കോഴിക്കോട്: ജനസംഘത്തിന്റെ താത്വികാചാര്യൻ ദീനദയാൽ ഉപാധ്യായയുടെ അന്ത്യോദയ എന്ന പ്രത്യയശാസ്ത്രത്തിലൂന്നിയായിരിക്കും തുടർന്നുള്ള മോദി സർക്കാറിന്റെ പ്രവർത്തനം. കോഴിക്കോട്ട് കടപ്പുറത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസംഗം ഇക്കാര്യത്തിൽ അടിവരയിടുന്നതായിരുന്നു.

അവസാനത്തെ പാവപ്പെട്ടവന്റെ വരെ ഉന്നമനം ലക്ഷ്യമിടുന്ന അന്ത്യോദയ എന്ന സങ്കല്പത്തെ അടിസ്ഥാനമാക്കുന്നതായിരിക്കും തന്റെ സർക്കാറിന്റെ പദ്ധതികളെന്നു മോദി വ്യക്തമാക്കി. പാർലമെന്റു ഹാളിൽ ആദ്യം നടത്തിയ പ്രഭാഷണത്തിൽ തന്റെ സർക്കാർ പാവങ്ങൾക്കു സമർപ്പിക്കുന്നെന്നു പറഞ്ഞത് ഗാന്ധിജിയുടെയും ദീനദയാൽജിയുടെയും ആശയങ്ങളുടെ പ്രേരണയിലായിരുന്നു. ഗാന്ധിജി, ദീനദയാൽ, രാംമനോഹർ ലോഹ്യ എന്നീ മൂന്നു മഹാവ്യക്തിത്വങ്ങളുടെ രാഷ്ട്രീയചിന്തകൾ അടിസ്ഥാനമാക്കിയുള്ള പ്രവർത്തനമാണ് കഴിഞ്ഞനൂറ്റാണ്ടിന്റെ രാഷ്ട്രീയചരിത്രം. 

ദാരിദ്ര്യം പൂർണമായി നിർമാർജനം ചെയ്യുന്ന പദ്ധതികൾ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇരുപത്തിയൊന്നാം നൂറ്റാണ്ട് ദാരിദ്ര്യമുക്ത ഭാരതത്തിന്റേതായിരിക്കും. ഉച്ചനീചത്വങ്ങൾ ഉണ്ടാവില്ല. രാജ്യം അനീതിമുക്തവും അഴിമതിവിമുക്തവുമാക്കും. എല്ലാവർക്കും നീതി ഉറപ്പാക്കും. തൊഴിലില്ലായ്മ, സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ എന്നിവയെല്ലാം അവസാനിപ്പിക്കും. ദാരിദ്ര്യത്തിനെതിരായ യുദ്ധത്തിന്‌ ഇന്ത്യയോടു മത്സരിക്കാൻ പാകിസ്താനെയും മോദി വെല്ലുവിളിച്ചു.