bjpകോഴിക്കോട്: ‘‘പ്രിയ സഹോദരീ സഹോദരങ്ങളെ, എല്ലാവർക്കും നമസ്കാരം’’. കടപ്പുറത്തെത്തിയ ജനലക്ഷങ്ങളെ പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കത്തിൽ മലയാളത്തിൽ അഭിസംബോധന ചെയ്തപ്പോൾ ജനം ആവേശത്തിമർപ്പിലായി.

‘‘സാമൂതിരിയുടെ മണ്ണിൽ നടക്കുന്ന വിശാലമായ സമ്മേളനത്തിൽ എത്തിച്ചേർന്ന എല്ലാവർക്കും എന്റെ ആശംസകൾ. പഴശ്ശിരാജാവിന്റെയും കുഞ്ഞാലിമരയ്ക്കാറിന്റെയും നാട്ടിൽ നിങ്ങളെ കാണാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം.’’ പ്രധാനമന്ത്രി മുഴുമിപ്പിച്ചപ്പോൾ നീണ്ട കൈയടിയും  വാനോളം ഉയർന്ന ‘ഭാരത് മാതാ കീ ജയ്’ വിളിയും

വേണ്ടിടത്ത്‌ തികഞ്ഞ ശൗര്യത്തിലും മറ്റിടത്ത് സൗമ്യഭാവത്തിലുമായിരുന്നു മോദി. പ്രസംഗം തർജമചെയ്ത മുൻ സംസ്ഥാനപ്രസിഡന്റ് വി. മുരളീധരനോട് തുടക്കത്തിൽ ചില അഭിപ്രായവും പ്രധാനമന്ത്രി പങ്കുവെക്കുന്നുണ്ടായിരുന്നു.

അദ്വാനിയും ജോഷിയും പ്രസംഗിച്ചില്ല

പൊതുസമ്മേളനത്തിൽ മുൻ ദേശീയ പ്രസിഡൻറുമാരായ എൽ.കെ. അദ്വാനിക്കും മുരളിമനോഹർജോഷിക്കും പ്രസംഗിക്കാൻ അവസരം ലഭിച്ചില്ല. ‌അമിത്ഷായ്ക്കും മുൻപ്രസിഡന്റ് വെങ്കയ്യനായിഡുവിനും മാത്രമാണ് അവസരം ലഭിച്ചത്. ഇതിൽ വെങ്കയ്യനായിഡുവിന്റെ പ്രസംഗത്തെ അമിത്ഷാ  പ്രശംസിക്കുകയും ചെയ്തു. 

പൊതുസമ്മേളനത്തിൽ പ്രധാനമന്ത്രി എത്തിയതിനു ശേഷമാണ് മുരളീമനോഹർ ജോഷി എത്തിയത്. വേദിയിൽ എത്തിയ അദ്ദേഹം നേരെചെന്ന് പ്രധാനമന്ത്രിക്ക് കൈകൊടുത്തു. ബി.ജെ.പി.യിൽ മോദി വിഭാഗത്തിനെതിരെ കടുത്ത എതിർപ്പുള്ളയാണ് ജോഷി. അവർ ഒരുമിച്ച് വേദി പങ്കിട്ടിട്ടും നാളേറെയായി.