അച്ഛന്റെ നേതൃത്വത്തിലുള്ള സർക്കാർ 1957-ൽ അധികാരമേൽക്കുമ്പോൾ എനിക്ക് മൂന്നുവയസ്സായിരുന്നു. മുഖ്യമന്ത്രിയുടെ ഔദ്യോഗികവസതിയായ ക്ലിഫ്ഹൗസിൽ രണ്ടുവർഷമേ ഞങ്ങൾ താമസിച്ചുള്ളൂ. രണ്ടാമതും അച്ഛൻ മുഖ്യമന്ത്രിയായപ്പോൾ ക്ലിഫ്ഹൗസിലേക്ക്‌ ഞങ്ങൾ വന്നില്ല. അതുകൊണ്ടുതന്നെ 57-ലെ ക്ലിഫ് ഹൗസ് എന്നും ഗൃഹാതുരമായ ഓർമകളാണ്. ഒപ്പം ലാളിത്യത്തിന്റെ പ്രതീകവും.മുഖ്യമന്ത്രിയുടെ ഔദ്യോഗികത്തിരക്കിലാകും അച്ഛൻ. രാവിലെ പോയാൽ രാത്രിയിലെപ്പോഴെങ്കിലുമാകും വരവ്. ആർക്കുമെപ്പോഴും ക്ലിഫ്ഹൗസിലേക്ക്‌ കടന്നുവരാം. ആരും തടഞ്ഞിരുന്നില്ല. നാട്ടുകാരും പാർട്ടിപ്രവർത്തകരുമായി എപ്പോഴും ആളുകളുണ്ടാകും. 

അച്ഛനുള്ളപ്പോഴെല്ലാം മന്ത്രിമാരും നേതാക്കളും വീട്ടിൽ പതിവുസന്ദർശകരായിരുന്നു. അതിൽ അച്യുതമേനോന്റെയും ആരോഗ്യവകുപ്പ് മന്ത്രിയായിരുന്ന ഡോ. എ.ആർ. മേനോന്റെയും മുഖങ്ങൾ ഓർക്കുന്നുണ്ട്. കുടുംബസുഹൃത്തായതിനാൽ ഡോ. പി.കെ.ആർ. വാരിയരും ഇടയ്ക്ക് വന്നുപോകും.ക്ലിഫ് ഹൗസിനകത്തും പുറത്തും അച്ഛനെ വലയംചെയ്തുനിൽക്കുന്ന തിരക്കിട്ട രാഷ്ട്രീയചർച്ചകളെക്കുറിച്ചൊന്നുമറിയാതെ ഞങ്ങൾ കുട്ടികൾ അവിടെ ഓടിനടന്നു. സുരക്ഷയ്ക്കായി നിയോഗിച്ചിരുന്ന പോലീസുകാർക്കൊപ്പം ഞങ്ങൾ ഭക്ഷണം കഴിച്ചിട്ടുണ്ട്. അവർക്ക് ക്യാമ്പ് ഓഫീസിൽനിന്ന് വൈകുന്നേരം വാഹനത്തിൽ കൊണ്ടുവന്ന് നൽകുന്ന കഞ്ഞിയും പയറും ഞങ്ങൾക്കും പ്രിയപ്പെട്ടതായിരുന്നു. ഇന്നത്തെക്കാലത്ത് ഇതൊക്കെ എത്രത്തോളം സാധ്യമാകുമെന്നറിയില്ല.
അച്ഛൻ തിരക്കിലാണെങ്കിലും വീട്ടിലെ കലാപരിപാടികൾക്കൊന്നും തടസ്സമുണ്ടായില്ല. ഓരോ വർഷവും കുടുംബാംഗങ്ങൾ ഒത്തുകൂടുമ്പോൾ നാടകം അവതരിപ്പിക്കും. അച്ഛൻതന്നെയാകും രചന. അഭിനേതാക്കൾ കുടുംബാംഗങ്ങൾ. തിരക്കായതിനാൽ അച്ഛനവിടെ ഉണ്ടാകില്ലെന്നുമാത്രം.

അമ്മയ്ക്ക് പോലീസുകാരെ കാണുമ്പോൾ ഭയമായിരുന്നു. അച്ഛൻ ഒളിവിലായിരുന്ന കാലത്ത് വീട്ടിൽ പരിശോധനയ്ക്കുവന്ന പോലീസിനെക്കുറിച്ചുള്ള ഭയം അമ്മയുടെ മനസ്സിൽനിന്ന് വിട്ടൊഴിഞ്ഞിരുന്നില്ല. അതുകൊണ്ടാണ് രണ്ടാമത് മുഖ്യമന്ത്രിയായപ്പോൾ ക്ലിഫ് ഹൗസിലേക്ക്‌ ഞങ്ങൾ മടങ്ങാഞ്ഞത്. ശാന്തിനഗറിലെ വീട്ടിലായിരുന്നു താമസം. അച്ഛന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ ഇല്ലാതായതോടെ 1959-ൽ ഞങ്ങൾ ക്ലിഫ്ഹൗസിൽനിന്നിറങ്ങി. വാടകവീടന്വേഷിച്ച് കുറേ അലഞ്ഞു.  കമ്യൂണിസ്റ്റുകാരായതിനാൽ വീട് വാടകയ്ക്കുനൽകാൻ പലരും മടിച്ചു. എങ്കിലും നന്തൻകോട്ടുതന്നെ വീട് കിട്ടി. ദേവസ്വംബോർഡ് ജങ്ഷന് സമീപമുള്ള വീട്ടിൽ ഞങ്ങൾ ഏറെക്കാലം താമസിച്ചു. അവിടെവെച്ചാണ് ഒട്ടേറെ പത്രസമ്മേളനങ്ങൾ അച്ഛൻ നടത്തിയിട്ടുള്ളത്. 

കക്ഷിനില
സി.പി.ഐ........60
കോൺഗ്രസ്........43
പ്രജാ സോഷ്യലിസ്റ്റ് പാർട്ടി...9
സ്വതന്ത്രർ........14

ഒരാളെ പിന്നീട് നാമനിർദേശം ചെയ്തു