കോഴിക്കോട്: ബി.ജെ.പി.യെയും എൻ.ഡി.എ.യും കേരളത്തിൽ ശക്തിപ്പെടുത്തുന്നത്‌ സംബന്ധിച്ച ഗൗരവമായ ചർച്ചയ്ക്ക്‌ കോഴിക്കോട് കടവുറിസോർട്ടിൽ തിങ്കളാഴ്ച തുടക്കമാകും. ദേശീയ കൗൺസിൽ യോഗം കഴിഞ്ഞ് നേതാക്കൾ മിക്കവരും  മടങ്ങിയിട്ടും ബി.ജെ.പി. അധ്യക്ഷൻ അമിത് ഷാ കേരളത്തിൽ തങ്ങുന്നത് ഇക്കാര്യം ചർച്ചചെയ്യാനാണ്. 

എൻ.ഡി.എ. വിപുലീകരിക്കാനുള്ള നിർദേശവുമുണ്ടാവും. കാലത്ത് ഒമ്പതിന് എൻ.ഡി.എ.യുടെയും അതിനുശേഷം ബി.ജെ.പി സംസ്ഥാനനേതാക്കളുടെയും യോഗമാണ് വിളിച്ചിരിക്കുന്നത്. ബി.ജെ.പി. ദേശീയ കൗൺസിൽ യോഗം പാർട്ടി പ്രവർത്തകരിലും അനുഭാവികളിലും സൃഷ്ടിച്ച ഊർജം മറ്റുകക്ഷികളിലും സമുദായ സംഘടനകളിലുമെത്തിച്ച് അവരെ ഒപ്പം കൂട്ടുകയാണ് ലക്ഷ്യം.

ന്യൂനപക്ഷവിഭാഗങ്ങൾ, ഒപ്പം കൂടാൻ അറച്ചുനില്ക്കുന്ന മറ്റുള്ളവർ എന്നിവർക്കിടയിലേക്കിറങ്ങി പ്രവർത്തിക്കാനുള്ള തന്ത്രങ്ങൾ ആസൂത്രണംചെയ്യാൻ അമിത് ഷാ നിർദേശിക്കും. കേന്ദ്രസർക്കാർ പദ്ധതികൾ പരമാവധി സാധാരണക്കാരിലെത്തിച്ച് അവരെ അടുപ്പിക്കുകയെന്നതാണ് ഒരു നിർദേശം.

2019-ലെ തിരഞ്ഞെടുപ്പിൽ കേരളത്തിൽനിന്ന് 11 എം.പി.മാരെയെങ്കിലും വിജയിപ്പിക്കാനുള്ള ലക്ഷ്യമാണ് കേരള നേതാക്കൾക്കുമുമ്പിൽ ദേശീയനേതൃത്വം െവച്ചിരിക്കുന്നത്.  മറ്റുസംസ്ഥാനങ്ങളിൽ പരീക്ഷിച്ചുവിജയിച്ച തന്ത്രങ്ങൾ തിങ്കളാഴ്ചത്തെ യോഗത്തിൽ വിവരിക്കും. കേരളത്തിലെ സാഹചര്യങ്ങൾക്കുപറ്റിയ അടവുകൾ ഇവിടെ ആവിഷ്കരിക്കണമെന്ന നിർദേശമുണ്ടാവും. സംസ്ഥാനത്ത് ബി.ജെ.പി.യിലെ വിഭാഗീയത തുടരുന്നതിൽ നേതൃത്വത്തിനുള്ള അസംതൃപ്തി കേരളനേതാക്കളുടെ യോഗത്തിൽ വരും. 

ഗ്രൂപ്പുകളിലൊന്നുംപെടാത്ത കുമ്മനം രാജശേഖരനെ പാർട്ടിയിലേക്ക്‌ കൊണ്ടുവന്നത് കേരളത്തിലെ പ്രശ്നങ്ങൾക്കുള്ള പരിഹാരമെന്ന നിലയ്ക്കായിരുന്നു. എന്നാൽ, പ്രശ്നം അവസാനിച്ചിട്ടില്ലെന്ന്‌ വ്യക്തമാക്കുന്നതാണ് സമീപകാല സംഭവങ്ങൾ.  ചില നേതാക്കളുടെ രാജിയും സി.പിഎമ്മിലേക്കുള്ള കൂറുമാറ്റവുമൊക്കെ രാഷ്ട്രീയപ്പാർട്ടി എന്നനിലയ്ക്ക് ബി.ജെ.പി.ക്ക് അവഗണിക്കാനാവില്ല. 

പാർട്ടിക്കുള്ളിലെ അസംതൃപ്തിതന്നെയാണ് ഇതിനുപിന്നിൽ എന്ന ആക്ഷേപം പറയുന്നതിൽ പാർട്ടിയിലെ വിരുദ്ധഗ്രൂപ്പുകാർക്ക് ഒരേസ്വരമാണ്.  മുതിർന്ന നേതാക്കളെ അവഗണിക്കുന്നുവെന്ന ആക്ഷേപവും പരിഹരിച്ചിട്ടില്ല. കോഴിക്കോട്ട് പഴയകാല നേതാക്കളെയും അടിയന്തരാവസ്ഥാ സമരസേനാനികളെയും ആദരിക്കുന്ന ചടങ്ങിൽ പി.പി. മുകുന്ദൻ വിട്ടുനിന്നത് ഉദാഹരണം.