കോഴിക്കോട്: രണ്ടുദിവസത്തേക്ക്‌ കോഴിക്കോട് രാജ്യതലസ്ഥാനമായി മാറുന്നുവെന്ന മഹാസംഭവത്തിൽ ചിറകുമുളച്ച പ്രതീക്ഷകളെല്ലാം അസ്ഥാനത്തായി. ദേശീയ കൗൺസിൽ യോഗത്തിന്റെ ഭാഗമായി പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും രണ്ടുദിവസം പൂർണമായി കോഴിക്കോട്ട്‌ തങ്ങുമ്പോൾ കേരളത്തിനായി പുതിയ പദ്ധതികൾ പ്രഖ്യാപിക്കുമെന്ന് കരുതിയെങ്കിലും ഒന്നും സംഭവിച്ചില്ല. 

ശനിയാഴ്ച കടപ്പുറത്ത് ജനലക്ഷങ്ങളെ സാക്ഷിയാക്കി പ്രസംഗിച്ചപ്പോൾ പ്രധാനമന്ത്രിയുടെ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്ന് സംസ്ഥാന ബി.ജെ.പി. നേതൃത്വവും കരുതിയിരുന്നു. പരസ്യമായി പറഞ്ഞില്ലെങ്കിലും കേരളത്തിന് സമ്മാനമുണ്ടാവുമെന്ന് പലരും സ്വകാര്യമായി പറയുകയും ചെയ്തു.  സമ്മേളനത്തിന്റെ ഒരുക്കങ്ങൾ വിലയിരുത്താൻ ഇവിടെയെത്തിയ ദേശീയ നേതാക്കളും ഈ സൂചന നൽകുകയുണ്ടായി.  എന്നാൽ, കടപ്പുറത്ത് പ്രസംഗാവസാനംവരെ കാതോർത്തുനിന്ന ആറുജില്ലകളിലെ പ്രവർത്തകർ പ്രഖ്യാപനമുണ്ടായില്ലെന്നറിഞ്ഞപ്പോൾ അൽപം നിരാശരായി. 

ഞായറാഴ്ച സ്വപ്നനഗരിയിൽ ദീനദയാൽ ഉപാധ്യായ ജന്മശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്ത് നടത്തിയ പ്രസംഗത്തിലും കേരളത്തിന്റെ പൊതുവായ ആവശ്യങ്ങളിലേക്ക് പ്രധാനമന്ത്രി കടന്നില്ല. 

ദേശീയ കൗൺസിൽയോഗം ആദ്യമായി കേരളത്തിൽ നടന്നിട്ടും ഗുണകരമായ പദ്ധതികളൊന്നും ലഭിച്ചില്ലെന്നത് സംസ്ഥാന ബി.ജെ.പി. നേതൃത്വത്തെയും അങ്കലാപ്പിലാക്കിയിട്ടുണ്ട്. കോഴിക്കോട് വിമാനത്താവള വികസനമുൾപ്പെടെ  കേന്ദ്രസർക്കാറിന്റെ അടിയന്തരശ്രദ്ധ ആവശ്യമായ വിഷയങ്ങളിലും തീരുമാനമെടുപ്പിക്കാനായില്ല. യുദ്ധക്കപ്പൽ രൂപകല്പനകേന്ദ്രമായ നിർദേശ് നിർത്തലാക്കാനുള്ള തീരുമാനത്തിലും പുനഃപരിശോധന ഉണ്ടാവുമെന്ന വ്യക്തമായ ഉറപ്പ് ലഭിച്ചില്ല.  

ബി.ജെ.പി. സംസ്ഥാനഘടകം നേരത്തേ തയ്യാറാക്കിയ കേരള വികസനം സംബന്ധിച്ച മാസ്റ്റർപ്ലാൻ ശനിയാഴ്ച പ്രധാനമന്ത്രിക്ക്  സമർപ്പിച്ചിരുന്നു. വിശദറിപ്പോ‍ർട്ട് തയ്യാറാക്കിയശേഷം ഡൽഹിയിൽ തുടർ ചർച്ചകളാവാമെന്നാണ് സി.വി. ആനന്ദബോസ് അടങ്ങുന്ന സംഘത്തോട് പ്രധാനമന്ത്രി പറഞ്ഞത്.