bjpകോഴിക്കോട്: ബി.ജെ.പി.യുടെ വളർച്ച അടയാളപ്പെടുത്തി ശനിയാഴ്ച പകൽ കോഴിക്കോട് ബീച്ചിലേക്ക് പതിനായിരങ്ങൾ ഒഴുകുന്നു. ഈസമയം നഗരത്തിലെ ഒരു വീട്ടിൽ രണ്ടു മുൻകാല നേതാക്കൾ നടത്തിയ കൂടിക്കാഴ്ച വൈകാരികമായി. ഇവരുടെ സംഭാഷണത്തിലൂടെ ചുരുളഴിഞ്ഞത് പ്രസ്ഥാനത്തിന്റെ ജനന പരിണാമങ്ങളുടെ കഥ. 

ജനസംഘത്തിന്റെ ആദ്യകാല നേതാക്കളായ പി. പരമേശ്വരനും കെ. രാമൻപിള്ളയുമായിരുന്നു കോഴിക്കോട് പട്ടേരിയിലുള്ള വീട്ടിൽ ഒന്നിച്ചത്. ബി.ജെ.പി.യുടെ ദേശീയ കൗൺസിൽ യോഗം ഉയർത്തി വിട്ട ആവേശത്തിൽ പങ്കെടുക്കാൻ പി. പരമേശ്വരനും രാമൻപിള്ളയും എത്തിയത് പ്രായത്തിന്റെ അവശതകൾ മാറ്റിവെച്ച്. 

പരമേശ്വരൻ കോഴിക്കോട്ടെത്തിയതറിഞ്ഞ് കാണാനെത്തിയ രാമൻപിള്ള പഴയ കാലത്തേക്ക് മടക്കയാത്ര നടത്തിയപ്പോൾ സാക്ഷിയായവർക്ക് അതെല്ലാം പുതിയ അറിവായിരുന്നു. 49 വർഷം മുമ്പ് കോഴിക്കോട്ട് ജനസംഘത്തിന്റെ ദേശീയ പ്ലീനറി സെഷൻ നടക്കുമ്പോൾ പാർട്ടിയുടെ സംസ്ഥാന സംഘടനാ സെക്രട്ടറിയായിരുന്നു പരമേശ്വർജി എന്ന് രാമൻപിള്ള. അന്നെത്തിയ പ്രതിനിധികൾ കിടന്നുറങ്ങിയത് സ്കൂളിലുംതീവണ്ടിയിലുമൊക്കെ. രാമൻപിള്ള ഇതു പറയുമ്പോൾ പരമേശ്വരന്റെ മുഖത്ത്  പുഞ്ചിരി.

’53-ൽ ദീനദയാൽ ഉപാധ്യായ രൂപവല്ക്കരിച്ച ജനസംഘത്തെ ’67-ൽ ദേശീയ സമ്മേളനം നടത്താൻ പാകത്തിൽ എത്തിച്ചത് പരമേശ്വർജിയുടെ നേതൃപാടവമാണെന്ന് രാമൻപിള്ള അനുസ്മരിച്ചു. ’57 മുതൽ ’67 വരെ പരമേശ്വരനായിരുന്നു ജനസംഘം സംഘടനാ സെക്രട്ടറി. ’67-ൽ ദീനദയാൽ ഉപാധ്യായയെ ദേശീയ പ്രസിഡന്റായി പ്രഖ്യാപിച്ച സമ്മേളനത്തിൽ ദേശീയ സെക്രട്ടറിയായി ഉയർത്തുകയായിരുന്നു പരമേശ്വരനെ.
’58-മുതൽ തന്നെ മുഴുവൻ സമയ സംഘം പ്രവർത്തകനാക്കിയത് പരമേശ്വർജിയായിരുന്നുവെന്നും രാമൻപിള്ള അനുസ്മരിച്ചു.

‘81-ലും ’88-ലും ’91-ലും പാർട്ടിയുടെ ദേശീയ എക്സിക്യൂട്ടീവ് യോഗം കേരളത്തിൽ മട്ടാഞ്ചേരിയിലും എറണാകുളത്തും തിരുവനന്തപുരത്തും നടക്കുമ്പോൾ ചുക്കാൻ പിടിച്ചത് രാമൻപിള്ളയായിരുന്നു. 
പഴയകാല നേതാക്കൾക്ക് കുറേക്കൂടി പരിഗണന നൽകണമെന്ന അഭിപ്രായവുമുണ്ട്. പി.പി. മുകുന്ദനെയും മറ്റും നന്നായി ഉപയോഗിക്കാൻ നേതൃത്വം ശ്രദ്ധിക്കണമെന്നും അദ്ദേഹം പറയുന്നു. പോരായ്മകൾ ഉണ്ടായാൽ അതു ക്ഷമിച്ച് എല്ലാവരെയും സഹകരിപ്പിക്കാനാവണം. ആദ്യകാലങ്ങളിൽ അഭിപ്രായ സമന്വയം എല്ലാ കാര്യങ്ങളിലുമുണ്ടായിരുന്നു. അതിനു പുതിയ നേതൃത്വത്തിനും കഴിയണം.