അക്ഷരാർഥത്തിൽ ഒരു പരീക്ഷണം തന്നെയായിരുന്നു 1957ലെ പതിനൊന്നംഗ മന്ത്രിസഭ. രാജ്യത്തിനകത്തുണ്ടായതിനേക്കാൾ വിദേശരാജ്യങ്ങളെയായിരിക്കണം 1957-ലെ തിരഞ്ഞെടുപ്പുഫലം ഞെട്ടിച്ചത്. ഇന്ത്യയിൽ കമ്യൂണിസം ഒരു ശക്തിയായി വളരുന്നെന്ന് അമേരിക്ക ഉൾപ്പെടെയുള്ള ലോകശക്തികൾ തിരിച്ചറിഞ്ഞ നിമിഷം.

മഹായുദ്ധങ്ങൾക്കുശേഷം ധ്രുവങ്ങളായി വിഭജിക്കപ്പെട്ട ലോകത്തെ അന്പരപ്പിച്ച ഫലം.കേരളത്തിൽ കമ്യൂണിസ്റ്റ് ഭരണം വന്നു എന്നത് പുറത്ത് വലിയ അദ്‌ഭുതമായി തോന്നിയേക്കാമെങ്കിലും അന്നത്തെ പശ്ചാത്തലത്തിൽ അത് തികച്ചും സ്വാഭാവികമായിരുന്നു. സ്വാതന്ത്ര്യ പോരാട്ടങ്ങളുടെ ഭാഗമായി ഇന്ത്യയിലെ ഏതിടവുംപോലെ കേരളത്തിലും കോൺഗ്രസിന് തന്നെയായിരുന്നു വേരോട്ടം. എങ്കിലും ഗാന്ധിയൻ ആദർശങ്ങളിലുപരി സോഷ്യലിസ്റ്റ് ആശയങ്ങളിലൂന്നിയ രാഷ്ട്രീയ അടിത്തറയോടും ചായ്‌വ് പ്രകടിപ്പിച്ചിരുന്നു.

 ഇതോടൊപ്പം കേരളത്തിന്റെ സവിശേഷമായ നവോത്ഥാനപാരമ്പര്യവും കർഷകസമരങ്ങൾ ഉഴുതുമറിച്ച പശ്ചാത്തലവും ഒത്തുചേർന്നപ്പോൾ കമ്യൂണിസ്റ്റ് സർക്കാർ എന്നത് തികച്ചും സ്വാഭാവികമായ ഒരു തിരഞ്ഞെടുപ്പുഫലമായി. കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ശക്തമായ സ്വാധീനമുള്ള മലബാറുൾപ്പെടുത്തി പുതിയ കേരളസംസ്ഥാന രൂപവത്‌കരണവും (1956 നവംബർ 1) ഈ പരിണാമത്തിന് ആക്കംനൽകി.