ഓരോ രാഷ്ട്രപതിയും സ്ഥാനമൊഴിയുമ്പോൾ അവർ അവശേഷിപ്പിച്ച പാരമ്പര്യം അല്ലെങ്കിൽ അവരുടേതുമാത്രമായ പ്രത്യേകതകൾ എന്തെന്ന വിലയിരുത്തൽ ഉണ്ടാകാറുണ്ട്. ഡോ. എ.പി.ജെ. അബ്ദുൽ കലാമിനെപ്പോലെ ജനകീയരായി പ്രവർത്തിച്ചവരുണ്ട്. അധികം ശ്രദ്ധയാകർഷിക്കാതെ ഭരണകാലം പൂർത്തിയാക്കിയവരുണ്ട്. അത്യപൂർവമായി രാഷ്ട്രീയനേതൃത്വവുമായി ഏറ്റുമുട്ടിയവരുണ്ട്. സെയിൽ സിങ് രാഷ്ട്രപതിയായിരിക്കെ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയുമായി നിലനിന്നിരുന്ന പ്രശ്നങ്ങൾ രാഷ്ടീയചരിത്രത്തിന്റെ ഭാഗമാണ്.

നാല് പതിറ്റാണ്ടിലേറെ പാർലമെന്റ് അംഗം. മൂന്നു പതിറ്റാണ്ടിലേറെ കേന്ദ്രസർക്കാറിൽ മന്ത്രിസ്ഥാനമുൾപ്പെടെ വിവിധ പദവികൾ. ഇങ്ങനെ വലിയ പരിചയസമ്പത്തുമായാണ് പ്രണബ് രാഷ്ട്രപതിയായത്. അടിമുടി കോൺഗ്രസുകാരനായിരുന്നു അദ്ദേഹം. കോൺഗ്രസ് നേതൃത്വത്തിലുള്ള യു.പി.എ. ഭരിക്കുമ്പോഴാണ് അദ്ദേഹം രാഷ്ട്രപതിയാവുന്നത്. തികച്ചും രാഷ്ട്രീയമായ ഒരു തിരഞ്ഞെടുപ്പിലൂടെയായിരുന്നു ഇത്. തികഞ്ഞ രാഷ്ട്രീയക്കാരൻ രാഷ്ട്രപതിയാകുമ്പോൾ ആ പദവിയുടെ ഭരണഘടനാ പരിമിതികൾക്കുള്ളിൽനിന്നായാലും ചില ഇടപെടലുകൾ ആരും പ്രതീക്ഷിക്കും.

അദ്ദേഹം രാഷ്ട്രപതി സ്ഥാനത്തിരുന്ന ആദ്യ രണ്ടുവർഷങ്ങളിൽ കേന്ദ്രത്തിൽ യു.പി.എ. സർക്കാറായിരുന്നു. പ്രണബിനെ സംബന്ധിച്ച് താൻകൂടി ഭാഗഭാക്കായിരുന്ന രാഷ്ടീയ സംവിധാനത്തിന്റെ സ്വാഭാവിക തുടർച്ചതന്നെയായിരുന്നു രാഷ്ട്രപതിപദം. എങ്കിലും 2014-ൽ കേന്ദ്രത്തിൽ നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ എൻ.ഡി. എ. അധികാരത്തിലെത്തിയശേഷം പുതിയ ഭരണവുമായി പൊരുത്തപ്പെട്ടുപോകാൻ പ്രണബിന് പ്രയാസമുണ്ടായില്ല. ഒരുപക്ഷേ, രാഷ്ട്രീയത്തിലെ പരിചയസമ്പത്ത് തന്നെയാവും ഇതിനു സഹായകമായത്. 

വിവാദത്തിന് അതീതൻ
കോൺഗ്രസ് പാരമ്പര്യമുള്ള രാഷ്ട്രപതിയും ബി.ജെ.പി. നേതൃത്വത്തിലുള്ള സർക്കാരും തമ്മിൽ പ്രകടമായ ഏറ്റുമുട്ടലുകളോ അഭിപ്രായഭിന്നതകളോ ഉണ്ടായില്ല. അതിനാൽത്തന്നെ പ്രായോഗികതയുടെയും പക്വതയുടെയും കാലമായിരുന്നു പ്രണാബിന്റേതെന്ന് നിസ്സംശയം പറയാം. രാഷ്ട്രപതിയുടെ അധികാരങ്ങളും അധികാരപരിധികളും സംബന്ധിച്ച യാഥാർഥ്യബോധം അദ്ദേഹത്തിനുണ്ടായിരുന്നു. അതിനാലാണ് മാറിവന്ന കേന്ദ്രഭരണത്തിലും അസ്വാരസ്യങ്ങൾക്കതീതനായി അദ്ദേഹം നിന്നത്.

വിവാദങ്ങൾക്ക് പ്രണബ് അവസരംനൽകിയില്ല. അതിജനകീയനാകാനും ശ്രമിച്ചില്ല. എന്നുവെച്ച് ഒരിടപെടലും നടത്താത്ത രാഷ്ട്രപതി ആയിരുന്നില്ല അദ്ദേഹം. മോദി സർക്കാർ നിരന്തരം ഓർഡിനൻസ് ഇറക്കി ഓർഡിനൻസ് രാജിലേക്ക് നീങ്ങിയ ഘട്ടത്തിൽ ഭരണനേതൃത്വവുമായി വ്യക്തിപരമായ സൗഹൃദചർച്ചകളിലൂടെ പാർലമെന്റിനെ മറികടന്ന് ഓർഡിനൻസ് പുറത്തിറക്കുന്ന പ്രവണത അദ്ദേഹം അവസാനിപ്പിച്ചു. രാജ്യത്ത് അസഹിഷ്ണുതയും അക്രമവും വർധിച്ചപ്പോൾ വ്യംഗ്യമായെങ്കിലും  അതിനെതിരേ ശക്തമായ സന്ദേശംനൽകാൻ ശ്രമിച്ചു. യു.പി.എ. സർക്കാർ അധികാരത്തിൽ ഇരിക്കുമ്പോൾ ഉയർന്ന അഴിമതിക്കെതിരേയും പ്രണബ് ശബ്ദിച്ചു.  

കോൺഗ്രസ് പശ്ചാത്തലമുള്ളയാളായിട്ടും രാഷ്ട്രപതിയായിരിക്കേ കോൺഗ്രസിനും പ്രതിപക്ഷത്തിനും ഹിതകരമായ നിലപാടെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല. ഉത്തരാഖണ്ഡിലും അരുണാചൽ പ്രദേശിലും രാഷ്ട്രപതിഭരണം ഏർപ്പെടുത്താനുള്ള ശുപാർശ പ്രണബ് തിരിച്ചയക്കാതിരുന്നത് അദ്ദേഹത്തിന്റെ പാളിച്ചയായി പലരും പറയുന്നുണ്ട്. വധശിക്ഷ ഒഴിവാക്കാനുള്ള ദയാഹർജികളിൽ തീരുമാനമെടുക്കുന്നതിൽ പ്രണബ് കാലവിളംബം കാട്ടിയില്ല.

അഫ്‌സൽ ഗുരു, അജ്മൽ കസബ്, യാക്കൂബ് മേമൻ എന്നിവരുടെ ഉൾപ്പെടെ മുപ്പതോളം ദയാഹർജികൾ അദ്ദേഹം നിരസിച്ചു. നാല് ദയാഹർജികൾ അംഗീകരിക്കുകയുംചെയ്തു. പദവി അലങ്കാരംമാത്രമായിക്കണ്ട രാഷ്ട്രപതിയായിരുന്നില്ല പ്രണബ്. എന്നാൽ പരിധികൾ ലംഘിക്കാനും അദ്ദേഹം തയ്യാറായില്ല. ആ നിലയിൽ പക്വമതിയായ ഒരു രാഷ്ട്രപതി എന്ന വിശേഷണമാണ് പ്രണബിന് അനുയോജ്യം.