ഏതാനും സ്വതന്ത്രരെക്കൂടി കൂട്ടുപിടിച്ചാണ് സർക്കാർ ഉണ്ടാക്കിയതെങ്കിലും ഇ.എം.എസ്. സർക്കാർ അധികാരത്തിലെത്തിയത് ‌ഒരു ചരിത്രസംഭവമായിരുന്നു. അഞ്ചുവർഷം കാലാവധി പൂർത്തിയാക്കി നല്ലൊരു ജനപ്രിയസർക്കാരായി രാജ്യത്തിനും ലോകത്തിനും മുന്നിൽ മാതൃകയാകാനുള്ള അവസരമായിരുന്നു അവർക്ക് ലഭിച്ചത്.  എന്നാൽ, ആ സുവർണാവസരം അപക്വമായ നടപടികളിലൂടെ അവർ നഷ്ടപ്പെടുത്തി.    

ചില നല്ലകാര്യങ്ങൾക്ക് ആ സർക്കാർ തുടക്കമിട്ടിരുന്നു. അതിൽ പ്രധാനമാണ് സമഗ്രഭൂപരിഷ്കരണത്തിനുള്ള തീരുമാനം. അതിൽ കെ.ആർ. ഗൗരിയമ്മയ്ക്ക് വലിയ പങ്കുണ്ട്. ഭൂപരിഷ്കരണ ബിൽ അവർ പാസ്സാക്കിയെങ്കിലും എഴുപതുകളിലെ കോൺഗ്രസിനുകൂടി പങ്കാളിത്തമുള്ള അച്യുതമേനോൻ സർക്കാരിന്റെ കാലത്താണ്  അത് നടപ്പായത്.  മുണ്ടശ്ശേരിയുടെ വിദ്യാഭ്യാസബില്ലിലൂടെ അധ്യാപകർക്കുവേണ്ടി ചില നല്ലകാര്യങ്ങൾ ചെയ്തു. അധ്യാപകർക്ക് കുറേ ആനുകൂല്യങ്ങളും സംരക്ഷണവും കിട്ടി.  എങ്കിലും വിദ്യാർഥിപ്രശ്നങ്ങളോട് നിഷേധാത്മകമായ നിലപാടാണ് സർക്കാർ സ്വീകരിച്ചത്. കേരളത്തിലുടനീളം ഒറ്റപ്പെട്ട വിദ്യാർഥിസമരങ്ങളുണ്ടായത് അതിന്റെ ഫലമായാണ്. ആലപ്പുഴയിലും കുട്ടനാട്ടിലും നടന്ന ഒരണസമരം ഉദാഹരണമാണ്.

യാത്രപ്രശ്നം ഉയർത്തി ബസിലും ബോട്ടിലും വിദ്യാർഥികൾക്ക് കൺസഷൻ വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം. അതിൽ പങ്കെടുത്ത ഞങ്ങളെയെല്ലാം വിമോചനസമരത്തിന്റെ സന്തതികൾ എന്നുപറഞ്ഞ് മാർക്സിസ്റ്റുകാർ കളിയാക്കാറുണ്ട്. ആ വിദ്യാർഥിസമരങ്ങൾക്ക് നേതൃത്വം നൽകിയാണ് കെ.എസ്.യു. എന്ന വിദ്യാർഥിപ്രസ്ഥാനം രൂപംകൊണ്ടത്. ഇന്ന് കേരളത്തിലെ എല്ലാ വിദ്യാലയങ്ങളിലും വിദ്യാർഥികൾക്ക് കൺസഷൻ ലഭിക്കാൻ കാരണമായത്  ആ സമരമാണ്. നിയമസമാധാനരംഗത്ത് പാർട്ടി അണികളുടെ ഇടപെടലും നിയന്ത്രണവും തടയാൻകഴിയാതെപോയതാണ് ആദ്യ കമ്യൂണിസ്റ്റ് സർക്കാരിന്റെ തകർച്ചയ്ക്ക് പ്രധാനകാരണം.