എ.കെ ശശീന്ദ്രന്‍എ.കെ. ശശീന്ദ്രന്‍ കേരള രാഷ്ട്രീയത്തിലെ സീനിയര്‍ നേതാക്കളില്‍ ഒരാളാണ്. എന്‍.സി.പിയുടെ ആകെയുള്ള രണ്ട്  എം.എല്‍.എമാരില്‍  അഞ്ചു വര്‍ഷം പങ്കിട്ട് ഭരിക്കാമെന്ന  ഉടമ്പടിയില്‍  ആദ്യ ഊഴം കിട്ടിയത് എ.കെ ശശീന്ദ്രനാണ്.രണ്ടര വര്‍ഷത്തിനു ശേഷം തോമസ് ചാണ്ടിക്ക്  മന്ത്രിസ്ഥാനം കൈമാറേണ്ടി വരും ശശീന്ദ്രന.് കോഴിക്കോട് ജില്ലയിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിലാണ് എലത്തൂര്‍ മണ്ഡലത്തില്‍ നിന്ന് ശശീന്ദ്രനെ തിരഞ്ഞെടുക്കുന്നത്.2011 ല്‍ മണ്ഡലത്തില്‍ നിന്ന് നേടിയ 14654  വോട്ടിന്റെ ഭൂരിപക്ഷം ഇരട്ടിയാക്കി 29057 വോട്ടിനാണ് ജനതാദള്‍(യു)വിന്റെ പി.കിഷന്‍ചന്ദിനെ പരാജയപ്പെടുത്തിയത്.

കണ്ണൂര്‍ എളയാവൂര്‍ സ്വദേശിയായ ശശീന്ദ്രന്‍ 1962 ല്‍ കെ.എസ്.യു.വിലുടെ പൊതുപ്രവര്‍ത്തനം തുടങ്ങിയത് . കോണ്‍ഗ്രസിന്റെ  വിവിധ തലങ്ങളില്‍ ഭാരവാഹിയായി. 65-ല്‍ കെ.എസ്.യു. കോഴിക്കോട് ജില്ലാ പ്രസിഡന്റായി. 67-ല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയായി.1969 ല്‍ സംസ്ഥാന യൂത്ത്‌കോണ്‍ഗ്രസ് ജനറല്‍സെക്രട്ടറി. 78-ല്‍ സംസ്ഥാനപ്രസിഡന്റ്. പാര്‍ട്ടി പിളര്‍ന്നപ്പോള്‍ കോണ്‍ഗ്രസ് എസ്സിലെത്തി. കെ.പി. ഉണ്ണികൃഷ്ണന്‍, എ.സി. ഷണ്‍മുഖദാസ് എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തനം. 82 മുതല്‍ 98 വരെ കോണ്‍ഗ്രസ് (എസ്) സംസ്ഥാന ജനറല്‍ സെക്രട്ടറിയായി. 99 മുതല്‍ 2004 വരെ എന്‍.സി.പി. സംസ്ഥാന സെക്രട്ടറി, 2004 മുതല്‍ സംസ്ഥാന വൈസ് പ്രസിഡന്റ്, 2006 മുതല്‍ നിയമസഭാ കക്ഷി നേതാവ്, എന്‍.സി.പി. ദേശീയ വര്‍ക്കിങ് കമ്മിറ്റി അംഗം.

കോഫിബോര്‍ഡ് അംഗം ഹൗസിങ് ബോര്‍ഡ് അംഗം തുടങ്ങിയ നിലയിലും പ്രവര്‍ത്തിച്ചു. നിയമസഭാ തിരഞ്ഞെടുപ്പില്‍ 1980 ല്‍ പെരിങ്ങളം മണ്ഡലത്തിലായിരുന്നു  കന്നിയങ്കം. തുടര്‍ന്ന് 82 ല്‍ എടക്കാട് മണ്ഡലത്തില്‍ നിന്ന് വിജയിച്ചു. 87 ല്‍ കണ്ണൂരില്‍ പരാജയപ്പെട്ടു. 2006 ല്‍ ബാലുശ്ശേരിയില്‍ നിന്ന് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 2011 ല്‍ എലത്തൂരില്‍ നിന്ന് വിജയിച്ചു.എ.കുഞ്ഞമ്പുവിന്റെയും എം.കെ ജാനകിയുടെയും മകനാണ്. ഭാര്യ: അനിതാ കൃഷ്ണന്‍, മകന്‍: വരുണ്‍ ശശീന്ദ്രന്‍.