ചൈനയിലെ പ്രധാന ബുദ്ധിജീവിയായിരുന്ന പ്രധാനമന്ത്രി ചൗ എൻ ലായ്‌യോട്‌ ഒരാൾ ചോദിച്ചു: ‘ഫ്രഞ്ച്‌ വിപ്ലവം ചരിത്രത്തെ സ്വാധീനിച്ചതെങ്ങനെയാണ്‌?’ 1790-കളിൽ നടന്ന കലാപത്തെക്കുറിച്ച്‌ ഓർമപുതുക്കിയ ചൗ പറഞ്ഞു: ‘പറയാറായിട്ടില്ല.’സാധാരണഗതിയിൽ അതാണ്‌ ചരിത്രത്തിന്റെ സ്വഭാവം. നൂറ്റാണ്ടുകൾ ഒന്നിനുപുറകെ ഒന്നായി കടന്നുപോയാലും കാര്യങ്ങളുടെ പോക്കും അർഥങ്ങളും വിലയിരുത്താൻ പണ്ഡിതർ മടിക്കും. ഈ തത്ത്വം അദ്‌ഭുതകരമായ രീതിയിൽ തകിടംമറിച്ചിരിക്കുകയാണ്‌ ഇന്ത്യയും കേരളവും.വെറും 70 വർഷമാകുന്നതേയുള്ളൂ ഇന്ത്യ സ്വതന്ത്രമായിട്ട്‌. കേരളപ്പിറവി 61 വർഷം മുമ്പുമാത്രം. 60 വർഷം, 70 വർഷം എന്നൊക്കെപ്പറഞ്ഞാൽ ചരിത്രത്തിൽ ഒരു കണ്ണുചിമ്മൽ പോലുമാകുന്നില്ല.

എന്നാൽ, ഒരു ഇമവെട്ടലിനിടയിൽ ഇന്ത്യയിലെയും കേരളത്തിലെയും രാഷ്ട്രീയവ്യവസ്ഥിതികൾ, വ്യത്യസ്തമായ രീതികളിൽ, യുഗങ്ങൾ താണ്ടി രൂപാന്തരപ്പെട്ടിരിക്കുന്നു. 1947-ലെ ഇന്ത്യയും 2017-ലെ ഇന്ത്യയും തമ്മിൽ എന്തെങ്കിലും സാമ്യമുണ്ടോ? 1957-ൽ അധികാരമേറ്റ ഇ.എം.എസ്‌. നമ്പൂതിരിപ്പാടിനെയും ഇന്ന്‌ അധികാരത്തിലിരിക്കുന്ന പിണറായി വിജയനെയും താരതമ്യപ്പെടുത്താനൊക്കുമോ, അവർ ഒരേ കൊടിക്കീഴിലുള്ളവരായിട്ടുപോലും? രാഷ്ട്രീയമര്യാദകളും തത്ത്വശാസ്‌ത്രങ്ങളും തിരിച്ചറിയാനാകാത്തവിധം മാറിമറിഞ്ഞിരിക്കുന്നു.സ്ഥാപിതതാത്‌പര്യക്കാർ അവരുടെ മേൽക്കോയ്മ ഉറപ്പിച്ചതാണ്‌ ഈ പരിണാമത്തിന്റെ പ്രധാനകാരണം. ഇന്ത്യയിൽ പൊതുവെ മതതീവ്രവാദികളാണ്‌ തിരുത്തൽവാദികളായി രംഗം കീഴടക്കിയതെങ്കിൽ, കേരളത്തെ ഹൈജാക്ക്‌ ചെയ്തത്‌ ‘എനിക്കും കിട്ടണം പണം’ എന്ന തത്ത്വം നെഞ്ചേറ്റിയ അഴിമതിവീരന്മാരാണ്‌.

പുരോഗതിക്കാവശ്യമായ ഭൂപരിഷ്കരണം നടപ്പാക്കാനും വഴിവിട്ടുപോയ  വിദ്യാഭ്യാസക്കച്ചവടം ജനകീയമാക്കാനും ശ്രമിച്ചപ്പോഴാണല്ലോ ഇ.എം.എസ്‌. സർക്കാരിനുനേരേ തത്‌പരകക്ഷികൾ യുദ്ധം തുടങ്ങിയത്‌. അന്നുമുതൽ ഇന്നുവരെ കേരളം കണ്ടത്‌ സ്വാർഥമതികളുടെ അഴിഞ്ഞാട്ടമാണ്‌, അവരുടെ വിജയവും.എത്രവേഗമാണ്‌ പാർട്ടികൾ തമ്മിലുള്ള വ്യത്യാസങ്ങളില്ലാതായത്‌, ആദർശസംഹിതകൾ അപ്രസക്തമായത്‌. കട്ടൻചായയും പരിപ്പുവടയും ഒരുവശത്ത്‌ ഉപേക്ഷിക്കപ്പെട്ടപ്പോൾ, മറുവശത്ത്‌ സ്വജനസേവയ്ക്കും ഹൈക്കമാൻഡിനും വേണ്ടി രാജ്യഭരണം ബലികഴിക്കപ്പെട്ടു. കുരുട്ടുബുദ്ധികളും തന്ത്രശാലികളും അനിഷേധ്യനേതാക്കന്മാരായി. എല്ലാ പാർട്ടികളെയും എല്ലാ നേതാക്കന്മാരെയും കൂട്ടിയിണക്കുന്ന ശക്തിയായി അഴിമതി വളർന്നു. അപൂർവമായി ഉയർന്നുവന്ന  ആദർശവാദികൾ ചുറ്റും കൂത്താടിയ കുടിലത കണ്ടില്ലെന്നുനടിച്ചു.

വെറും 60 വർഷംകൊണ്ട്‌ നമ്മുടെ രാഷ്ട്രീയം ചെന്നെത്തിയിരിക്കുന്നതെവിടെയാണ്‌? സോഷ്യലിസവും കമ്യൂണിസവും, എന്തിന്‌, നെഹ്രുയിസവും പരിലസിച്ചിരുന്ന കാലം ഇന്നൊരു പഴഞ്ചൻ തമാശയായി മാത്രം കാണപ്പെടുന്നു. രാഷ്ട്രീയപ്രവർത്തനം കൊലപാതകത്തിലും ജാതിമതത്തിന്റെ പേരിലുള്ള പ്രകോപനങ്ങളിലും എത്തിനിൽക്കുന്നു.ഭൂപരിഷ്കരണം ആദ്യദശയിൽ ചില നന്മകൾക്കു വഴിവെച്ചു. കൊല്ലിനും കൊലയ്ക്കും അധികാരമുള്ള ജന്മിത്തം ഇല്ലാതാവുകയും അടിമകളെപ്പോലെ ജീവിച്ച കുടിയാന്മാർ സ്വതന്ത്രരാവുകയും ചെയ്തു. ഇന്ന്‌ ഭൂമിയെന്നുപറഞ്ഞാൽ മാഫിയ എന്നർഥം. നേതാവിന്റെ ജനസമ്മതി കണക്കാക്കുന്നത്‌ എത്ര ഏക്കർ കൈയേറി എന്നതിന്റെ അടിസ്ഥാനത്തിലാണ്‌.

വിദ്യാഭ്യാസരംഗത്തുണ്ടായ മൂല്യത്തകർച്ച കേരളംപോലെയൊരു സംസ്ഥാനത്തിന്‌ തീരാനഷ്ടമായിരിക്കയാണ്‌. സ്വാതന്ത്ര്യലബ്ധിവരെ കേരളം ലോകത്തിനുതന്നെ മാതൃകയായത്‌ സർക്കാർ സ്ഥാപനങ്ങളും സ്വകാര്യ കോളേജുകളും ഒരുപോലെ ഉന്നതനിലവാരം പുലർത്തിയതുകൊണ്ടായിരുന്നു. വിദ്യാർഥികൾ പഠിക്കാനും അധ്യാപകർ പഠിപ്പിക്കാനുമാണ്‌ വിദ്യാലയങ്ങളിൽ പോയിരുന്നത്‌.
ഇന്ന്‌ ഒരു കോളേജ്‌ ഇടതുയൂണിയന്റെ ബന്തവസ്സിലാണെങ്കിൽ, മറ്റൊരു കോളേജ്‌ വലതുയൂണിയന്റെ കുത്തകയാണ്‌. പ്രസിദ്ധമായ ചില കോളേജുകളിൽ യൂണിയൻ വക ആയുധപ്പുരകളുണ്ട്‌. വെട്ടാനും കുത്താനും ജലപീരങ്കിയെ കീഴ്‌പ്പെടുത്താനുമൊക്കെയാണ്‌ വിദ്യാഭ്യാസം.കോളേജുകൾ വാണിജ്യസ്ഥാപനങ്ങളായി മാറിക്കഴിഞ്ഞിരിക്കുന്നു. തമിഴ്‌നാട്ടിലെ വെല്ലൂർ നഗരത്തിൽ ഒരു എൻജിനീയറിങ്‌ കോളേജിന്റെ ഉടമയെ നടുറോഡിൽ വെട്ടിക്കൊലപ്പെടുത്തി. അയാളുടെ കുടുംബവും സ്ഥലത്തെ മറ്റൊരു ഗുണ്ടാകുടുംബവും തമ്മിലുള്ള കുടിപ്പകയായിരുന്നു കാരണം. ഗുണ്ടാകുടുംബത്തിന്റെ തലവനെ കോളേജുടമയുടെ മക്കൾ കല്ലെറിഞ്ഞുകൊന്നിരുന്നു. ഇങ്ങനെയുള്ളവരാണ്‌ വിദ്യാഭ്യാസരംഗത്തെ പ്രമുഖർ.

കോളേജ്‌ അധികൃതർ സ്വന്തം വിദ്യാർഥികൾക്കുനേരേ അക്രമമഴിച്ചുവിടുന്നു എന്ന വസ്തുത ഞെട്ടലോടെയാണ്‌ മലയാളികൾ അടുത്തകാലത്തറിഞ്ഞത്‌. കുട്ടികളെക്കൊണ്ട്‌ ശൗചാലയങ്ങൾ കഴുകിപ്പിക്കുക, ജാതിപ്പേരു വിളിച്ച്‌ അവരെ അവഹേളിക്കുക, ശല്യക്കാരെന്നു കരുതുന്നവരെ വരുതിക്കുനിർത്താൻ കോളേജിൽത്തന്നെ ‘ഇടിമുറി’ ഒരുക്കുക -അവിശ്വസനീയമാണ്‌ വിദ്യാഭ്യാസരംഗത്തുണ്ടായിരിക്കുന്ന അധഃപതനം. അവിശ്വസനീയമായത്‌ വിശ്വസിക്കേണ്ട കാലഘട്ടത്തിൽ നമ്മൾ എത്തിപ്പെട്ടിരിക്കുന്നു. ഈ കാലഘട്ടത്തെക്കുറിച്ചായിരുന്നോ വയലാർ ചോദിച്ചത്‌: ‘എല്ലാ ലതകളും പൂത്തുതുടങ്ങുമ്പോൾ എന്തിനു തല്ലിക്കൊഴിച്ചു?’

മലയാളിയുടെ മലയാളിത്തം ഇല്ലാതായി എന്നു വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട്‌. മനസ്സിന്റെ വളർച്ചയ്ക്കുവേണ്ടി പരിശ്രമിക്കാനും സാഹിത്യത്തിലും കലകളിലും അഭിമാനം കണ്ടെത്താനും നല്ലതിനെ തിരിച്ചറിയാനും നല്ലവരെ ബഹുമാനിക്കാനും മലയാളിക്കുള്ള കഴിവ്‌ സ്വാർഥരാഷ്‌ട്രീയത്തിന്റെ മലവെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയെന്ന്‌ എങ്ങനെ വിശ്വസിക്കും. നഷ്ടപ്പെട്ട മൂല്യങ്ങളുടെ സത്തയെങ്കിലും പാരമ്പര്യഗുണങ്ങളുടെ ബലത്തിൽ വീണ്ടെടുക്കാൻ നമുക്കു സാധിക്കാതെപോകുമോ? ഹൃദയംനൊന്ത്‌ ഒന്നു പ്രാർഥിക്കാനും വയലാറിനെ ആശ്രയിക്കാം: ‘മാനം നിറഞ്ഞ മഴക്കാറേ, കോരിക്കെട്ടിപ്പെയ്യരുതേ...’

മന്ത്രിമാരുടെ ശമ്പളം 500രൂപ. എന്നാൽ മിക്ക മന്ത്രിമാരും 350 രൂപമാത്രമേ സ്വീകരിക്കൂ എന്ന് എഴുതിനൽകി  
****
അക്രമം വർധിക്കുന്നെന്ന ആരോപണം പരിശോധിക്കാൻ പ്രതിപക്ഷത്തോടുതന്നെ അനൗദ്യോഗിക അന്വേഷണസമിതിയെ നിയോഗിക്കാൻ ആവശ്യപ്പെട്ട സർക്കാർ