തൃണമൂല്‍ ദേശീയപാര്‍ട്ടി

Trinamool Congress

 • തൃണമൂല്‍ കോണ്‍ഗ്രസ്സിനെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ദേശീയപാര്‍ട്ടിയായി അംഗീകരിച്ചു.
 • ഇലക്ഷന്‍ സിംബല്‍സ് (റിസര്‍വേഷന്‍ ആന്‍ഡ് അലോട്ട്മെന്റ്) ഓര്‍ഡര്‍ -1968-ലെ മാനദണ്ഡങ്ങള്‍ മുന്‍നിര്‍ത്തിയാണ് ദേശീയപാര്‍ട്ടികളെ തിരഞ്ഞെടുക്കുന്നത്.
 • പശ്ചിമ ബംഗാള്‍, മണിപ്പൂര്‍, ത്രിപുര, അരുണാചല്‍പ്രദേശ് എന്നിവിടങ്ങളിലെ സംസ്ഥാന പാര്‍ട്ടി എന്ന അടിസ്ഥാനത്തിലാണ് തൃണമൂലിന് ദേശീയപദവി ലഭിച്ചത്. ഇതോടെ രാജ്യത്തെ ദേശീയപാര്‍ട്ടികളുടെ എണ്ണം ഏഴായി.
 • ബി.ജെ.പി., കോണ്‍ഗ്രസ്സ്, ബി.എസ്.പി., സി.പി.ഐ.(എം), സി.പി.ഐ., എന്‍.സി.പി. എന്നിവയാണ് മറ്റ് ദേശീയ പാര്‍ട്ടികള്‍.

 

മദര്‍ തെരേസ വിശുദ്ധ

Mother teresa

 • ഫ്രാന്‍സിസ് മാര്‍പാപ്പ മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിച്ചു.സെപ്റ്റംബർ നാലിന് നടന്ന ദിവ്യബലിക്കിടെയായിരുന്നു പ്രഖ്യാപനം. മദര്‍ തെരേസ കൊല്‍ക്കത്തയിലെ വിശുദ്ധ തെരേസ എന്ന പേരില്‍ അറിയപ്പെടും.
 • 1910ഓഗസ്റ്റ് 26-ന് ഇന്നത്തെ മാസിഡോണയില്‍ സ്ഥിതിചെയ്യുന്ന സ്‌കോപ്ജെയിലാണ് മദര്‍ ജനിച്ചത്.  
 • 1949-ല്‍ അവര്‍ മിഷണറീസ് ഓഫ് ചാരിറ്റി എന്ന സന്ന്യാസസമൂഹം സ്ഥാപിച്ചു. ജീവിതം മുഴുവന്‍ കൊല്‍ക്കത്തയിലെ ദരിദ്രരുടെയും അനാഥരുടെയും രോഗികളുടെയും സേവനത്തിനായി നീക്കിവെച്ചു.
 • സേവനങ്ങള്‍ മാനിച്ച് മദറിന് 1979-ല്‍ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ചു. 1980-ല്‍ ഇന്ത്യയുടെ പരമോന്നത ബഹുമതിയായ ഭാരതരത്‌നയ്ക്ക് അര്‍ഹയായി.
 • 1972-ല്‍ ജവാഹര്‍ലാല്‍ നെഹ്റു അന്താരാഷ്ട്ര സമാധാന സമ്മാനം, 1962-ല്‍ മഗ്സസെ പുരസ്‌കാരം, 1983-ല്‍ ഓര്‍ഡര്‍ ഓഫ് മെറിറ്റ്, 1993-ല്‍ രാജീവ് ഗാന്ധി സദ്ഭാവന എന്നീ അവാര്‍ഡുകളും ലഭിച്ചു.
 • 1997 സെപ്റ്റംബർഅഞ്ചിന് മദര്‍ തെരേസ ലോകത്തോട് വിടപറഞ്ഞു.

 

ഇനി വിശുദ്ധ / Special Page / Read More.....

 

അഭിനവ് ബിന്ദ്ര വിരമിച്ചു

abhinav bindra

 • ഒളിമ്പിക്‌സിലെ ഇന്ത്യയുടെ ഏക വ്യക്തിഗത സ്വര്‍ണമെഡല്‍ ജേതാവ് അഭിനവ് ബിന്ദ്ര സെപ്റ്റംബർ നാലിന് ഷൂട്ടിങ് മത്സരവേദിയോട് വിടപറഞ്ഞു.
 • 2008 ബെയ്ജിങ് ഒളിമ്പിക്സിൽ 10 മീറ്റർ എയർ റൈഫിൾ ഷൂട്ടിങ്ങിലാണ് ബിന്ദ്ര സ്വർണം നേടിയത്.
 • റിയോ ഒളിമ്പിക്‌സില്‍ 10 മീറ്റര്‍ എയര്‍ പിസ്റ്റണ്‍ റൈഫിളില്‍ നാലാംസ്ഥാനം നേടിയിരുന്നു. റിയോയില്‍ ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യയുടെ പതാകയേന്തിയത് ബിന്ദ്രയായിരുന്നു.

 

ജി-20 ഉച്ചകോടി ചൈനയില്‍

g20

 • ഈ വര്‍ഷത്തെ ജി-20 ഉച്ചകോടി സെപ്റ്റംബർ 4,5 തീയതികളിലായി ചൈനയിലെ ഹാങ്ഷുവില്‍ നടന്നു.
 • ആതിഥേയ രാജ്യമായ ചൈനയുടെ പ്രസിഡന്റ് ഷി ജിന്‍ പിങ്ങാണ് ഉച്ചകോടി ഉദ്ഘാടനം ചെയ്തത്.

 

പടിയിറങ്ങി രഘുറാം രാജന്‍

സൂര്യന്‍ ഇടിഞ്ഞുവീണിട്ടില്ലെന്ന് രഘുറാം രാജന്‍

 • രാജ്യം സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ടുഴലുന്ന വേളയില്‍ 2013 സെപ്റ്റംബറിൽ ഗവര്‍ണറായി ചുമതലയേറ്റു
 • രൂപയുടെ മൂല്യശോഷണം തടയാനും പണപ്പെരുപ്പം നിയന്ത്രിക്കാനും കഴിഞ്ഞു

 

നേട്ടങ്ങള്‍ വിശദീകരിച്ച് രഘുറാം രാജന്‍ / Read More.....

 

 

ഉര്‍ജിത് പട്ടേല്‍ ആര്‍.ബി.ഐ. ഗവര്‍ണര്‍

Urjit Patel

 • റിസര്‍വ് ബാങ്കിന്റെ 24-ാമത് ഗവര്‍ണറായി ഉര്‍ജിത് പട്ടേല്‍ 2016 സെപ്റ്റംബർ അഞ്ചിന് ചുമതലയേറ്റു.

 

കെ.ജി. ജോര്‍ജിന് ഡാനിയേല്‍ പുരസ്‌കാരം

കെ.ജി ജോര്‍ജിന് ജെ.സി ഡാനിയേല്‍ പുരസ്‌കാരം

 • കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ 2015-ലെ ജെ.സി. ഡാനിയേല്‍ പുരസ്‌കാരത്തിന് തിരക്കഥാകൃത്തും സംവിധായകനുമായ കെ.ജി. ജോര്‍ജ് അര്‍ഹനായി.
 • മലയാള സിനിമയ്ക്കു നല്‍കിയ സമഗ്ര സംഭാവനകള്‍ കണക്കിലെടുത്താണിത്. ഒരുലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുര
 • സ്‌കാരം.
 • 1992 മുതലാണ് ഈ അവാര്‍ഡ് നല്‍കിത്തുടങ്ങിയത്. ടി.ഇ. വാസുദേവനായിരുന്നു ആദ്യപുരസ്‌കാരം.

 

ജി.എസ്.ടി. ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം

gst

 • ജി.എസ്.ടി. (ചരക്കുസേവന നികുതി) ബില്ലില്‍ സെപ്റ്റംബർ 7 ന് രാഷ്ട്രപതി ഒപ്പുവെച്ചു.
 • ഭരണഘടനാ ഭേദഗതി ബില്‍ ആയതിനാല്‍ പകുതിയിലേറെ സംസ്ഥാനങ്ങള്‍ അനുമതി നല്‍കണമെന്നായിരുന്നു വ്യവസ്ഥ. 17 സംസ്ഥാനങ്ങള്‍ ഇതുവരെ ബില്ലിന് അംഗീകാരം നല്‍കി. കേരളം അടുത്ത നിയമസഭയില്‍ ബില്‍ പരിഗണിക്കുമ്പോള്‍ തമിഴ്നാട് ബില്ലിനെ എതിര്‍ക്കും.

 

ഇന്‍സാറ്റ് 3 ഡി.ആര്‍. ഭ്രമണപഥത്തില്‍

INSAT-3DR

 • ഇന്ത്യന്‍ ബഹിരാകാശ സംഘടനയായ ഐ.എസ്.ആര്‍.ഒ.യുടെ (ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍) കാലവസ്ഥാ നിരീക്ഷണ ഉപഗ്രഹമായ ഇന്‍സാറ്റ് 3 ഡി.ആര്‍. ഭ്രമണപഥത്തിലെത്തി. 2211 കിലോഗ്രാമാണ് ഉപഗ്രഹത്തിന്റെ ഭാരം.
 • സെപ്റ്റംബർ 8-ന് വൈകുന്നേരം 4.50-ന് ജി.എസ്.എല്‍.വി.-എഫ് 05 റോക്കറ്റില്‍ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ ഗവേഷണകേന്ദ്രത്തില്‍നിന്നായിരുന്നു വിക്ഷേപണം.
 • 17 മിനിറ്റുകള്‍ക്കുശേഷം ഉപഗ്രഹം വിജയകരമായി ഭൂസ്ഥിര ഭ്രമണപഥത്തിലെത്തി. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ക്രയോജനിക് എന്‍ജിന്‍ ഉപയോഗിച്ചാണ് ജി.എസ്.എല്‍.വി.-എഫ് 05 ബഹിരാകാശത്ത് എത്തിയത്.
 • ഇന്ത്യ സ്വന്തമായി വികസിപ്പിച്ചെടുത്ത മൂന്നാമത്തെ കാലാവസ്ഥാ ഉപഗ്രഹമാണ് ഇന്‍സാറ്റ് 3 ഡി.ആര്‍. കാലാവസ്ഥാ വ്യതിയാനങ്ങള്‍ നിരീക്ഷിക്കാനും ചുഴലിക്കാറ്റടക്കമുള്ള പ്രകൃതിക്ഷോഭങ്ങള്‍ നേരത്തേ അറിയാനും ഉപഗ്രഹത്തിന് സാധിക്കും.

 

'ഇന്‍സാറ്റ് 3 ഡി.ആര്‍.' ഭ്രമണപഥത്തില്‍

 

വാവ്റിങ്കയ്ക്ക് യു.എസ്. ഓപ്പണ്‍ കിരീടം

Stan Wawrinka

 • ലോക ഒന്നാംനമ്പര്‍ താരം സെര്‍ബിയയുടെ നോവാക് ദ്യോക്കോവിച്ചിനെ തോല്‍പ്പിച്ച് സ്വിറ്റ്സര്‍ലന്‍ഡിന്റെ സ്റ്റാനിസ്ലാസ്
 • വാവ്റിങ്ക യു.എസ്. ഓപ്പണ്‍ ടെന്നീസ് കിരീടം നേടി. സ്‌കോര്‍ (67,64,75,63). 31കാരനായ വാവറിങ്കയ്ക്ക് ഈ വര്‍ഷത്തെ ആദ്യ ഗ്രാന്‍ഡ്സ്ലാം കിരീടവും കരിയറിലെ മൂന്നാംകിരീടവുമാണിത്. 2014-ല്‍ ഓസ്ട്രേലിയന്‍ ഓപ്പണും 2015-ല്‍ ഫ്രഞ്ച് ഓപ്പണും ഇദ്ദേഹം നേടിയിരുന്നു. കിരീടനേട്ടത്തോടെ 46 വര്‍ഷത്തിനിടെ യു.എസ്. ഓപ്പണ്‍ നേടുന്ന ഏറ്റവും പ്രായംകൂടിയ താരവുമായി ഇദ്ദേഹം.

 

കെര്‍ബറിന് വനിതാ കിരീടം

Angelique Kerber

 • യു.എസ്.ഓപ്പണ്‍ വനിതാ ടെന്നീസ് കിരീടം ജര്‍മനിയുടെ ആഞ്ജലിക് കെര്‍ബര്‍ നേടി.
 • സെപ്റ്റംബർ 10ന് നടന്ന ഫൈനലില്‍ ചെക്ക് റിപ്പബ്ലിക്കിന്റെ കരോലിന പ്ലിസ്‌കോവയെയാണ് പരാജയപ്പെടുത്തിയത്.
 • വനിതാ വിഭാഗം ലോകറാങ്കിങ്ങില്‍ കെര്‍ബര്‍ ഒന്നാം സ്ഥാനത്തെത്തിയതിനു പിന്നാലെയായിരുന്നു കിരീട നേട്ടം. സ്റ്റെഫിഗ്രാഫിനു ശേഷം ടെന്നീസ് ലോക റാങ്കിങ്ങില്‍ ഒന്നാമതെത്തിയ ജര്‍മന്‍ താരമാണ് കെര്‍ബര്‍. തുടര്‍ച്ചയായി 184 ആഴ്ചകള്‍ ഒന്നാംറാങ്കില്‍ തുടര്‍ന്ന അമേരിക്കയുടെ സെറീന വില്യംസിനെ മറികടന്നാണ് കെര്‍ബര്‍ ഒന്നാമതെത്തിയത്.

 

മാജുലി ഏറ്റവും വലിയ നദീദ്വീപ്

Majuli

 • അസമില്‍ ബ്രഹ്മപുത്രയിലെ ദ്വീപായ മാജുലിക്ക് ലോകത്തെ ഏറ്റവും വലിയ നദീദ്വീപെന്ന റെക്കോഡ്. ബ്രസീലിലെ മരാജോ ദ്വീപിനെ പിന്തള്ളിയാണ് മാജുലി ഗിന്നസ്സ് റെക്കോഡ് സ്വന്തമാക്കിയത്.
 • 880 ചതുരശ്ര കി.മി. വിസ്തൃതിയുള്ള മാജുലിയെ ആഗസ്തില്‍ ജില്ലായായി പ്രഖ്യാപിച്ചിരുന്നു.
 • 144 ഗ്രാമങ്ങളിലായി 1.6 ലക്ഷമാണ് ജനസംഖ്യ. പുരാതന ഗോത്രവര്‍ഗക്കാരുടെ നാടായ മാജുലി അസമിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഒന്നാണ്.

 

 

യോഗേശ്വറിന്  വെള്ളി

yogeshwar dutt

 • 2012 ലണ്ടന്‍ ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ യോഗേശ്വര്‍ ദത്തിന്റെ മെഡല്‍നേട്ടം വെള്ളിയായി.
 • അന്ന് വെള്ളിനേടിയ റഷ്യയുടെ ബെസിക്ക് കുദുക്കോവ് ഉത്തേജകമരുന്നടിച്ചതായി തെളിഞ്ഞതോടെയാണ് യോഗേശ്വറിന് ഈ നേട്ടം ലഭിച്ചത്.
 • 60 കിലോഗ്രാം ഫ്രീസ്‌റ്റൈലിലാണ് യോഗേശ്വര്‍ വെങ്കലം നേടിയിരുന്നത്.

 

 

ആണവപരീക്ഷണം നടത്തിയെന്ന് ഉത്തര കൊറിയ

North korea

 • മിസൈലില്‍ ഘടിപ്പിച്ച് തൊടുക്കാവുന്ന ആണവായുധം പരീക്ഷിച്ചതായി ഉത്തര കൊറിയ അവകാശപ്പെട്ടു.
 • സെപ്റ്റംബർ 16-നാണ് പങ്കീറിയിലെ ആണവകേന്ദ്രത്തില്‍ 10 കിലോടണ്‍ വരുന്ന ആണവായുധം ഉത്തര കൊറിയ പരീക്ഷിച്ചത്. ഉത്തര കൊറിയയുടെ അഞ്ചാമത്തെയും ഏറ്റവും ശക്തവുമായ പരീക്ഷണമാണിത്. ഇക്കൊല്ലത്തെ രണ്ടാമത്തെ പരീക്ഷണവും.
 • ഭൂമിക്കടിയില്‍ പരീക്ഷണം നടത്തിയതിന്റെ സൂചന ഈ മേഖലയിലെ ഭൂകമ്പമാപിനികളില്‍ ലഭിച്ചിരുന്നു. പങ്കീറി ആണവ കേന്ദ്രത്തിനടുത്ത് 5.3 തീവ്രതയുള്ള കൃത്രിമ ഭൂചനലമുണ്ടായിന്റെ സൂചനയായിരുന്നു അത്. പിന്നീടാണ് ചെറുആണവായുധം പരീക്ഷിച്ചതാണെന്ന് ഉത്തര കൊറിയ അവകാശപ്പെട്ടത്.

 

സെറീനയ്ക്ക്  റെക്കോഡ്

serena williams

 • ടെന്നീസ് ലോക ഒന്നാംനമ്പര്‍ താരമായ സെറീന വില്യംസിന് ഗ്രാന്‍ഡ്സ്ലാം ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍(308) വിജയിച്ചതിന്റെ റെക്കോഡ്.
 • കസാക്കിസ്താന്‍ താരമായ യാരോസ്ലാവാ ഷ്വദോവയെ യു.എസ്. ഓപ്പണിന്റെ നാലാം റൗണ്ടില്‍ തോല്‍പ്പിച്ചതോടെയാണ് റോജര്‍ ഫെഡററുടെ 307 ഗ്രാന്‍ഡ്സ്ലാം ജയങ്ങള്‍ എന്ന റെക്കോഡ് സെറീന തകര്‍ത്തത്.
 • ഗ്രാന്‍ഡ്സ്ലാം ടെന്നീസ് ടൂര്‍ണമെന്റില്‍ ഏറ്റവും കൂടൂതല്‍ സിംഗിള്‍സ് ജയിക്കുന്ന വനിതാതാരം എന്ന റെക്കോഡും സെറീന സ്വന്തമാക്കി. ചെക് റിപ്പബ്ലിക്കിന്റെ മാര്‍ട്ടീന നവരത്ലോവയുടെ 306 മത്സരവിജയമെന്ന റെക്കോഡാണ് സെറീന മറികടന്നത്.
 • യു.എസ്.ഓപ്പണിന്റെ മൂന്നാം റൗണ്ടില്‍ സ്വീഡന്റെ ജൊപാന ലാര്‍സനെ തോല്‍പ്പിച്ചാണ് സെറീന കരിയറിലെ 307-ാമത്തെ വിജയം സ്വന്തമാക്കിയത്.

 

ഫിഫ ബാലണ്‍ദ്യോര്‍ പുരസ്‌കാരം ഇനിയില്ല

ballondor

 • ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോളര്‍ക്ക് ഫിഫയും ബാലണ്‍ദ്യോറും സംയുക്തമായി നല്‍കി വന്നിരുന്ന ഫിഫ ബാലണ്‍ദ്യോര്‍ പുരസ്‌കാരം ഇനിയുണ്ടാകില്ല. ഫിഫയും ഫ്രാന്‍സ് ഫുട്ബോളും തമ്മില്‍ പിരിഞ്ഞതാണ് പുരസ്‌കാരം നല്‍കാത്തതിനുള്ള കാരണം.
 • പകരം പഴയപോലെ ഫിഫയുടെ അവാര്‍ഡും ഫ്രഞ്ച് പ്രസിദ്ധീകരണമായ ഫ്രാന്‍സ് ഫുട്ബോള്‍ നല്‍കുന്ന പുരസ്‌കാരവും വെവ്വേറെ നല്‍കും.
 • ഫ്രാന്‍സ് ഫുട്ബോള്‍ എന്ന പ്രസിദ്ധീകരണം 1956 മുതല്‍ യൂറോപ്പിലെ മികച്ച താരത്തിന് നല്‍കിവരുന്ന പുരസ്‌കാരമായിരുന്നു ബാലണ്‍ദ്യോര്‍.
 • അന്താരാഷ്ട്ര ഫുട്ബോള്‍ സംഘടനയായ ഫിഫ ലോകത്തിലെ മികച്ച താരത്തിന് വേള്‍ഡ് പ്ലെയര്‍ ദ ഇയര്‍ അവാര്‍ഡ് ഏര്‍പ്പെടുത്തിയത് 1991-ലും. 2010 മുതല്‍ക്കാണ് ഈ രണ്ടു പുരസ്‌കാരങ്ങളും ലയിപ്പിച്ച് ഫിഫ ബാലണ്‍ദ്യോര്‍ പുരസ്‌കാരമാക്കിയത്.
 • ആദ്യമായി പുരസ്‌കാരം കരസ്ഥമാക്കിയത് അര്‍ജന്റീനയുടെ ലയണല്‍ മെസ്സി ആയിരുന്നു. മെസ്സിക്ക് പുറമെ പോര്‍ച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാത്രമാണ് ഈ പുരസ്‌കാരം നേടിയിട്ടുള്ളത്.

 

ചെഫറിന്‍ യുവേഫ പ്രസിഡന്റ്

Aleksander Ceferin

 • യൂറോപ്യന്‍ ഫുട്ബോള്‍ സംഘടനയായ യുവേഫയുടെ പ്രസിഡന്റായി അലക്സാന്‍ഡര്‍ ചെഫറിന്‍ തിരഞ്ഞെടുക്കപ്പെട്ടു.
 • സെപ്റ്റംബർ 15-ന് ആതന്‍സില്‍ നടന്ന പ്രത്യേക തിരഞ്ഞെടുപ്പില്‍ ഡച്ച് എതിരാളി മിഖായേല്‍ വാന്‍ പ്രാഗിനെയാണ് ചെഫറിന്‍ തോല്പിച്ചത്. സ്ലോവേനിയന്‍ ഫുട്ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് കൂടിയായ ഇദ്ദേഹത്തിന് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റീനോയുടെ പിന്‍ബലമാണ് തുണയായത്.

 

അരുണാചലില്‍ കോണ്‍ഗ്രസിന് ഭരണം നഷ്ടമായി

congress

 • അരുണാചല്‍പ്രദേശില്‍ മുഖ്യമന്ത്രി പെമ ഖണ്ഡുവടക്കമുള്ള 43 കോണ്‍ഗ്രസ് എം.എല്‍.എ.മാര്‍ സെപ്റ്റംബർ 16-ന് പാര്‍ട്ടിവിട്ട് പീപ്പിള്‍സ് പാര്‍ട്ടി ഓഫ് അരുണാചല്‍പ്രദേശില്‍ (പി.പി.എ.) ചേര്‍ന്നു. ഇതോടെ കോണ്‍ഗ്രസിന് ഭരണം നഷ്ടമായി.
 • ആകെ 60 അംഗങ്ങളാണ് അരുണാചല്‍പ്രദേശ് നിയമസഭയിലുള്ളത്. മുന്‍ മുഖ്യമന്ത്രിയായിരുന്ന നബാം തുക്കി മാത്രമാണ് അവശേഷിക്കുന്ന കോണ്‍ഗ്രസ് എം.എല്‍.എ.
 • 2015 നവംബറില്‍ കോണ്‍ഗ്രസിലെ 21 എം.എല്‍.എമാര്‍  കാലിഖോ പൂളിന്റെ നേതൃത്വത്തില്‍ കൂറുമാറിയതിനെത്തുടര്‍ന്ന് കോണ്‍ഗ്രസിന് ഭരണം നഷ്ടപ്പെട്ടിരുന്നു. 2016 ജൂലായില്‍ സുപ്രീംകോടതി ഉത്തരവിലൂടെ കോണ്‍ഗ്രസ് ഭരണത്തില്‍ തിരിച്ചെത്തുകയായിരുന്നു.

 

മോര്‍മുഗാവോ

Gen-next guided missile destroyer Mormugao launched

 • അത്യാധുനിക സജ്ജീകരണങ്ങളടങ്ങിയ നാവികസേനയുടെ പുതിയ മിസൈല്‍വേധ യുദ്ധക്കപ്പല്‍ മോര്‍മുഗാവോ സെപ്റ്റംബർ 17-ന് നീറ്റിലിറക്കി.
 • വിശാഖപട്ടണം ശ്രേണിയിലുള്ള രാജ്യത്തിന്റെ രണ്ടാമത്തെ യുദ്ധക്കപ്പലാണിത്.
 • പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മിച്ച മോര്‍മുഗാവോയുടെ ഭാരം 7300 ടണ്‍ ആണ്. മണിക്കൂറില്‍ 30 നോട്ടിക്കല്‍ മൈല്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിവുള്ള ഈ കപ്പലില്‍ ഭൂതല-ഭൂതല, ഭൂതല-വ്യോമ മിസൈലുകളും സബ്മറൈന്‍ റോക്കറ്റ് ലോഞ്ചറുകളും വിന്യസിക്കാന്‍ കഴിയും.
 • 2020-24 വര്‍ഷങ്ങള്‍ക്കിടയില്‍ ഇതേ ശ്രേണിയില്‍പ്പെട്ട നാലു യുദ്ധക്കപ്പലുകള്‍കൂടി മസ്ഗാവ് ഡോക്കില്‍ നിന്നും പുറത്തുവരും.

 

പാരാലിമ്പിക്സില്‍ ഇന്ത്യയ്ക്ക് ചരിത്രനേട്ടം

Mariyappan Thangavelu

 • രണ്ടു സ്വര്‍ണം, ഒരു വെള്ളി. ഒരു വെങ്കലം, ഒരു ലോകറെക്കോഡ് പ്രകടനം തുടങ്ങിയ നേട്ടങ്ങളോടെ റിയോയിലെ പാരാലിമ്പിക്സില്‍ ഇന്ത്യ ചരിത്രംകുറിച്ചു.
 • പുരുഷന്മാരുടെ ഹൈജമ്പില്‍ മാരിയപ്പന്‍ തങ്കവേലുവാണ് ആദ്യസ്വര്‍ണം നേടിയത്. ഇതേയിനത്തില്‍ ഇന്ത്യയുടെതന്നെ വരുണ്‍ സിങ് ഭാട്ടി വെങ്കലം നേടി. 1.89 മീറ്റര്‍ പിന്നിട്ടാണ് മാരിയപ്പന്‍ ഒന്നാമതെത്തിയത്.
 • പാരാലിമ്പിക്സില്‍ സ്വര്‍ണം നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമാണ് മാരിയപ്പന്‍.
 • 1972-ല്‍ നീന്തലില്‍ മുരളീകാന്ത് പേട്കറിന് ലഭിച്ച സ്വര്‍ണമാണ് ഇന്ത്യയുടെ ആദ്യ നേട്ടം.
 • ജാവലിന്‍ ത്രോയില്‍ എഫ് 46 വിഭാഗത്തില്‍ ഇന്ത്യയുടെ ദേവേന്ദ്ര ജജാരിയ ലോകറെക്കോഡോടെ സ്വര്‍ണം നേടി. ഇടതുകൈയില്ലാത്ത ജജാരിയ 63.97 മീറ്റര്‍ ദൂരത്തേക്ക് ജാവലിന്‍ എറിഞ്ഞാണ് അംഗപരിമിതര്‍ക്കുള്ള പാരാലിമ്പിക്സില്‍ തന്റെ രണ്ടാംസ്വര്‍ണം തികച്ചത്. 2004-ലെ ആതന്‍സ് പാരാലിമ്പിക്സിലായിരുന്നു ജജാരിയയുടെ ആദ്യ സ്വര്‍ണം.
 • വനിതകളുടെ എഫ് 53 വിഭാഗം ഷോട്പുട്ടില്‍ ദീപാമാലിക് വെള്ളി നേടി.

 

ഉറി സൈനിക ക്യാമ്പില്‍ ഭീകരാക്രമണം 19 ജവാന്മാര്‍ക്ക് വീരമൃത്യു

Uri Attack

 • സെപ്റ്റംബർ 18-ന് പുലര്‍ച്ചെ വടക്കന്‍ കശ്മീരിലെ ഉറി സൈനികക്യാമ്പില്‍ നുഴഞ്ഞുകയറിയ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 19 ജവാന്‍മാര്‍ കൊല്ലപ്പെട്ടു. 20 പേര്‍ക്ക് പരിക്കേറ്റു.  
 • പാകിസ്താനും ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദുമാണ് ആക്രമണത്തിനു പിന്നില്‍.
 • ആക്രമണം നടത്തിയ നാലു ഭീകരരെ ഇന്ത്യന്‍ സൈന്യം വധിച്ചു. ഉറി നഗരത്തില്‍ സൈന്യത്തിന്റെ 12-ബ്രിഗേഡ് ആസ്ഥാനത്തിന് മീറ്ററുകള്‍ അകലെയുള്ള ഭരണകാര്യ ക്യാമ്പിനു നേരെയായിരുന്നു ആക്രമണം.
 • ക്യാമ്പില്‍ വിശ്രമിക്കുകയായിരുന്ന ജവാന്മാരുടെ കൂടാരങ്ങള്‍ക്കെതിരെ ഭീകരര്‍ ഗ്രനേഡുകള്‍ എറിയുകയായിരുന്നു.

 

റഷ്യയില്‍ പുതിന്റെ പാര്‍ട്ടിക്ക് വന്‍വിജയം

russia

 • റഷ്യന്‍ പാര്‍ലമെന്റിന്റെ അധോസഭയിലേക്കുള്ള (ഡ്യൂമ) തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് വഌദിമിര്‍ പുതിന്റെ യുണൈറ്റഡ് റഷ്യ പാര്‍ട്ടിക്ക് വന്‍ ഭൂരിപക്ഷം.
 • 450 സീറ്റുകളുള്ള ഡ്യൂമ സഭയില്‍ 343 സീറ്റുകളിലോളം പാര്‍ട്ടി ജയിച്ചു. ഇതോടെ 2018-ല്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായി നാലാമതും പുതിന്‍ പ്രധാനമന്ത്രിയാകാനുള്ള സാധ്യതയേറി.
 • പ്രധാന പ്രതിപക്ഷപാര്‍ട്ടികളായ റഷ്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് 42 സീറ്റും ലിബറല്‍ ഡെമോക്രാറ്റിക്ക് പാര്‍ട്ടിക്ക് 39 സീറ്റുമാണ് ലഭിച്ചത്.

 

ജുനൈദ് അഹമ്മദ് ലോകബാങ്കിന്റെ ഇന്ത്യന്‍ മേധാവി

World Bank

 • ലോകബാങ്കിന്റെ ഇന്ത്യന്‍ മേധാവിയായി ബംഗ്ലാദേശ് പൗരനായ ജുനൈദ് അഹമ്മദ് സപ്തംബര്‍ 20-ന് ചുമതലയേറ്റു.
 • ഇദ്ദേഹം 1991-ലാണ് ലോകബാങ്കില്‍ ഉദ്യോഗസ്ഥനാകുന്നത്. പിന്നീട് ലോകബാങ്കിന്റെ കിഴക്കന്‍ യുറോപ്പ്-ആഫ്രിക്ക-അടിസ്ഥാനസൗകര്യ വികസനശാഖയിലും സേവനമനുഷ്ഠിച്ചു.
 • ഡച്ചുകാരനായ ഓനോ റൂള്‍ ആയിരുന്നു ഇതിനു മുന്‍പ് ലോകബാങ്കിന്റെ ഇന്ത്യന്‍ മേധാവി.

 

കേരള ചീഫ് ജസ്റ്റിസ്

High Court

 • കേരള ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് മോഹന്‍ എം. ശാന്തനഗൗഡര്‍ സെപ്റ്റംബർ 22 ന് ചുമതലയേറ്റു.
 • 2016 ആഗസ്ത് 1 മുതല്‍ കേരള ഹൈക്കോടതിയുടെ ആക്ടിങ് ചീഫ് ജസ്റ്റിസായി പ്രവര്‍ത്തിച്ചുവരികയായിരുന്നു.
 • 2004-മുതല്‍ കര്‍ണാടക ഹൈക്കോടതി ജഡ്ജിയായിരുന്നു.

 

'വിസാരണൈ'ക്ക് ഓസ്‌കാര്‍ നാമനിര്‍ദേശം

Visaranai

 • സിനിമാലോകത്തെ പരമോന്നത ബഹുമതിയായ ഓസ്‌കാര്‍ അവാര്‍ഡിന് വെട്രിമാരന്‍ സംവിധാനം ചെയ്ത തമിഴ് ചിത്രം വിസാരണൈ ഇന്ത്യയില്‍ നിന്നും നാമനിര്‍ദേശം ചെയ്യപ്പെട്ടു.
 • കേതന്‍ മേത്ത ജൂറി ചെയര്‍മാനായ 12 അംഗ സമിതിയാണ് ചിത്രം തിരഞ്ഞെടുത്തത്. വിദേശഭാഷാചിത്ര മത്സരത്തിലാണ് വിസാരണൈ മത്സരിക്കുക.
 • തമിഴ്നാട്ടില്‍ ഏറെ വിവാദം സൃഷ്ടിച്ച സിനിമ മികച്ച തമിഴ് ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം നേടിയിട്ടുണ്ട്. 2017 ഫിബ്രവരി 27-ന് ലോസ് ആഞ്ജലീസിലാണ് 89-ാമത് ഓസ്‌കര്‍ പുരസ്‌കാര പ്രഖ്യാപനം.

 

ബരാക്ക്-8 മിസൈല്‍ വിജയകരമായി പരീക്ഷിച്ചു

Barak-8 missile

 • ഇസ്രായേലുമായി ചേര്‍ന്ന് വികസിപ്പിച്ച ബരാക്ക്-8 എന്ന ബാലിസ്റ്റിക്ക് മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു.
 • സെപ്റ്റംബർ 20 ന് രാവിലെ 10.13 ന് ചാന്ദിപ്പൂരിലുള്ള വിക്ഷേപണത്തറയില്‍ നിന്നായിരുന്നു കരയില്‍ നിന്നും ആകാശത്തേക്ക് തൊടുക്കാവുന്ന മിസൈലിന്റെ പരീക്ഷണം.
 • മള്‍ട്ടി ഫങ്ഷണല്‍ സര്‍വൈലന്‍സ് ആന്‍ഡ് ത്രെട്ട് അലര്‍ട്ട് റഡാര്‍ (എം.എഫ്.സ്റ്റാര്‍) എന്ന സംവിധാനമാണ് മിസൈലിന്റെ സവിശേഷത. തൊടുത്തുകഴിഞ്ഞാല്‍ നിയന്ത്രണ വിധേയമായി പ്രവര്‍ത്തിക്കാനും നിര്‍ദേശങ്ങള്‍ സ്വീകരിക്കാനും ഇതുവഴി കഴിയും.
 • 2.7 ടണ്‍ ഭാരവും 4.5 മീറ്റര്‍ നീളവുമുള്ള ബരാക്കിന് 70-90 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാനാകും.
 • മണിക്കൂറില്‍ 1225 കിലോമീറ്ററാണ് പരമാവധി വേഗം.
 • ഇന്ത്യന്‍ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡി.ആര്‍.ഡി.ഒ (ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്മെന്റ് ഓര്‍ഗനൈസേഷന്‍)യും ഇസ്രായേല്‍ എയ്റോസ്‌പേസ് ഇന്‍ഡസ്ട്രീസും സംയുക്തമായാണ് മിസൈല്‍ വികസിപ്പിച്ചത്.

 

 

സൂപ്പര്‍ ബഗ്

Spread of superbugs a growing threat

 • ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കാന്‍ ശേഷിയുള്ള സൂപ്പര്‍ ബഗ് അണുക്കളെ ലോകാരോഗ്യത്തിന് കടുത്ത വെല്ലുവിളിയായി ഐക്യരാഷ്ട്ര സഭ സെപ്റ്റംബർ 21 ന് പ്രഖ്യാപിച്ചു.
 • പൊതുസഭയില്‍ നടന്ന ചര്‍ച്ചയ്ക്ക് ശേഷം സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണാണ് പ്രഖ്യാപനം നടത്തിയത്.
 • ബാക്ടീരിയകള്‍ പോലുള്ള സൂക്ഷ്മാണുക്കള്‍ വലിയ തോതില്‍ പുനരുത്പാദനം നടത്തുകയും ഇടക്കിടെ ഉത്പരിവര്‍ത്തനത്തിന്( ഡി.എന്‍.എ യിലുണ്ടാകുന്ന മാറ്റം) വിധേയമാവുകയും ചെയ്യുന്നതിലൂടെയാണ് ഇവയുടെ വ്യാപനം. ഇത്തരമൊരു സാധ്യതയെക്കുറിച്ച് ആദ്യ മുന്നറിയിപ്പ് നല്‍കിയത് ആദ്യ ആന്റി ബയോട്ടിക്കായ പെനിന്‍സിലിന്‍ കണ്ടുപിടിച്ച അലക്സാണ്ടര്‍ ഫ്‌ളെമിങ് ആണ്.

 

ലോക് കല്യാണ്‍ മാര്‍ഗ്

റെയ്‌സ് കോഴ്‌സ് റോഡ് ഇനി ലോക് കല്യാണ്‍ മാര്‍ഗ്

 • ന്യൂഡല്‍ഹിയിലുള്ള ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗികവസതി സ്ഥിതിചെയ്യുന്ന റേസ് കോഴ്സ് റോഡിന്റെ പേര് ലോക് കല്യാണ്‍ മാര്‍ഗ് എന്നാക്കി.
 • ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അധ്യക്ഷതയില്‍ സെപ്റ്റംബർ 21-ന് ചേര്‍ന്ന ന്യൂഡല്‍ഹി മുനിസിപ്പല്‍ കൗണ്‍സില്‍ യോഗമാണ് പുതിയ പേര് പ്രഖ്യാപിച്ചത്. ഇതോടെ ല്യൂട്ടന്‍സ് ഡല്‍ഹിയുടെ ബിംബങ്ങളിലൊന്നായിരുന്ന റേസ്‌കോഴ്സ് റോഡ് ചരിത്രമായി. 1940-ല്‍ ബ്രീട്ടീഷുകാര്‍ സ്ഥാപിച്ച ഡല്‍ഹി റേസ് ക്ലബ്ബിന്റെ ഉടമസ്ഥതയിലുള്ളതാണ് ഡല്‍ഹി റേസ് റോഡ്.
 • പാര്‍ലമെന്റ് കോംപ്ലക്സിന് ചേര്‍ന്നുള്ള ഗുരുദ്വാര രകബ്ഗഞ്ച് റൗണ്ടിന്റെ പേര് ഗുരു ഗോബിന്ദ് സിങ് ചൗക്ക് എന്നാക്കാനും തീരുമാനിച്ചു.

 

ഏറ്റവും വലിയ ദൂരദര്‍ശിനി ചൈനയില്‍

Five hundred meter Aperture Spherical Telescope

 • അന്യഗ്രഹ ജീവികളെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ ലോകത്തിലെ ഏറ്റവും വലിയ റേഡിയോ ദൂരദര്‍ശിനി തെക്കന്‍ ചൈനയില്‍ പ്രവര്‍ത്തനമാരംഭിച്ചു.
 • ഫാസ്റ്റ് (ഫൈവ് ഹണ്‍ഡ്രഡ് മീറ്റര്‍ അപ്പര്‍ച്ചര്‍ സ്‌പെറിക്കല്‍ റേഡിയോ) എന്നറിയപ്പെടുന്ന റേഡിയോ ദൂരദര്‍ശിനിയുടെ ആസ്ഥാനം ഗൈഷൂവിലെ പിതാങ് മലനിരകളാണ്.
 • പ്യൂര്‍ട്ടോറിക്കയിലെ അരീസിബോ വാനനിരീക്ഷണ കേന്ദ്രത്തിലെ ദൂരദര്‍ശിനിയെ പിന്തള്ളിയാണ് ചൈന ഈ നേട്ടം കരസ്ഥമാക്കിയത്. 30 ഫുട്ബോള്‍ മൈതാനങ്ങളേക്കാള്‍ വലിയ റിഫ്‌ളക്ടറാണ് ഫാസ്റ്റിനുള്ളത്.

 

യൂറോപ്പയില്‍ ജലം

Europa

 • സൗരയൂഥത്തില്‍ ഭൂമിക്ക് വെളിയില്‍ ജീവന് ഏറ്റവുമധികം സാധ്യത കല്‍പ്പിക്കപ്പെടുന്ന വ്യാഴത്തിന്റെ ഉപഗ്രഹമായ യൂറോപ്പയില്‍ ദ്രാവകരൂപത്തില്‍ ജലമുള്ളതായി അമേരിക്കന്‍ ബഹിരാകാശ സംഘടനയായ നാസ സെപ്റ്റംബർ 26 ന് സ്ഥിരീകരിച്ചു.
 • ഹബിള്‍ ബഹിരാകാശ ദൂരദര്‍ശിനിയില്‍ നിന്നും ലഭിച്ച ചിത്രങ്ങള്‍ വിശകലനം ചെയ്താണ് നാസ ഗവേഷകര്‍ ജലസാന്നിധ്യമുണ്ടെന്ന നിഗമനത്തില്‍ എത്തിച്ചേര്‍ന്നത്.

 

 

ഐ.എസ്.ആര്‍.ഒയ്ക്ക് ചരിത്ര് നേട്ടം

ISRO

 • ഒറ്റ വിക്ഷേപണത്തില്‍ ഉപഗ്രഹങ്ങളെ രണ്ട് വ്യത്യസ്ത ഭ്രമണപഥങ്ങളില്‍ എത്തിച്ച് ഐ.എസ്.ആര്‍.ഒ. പുതിയ ചരിത്രം കുറിച്ചു.
 • ഇന്ത്യയുടെ കാലാവസ്ഥാ ഉപഗ്രഹമായ സ്‌കാറ്റ്സാറ്റ് 1 ഉള്‍പ്പെടെ എട്ട് ഉപഗ്രഹങ്ങളെ രണ്ട് വ്യത്യസ്ത ഭ്രമണപഥത്തില്‍ എത്തിച്ചാണ് പി.എസ്.എല്‍.വി-35 ഈ നേട്ടം കൈവരിച്ചത്.
 • സെപ്റ്റംബർ 26 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ വിക്ഷേപണ കേന്ദ്രത്തില്‍ നിന്നും രാവിലെ 9.12 നായിരുന്നു വിക്ഷേപണം.
 • വിക്ഷേപിച്ച് 17 മിനുട്ട് കഴിഞ്ഞ് സ്‌കാറ്റ്സാറ്റിനെ 730 കിലോമിറ്റര്‍ അകലെയുള്ള ഭ്രമണപഥത്തില്‍ പി.എസ്.എല്‍.വി-35 എത്തിച്ചു. പിന്നീട് അവിടെനിന്നും 639 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തില്‍ രാവിലെ 11.25 ന് ബാക്കി ഏഴ് ഉപഗ്രഹങ്ങളെയും എത്തിച്ചതോടെ പരീക്ഷണം പൂര്‍ണ വിജയമാകുകയായിരുന്നു.
 • ഐ.എസ്.ആര്‍.ഒ.യുടെ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ വിക്ഷേപണമാണിത്.
 • അള്‍ജീരിയയുടെ അള്‍സാറ്റ്-1ബി,അള്‍സാറ്റ്-2ബി,കാനഡയുടെ എന്‍.എല്‍.എ.എസ്-19,അമേരിക്കയുടെ പാത്ത്ഫൈന്‍ഡര്‍-1 തുടങ്ങിയ നാല് ഉപഗ്രഹങ്ങളും ഐ.ഐ.ടി. മുംബൈ,ബെംഗളൂരു പെസ് സര്‍വകലാശാല എന്നിവയുടെ ചെറു ഉപഗ്രഹങ്ങളുമാണ് ദൗത്യത്തിലെ മറ്റ് ഉപഗ്രഹങ്ങള്‍.

 

 

ജോര്‍ദാനില്‍ ഹാനി അല്‍ മുല്‍കി പ്രധാനമന്ത്രി

Hani al-Mulki

 • പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലെ വിജയത്തെത്തുടര്‍ന്ന് ഇടക്കാല പ്രധാനമന്ത്രിയായിരുന്ന ഹാനി അല്‍ മുല്‍കിയെ ജോര്‍ദാന്‍ രാജാവ് അബ്ദുള്ള രണ്ടാമന്‍ പുതിയ പ്രധാനമന്ത്രിയായി അവരോധിക്കുകയും സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തു.
 • മുന്‍ പ്രധാനമന്ത്രി അബ്ദുള്ള എന്‍സോറന്റെ രാജിയെത്തുടര്‍ന്നാണ് സെപ്റ്റംബർ26 ന് ഹാനി അല്‍ മുല്‍കി പ്രധാനമന്ത്രിയായി ചുമതലയേറ്റത്.

 

500-ാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് വിജയം

Kanpur test

 • സെപ്റ്റംബർ 23 മുതല്‍ 27 വരെ നടന്ന ഇന്ത്യയുടെ 500-ാമത് ടെസ്റ്റ് ക്രിക്കറ്റ് മത്സരത്തില്‍ ഇന്ത്യയ്ക്ക് ജയം.
 • കാണ്‍പൂരിലെ ഗ്രീന്‍ പാര്‍ക്ക് സ്റ്റേഡിയത്തില്‍ നടന്ന ഒന്നാം ടെസ്റ്റിലാണ് ഇന്ത്യ ന്യൂസിലന്‍ഡിനെ 197 റണ്‍സിന് പരാജയപ്പെടുത്തിയത്.
 • ഇന്ത്യയുടെ രവീന്ദ്ര ജഡേജയാണ് കളിയിലെ താരം.

 

റെയില്‍വേയ്ക്ക് പ്രത്യേക ബജറ്റില്ല

rail

 • ഇന്ത്യയില്‍ ഇനിമുതല്‍ റെയില്‍വേക്കായി പ്രത്യേക ബജറ്റ് ഉണ്ടാവില്ല.
 • പൊതുബജറ്റിനൊപ്പം റെയില്‍വേയുടെ നിര്‍ദേശങ്ങളും ഉള്‍പ്പെടുത്തി ധനമന്ത്രി ഒറ്റ ബജറ്റ് അവതരിപ്പിക്കും. സെപ്റ്റംബർ 21-ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം.
 • റെയില്‍വേ ബജറ്റ് അവതരണം 1924-ലാണ് ആദ്യമായി തുടങ്ങിയത്. തുടക്കത്തില്‍ മറ്റു ബജറ്റുകളെക്കാളും കൂടുതലായിരുന്നു റെയില്‍വേയുടെ മൊത്തം അടങ്കല്‍.

 

ഇന്ത്യയുടെ സര്‍ജിക്കല്‍ അറ്റാക്ക്

strike

 • ഉറിയില്‍ സെപ്റ്റംബർ 18-ന് 19 ജവാന്മാരെ വധിച്ച ഭീകരാക്രമണത്തിന് ഇന്ത്യന്‍ സൈന്യം തിരിച്ചടി നല്‍കി.
 • സെപ്റ്റംബർ 29-ന് പാക് അധീന കശ്മീരിലെ ഭീകര താവളങ്ങളില്‍ നിയന്ത്രണരേഖ മറികടന്ന് ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നലാക്രമണത്തില്‍ (സര്‍ജിക്കല്‍ അറ്റാക്ക്) 38 ഭീകരരെ വധിച്ചു. രണ്ട് പാക് സൈനികരും കൊല്ലപ്പെട്ടു.
 • 250 ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവില്‍ നടത്തിയ ആക്രമണത്തിന് നേതൃത്വം നല്‍കിയത് മിലിട്ടറി ഓപ്പറേഷന്‍ ഡയറക്ടര്‍ ജനറല്‍ ലഫ്. ജനറല്‍ രണ്‍ബീര്‍ സിങ്ങാണ്.
 • ഭീംബേര്‍, ഹോട്ട് സ്പ്രിങ്, കേല്‍, ലിപ തുടങ്ങിയ ഇടങ്ങളിലെ ഏഴ് ഭീകര താവളങ്ങളിലാണ് ഇന്ത്യ ആക്രമണം നടത്തിയത്. ഇതോടെ പരിശീലനം നേടിയ ഭീകരരെ ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് കടത്തിവിടാനായുള്ള കേന്ദ്രങ്ങള്‍ (ടെറര്‍ ലോഞ്ച് പാഡ്) പൂര്‍ണമായും നശിച്ചു.

 

റോസറ്റ ദൗത്യം അവസാനിപ്പിച്ചു

Rosetta mission

 • കഴിഞ്ഞ 12 വര്‍ഷമായി ബഹിരാകാശ ഗവേഷണങ്ങള്‍ക്ക് മുതല്‍കൂട്ടായിരുന്ന റോസറ്റ ദൗത്യമവസാനിപ്പിച്ചു.
 • ഭൂമിക്ക് 600 കോടി കിലോമീറ്ററുകള്‍ക്കപ്പുറം 67 പി/ ചുര്യമോവ് ഗെരസിമെങ്കോ എന്ന ധൂമകേതുവിനെ പിന്തുടര്‍ന്ന് രഹസ്യങ്ങള്‍ ശേഖരിക്കുക എന്നതായിരുന്നു യൂറോപ്യന്‍ സ്പേസ് ഏജന്‍സി അയച്ച റോസറ്റയുടെ ലക്ഷ്യം.
 • 2014-ലാണ് റോസറ്റയുടെ നിരീക്ഷണ റോബോട്ടായ ഫിലെ ധൂമകേതുവിന്റെ ഉപരിതലത്തില്‍ ഇറങ്ങിയത്. നിയന്ത്രിത വേഗത്തില്‍ ധൂമകേതുവില്‍ ഇടിച്ചിറങ്ങുക എന്നതായിരുന്നു അവസാന ദൗത്യം. ഇതിനു തൊട്ടുമുന്‍പുള്ള വിവരങ്ങളും ഭൂമിയിലേക്കയച്ചാണ് റോസറ്റ ഓര്‍മയായത്.

 

റാഫേല്‍ കരാറില്‍ ഒപ്പുവച്ചു

rafale

 • ഇന്ത്യന്‍ വ്യോമസേനയ്ക്കുവേണ്ടി 36 റാഫേല്‍ യുദ്ധ വിമാനങ്ങള്‍ വാങ്ങുന്നതിനുള്ള കരാറില്‍ ഇന്ത്യയും ഫ്രാന്‍സും ഒപ്പുവച്ചു. 59000 കോടി രൂപയുടേതാണ് കരാര്‍. ഇന്ത്യന്‍ പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറും ഫ്രഞ്ച് പ്രതിരോധ മന്ത്രി ഴാങ് യ്വേസ് ലെ ഡ്രിയനുമാണ് കരാറില്‍ ഒപ്പുവച്ചത്. 16 മാസം മുമ്പ് പ്രധാന മന്ത്രി നരേന്ദ്ര മോദി ഫ്രാന്‍സ് സന്ദര്‍ശ്ശിച്ചപ്പോഴാണ് ഇത് സംബന്ധിച്ച് തീരുമാനമുണ്ടായത്.


വിയോഗം

കരിമോവ്

islam karimov

 • ഉസ്ബക്കിസ്താന്‍ പ്രസിഡന്റ് ഇസ്ലാം കരിമോവ് സെപ്റ്റംബർ 2-ന് അന്തരിച്ചു.
 • 1989ല്‍ അധികാരത്തിലെത്തിയ കരിമോവ് ഏകാധിപത്യരീതിയിലായിരുന്നു ഭരണം നിര്‍വഹിച്ചിരുന്നത്.

ഷിമോണ്‍ പെരസ്

shimon peres

 • ഇസ്രായേല്‍ മുന്‍ പ്രസിഡന്റും സമാധാനത്തിനുള്ള നൊബേല്‍ സമ്മാന ജേതാവുമായ ഷിമോണ്‍ പെരസ് (93) സെപ്റ്റംബർ 28-ന് അന്തരിച്ചു.
 • രണ്ടുതവണ ഇസ്രായേലിന്റെ പ്രധാനമന്ത്രിയായും 2007 മുതല്‍ 2014 വരെയുള്ള കാലഘട്ടത്തില്‍ പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
 • പലസ്തീന് സ്വതന്ത്രപദവി നല്‍കുന്ന ഓസ്ലോ ഉടമ്പടിക്കായി പ്രവര്‍ത്തിച്ചതിന് അന്നത്തെ ഇസ്രായേല്‍ പ്രധാനമന്ത്രി ഇസ്ഹാക് റബീന്‍, പലസ്തീന്‍ നേതാവ് യാസര്‍ അറാഫത്ത് എന്നിവരോടൊപ്പം 1994-ലാണ് ഇദ്ദേഹത്തിന് നൊബേല്‍ ലഭിച്ചത്.