pranab
രാജാജി നഗറിലെ പത്താം നമ്പര്‍ ബംഗ്ലാവ്.
ന്യൂഡല്‍ഹി: രാഷ്ട്രപതിപദവി ഒഴിയുന്ന പ്രണബ് മുഖര്‍ജിക്കുവേണ്ടി ല്യൂട്ടന്‍സ് ഡല്‍ഹിയില്‍ പുതിയ ബംഗ്ലാവൊരുങ്ങുന്നു. 25-ന് രാഷ്ട്രപതിഭവനോട് വിടപറയുന്ന പ്രണബ് രാജാജിമാര്‍ഗിലെ പത്താം നമ്പര്‍ ബംഗ്ലാവിലേക്കാണ് മാറുക.

ബ്രിട്ടീഷ് കാലഘട്ടത്തിലെ ബംഗ്ലാവാണിത്. പുതിയ അതിഥിയെ സ്വീകരിക്കാന്‍ ഈ ബംഗ്ലാവിന്റെ മിനുക്കുപണികള്‍ പൂര്‍ത്തിയാക്കിക്കൊണ്ടിരിക്കുകയാണ്. രാഷ്ട്രപതിപദം ഒഴിഞ്ഞശേഷം ഡോ. എ.പി.ജെ. അബ്ദുല്‍ കലാം താമസിച്ചിരുന്നത് ഈ വസതിയിലാണ്. 2015-ല്‍ അന്തരിക്കുംവരെ കലാം ഈ വസതിയില്‍ തുടര്‍ന്നു. പിന്നീട് കേന്ദ്രമന്ത്രി മഹേഷ് ശര്‍മയാണ് ഇവിടെ താമസിക്കുന്നത്.

പ്രണബിന് ഈ വസതി അനുവദിച്ചതോടെ മഹേഷ് ശര്‍മ അക്ബര്‍ റോഡിലെ പത്താം നമ്പര്‍ ബംഗ്ലാവിലേക്ക് മാറി. നിയുക്ത രാഷ്ട്രപതി രാംനാഥ് കോവിന്ദും താത്കാലികമായി ഈ വസതിയിലാണ് ഇപ്പോള്‍ താമസം. രാഷ്ട്രപതിസ്ഥാനത്തേക്ക് എന്‍.ഡി.എ.യുടെ സ്ഥാനാര്‍ഥിയായതുമുതല്‍ അദ്ദേഹം ഇവിടെ തങ്ങുകയാണ്. 25-ന് രാഷ്ട്രപതിഭവനിലേക്ക് രാംനാഥ് കോവിന്ദ് മാറുന്നതും ഇവിടെനിന്നായിരിക്കും.

ബ്രിട്ടീഷ് ഭരണകാലത്ത് കിങ് ജോര്‍ജ് അവന്യൂ എന്നറിയപ്പെട്ടിരുന്ന റോഡാണ് സ്വാതന്ത്ര്യത്തിനുശേഷം ഇന്ത്യയുടെ അവസാന ഗവര്‍ണര്‍ജനറലായിരുന്ന സി. രാജഗോപാലാചാരിയുടെ സ്മരണാര്‍ഥം രാജാജി മാര്‍ഗ് എന്ന് നാമകരണം ചെയ്യപ്പെട്ടത്.