2016 ഓഗസ്റ്റിലെ പ്രധാനസംഭവങ്ങള്‍ 

ആനന്ദിബെന്‍ പട്ടേല്‍ രാജിവെച്ചു

anandiben patel

 • ആനന്ദിബെന്‍ പട്ടേല്‍ ഗുജറാത്ത് മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് ആഗസ്ത് 1-ന് രാജിവെച്ചു. 
 • ഗുജറാത്തിന്റെ ആദ്യ വനിതാമുഖ്യമന്ത്രിയായിരുന്നു ആനന്ദിബെന്‍. 

 

 

സ്വാതിപുരസ്‌കാരം

 • സ്വാതി തിരുനാള്‍ മഹാരാജാവിന്റെ സ്മരണയ്ക്കായി സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സ്വാതി സംഗീതപുരസ്‌കാരം കര്‍ണാടകസംഗീതജ്ഞന്‍ മങ്ങാട് കെ. നടേശന് ലഭിച്ചു. 
 • 2015-ലെ പുരസ്‌കാരമാണ് 2016 ആഗസ്ത് മൂന്നിന് പ്രഖ്യാപിച്ചത്. ഒരുലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.

 

പ്രചണ്ഡ നേപ്പാള്‍ പ്രധാനമന്ത്രി

prachanda

 • നേപ്പാളിന്റെ പുതിയ പ്രധാനമന്ത്രിയായി പുഷ്പകമല്‍ ദഹലിനെ  (പ്രചണ്ഡ എന്നറിയപ്പെടുന്നു)  ആഗസ്ത് മൂന്നിന് നേപ്പാള്‍ പാര്‍ലമെന്റ് തിരഞ്ഞെടുത്തു. -കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍ (മാവോയിസ്റ്റ് സെന്റര്‍) പ്രസിഡന്റായ പ്രചണ്ഡ രണ്ടാംതവണയാണ് നേപ്പാള്‍ പ്രധാനമന്ത്രിയാവുന്നത്. 
 • നേപ്പാളിന്റെ 39-ാമത് പ്രധാനമന്ത്രിയാണ് പ്രചണ്ഡ.

 

വിജയ് രൂപാണി ഗുജറാത്ത് മുഖ്യമന്ത്രി

vijay roopani

 • ഗുജറാത്ത് മുഖ്യമന്ത്രിയായി ബി.ജെ.പി. യുടെ വിജയ് രൂപാണി ആഗസ്ത് 7-ന് സത്യപ്രതിജ്ഞ ചെയ്തു. 
 • നിതിന്‍ പട്ടേലാണ് ഉപമുഖ്യമന്ത്രി. ആനന്ദിബെന്‍ പട്ടേല്‍ രാജിവെച്ച ഒഴിവിലാണ് പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുത്തത്.

 

കേരള കോണ്‍ഗ്രസ് (എം) യു.ഡി.എഫ്. വിട്ടു 

kerala congress

 • കേരള കോണ്‍ഗ്രസ് (എം) 34 വര്‍ഷത്തെ യു.ഡി.എഫ്. ബന്ധം വിട്ട് നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കാന്‍ തീരുമാനിച്ചു. 
 • പത്തനംതിട്ടയിലെ ചരല്‍ക്കുന്നില്‍ നടന്ന നേതൃയോഗത്തില്‍ ആഗസ്ത് 7-നായിരുന്നു തീരുമാനം പ്രഖ്യാപിച്ചത്. 1982 മുതല്‍ യു.ഡി.എഫിന്റെ ഭാഗമായി തുടരുകയായിരുന്നു. 

 

രാഷ്ട്രീയ പരിണാമത്തിന്റെ 60 വര്‍ഷം / Special Page / Read More......

 

 

ഞെട്ടിച്ച രണ്ട് കവര്‍ച്ചകള്‍

robbery

 • സേലം ചെന്നൈ എക്‌സ്പ്രസ്സില്‍ ബോഗിയുടെ മുകള്‍ഭാഗം തുരന്ന് 5.75 കോടി രൂപ കവര്‍ന്നു. റിസര്‍വ് ബാങ്ക് വിവിധ ബാങ്കുകളില്‍നിന്നായി ശേഖരിച്ച പഴകിയതും 2005-നുമുമ്പ് അച്ചടിച്ചതുമായ നോട്ടുകള്‍ കൊണ്ടുവന്ന തീവണ്ടിയാണ് ആഗസ്ത് 8-ന് രാത്രി കവര്‍ച്ചയ്ക്കിരയായത്. 
 • 342 കോടി രൂപയാണ് ബോഗിയിലുണ്ടായിരുന്നത്. ഈ നോട്ടുകള്‍ ചെന്നൈയിലെത്തിച്ച് നശിപ്പിക്കാനായി കൊണ്ടുവരുകയായിരുന്നു. 

hi-tech robbery

 • എ.ടി.എം. കൗണ്ടറില്‍ ക്യാമറ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ ഘടിപ്പിച്ച് ഇടപാടുകാരുടെ പാസ് വേര്‍ഡും കാര്‍ഡ് വിവരങ്ങളും ചോര്‍ത്തിയുള്ള ഹൈടെക്ക് കവര്‍ച്ച യും ആഗസ്ത് 8-ന് പുറത്തായി. 
 • തിരുവനന്തപുരത്തെ ഏതാനും എ.ടി.എമ്മുകളില്‍ രഹസ്യ ഉപകരണങ്ങള്‍ ഘടിപ്പിച്ച് വിവരങ്ങള്‍ ചോര്‍ത്തിയവര്‍ മുംബൈയിലെ വര്‍ളിയില്‍നിന്ന് വ്യാജ കാര്‍ഡുപയോഗിച്ച് പണം പിന്‍വലിച്ചതായാണ് കണ്ടെത്തിയത്. 

 

ഇറോം ശര്‍മിള

irom sharmila

 • മണിപ്പൂരിന്റെ ഉരുക്കുവനിതയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇറോം ചാനു ശര്‍മിള (44) 16 വര്‍ഷത്തോളമായി തുടരുന്ന നിരാഹാരസമരം അവസാനിപ്പിച്ചു. 
 • സൈന്യത്തിന് പ്രത്യേക അധികാരം നല്‍കുന്ന അഫ്സ്പ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് 2000 മുതല്‍ ശര്‍മിള നിരാഹാരം നടത്തിയത്. 
 • 2016 ആഗസ്ത് ഒന്‍പതിന് നിരാഹാരം അവസാനിപ്പിക്കുമെന്ന് ജൂലായ് 26-നാണ് ശര്‍മിള പ്രഖ്യാപിച്ചത്.
 • 2017-ല്‍ നടക്കുന്ന അസം നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്വതന്ത്രസ്ഥാനാര്‍ഥിയായി മത്സരിക്കാനൊരുങ്ങുകയാണ് ശര്‍മിള.

 

ചരക്കുസേവന നികുതി

GST

 • ഇന്ത്യയുടെ നികുതിസമ്പ്രദായത്തിലെ സുപ്രധാന ചുവടുവെപ്പായി ചരക്കുസേവന നികുതിയുടെ (Goods & Service Tax) വരവ്. 
 • ജി.എസ്.ടി. ഭേദഗതി ബില്‍ ആഗസ്തില്‍ ലോക്‌സഭ പാസ്സാക്കി. രാജ്യത്തെ ഏക വാണിജ്യകേന്ദ്രമായി മാറ്റുകയാണ് ജി.എസ്.ടിയുടെ ലക്ഷ്യം.
 • പ്രാഥമികമായി നികുതിവരുമാനം ഉയര്‍ത്താനും ചരക്കുകളുടെയും സേവനങ്ങളുടെയും കൈമാറ്റം സുഗമമാക്കാനും ജനങ്ങളുടെ നികുതിഭാരം കുറയ്ക്കാനും ജി.എസ്.ടിക്ക് സാധിക്കുമെന്നാണ് വിലയിരുത്തല്‍. 

ജി.എസ്.ടി. വരുന്നതോടെ പ്രധാനമായും മൂന്ന് നികുതികള്‍ ഉണ്ടാകും.

1. കേന്ദ്ര ജി.എസ്.ടി.
2. സംസ്ഥാന ജി.എസ്.ടി.
3. ഇന്റഗ്രേറ്റഡ് ജി.എസ്.ടി. (ഐ.ജി.എസ്.ടി.) 

 • കേന്ദ്ര ജി.എസ്.ടി.യും സംസ്ഥാന ജി.എസ്.ടി.യും സംസ്ഥാനങ്ങള്‍ക്കുള്ളില്‍ നടക്കുന്ന വിനിയമയങ്ങള്‍ക്കുള്ളതാണ്. 
 • സംസ്ഥാനാന്തര വ്യാപാരത്തിനുള്ള ഇന്റഗ്രേറ്റഡ് ചരക്കുസേവന നികുതി കേന്ദ്ര ജി.എസ്.ടിയും സംസ്ഥാന ജി.എസ്.ടിയും ചേര്‍ന്ന നികുതിയാണ്. -ഐ.ജി.എസ്.ടി. നല്‍കുന്നവര്‍ മറ്റുരണ്ട് ജി.എസ്.ടികള്‍ അടയ്‌ക്കേണ്ടതില്ല.
 • ജി.എസ്.ടി. പ്രാബല്യത്തില്‍ വന്നാലും വൈദ്യുതി, പെട്രോളിയം, മദ്യം എന്നിവയുടെ നികുതികള്‍ പഴയതുപോലെ തുടരും. ആദായനികുതി, ഭൂനികുതി, മോട്ടോര്‍വാഹനനികുതി തുടങ്ങി മറ്റുചില പ്രത്യക്ഷനികുതികളും നിലവിലുണ്ടാകും.
 • ഭരണഘടന അനുച്ഛേദം 279 (അ) പ്രകാരം രൂപവത്കരിക്കുന്ന ജി.എസ്.ടി. കൗണ്‍സില്‍ നികുതിയുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും കൈകാര്യം ചെയ്യും. കേന്ദ്രധനമന്ത്രി അധ്യക്ഷനായ ജി.എസ്.ടി. കൗണ്‍സിലില്‍ എല്ലാ സംസ്ഥാന ധനമന്ത്രിമാരും അംഗങ്ങളായിരിക്കും. 
 • കൗണ്‍സിലില്‍ കേന്ദ്രത്തെപ്പോലെ സംസ്ഥാനങ്ങള്‍ക്കും വീറ്റോ അധികാരമുണ്ടാകും. 
 • ജി.എസ്.ടി.യുടെ പ്രയോജനം ഏറ്റവുമധികം ലഭിക്കുക ഉപഭോക്തൃ സംസ്ഥാനങ്ങള്‍ക്കാണ്. ഇന്ത്യയിലെ ഏറ്റവും വലിയ ഉപഭോക്തൃ സംസ്ഥാനങ്ങളിലൊന്നാണ് കേരളം. 
 • കേരളത്തിന് 3,000 കോടി രൂപയുടെ അധികവരുമാനം ഉണ്ടാകുമെന്നാണ് ധനമന്ത്രി തോമസ് ഐസക് ചൂണ്ടിക്കാട്ടുന്നത്.  

ജി.എസ്‌.ടി: സാധാരണക്കാരന്‌ കാര്യമുണ്ടോ? / Read More....

 

ഹന്‍ഗപന്‍ ദാദയ്ക്ക് അശോകചക്ര നിരഞ്ജന് ശൗര്യചക്ര

 • സമാധാനകാലത്തെ പരമോന്നത സൈനികബഹുമതിയായ അശോകചക്ര 2016-ല്‍ ഹവില്‍ദാര്‍ ഹന്‍ഗപന്‍ ദാദയ്ക്ക്. 
 • വടക്കന്‍ കശ്മീരില്‍ നാലുഭീകരരെ 24 മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലിലൂടെ വധിക്കുകയും തുടര്‍ന്ന് ഭീകരരുടെ വെടിയേറ്റ് മരിക്കുകയും ചെയ്ത ധീരതയ്ക്കുള്ള ആദരവായാണ് ഈ ബഹുമതി. അരുണാചല്‍പ്രദേശിലെ ബോദുരിയ സ്വദേശിയാണ്.
niranjan
 ലഫ്. കേണല്‍ നിരഞ്ജന്‍ കുമാര്‍
 • പഠാന്‍കോട്ട് ഭീകരാക്രമണത്തിനിടെ വീരമൃത്യു വരിച്ച മലയാളി ലഫ്. കേണല്‍ നിരഞ്ജന്‍ കുമാറിനാണ് ശൗര്യ ചക്രം. 
 • എന്‍.എസ്.ജി. ബോംബ് നിര്‍വീര്യമാക്കല്‍ സ്‌ക്വാഡിലെ ഉദ്യോഗസ്ഥനായ നിരഞ്ജന്‍ പഠാന്‍കോട്ടില്‍ കൊല്ലപ്പെട്ട ഭീകരന്റെ മൃതശരീരം പരിശോധിക്കുന്നതിനിടെ ബോംബ് പൊട്ടിത്തെറിച്ച് കൊല്ലപ്പെടുകയായിരുന്നു. പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശിയാണ്.

 

 

അസം: ജി.എസ്.ടി. ബില്‍ അംഗീകരിച്ച ആദ്യസംസ്ഥാനം

gst

 • പാര്‍ലമെന്റ് പാസാക്കിയ ചരക്ക് സേവന നികുതി അസം നിയമസഭ ആഗസ്ത് 12-ന് അംഗീകരിച്ചു. ഈ ബില്‍ അംഗീകരിച്ച രാജ്യത്തെ ആദ്യ സംസ്ഥാനമാണ് അസം.
 • പാര്‍ലമെന്റ് പാസാക്കിയ ജി.എസ്.ടി. ബില്‍ നിയമമാക്കണമെങ്കില്‍ പകുതി നിയമസഭകളുടെയെങ്കിലും അംഗീകാരം വേണം.

 

 

ചൈനയിലെ വലിയ ചില്ലുപാലം

China Glass Bridge

 • നീളത്തിലും ഉയരത്തിലും ലോകത്ത് ഏറ്റവും മുന്നിലുള്ള ചില്ലുപാലം ചൈനയില്‍ ആഗസ്ത് 20-ന് വിനോദസഞ്ചാരികള്‍ക്ക് തുറന്നുകൊടുത്തു.
 • മധ്യചൈനയിലെ ഹുനാന്‍ പ്രവിശ്യയിലെ ഷാങ്ജിയാജിലുള്ള അവതാര്‍ കുന്നുകളിലാണ് പാലം. 
 • 430 മീറ്റര്‍ നീളവും 6 മീറ്റര്‍ വീതിയുമാണ് പാലത്തിനുള്ളത്. 300 മീറ്റര്‍ ഉയരത്തിലാണ് പാലം തൂങ്ങിക്കിടക്കുന്നത്. ഇസ്രായേലി ശില്പം ഹെയിം ഡോട്ടനാണ് പാലം രൂപകല്പനചെയ്തത്. 22.8 കോടി രൂപയോളമാണ് നിര്‍മാണച്ചെലവ്. 

 

റിയോയില്‍ ഇന്ത്യ നേടിയത്

Rio

 • മെഡല്‍ നിലയില്‍ അമേരിക്ക മുന്നില്‍. 46 സ്വര്‍ണം, 37 വെള്ളി, 38 വെങ്കലം. ആകെ 121 മെഡലുകള്‍
 • രണ്ടാം സ്ഥാനത്ത് ബ്രിട്ടണ്‍. 27 സ്വര്‍ണം, 23 വെള്ളി, 17 വെങ്കലം. ആകെ 67 മെഡലുകള്‍.
 • മൂന്നാം സ്ഥാനത്ത് ചൈന. 26 സ്വര്‍ണം, 18 വെള്ളി, 26 വെങ്കലം. ആകെ 70 മെഡലുകള്‍
 • അത്‌ലറ്റിക്‌സില്‍ ജമൈക്കയുടെ ഉസൈന്‍ ബോള്‍ട്ടിന് അപൂര്‍വ ട്രിപ്പിള്‍ ട്രിപ്പിള്‍. 100, 200, 4-400 മീറ്റിര്‍ റിലേ എന്നിവയില്‍ മൂന്ന് ഒളിമ്പിക്‌സിലും(ബെയ്ജിങ്, ലണ്ടന്‍, റിയോ) സ്വര്‍ണം
 • റിയോയില്‍ ഏറ്റവും കൂടുതല്‍ മെഡല്‍ നേടിയത് അമേരിക്കയുടെ നീന്തല്‍താരം മൈക്കല്‍ ഫെല്‍പ്‌സ്. അഞ്ച് സ്വര്‍ണവും ഒരു വെള്ളിയും.
 • റിയോ ഒളിമ്പിക്‌സിലെ വേഗമേറിയ താരങ്ങള്‍ ജമൈക്കയുടെ ഉസൈന്‍ ബോള്‍ട്ടും എലെയ്ന്‍ തോംപ്‌സണും.

 

ഒളിമ്പിക്‌സിലെ ഇന്ത്യന്‍ നേട്ടം

 • 2016 റിയോ ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം ഒരു വെള്ളിയിലും ഒരു വെങ്കലത്തിലും ഒതുങ്ങി
 • വനിതാ ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ ഹൈദരാബാദുകാരി പി.വി. സിന്ധു വെള്ളി മെഡല്‍ നേടി. ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരം കരോലിന മാരിനോടാണ് തോറ്റത്.
 • വനിതാ ഗുസ്തിയില്‍ ഹരിയാണക്കാരി സാക്ഷി മാലിക് വെങ്കല മെഡല്‍ സ്വന്തമാക്കി. 
 • വനിതാ ജിംനാസ്റ്റിക്‌സ് വോള്‍ട്ട് വിഭാഗത്തില്‍ ദിപ കര്‍മാര്‍ക്കര്‍ നാലാം സ്ഥാനത്തെത്തിയതും അത്‌ലറ്റിക്‌സില്‍ സ്റ്റിപ്പിള്‍ ചേസില്‍ ലളിതാ ബാബര്‍ ഫൈനലില്‍ കടന്നതും ഇന്ത്യയ്ക്ക് അഭിമാനമായി.

 

Rio 2016 / Special Page / Read More......

 

ഏറ്റവും വലിയ വിമാനം

airlander

 • നീളംകൊണ്ട് ലോകത്തിലെ ഏറ്റവും വലിയ വിമാനം എന്ന വിശേഷണം ബ്രിട്ടന്റെ എയര്‍ലാന്‍ഡര്‍ 10-ന്. 92 മീറ്ററാണ് ഇതിന്റെ നീളം. 43.5 മീറ്റര്‍ വീതിയുമുണ്ട്. 
 • മണിക്കൂറില്‍ 148 കിലോമീറ്ററാണ് വേഗം. സെന്‍ട്രല്‍ ഇംഗ്ലണ്ടിലെ കാര്‍ഡിങ്ടണില്‍നിന്ന് ആഗസ്ത് 18-നായിരുന്നു കന്നിപ്പറക്കല്‍. 
 • അഫ്ഗാനിസ്താനില്‍ സൈനികനിരീക്ഷണത്തിനായി യു.എസ്. കരസേനയാണ് എയര്‍ലാന്‍ഡര്‍ 10 വികസിപ്പിച്ചത്. 2013-ല്‍ പദ്ധതി ഉപേക്ഷിച്ചു. തുടര്‍ന്ന് ബ്രിട്ടനിലെ വ്യോമയാന കമ്പനിയായ ഹൈബ്രിഡ് എയര്‍വെഹിക്കിള്‍സ് പദ്ധതി ഏറ്റെടുക്കുകയായിരുന്നു.

 

നര്‍സിങ് യാദവിന് വിലക്ക്

narsingh yadav

 • ഉത്തേജകമരുന്ന് ഉപയോഗിച്ചെന്ന കണ്ടെത്തലിനെത്തുടര്‍ന്ന് ഇന്ത്യന്‍ ഗുസ്തി താരം നര്‍സിങ് യാദവിന് അന്താരാഷ്ട്ര കായികകോടതി നാലുവര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തി. 
 • 74 കിലോ ഗ്രാം ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ ഒളിമ്പിക്സില്‍ മത്സരിക്കാനിരിക്കുന്നതിനിടെയായിരുന്നു കോടതിയുടെ വിലക്ക് നിലവില്‍വന്നത്. 
 • ഉത്തേജകമരുന്ന് ബോധപൂര്‍വം ഉപയോഗിച്ചതല്ലെന്ന നര്‍സിങ്ങിന്റെ വാദം പരിഗണിച്ച് ദേശീയ ഉത്തേജകവിരുദ്ധ സമിതിയായ നാഡ (national antidoping agency) നര്‍സിങ്ങിനെ കുറ്റവിമുക്തനാക്കിയിരുന്നു. 
 • എന്നാല്‍ നാഡയുടെ തീരുമാനത്തിനെതിരെ വാഡ ( world antidoping agenct) അന്താരാഷ്ട്ര കായികകോടതിയെ (Court of Arbitration for Sport) സമീപിക്കുകയായിരുന്നു. ഇതിലാണ് നര്‍സിങ്ങിനെ വിലക്കിക്കൊണ്ടുള്ള വിധിയുണ്ടായത്. 

 

ഇന്ത്യയുടെ സ്‌ക്രാംജെറ്റ്

Super Sonic Combustion RAM Jet or Scramjet

 • തദ്ദേശീയമായി വികസിപ്പിച്ച എയര്‍ ബ്രീത്തിങ് സ്‌ക്രാംജെറ്റ് എന്‍ജിന്‍ റോക്കറ്റ് ഐ.എസ്.ആര്‍.ഒ. ആഗസ്ത് 28-ന് വിജയകരമായി വിക്ഷേപിച്ചു. 
 • ബഹിരാകാശ വിക്ഷേപണ വാഹനത്തില്‍ ഇന്ധനത്തിനൊപ്പം അന്തരീക്ഷത്തിലെ ഓക്സിജന്‍കൂടി ഉപയോഗിക്കുന്ന സംവിധാനമാണ് തദ്ദേശീയമായി വികസിപ്പിച്ചത്. ഉപഗ്രഹവിക്ഷേപണത്തിലെ ഇന്ധനച്ചെലവ് കുറയ്ക്കുന്നതാണ് സ്‌ക്രാംജെറ്റിന്റെ വിജയത്തിലൂടെയുള്ള നേട്ടം. 
 • ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാന്‍ സ്പേസ് സെന്ററില്‍ നിന്നായിരുന്നു വിക്ഷേപണം. 
 • റോക്കറ്റ് വിക്ഷേപിക്കുമ്പോള്‍ എഞ്ചിന്‍ ജ്വലിപ്പിക്കുന്നതിനായി ഇന്ധനത്തിനും ഓക്സൈഡുകള്‍ക്കും പകരം അന്തരീക്ഷ വായുവിലെ ഓക്‌സിജന്‍ ആഗിരണം ചെയ്ത് ജ്വലനത്തിനുപയോഗിക്കുന്നതാണ് സ്‌ക്രാംജെറ്റിലെ സംവിധാനം.
 • റോക്കറ്റിന്റെ ഭാരം കുറയ്ക്കാനും നിര്‍മാണച്ചെലവ് പത്തിലൊന്നായി കുറയ്ക്കാനും സ്‌ക്രാംജെറ്റ് എഞ്ചിന്‍ സഹായകമാവും. 

 

ഓക്‌സിജന്‍ ശ്വസിച്ച് പറക്കുന്ന റോക്കറ്റ്: ഇന്ത്യയ്ക്ക് സുപ്രധാന നേട്ടം / Read More.....

 

പശ്ചിമ ബംഗാള്‍ ഇനി ബംഗാള്‍ 

 • പശ്ചിമ ബംഗാളിന്റെ പേര് ഇംഗ്ലീഷില്‍ ബംഗാള്‍ എന്ന് മാത്രമാക്കി. 
 • ബംഗാളിയില്‍ ബംഗ്ല എന്നായിരിക്കും പുതിയ പേര്. പേര് മാറ്റത്തിനുള്ള പ്രമേയം ബംഗാള്‍ നിയമസഭ ആഗസ്ത് 29-നാണ് പാസ്സാക്കിയത്. 
 • ഇംഗ്ലീഷ് അക്ഷരമാല ക്രമത്തില്‍ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇനി ബംഗാള്‍ നാലാമതാകും. ഇതുവരെ അവസാന സ്ഥാനത്തായിരുന്നു.

 

ഇറ്റലിയില്‍ ഭൂചലനം

Earthquake Italy

 • ഇറ്റലിയില്‍ ആഗസ്ത് 24-നുണ്ടായ ഭൂചലനത്തില്‍ 250-ലധികം പേര്‍ മരിച്ചു. 
 • റോമിന് 140 കിലോമീറ്റര്‍ കിഴക്ക് മലനിരകള്‍ക്കിടയിലുള്ള നഗരങ്ങളിലും ഗ്രാമങ്ങളിലുമായിരുന്നു ഭൂചലനം.

 

വാസയോഗ്യമായ ഗ്രഹം

proxima B

 • സൂര്യന് തൊട്ടടുത്ത നക്ഷത്രമായ പ്രോക്സിമ സെന്റൗറിയെ ചുറ്റുന്ന ഭൂമിയെപ്പോലുള്ള ഗ്രഹം ഗവേഷകര്‍ കണ്ടെത്തി. 
 • പ്രോക്സിമ ബി എന്നാണ് പുതിയ ഗ്രഹത്തിന് പേരിട്ടിരിക്കുന്നത്. 16 വര്‍ഷത്തെ നിരീക്ഷണത്തിനു ശേഷം ആഗസ്ത് 24-നാണ് ഗവേഷകര്‍ കണ്ടെത്തല്‍ പ്രഖ്യാപിച്ചത്.
 • ഭൂമിയേക്കാള്‍ 1.3 മടങ്ങ് പിണ്ഡമുള്ള ഈ ഗ്രഹത്തില്‍ ജലമുണ്ടാകാന്‍ സാധ്യതയുള്ളതായാണ് ഗവേഷകരുടെ നിഗമനം. 

 

സൗരയൂഥത്തിനരികെ വാസയോഗ്യമായ ഒരു ഗ്രഹം / Read More....

 

അന്തര്‍വാഹിനി വിവരങ്ങള്‍ ചോര്‍ന്നു

Submarine

 • ഇന്ത്യയ്ക്കുവേണ്ടി നിര്‍മിക്കുന്ന സ്‌കോര്‍പീന്‍ ക്ലാസ് അന്തര്‍വാഹിനിയെപ്പറ്റിയുള്ള രഹസ്യങ്ങള്‍ ഫ്രഞ്ച് ആയുധക്കമ്പനിയായ ഡി.സി.എന്നില്‍ നിന്ന് ചോര്‍ന്നു. 
 • ഇന്ത്യയ്ക്കുവേണ്ടി ആറ് സ്‌കോര്‍പീന്‍ ക്ലാസ് അന്തര്‍വാഹിനികളാണ് ഡി.സി.എന്‍. നിര്‍മിക്കുന്നത്. ഇതിന്റെ പരീക്ഷണ ഓട്ടം 2015-ല്‍ നടന്നിരുന്നു. 
 • ഇന്ത്യന്‍ നാവിക സേനയ്ക്ക് ഇത് കൈമാറാനിരിക്കെയാണ് 22000 പേജുകളിലായുള്ള രഹസ്യവിവരങ്ങള്‍ ചോര്‍ന്നതായി ഓസ്ട്രേലിയന്‍ പത്രം റിപ്പോര്‍ട്ട് ചെയ്തത്.
 • 3.9 ബില്യണ്‍ ഡോളറിന്റെ കരാറാണ് ഇന്ത്യ ഈ അന്തര്‍വാഹിനിക്കായി ഡി.സി.എന്നുമായി തയ്യാറാക്കിയിരിക്കുന്നത്.

 

ഇന്ത്യന്‍ അന്തര്‍വാഹിനിയുടെ സുപ്രധാന രഹസ്യങ്ങള്‍ ചോര്‍ന്നു / Read More.....

 

ദില്‍ഷന്‍ വിരമിച്ചു

dilshan

 • 17 വര്‍ഷത്തോളം ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന്റെ ഭാഗമായിരുന്ന തിലകരത്നെ ദില്‍ഷന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. 
 • ആഗസ്ത് 28-ന് ഓസ്ട്രേലിയക്കെതിരെ ദാംബുള്ളയില്‍ നടന്ന ഏകദിന മത്സരത്തോടെയായിരുന്നു വിരമിക്കല്‍.

 

കണ്ടല്‍ കാടുകള്‍ റിസര്‍വ് വനം

Mangroves

 • സര്‍ക്കാര്‍ ഭൂമിയിലെ മുഴുവന്‍ കണ്ടല്‍ കാടുകളെയും സംരക്ഷിത വനമേഖലയായി(റിസര്‍വ് വനം) മഹാരാഷ്ട്ര സര്‍ക്കാര്‍ ആഗസ്ത് 29-ന് പ്രഖ്യാപിച്ചു. 
 • ഇങ്ങനെ പ്രഖ്യാപിക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാണ് മഹാരാഷ്ട്ര.
 • മഹാരാഷ്ട്രയിലെ 720 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കടല്‍ത്തീരത്തോട് ചേര്‍ന്ന് 29,839 ഹെക്ടര്‍ കണ്ടല്‍ക്കാടുകളുണ്ട്. ഇതില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള 16,554 ഹെക്ടര്‍ കണ്ടല്‍ക്കാടുകളെയാണ് റിസര്‍വ് വനമാക്കിയിരിക്കുന്നത്. 
 • ബാക്കിയുള്ളവ സ്വകാര്യ ഉടമസ്ഥതയിലാണ്.

 

ഇംഗ്ലണ്ടിന് ലോക റെക്കോഡ് 

 • ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറിന് ഇംഗ്ലണ്ട് അവകാശികളായി. 
 • ആഗസ്ത് 30-ന് ഇംഗ്ലണ്ടിലെ ട്രെന്‍ഡ്ബ്രിഡ്ജില്‍ പാക്കിസ്താനെതിരായ മൂന്നാം മത്സരത്തില്‍ 50 ഓവറില്‍ മൂന്നുവിക്കറ്റ് നഷ്ടത്തില്‍ 444 റണ്‍സ് അടിച്ചാണ് അവര്‍ റെക്കോഡ് സ്വന്തമാക്കിയത്. 
 • 2006-ല്‍ ഹോളണ്ടിനെതിരെ ശ്രീലങ്ക നേടിയ 443 റണ്‍സിന്റെ റെക്കോഡ് ഇതോടെ പഴങ്കഥയായി.

 

ബ്രസീല്‍ പ്രസിഡന്റ് ദില്‍മ റൂസഫിനെ പുറത്താക്കി 

Dilma

 • ബ്രസീലിലെ ആദ്യ വനിതാ പ്രസിഡന്റ് ദില്‍മാ റൂസഫിനെ ആഗസ്ത് 31-ന് ഇംപീച്ച്മെന്റിലൂടെ സെനറ്റ് പുറത്താക്കി. 
 • ബജറ്റില്‍ കൃത്രിമം കാണിച്ചെന്ന ആരോപണത്തെത്തുടര്‍ന്നാണ് നടപടി.
 • ഇതോടെ രാജ്യത്തെ വര്‍ക്കേഴ്സ് പാര്‍ട്ടിയുടെ 13 വര്‍ഷത്തെ ഭരണത്തിനും വിരാമമായി.
 • നിലവിലെ വൈസ് പ്രസിഡന്റ് മൈക്കല്‍ ടെമര്‍ പുതിയ പ്രസിഡന്റായി അധികാരമേറ്റു.
 • 2011-ലാണ് ദില്‍മ പ്രസിഡന്റായി അധികാരമേറ്റത്.

 

ലെമോവ കരാറായി

parikkar

 • കര, നാവിക, വ്യോമതാവളങ്ങള്‍ പരസ്പരം ഉപയോഗിക്കുന്നതിനുള്ള ലോജിസ്റ്റിക്‌സ് എക്‌സ്‌ചേഞ്ച് മെമ്മൊറാണ്ടം ഓഫ് എഗ്രിമെന്റില്‍ (ലെമോവ) ഇന്ത്യയും അമേരിക്കയും ഒപ്പിട്ടു. 
 • യു.എസ്. പ്രതിരോധ ആസ്ഥാനമായ പെന്റഗണില്‍ ആഗസ്ത് 30-ന് പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറും യു.എസ്. പ്രതിരോധസെക്രട്ടറി ആഷ്ടണ്‍ കാര്‍ട്ടറുമാണ് ലമോവയില്‍ ഒപ്പിട്ടത്. 
 • കരാറനുസരിച്ച് ഇരുരാജ്യങ്ങള്‍ക്കും പരസ്പരം സൈനികതാവളങ്ങള്‍ ഉപയോഗിക്കാനും സംയുക്ത സൈനിക നടപടികള്‍ നടത്താനും കഴിയും. 
 • 2002-ല്‍ ഇന്ത്യയുമായി ജനറല്‍ സെക്യൂരിറ്റി ഓഫ് മിലിറ്ററി ഇന്‍ഫര്‍മേഷന്‍ എഗ്രിമെന്റില്‍ (ജിസോമിയ) അമേരിക്ക ഒപ്പിട്ടിരുന്നു.

 

വിയോഗം

 

ടി.എ. റസാഖ്

rasaq

 • എഴുത്തുകാരനും തിരക്കഥാകൃത്തുമായ ടി.എ. റസാഖ് ആഗസ്ത് 15-ന് അന്തരിച്ചു. 
 • മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയില്‍ ജനിച്ച റസാഖ് 1987-ല്‍ ധ്വനി എന്ന സിനിമയില്‍ സംവിധാനസഹായിയായി സിനിമാരംഗത്തെത്തി. പിന്നീട് തിരക്കഥാരചനയിലേക്ക് മാറി. 
 • 1997-ല്‍ കാണാക്കിനാവ് എന്ന സിനിമയുടെ കഥയ്ക്കും തിരക്കഥയ്ക്കും സംസ്ഥാന അവാര്‍ഡും മികച്ച പ്രമേത്തിനുള്ള ദേശീയ അവാര്‍ഡും നേടി.
 • ആയിരത്തില്‍ ഒരുവന്‍, പെരുമഴക്കാലം, വിഷ്ണുലോകം, നാടോടി, ഘോഷയാത്ര, ഗസല്‍, താലോലം, ഉത്തമന്‍, വാല്‍ക്കണ്ണാടി, വേഷം, രാപ്പകല്‍, ബസ്‌കണ്ടക്ടര്‍, പരുന്ത്, മായാബസാര്‍, പെണ്‍പട്ടണം, സൈഗാള്‍ പാടുകയാണ്, മൂന്നാംനാള്‍ എന്നിവ റസാഖിനെ ശ്രദ്ധേയനാക്കിയ ചിത്രങ്ങളാണ്. 
 • 2016-ല്‍ പുറത്തിറങ്ങിയ സുഖമായിരിക്കട്ടെ എന്ന സിനിമയ്ക്കാണ് ഒടുവില്‍ തിരക്കഥയെഴുതിയത്. 

 

ഇസ്‌ലാം കരിമോവ്

islam karimov

 • 27 വര്‍ഷം ഉസ്‌ബെക്കിസ്താന്റെ പ്രസിഡന്റായിരുന്ന ഇസ്‌ലാം കരിമോവ് (78) ആഗസ്ത് 26-ന് അന്തരിച്ചു. 
 • ഉസ്‌ബെക്കിസ്താന്റെ ആദ്യ പ്രസിഡന്റാണ് കരിമോവ്. 
 • 1938-ല്‍ സമര്‍കണ്ടിലാണ് ജനിച്ചത്. 1991-ല്‍ കരിമോവാണ് ഉസ്‌ബെക്കിസ്താനെ സ്വതന്ത്രരാഷ്ട്രമായി പ്രഖ്യാപിച്ചത്. ഏകാധിപത്യരീതിയിലായിരുന്നു കരിമോവിന്റെ ഭരണം. 

 

തയ്യാറാക്കിയത്: വൈശാഖ് വര്‍മ്മ