മാരകമായ ഹൃദയപരാജയത്തിന്റെ പ്രധാന കാരണം തുടര്‍ച്ചയായുള്ള ഹാര്‍ട്ടറ്റാക്ക് തന്നെ. ഒന്നോ അതിലധികമോ പ്രാവശ്യം അറ്റാക്കുണ്ടായാല്‍ ഹൃദയപേശികള്‍ ഒന്നൊന്നായി നിര്‍ജീവമായി അതിന്റെ സങ്കോചനശേഷി സംവിധാനം ക്ഷയിക്കും. ഹൃദയധമനികളിലൂടെ ഒഴുകിയെത്തുന്ന പ്രാണവായുവും പോഷകപദാര്‍ഥങ്ങളുമാണ് ഹൃദയകോശങ്ങളുടെ ഊര്‍ജസ്രോതസ്സ്. ധമനികളില്‍ തടസ്സമുണ്ടായി അതിലൂടെയുള്ള രക്തസഞ്ചാരം അപര്യാപ്തമാകുമ്പോഴോ നിലയ്ക്കുമ്പോഴോ കോശനാശം ആരംഭിക്കുന്നു. വലിയ ഉപരിതല കൊറോണറി ധമനിയില്‍ തടസ്സമുണ്ടായി 'മാസീവ്' ഹാര്‍ട്ടറ്റാക്കുണ്ടാകുമ്പോള്‍ ഹൃദയത്തിന്റെ സിംഹഭാഗവും ചലനരഹിതമാകും. തുടര്‍ന്ന് ജീവസന്ധാരണത്തിനനിവാര്യമായ രക്തം ശരീരമാസകലം പമ്പ് ചെയ്ത് എത്തിക്കാന്‍ ഹൃദയം നന്നേ പാടുപെടുന്നു.

 

താങ്ങാവുന്നതിലധികം ഭാരവും പേറി ഏറെ നാള്‍ ജോലി ചെയ്തു കഴിയുമ്പോള്‍ ഹൃദയത്തിന്റെ അപചയം നിയന്ത്രണാതീതമാകുന്നു. തത്ഫലമായി ഹൃദയ അറകള്‍ വികസിക്കുന്നു. അവിടെ രക്തം തളംകെട്ടിക്കിടക്കുന്നു. തുടര്‍ന്ന് അറകളിലെ സമ്മര്‍ദം ക്രമാതീതമാകുമ്പോള്‍ രക്തം പിന്‍ദിശകളിലേക്കും തിരിഞ്ഞൊഴുകുന്നു.


ശ്വാസകോശങ്ങളില്‍ രക്തം കെട്ടിക്കിടക്കുമ്പോള്‍ കലശലായ ശ്വാസംമുട്ടലും ഒരുവേള പെട്ടെന്നുള്ള മരണവും സംഭവിക്കുന്നു. ഇടത്തെ ഹൃദയ അറകളിലെ അമിതമര്‍ദം കാലക്രമേണ വലത്തെ അറകളെ ബാധിച്ച് കരളിലും ഉദരഭാഗത്തും കാലുകളിലും നീര് വരുന്നു. ശ്വാസംമുട്ടലും കരള്‍വീക്കവും കാലുകളിലെ നീരും കലശലാകുമ്പോള്‍ ആയാസമുള്ള ഒന്നും ചെയ്യാന്‍ സാധിക്കാതെ രോഗി കാലക്രമേണ ശയ്യയിലാകുന്നു. രാത്രിയില്‍ എഴുന്നേറ്റിരുന്നു നേരം വെളുപ്പിക്കുന്നു. കിടന്നാല്‍ ഉടന്‍ ശക്തമായ ശ്വാസതടസ്സം. ഈ അവസ്ഥയെയാണ് 'കണ്‍ജസ്റ്റിവ് കാര്‍ഡിയാക് ഫെയ്‌ലിയര്‍' അഥവാ ഹൃദയപരാജയമെന്ന് വിളിക്കുന്നത്. ലോകമെമ്പാടുമുള്ള ഹൃദ്രോഗികള്‍ ഏറ്റവുമധികം മരണപ്പെടുന്നതും ദാരുണമായ ഈ രോഗാവസ്ഥകൊണ്ടുതന്നെ.ആദ്യകാലങ്ങളില്‍ സുലഭമായിരുന്ന ഔഷധങ്ങള്‍ക്ക് പരിമിതമായ പ്രയോജനമേ ഉണ്ടായിരുന്നുള്ളൂ. അങ്ങനെയിരിക്കെയാണ്, തടസ്സമുള്ള ഹൃദയധമനികള്‍ക്ക് സമാന്തരമായി ഗ്രാഫ്റ്റുകള്‍ വെച്ചുപിടിപ്പിച്ച് രക്തദാരിദ്ര്യമുള്ള കോശവ്യൂഹങ്ങള്‍ക്ക് രക്തമെത്തിച്ചുകൊടുക്കുന്ന ബൈപ്പാസ് ശസ്ത്രക്രിയ കണ്ടുപിടിക്കപ്പെട്ടത്. രക്തദാരിദ്ര്യമുള്ള കോശങ്ങള്‍ക്ക് പ്രാണവായുവും പോഷകപദാര്‍ഥങ്ങളുമെത്തിച്ചുകൊടുത്താല്‍ അവ സജീവമായി ഹൃദയത്തിന്റെ സമൂലമായ സങ്കോചനശേഷി വര്‍ധിപ്പിക്കും. അങ്ങനെ സാരമായ ഹൃദയ പരാജയം ഉണ്ടായ രോഗികളുടെ ആയുര്‍ദൈര്‍ഘ്യം വര്‍ധിപ്പിച്ച് ജീവിതനിലവാരം സുഗമമാക്കാന്‍ ബൈപ്പാസ് ഓപ്പറേഷന്‍ അടിസ്ഥാന ചികിത്സാ സംവിധാനമായി അംഗീകരിക്കപ്പെട്ടു.


1977ലാണ് ആന്‍ജിയോപ്ലാസ്റ്റിയുടെ ആവിര്‍ഭാവം. നെഞ്ചുമുറിക്കാതെ, ആസ്പത്രിയില്‍ അധികദിവസങ്ങള്‍ ചെലവഴിക്കാതെ കാര്യം സാധിച്ച് വീട്ടിലേക്ക് മടങ്ങാവുന്ന അമൂല്യ ചികിത്സാവിധിക്ക് കൂടുതല്‍ ഹൃദ്രോഗികള്‍ വഴങ്ങിത്തുടങ്ങി. ശസ്ത്രക്രിയ കൂടാതെ, തടസ്സങ്ങളെ അതിവിദഗ്ധമായി വികസിപ്പിച്ചെടുത്ത് രോഗിക്കാശ്വാസം നല്‍കാന്‍ സാധിക്കും എന്നത് തന്നെയായിരുന്നു ആന്‍ജിയോ പ്ലാസ്റ്റിയുടെ സവിശേഷത. ആന്‍ജിയോപ്ലാസ്റ്റി ചെയ്തവരില്‍ മുപ്പത് ശതമാനത്തിലധികം പേര്‍ക്കും വീണ്ടും ബ്ലോക്കുണ്ടായത് 'സ്റ്റെന്റ്‌യുഗ'ത്തിന്റെ ആവിര്‍ഭാവത്തോടെ പരിഹരിക്കപ്പെടുകയും ചെയ്തു.ആന്‍ജിയോപ്ലാസ്റ്റിയും സ്റ്റെന്റിങ്ങും ചെയ്യാനുള്ള കാര്‍ഡിയോളജിസ്റ്റിന്റെ വൈദഗ്ധ്യം വര്‍ധിച്ചതോടെ ഹൃദ്രോഗചികിത്സാരംഗത്ത് സര്‍ജന്റെ സ്ഥാനം കാലക്രമേണ കുറഞ്ഞുവന്നു. പണ്ടൊക്കെ ശസ്ത്രക്രിയയ്ക്ക് വിധേയമായിരുന്ന പല ബ്ലോക്കുകളും കാര്‍ഡിയോളജിസ്റ്റ് ആന്‍ജിയോപ്ലാസ്റ്റികൊണ്ട് ചികിത്സിക്കാന്‍ തുടങ്ങി.എന്നാല്‍ ആന്‍ജിയോപ്ലാസ്റ്റിക്കും വഴങ്ങാത്ത പല രോഗാവസ്ഥകളും ഉണ്ടെന്നുള്ളതും ശസ്ത്രക്രിയാവിദഗ്ധന്റെ പ്രാധാന്യം നിലനിര്‍ത്തി. മറ്റാര്‍ക്കും പ്രവേശനമില്ലാതെ, ഹൃദയശസ്ത്രക്രിയാവിദഗ്ധനുമാത്രം കൈകാര്യം ചെയ്യാന്‍ സാധിക്കുന്ന ഒരു മേഖലയായി, അറ്റാക്കിനുശേഷം ഹൃദയസങ്കോചനശേഷി ക്ഷയിച്ച ഹൃദയങ്ങളുടെ പരിപാലനം നിലകൊണ്ടു. ഒന്നോ അതിലധികമോ ഹാര്‍ട്ട് അറ്റാക്ക് ഉണ്ടായി ഹൃദയപേശികള്‍ നല്ലൊരു ശതമാനം നിര്‍ജീവമായി ഹൃദയം പരാജയത്തിലേക്ക് പോകുന്ന അവസ്ഥയില്‍, ശേഷിച്ച രക്തദാരിദ്ര്യമുള്ള ഹൃദയപേശികളിലേക്കും രക്തസഞ്ചാരം പുനഃസ്ഥാപിക്കാന്‍ ബൈപ്പാസ് ശസ്ത്രക്രിയ ചെയ്യുക ഇന്ന് സര്‍വസാധാരണമാണ്. 'ഇസ്‌ക്കോമിക് കാര്‍ഡിയോമയോപ്പതി' എന്ന അവസ്ഥയില്‍ ഔഷധചികിത്സയുടെ പ്രാധാന്യം പോലും വകവെക്കാതെയാണ് ലോകത്താകമാനം ശസ്ത്രക്രിയ നടന്നുവരുന്നത്.മേന്മയേറിയ ഔഷധങ്ങളുടെ സഹായമുണ്ടായിട്ടും അതവഗണിച്ചുകൊണ്ട് ഈ രംഗത്തും സര്‍ജന്റെ ആധിപത്യം നിലനിന്നത് ഗവേഷകരുടെ ഉറക്കംകെടുത്തി. തുടര്‍ന്നാണ്, അറ്റാക്കിനുശേഷം ഹൃദയസങ്കോചനശേഷിയില്‍ വീക്കമുള്ള രോഗികളില്‍ ഔഷധവിദ്യയോ ശസ്ത്രക്രിയയോ കൂടുതല്‍ നപ്രയോജനകരം എന്ന വിഷയത്തില്‍ പഠനങ്ങള്‍ നടന്നത്. തത്ഫലമായാണ് ഈ വിഷയമവലംബിച്ചുകൊണ്ട്, പ്രഖ്യാതമായ 'സ്റ്റിച്ച്' ട്രയല്‍ രൂപംകൊണ്ടത്. അതിന്റെ ഫലങ്ങള്‍ അമേരിക്കന്‍ കോളേജ് ഓഫ് കാര്‍ഡിയോളജിയുടെ, ഈ ഏപ്രില്‍മാസാദ്യം ന്യൂഓര്‍ളിയന്‍സില്‍ നടന്ന വാര്‍ഷികസമ്മേളനത്തില്‍ അവതരിപ്പിക്കപ്പെട്ടു. ഈ ലേഖകനും പങ്കെടുത്ത സമ്മേളനത്തില്‍, 'സ്റ്റിച്ച്' ട്രയലിന്റെ ഉപജ്ഞാതാവായ എറിക് ജെ. വെലാസ്‌ക്യൂസ് വിജയകരമായ പല കണ്ടുപിടിത്തങ്ങളും വെളിപ്പെടുത്തി.


2002നും 07നും ഇടയ്ക്ക് ഹൃദയസങ്കോചനശേഷി 35 ശതമാനത്തില്‍ കുറഞ്ഞ (സാധാരണയുള്ളത് 55 ശതമാനത്തില്‍ കൂടുതല്‍), 22 രാജ്യങ്ങളില്‍ നിന്നുള്ള 60 വയസ്സില്‍ കവിയാത്ത 1212 രോഗികളെ സ്റ്റിച്ച് പഠനത്തില്‍ ഉള്‍പ്പെടുത്തി. ഇതില്‍ 602 രോഗികള്‍ക്ക് മരുന്നുകള്‍ മാത്രവും 610 രോഗികള്‍ക്ക് അത്യാവശ്യ മരുന്നുകളോടൊപ്പം ബൈപ്പാസ് ശസ്ത്രക്രിയയും നടത്തി. ചികിത്സയ്ക്കുശേഷം പിന്നീട് രേഖപ്പെടുത്തുന്ന മരണസംഖ്യയായിരുന്നു പ്രധാന പഠനലക്ഷ്യം. ഹൃദ്രോഗികളില്‍ 25 ശതമാനം മരണസാധ്യത ബൈപ്പാസ് ഓപ്പറേഷന്‍ കുറയ്ക്കുമെന്നായിരുന്നു ഗവേഷകര്‍ കരുതിയിരുന്നത്. എന്നാല്‍ അഞ്ചു വര്‍ഷങ്ങള്‍ക്ക് ശേഷം ആ ഗ്രൂപ്പിലും പെട്ടവരില്‍ കാതലായ വ്യത്യാസങ്ങള്‍ കണ്ടില്ല. അഞ്ചു വര്‍ഷങ്ങള്‍ക്ക് ശേഷം മരണമടഞ്ഞവരുടെ സംഖ്യ രണ്ടു ഗ്രൂപ്പിലും ഏതാണ്ടൊരേ രീതിയിലായിരുന്നു. മാത്രമല്ല, സര്‍ജറി ചെയ്ത ഗ്രൂപ്പില്‍ 30 ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ അഞ്ച് ശതമാനം പേര്‍ മരണപ്പെട്ടതായി കണ്ടു. ഈ പ്രവണത ഔഷധ ചികിത്സ നടത്തിയ ഗ്രൂപ്പില്‍ കണ്ടില്ല.


ലോകമെമ്പാടുമുള്ള ഹൃദ്രോഗചികിത്സകരുടെ കണ്ണുതുറന്ന ഒരു പഠനമായിരുന്നു ഇത്. പണ്ടുണ്ടായിരുന്നതിനേക്കാള്‍ മേന്മയേറിയ നിരവധി ഔഷധങ്ങള്‍ ഇന്ന് ഹൃദ്രോഗചികിത്സാരംഗത്ത് സുലഭമാണ്. ഹൃദയസങ്കോചനശേഷി വര്‍ധിപ്പിക്കുന്ന, ഹൃദയത്തിന്റെ ലോഡ് കുറയ്ക്കുന്ന, കൊളസ്‌ട്രോള്‍ ക്രമീകരിക്കുന്ന, രക്തം കട്ടിയാകാതിരിക്കാന്‍ സഹായിക്കുന്ന, ഹൃദയധമനികളുടെ ഘടനാവൈകല്യം റിപ്പയര്‍ ചെയ്യുന്ന നിരവധി ഔഷധങ്ങള്‍ ഇന്ന് കൈയെത്തും ദൂരത്തുണ്ട്. അവ സമുചിതമായി പ്രയോഗിക്കുകയേ വേണ്ടൂ. അതിനുപകരം ഔഷധവിദ്യയെ പാര്‍ശ്വവത്കരിച്ചുകൊണ്ട് എന്തിനും 'ശസ്ത്രക്രിയ' മാത്രമാണ് ശാശ്വതപരിഹാരം എന്നു കരുതുന്ന പ്രവണത ആപത്കരമാണ്.സൂചികൊണ്ട് എടുക്കാവുന്നത് തൂമ്പകൊണ്ട് എടുക്കുന്നതുപോലെ. ഈ തിരിച്ചറിവ് ഹൃദ്രോഗചികിത്സകരോടൊപ്പം ഹൃദ്രോഗികള്‍ക്കുമുണ്ടാകണം. നൂതനപരിശോധനകളോ ചികിത്സകളോ നടത്താന്‍ ഡോക്ടര്‍മാരെ നിര്‍ബന്ധിക്കുന്ന രോഗികളും വിരളമല്ല. സാമ്പത്തികമായി താഴെക്കിടയിലുള്ളവര്‍ ഭൂരിഭാഗമുള്ള നമ്മുടെ നാട്ടില്‍ ഇന്ന് ആരോഗ്യരംഗത്തുണ്ടാകുന്ന ചികിത്സാച്ചെലവിന്റെ കുതിച്ചുകയറ്റം ഭീതിദമാകുന്നു. ഇതിന് പരിഹാരമായി ക്രിയാത്മകമായ ഇത്തരം തിരിച്ചറിവുകള്‍ ഉണ്ടായേ പറ്റൂ.