boban molyടോംസിന്റെ ബോബനും മോളിയും കുസൃതിയും കുറുമ്പുമായി മലയാളികളുടെ ഇടയിലേക്ക് കടന്ന് വന്നിട്ട് വര്‍ഷങ്ങള്‍ നിരവധിയായി. എന്നാല്‍ ഇന്നും ഓരോ മലയാളിക്കും അവര്‍ കുട്ടികളാണ്. അവരുടെ കുസൃതികളിലൂടെയാണ് കുട്ടികളുടെ വികൃതികളിലും ആസ്വാദ്യത കണ്ടെത്താന്‍ മലയാളി പഠിച്ചതും. 

ഒരു കാര്‍ട്ടൂണിസ്റ്റാകുമെന്ന് സ്വപ്‌നത്തില്‍ പോലും ടോംസ് പോലും കരുതിയതല്ല. താല്പര്യം സംഗീതത്തോടായിരുന്നു. ബിരുദപഠനം കഴിഞ്ഞ് വീട്ടിലിരിക്കുന്ന കാലത്ത് ടോംസിനെ കാണാന്‍ വീട്ടിലെത്തിയിരുന്ന അയല്‍ വീട്ടിലെ കൃസൃതികളായ ഇരട്ട സഹോദരങ്ങളാണ് (യഥാര്‍ത്ഥ ബോബനും മോളിയും ) തന്നെ കാര്‍ട്ടൂണിസ്റ്റാക്കിയതെന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. മുപ്പതാം വയസ്സില്‍ മഷിത്തുമ്പില്‍ പിറന്നുവീണ ബോബനും മോളിയും ടോംസിന്റെ തലവര തന്നെ മാറ്റി.

കുസൃതിക്കുരുന്നായ മോളി തന്നെ വരച്ചു തരാമോ എന്ന് ചോദിച്ചതോടെയാണ് സംഗീതത്തെ ഇഷ്ടപ്പെട്ടിരുന്ന ടോംസിന്റെ കൈയില്‍ പെന്‍സില്‍ ഉറക്കുന്നത്. ഒരു തമാശക്കെന്നോണം മോളിക്ക് വരച്ച് നല്‍കിയ അവളുടെ ചിത്രം മോളിയെ സ്‌കൂളിലെ താരമാക്കിയപ്പോള്‍ സ്വന്തം വരയില്‍ ടോംസിന് തന്നെ ഒരു മതിപ്പ് വന്നു. 

പിന്നെ മോളിക്കൊപ്പം അവളുടെ സഹോദരനായ ബോബനും ടോംസിന്റെ വരകളില്‍ നിറഞ്ഞു. വരകള്‍ സ്വന്തം വീട്ടില്‍ മാത്രമൊതുങ്ങിയ അന്നാളുകളില്‍ ഒരിക്കല്‍ ഈ ചിത്രങ്ങള്‍ കാണാനിട വന്ന സുഹൃത്ത് ജോസഫ് പള്ളികുളം ആണ്‌ചിത്രം പത്രങ്ങള്‍ക്ക് അയച്ചുകൊടുക്കാന്‍ ആദ്യം നിര്‍ദേശിക്കുന്നത്. എന്നാല്‍ ആദ്യകാലത്ത് അയച്ച ചിത്രങ്ങളെല്ലാം തിരിച്ചുവന്നു. പിന്നീട് അതേ ബോബനും മോളിയും മലയാളക്കരയില്‍ പട്ടിക്കുട്ടിയുമായി ഓടിനടന്നത് ചരിത്രം. അവര്‍ മലയാളികളെ കുടുകുടെ ചിരിപ്പിച്ചു. 

അവര്‍ക്കൊപ്പം പഞ്ചായത്ത്‌ പ്രസിഡന്റ് ഇട്ടുണ്ണന്‍, ഭാര്യ മജിസ്ട്രേറ്റ് മറിയ, പൂവാലന്‍ അപ്പിഹിപ്പി, ആശാന്‍, ഉണ്ണിക്കുട്ടന്‍,മൊട്ട തുടങ്ങിയവരും നമുക്ക് പരിചിതരായി. ഇവര്‍ക്കൊപ്പം ചേര്‍ന്ന് ബോബനും മോളിയും നാട്ടുകാര്യങ്ങളില്‍ പങ്കാളികളായി. ഈ കഥാപാത്രങ്ങളിലൂടെ സാമൂഹ്യ രാഷ്ട്രീയ സാഹചര്യം വിട്ടുവീഴ്ചകളില്ലാതെ തന്റെ കാര്‍ട്ടൂണുകളിലൂടെ ടോംസ് നമുക്ക് മുന്നില്‍ വരച്ചു നിരത്തി. 

ബോബനേയും മോളിയേയും മനസ്സില്‍ താലോലിച്ച അദ്ദേഹം തന്റെ മക്കള്‍ക്കും 2015-ല്‍ പുറത്തിറങ്ങിയ സ്വന്തം ആത്മകഥക്കും ബോബനും മോളിയും എന്നു തന്നെയാണ്  പേര് നല്‍കിയത്. ബോബനേയും മോളിയേയും കഥാപാത്രങ്ങളാക്കി സിനിമ എടുത്തെങ്കിലും അതത്ര വിജയമായിരുന്നില്ല.