1957-ൽ കമ്യൂണിസ്റ്റ് സർക്കാർ അധികാരത്തിൽ വരുമെന്ന് പാർട്ടിപോലും വിശ്വസിച്ചിരുന്നില്ല. നാല്പതുകളിലും അമ്പതുകളിലും ആലപ്പുഴയിലും മറ്റ് തിരുവിതാംകൂർ മേഖലകളിലും കർഷകരെയും കർഷകത്തൊഴിലാളികളെയും സംഘടിപ്പിക്കുന്ന പ്രവർത്തനങ്ങൾ ഊർജിതമായിരുന്നു. അവരെ സംഘടിപ്പിക്കുന്നതിൽ നേതൃനിരയിൽ താനുണ്ടായിരുന്നു. കർഷകസമരങ്ങളുടെയും പ്രക്ഷോഭങ്ങളുടെ ഫലമായാണ് തിരഞ്ഞെടുപ്പിൽ കമ്യൂണിസ്റ്റ് പാർട്ടി വിജയം നേടിയത്.

കമ്മ്യൂണിസ്റ്റ്‌ സർക്കാർ കൊണ്ടുവന്ന നിയമങ്ങൾ സമൂഹത്തിലെ ജന്മിമാർക്കും ചൂഷകർക്കും എതിരായിരുന്നു. അതിനാൽ അവരെല്ലാം സംഘടിച്ച് മതമേധാവികളെക്കൂടെക്കൂട്ടിയാണ് സർക്കാരിനെതിരേ വിമോചനസമരം നടത്തിയത്. ആ സർക്കാരിനെ പിരിച്ചുവിട്ടത് കേരളത്തിന് നഷ്ടം തന്നെയാണ്. അന്ന് പിരിച്ചുവിടുമ്പോഴും ജനാധിപത്യനിയമപ്രകാരം ആ സർക്കാരിന് ഭൂരിപക്ഷമുണ്ടായിരുന്നു. 126 അംഗ നിയമസഭയിൽ സ്പീക്കറെ മാറ്റിനിർത്തിയാലും ഒരാളിന്റെ ഭൂരിപക്ഷം സർക്കാരിനുണ്ടായിരുന്നു. അതിനാലാണ് അട്ടിമറിസമരമെന്ന് കമ്യൂണിസ്റ്റുകാർ വിമോചന സമരത്തെ വിശേഷിപ്പിക്കുന്നത്. 

കൃഷിക്കാർക്ക് ഭൂമിയും കർഷകത്തൊഴിലാളികൾക്ക്  കുടികിടപ്പിന്റെ അവകാശവും പാട്ടക്കാർക്കും വാരക്കാർക്കും ഭൂമിയുടെ ജന്മാവകാശവും നൽകിയതും വിദ്യാഭ്യാസ നിയമവും നടപ്പാക്കപ്പെടരുതെന്നുതന്നെയാണ് സമുദായശക്തികൾ സംഘടിതമായി ആഗ്രഹിച്ചത്.  അന്ന് സമുദായശക്തികളെല്ലാം ഒന്നിച്ചുനിന്നാണ് സർക്കാരിനെതിരെ തിരിഞ്ഞത്.