കോഴിക്കോട്: ഉറിയിൽ നടത്തിയ ഭീകരാക്രമണത്തിന് ശക്തമായ തിരിച്ചടി നൽകുമെന്ന് ബി.ജെ.പി. ഭീകരവാദത്തിന് ഒത്താശചെയ്തുകൊടുത്ത രാജ്യത്തോട് ജനങ്ങൾക്കുള്ള രോഷത്തിന്റെ വ്യാപ്തി ബി.ജെ.പി.ക്ക് 
ബോധ്യമുണ്ട്. അയൽരാജ്യം നിരന്തരം നടത്തിക്കൊണ്ടിരിക്കുന്ന നിന്ദ്യവും ഭീരുത്വം നിറഞ്ഞതുമായ പ്രവൃത്തിയോടുള്ള എതിർപ്പാണ് ജനങ്ങൾക്കുള്ളത്. ഭീകരവാദത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് ബി.ജെ.പി.യുടേത്. ഭീകരർക്ക് ശക്തമായ തിരിച്ചടി നൽകും- ബി.ജെ.പി. ദേശീയാധ്യക്ഷൻ അമിത് ഷാ പ്രസ്താവനയിൽ അറിയിച്ചു.

പാകിസ്താൻ ഭീകരവാദത്തെ പരസ്യമായി പ്രോത്സാഹിപ്പിക്കുകയും അത് നടപ്പാക്കുകയുമാണ്. ഭാരതം വളരെ നാളായി ഈ ദുഷ്‌പ്രവൃത്തിയുടെ ഇരയാണ്. കഴിഞ്ഞ ഒന്നരദശാബ്ദമായി ഇത്തരത്തിൽ ചെറുതും വലുതുമായ ആക്രമണങ്ങൾ നടക്കുന്നു. കശ്മീരിൽ നടന്നുകൊണ്ടിരിക്കുന്ന വിഘടനവാദ പ്രക്ഷോഭങ്ങൾക്കും പാകിസ്താന്റെ പിന്തുണയുണ്ട്.

പരസ്യമായി ഭീകരവാദത്തെ തുണയ്ക്കുന്ന രാഷ്ട്രമായി പാകിസ്താൻ മാറിയെന്ന് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് യു.എന്നിൽ നടത്തിയ പ്രസംഗംതന്നെ വ്യക്തമാക്കുന്നുണ്ട്. ഐക്യരാഷ്ട്രസഭ, ഭീകരവാദ സംഘടനയായി മുദ്രകുത്തിയിട്ടുള്ള ഹിസ്‌ബുൾ മുജാഹിദീന്റെ ഒരു ഭീകരവാദിയെ വളരെ സമാധാനപ്രിയനായ സാധുമനുഷ്യനായി അദ്ദേഹം ന്യായീകരിച്ചത് ലോകരാഷ്ട്രങ്ങൾ അതിശയത്തോടെയാണ് ശ്രവിച്ചത്. ബജറ്റിൽനിന്ന് കോടികൾ ചെലവിട്ട്  സ്വന്തംമണ്ണ് ഭീകരപരിശീലനത്തിന് വിട്ടുനൽകി അവരെ വിവിധ രാജ്യങ്ങളിലേക്ക് കയറ്റുമതിചെയ്യുകയാണ് പാകിസ്താൻ.

ഭീകരവാദത്തിനെതിരെ കേന്ദ്രസർക്കാർ എടുത്തിട്ടുള്ള ശക്തവും തന്ത്രപരവുമായ സമീപനത്താൽ കഴിഞ്ഞ എട്ടുമാസത്തിനിടെ 117 ഭീകരരെ വധിച്ചു. ഇക്കാലയളവിനിടെ അതിർത്തികടക്കാനുള്ള 17 ശ്രമങ്ങളെ വിഫലമാക്കി. ഈ തോൽവിയുടെ നിരാശയിലാണ് അവർ ഉറി ആക്രമണം ആസൂത്രണംചെയ്തത്. നിർണായകഘട്ടത്തിൽ എല്ലാവരും കേന്ദ്രസർക്കാറിനും സൈന്യത്തിനുമൊപ്പം നിൽക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു. ഉറിയിൽ വീരമൃത്യുവരിച്ച ജവാന്മാർക്ക് ബി.ജെ.പി. ദേശീയ കൗൺസിൽ ശ്രദ്ധാഞ്ജലിയർപ്പിച്ചു. പ്രമേയം ദേശീയ കൗൺസിൽ യോഗത്തിൽ അമിത്ഷാ അവതരിപ്പിച്ചു.