ല്‍ നഷ്ടപ്പെട്ട അധികാരം തിരിച്ചുപിടിക്കാനാവും എന്ന കോണ്‍ഗ്രസിന്റെ കണക്കു കൂട്ടല്‍ പക്ഷെ, തമിഴ് ജനത പൊളിച്ചുകൊടുത്തു. ജി.കെ. മൂപ്പനാര്‍ എന്ന പ്രഗത്ഭനായ നേതാവുണ്ടായിട്ടുപോലും തമിഴകം തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസിനായില്ല. അന്ന് എ.ഐ.എ.ഡി.എം.കെയില്‍ ഒരു വിഭാഗത്തെ കൂടെ നിര്‍ത്തിക്കൊണ്ടുള്ള കളിക്ക് കോണ്‍ഗ്രസ് ശ്രമിച്ചില്ല എന്നും ഓര്‍ക്കേണ്ടതുണ്ട്്.

ഇന്നിപ്പോള്‍ തമിഴകത്തെ കലങ്ങിമറിഞ്ഞ വെള്ളത്തില്‍ മീന്‍പിടിക്കാനാവുമെന്നാണ് ബി.ജെ.പി. കരുതുന്നത്. ബി. ജെ.പിയുടെ കണക്കുകൂട്ടല്‍ രണ്ടാണ്. ഒ.പി.എസ്. എ.ഐ.എ.ഡി.എം.കെ. വീണ്ടെടുക്കുമെന്നും ആ എ.ഐ.എ.ഡി.എം.കെയുമായി 2019-ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സഖ്യമുണ്ടാക്കാനാവുമെന്നുമാണ് ആദ്യത്തെ മനക്കോട്ട. ഈ ദൗത്യത്തില്‍ ഒ.പി.എസ്. വിജയിക്കുന്നില്ലെങ്കില്‍ പ്ലാന്‍ ബി നടപ്പാക്കാനാവും ബി.ജെ.പിയുടെ ശ്രമം. ഒ.പി.എസ്്. ബിജെപിയുടെ സംസ്ഥാന നേതാവായി രംഗപ്രവേശം ചെയ്യുന്നതാവും അത്തരമൊരു നീക്കത്തിന്റെ പരിണാമം. എന്തായാലും തമിഴകത്ത് നേട്ടമുണ്ടാക്കാന്‍ പോവുന്ന ഒരു രാഷ്ര്രടീയപാര്‍ട്ടി ബി.ജെ.പിയായിരിക്കുമെന്നതില്‍ സംശയമില്ല.

ജയലളിതയെപ്പോലെ മറ്റൊരു നേതാവില്ല എന്ന യാഥാര്‍ത്ഥ്യം തമിഴകം ഒരിക്കല്‍കൂടി തിരിച്ചറിയുന്ന ദിവസങ്ങളാണിത് .1989-ലെ തകര്‍ച്ചയില്‍നിന്നു എ.ഐ.എ.ഡി.എം.കെയെ രക്ഷിച്ചെടുത്തത് ജയലളിതയാണ്. അത്തരമൊരു ചരിത്രദൗത്യം സാക്ഷാത്കരിക്കാന്‍ ഒ.പി.എസിന് കഴിയുമെന്ന് അദ്ദേഹത്തിന്റെ കടുത്ത അനുയായികള്‍ പോലും പറയാനിടയില്ല. എതിര്‍പക്ഷത്ത് ശശികലയാണെന്നതുകൊണ്ടാണ് ഒ.പി.എസിന് ഇത്രയും തിളങ്ങാനായത്. ശശികല നേതൃസ്ഥാനത്തു നിന്നു മാറുന്നതോടെ വൈകാരികതയുടെ ചിറകിലേറിയുള്ള ഒ.പി.എസിന്റെ സഞ്ചാരത്തിന് വിരാമമാവും. പിന്നീടങ്ങോട്ടാണ് ഒ.പി.എസിലെ നേതാവ് പരീക്ഷിക്കപ്പെടുക.അധികാരം ഒ.പി.എസിനെ കലാപകരിയാക്കിയെങ്കില്‍ എ.ഐ.എ.ഡി.എം.കെയിലെ മറ്റുള്ള എം.എല്‍.എമാരും കലാപകാരികളാവാന്‍ അധികം താമസം വേണ്ടിവരില്ല. നിതാന്ത സമ്മര്‍ദ്ദമാണ് ഒ.പി.എസിനെ കാത്തിരിക്കുന്നത്.

ഒരു വര്‍ഷത്തിനുള്ളില്‍ തമിഴകം രാഷ്ട്രപതി ഭരണത്തിലേക്കും തുടര്‍ന്ന് ഇടക്കാല തിരഞ്ഞെടുപ്പിലേക്കും പോവാനുള്ള സാദ്ധ്യതയാണുയരുന്നത്്. ഇടക്കാല തിരഞ്ഞെടുപ്പിനു വേണ്ടിയാണ് ഡി.എം.കെ. കാത്തിരിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ കോണ്‍ഗ്രസ് ഡി.എം.കെയ്‌ക്കൊപ്പം തുടരാനാണ് സാദ്ധ്യത. വരാനിരിക്കുന്നത് ആത്യന്തികമായി എം.കെ. സ്റ്റാലിന്റെ നാളുകളാണെന്നു പറഞ്ഞാല്‍ അത് അതിശയോക്തിയാവില്ല. 1972-ല്‍ ഡി.എം.കെയെ പിളര്‍ത്തി എം.ജി.ആര്‍. സ്ഥാപിച്ച പാര്‍ട്ടി വല്ലാത്തൊരു തകര്‍ച്ചയുടെ വക്കിലാണ്. ദ്രാവിഡരാഷ്ട്രീയത്തിന്റെ വലിയൊരു കോട്ട നിലംപതിക്കുമ്പോള്‍ അത് തമിഴകത്തെ മാത്രമല്ല ദക്ഷിണേന്ത്യയെ ഒന്നാകെ ക്ഷീണിപ്പിക്കുന്നുണ്ടെന്ന കാര്യവും കാണാതിരിക്കാനാവില്ല.

പിന്‍കുറിപ്പ്: സുബ്രഹമണ്യന്‍സ്വാമി ആരായി എന്നാണ് ഇപ്പോള്‍ തമിഴകം ചോദിക്കുന്നത്. ശശികലയ്ക്ക് നീതി കിട്ടുമെന്നാണ് സ്വാമി കഴിഞ്ഞ ദിവസം പറഞ്ഞത്. ബിജെപിയില്‍ ഒരിടത്തുമെത്താനാവാതെ പോയതിന്റെ ഒരിണ്ടല്‍ സ്വാമിക്കുണ്ട്. ശശികലയെ അനുകൂലിക്കാന്‍ സ്വാമി തയ്യാറെടുത്തത് ഒന്നും കാണാതെയാവില്ല. ശശികല ജയിലിലേക്കാണെന്ന തിരിച്ചറിവില്‍ തന്നൊയിരിക്കണം സ്വാമി കരുക്കള്‍ നീക്കിയത്. ശശികല ജയിലില്‍ പോവുകയും താന്‍ ശശികല ക്യാമ്പിന്റെ നേതാവുകയും അങ്ങിനെ തമിഴക മുഖ്യമന്ത്രിയാവുകയും ചെയ്യുന്ന മനോജ്ഞസുന്ദര കാലമായിരുന്നിരിക്കണം സ്വാമിയുടെ മനസ്സിലുണ്ടായിരിക്കുക. പണ്ടാരോ പറഞ്ഞതുപോലെ നമ്മള്‍ ചെയേണ്ടത് നമ്മള്‍ ചെയ്തിരിക്കണം. ഇല്ലെങ്കില്‍ നാലുകൊല്ലം കഴിഞ്ഞ് ജയിലില്‍നിന്ന് പുറത്തിറങ്ങുമ്പോള്‍ സ്വാമീ, അന്ന് നിങ്ങള്‍ ഒരു വാക്കു പറഞ്ഞിരുന്നെങ്കില്‍ എന്ന് ശശികലയെങ്ങാനും പറഞ്ഞുപോയാല്‍.......