2016 ജനുവരിയിലെ പ്രധാന സംഭവങ്ങള്‍

രാജ്യത്തിന് മുറിവേല്‍പ്പിച്ച് പഠാന്‍കോട്ട്  (02/01/2016)

pathankot

 • വ്യോമസേനയുടെ തന്ത്രപ്രധാനമായ പഠാന്‍കോട്ട് വ്യോമകേന്ദ്രത്തില്‍ ഭീകരാക്രമണം
 • ആക്രമണം ഇന്ത്യ-പാക് സമാധാന ചര്‍ച്ച തുടങ്ങാനിരിക്കെ
 • എന്‍എസ്ജി ലഫ്.കേണല്‍ മലയാളിയായ നിരഞ്ജന്‍ കുമാര്‍ അടക്കം ഒന്‍പത് സൈനികള്‍ക്ക് വീരമൃത്യു
 • ആക്രമണവുമായി ബന്ധപ്പെട്ട് പാകിസ്താന്‍ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും പുരോഗതിയില്ല
 • ആക്രമണ സ്ഥലം പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശിച്ചു

Pathankot

 

പഠാന്‍കോട്ട്: സൈനികര്‍ രാജ്യത്തിന്റെ അഭിമാനമെന്ന് പ്രധാനമന്ത്രി

പഠാന്‍ കോട്ട് : അന്വേഷണം നടത്താന്‍ ഷെരീഫിന്റെ ഉത്തരവ്

 

ആവര്‍ത്തനപട്ടികയിലേക്ക് നാല് മൂലകങ്ങള്‍ കൂടി 

nihonium

 • നാല് പുതിയ രാസമൂലകങ്ങള്‍ കൂടി ആവര്‍ത്തന പട്ടികയില്‍ ഇടംനേടിയത് ജനവരി ആദ്യവാരമാണ്. ജപ്പാന്‍, റഷ്യ, അമേരിക്ക എന്നിവിടങ്ങളിലെ ഗവേഷകര്‍ കണ്ടെത്തിയ മൂലകം 113, 115, 117, 118 എന്നിവയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.-'ഇന്റര്‍നാഷണല്‍ യൂണിയന്‍ ഓഫ് പ്യൂവര്‍ ആന്‍ഡ് അപ്ലൈഡ് കെമിസ്ട്രി' ( IUPAC ) ആണ് പുതിയ മൂലകങ്ങളെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. -നിഹോണിയം(113) , മോസ്‌കോവിയം(115) , ടെന്നിസിന്‍(117) , ഓഗാനെസന്‍(118)  എന്നിങ്ങനെയാണ് മൂലകങ്ങളുടെ പേര്. -2011-നുശേഷം ആദ്യമായാണ് ആവര്‍ത്തനപ്പട്ടികയിലേക്ക് മൂലകങ്ങള്‍ പുതുതായി ചേര്‍ക്കുന്നത്. മൂലകങ്ങളുടെ പട്ടികയിലെ ഏഴാമത്തെ വരി ഇതോടെ പൂര്‍ണമായി.
 • മൂലകം 113 ആണ് ഇതില്‍ നിഹോനിയം ( nihonium - Nh ). ജപ്പാനീസ് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയ ഈ മൂലകത്തിന്, 'nihon' ('ഉദയസൂര്യന്റെ നാട്') എന്ന വാക്കില്‍ നിന്നാണ് പേര് ലഭിച്ചത്. ജപ്പാന്‍കാര്‍ പേരിട്ട മൂലകം മാത്രമല്ല, ഏഷ്യയില്‍ തന്നെ പേരിടുന്ന ആദ്യ മൂലകമാണെന്ന്, മൂലകം കണ്ടുപിടിച്ച ജാപ്പനീസ് സംഘത്തിന്റെ മേധാവി കോസുകി മോരിറ്റ അറിയിച്ചു.

 

Periodic Table

 • മൂലകം 115 ആണ് മോസ്‌കോവിയം ( moscovium - Mc ) എന്നത്. റഷ്യക്കാരും അമേരിക്കന്‍ ഗവേഷകരും ചേര്‍ന്ന് കണ്ടെത്തിയ ഈ മൂലകത്തിന് റഷ്യന്‍ തലസ്ഥാനത്തിന്റെ പേരാണ് നല്‍കിയത്. ഇതുപോലെ യുഎസ് നഗരമായ ടെന്നസി നഗരത്തിന്റെ പേര് മൂലകം 117 ആയ ടെന്നസ്സിന് ( tennessine - Ts ) നല്‍കി.
 • ഒഗനേസണ്‍ (oganesson - Og ) എന്ന പേര് ലഭിച്ചത് മൂലകം 118 ന് ആണ്. റഷ്യന്‍ ആണവശാസ്ത്രജ്ഞന്‍ യൂറി ഒഗനേസിയന്റെ സ്മരണാര്‍ഥമാണ് ഈ പേര് പുതിയ മൂലകത്തിനിട്ടത്. ഇതും റഷ്യക്കാരും അമേരിക്കക്കാരും ചേര്‍ന്നാണ് കണ്ടെത്തിയത്.

 

പുതിയ നാല് മൂലകങ്ങള്‍ കൂടി; പീരിയോഡിക് ടേബിള്‍ വികസിപ്പിച്ചു

 

ഉത്തരകൊറിയയുടെ ഹൈഡ്രജന്‍ ബോംബ് (07/01/2016)

hydrogen bomb

 • ഹൈഡ്രജന്‍ ബോംബ് വിജയകരമായി പരീക്ഷിച്ചതായി ഉത്തര കൊറിയ ജനവരി ആറിന് അവകാശപ്പെട്ടു. ഇന്ത്യന്‍ സമയം ജനവരി ആറിന് രാവിലെ ഏഴുമണിയോടെയാണ് പരീക്ഷണം നടന്നത്. ഭരണാധികാരി കിം ജോങ് ഉന്നിന്റെ ആഞ്ജപ്രകാരമായിരുന്നു പരീക്ഷണം.
 • 'ലോകമേ കാണൂ, സ്വന്തമായി ആണവശേഷിയുള്ള കരുത്തുറ്റ രാഷ്ട്രത്തെ' എന്ന കിമ്മിന്റെ കൈപ്പടയിലുള്ള സന്ദേശം ഉത്തര കൊറിയയുടെ ഔദ്യോഗിക ചാനലില്‍ കാണിച്ചു.
 • 'റിപ്പബ്ലിക്കിന്റെ ആദ്യ ഹൈഡ്രജന്‍ ബോംബ് പരീക്ഷണം 2016 ജനവരി ആറിന് രാവിലെ 10 മണിക്ക് (പ്രാദേശിക സമയം) വിജയകരമായി നടന്നു എന്നായിരുന്നു ചാനലിലൂടെ പ്രഖ്യാപിച്ചത് 

ഹൈഡ്രജന്‍ ബോംബ് പരീക്ഷിച്ചെന്ന് ഉത്തരകൊറിയ

ഹൈഡ്രജന്‍ ബോംബ് സ്വയം പ്രതിരോധത്തിനെന്ന് ഉത്തരകൊറിയ

 

റെക്കോഡ് നേട്ടവുമായി ജൂനോ (13-1-2016)

juno

 • വ്യാഴത്തെക്കുറിച്ച് പഠിക്കാന്‍ നാസ അയച്ച ജൂനോ പേടകം സൗരോര്‍ജം ഉപയോഗിച്ച് ഏറ്റവും കൂടുതല്‍ ദൂരം പന്നിടുന്ന പേടകമെന്ന റെക്കോഡിട്ടു. 2011-ലാണ് ജൂനോ ഭൂമിയില്‍ നിന്ന് പുറപ്പെട്ടത് ഇക്കഴിഞ്ഞ ജനവരി 13-ന് അത് സൂര്യനില്‍ നിന്ന് 79.3 കോടി കി.മീ. അകലെയെത്തി. 
 • പേടകത്തെ ഗ്രഹത്തിന്റെ പ്രാഥമിക ഭ്രമണപഥത്തില്‍ സുരക്ഷിതമായി എത്തിച്ചതായി നാസ അറിയിച്ചു. ഇന്ത്യന്‍ സമയം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് ശേഷമാണ് ജൂനോ ദൗത്യം വിജയിച്ചത്.

ജൂനോ പേടകം വ്യാഴത്തിന്റെ ഭ്രമണ പഥത്തില്‍

 • വ്യാഴഗ്രഹം ഒരു വാതകഭീമനാണ്. ഇതുവരെ ഒരു പേടകത്തിനും കഴിയാത്തത്ര അടുത്തെത്തി ഗ്രഹത്തെ നിരീക്ഷിക്കുകയാണ് ജൂനോയുടെ ലക്ഷ്യം. വ്യാഴത്തിലെ കട്ടിയേറിയ വാതകമേഘങ്ങള്‍ക്കുകീഴെ എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കാന്‍ അതുവഴി കഴിയും.
 • വ്യാഴത്തിന്റെ അന്തരീക്ഷത്തിലെ ജലാംശത്തിന്റെ തോത് നിരീക്ഷിക്കുന്നതിനൊപ്പം ഗ്രഹത്തിന്റെ ഭീമമായ കാന്തികമണ്ഡലം മാപ്പുചെയ്യാനും ജൂനോയ്ക്ക് കഴിയും. മാത്രമല്ല, ഗ്രഹത്തിന് സാന്ദ്രതയേറിയ ഒരു അകക്കാമ്പുണ്ടോ എന്നറിയാന്‍ വ്യാഴത്തിന്റെ ഗുരുത്വബലത്തെയും പഠനവിധേയമാക്കും.

 

ലോകം എബോളമുക്തമായി (14-1-2016)

ebola

 • ലോകം എബോളമുക്തമായെന്ന് ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചു. മാരകമായ എബോള രോഗത്തിന്റെ പിടിയില്‍ നിന്ന് ലോകം വിമുക്തമായതായി ലോകാരോഗ്യ സംഘടന ജനവരി 14-ന് പ്രഖ്യാപിച്ചു. 
 • 42 ദിവസമായി ലൈബീരിയയില്‍ എബോള ബാധിതരെ കണ്ടെത്താഞ്ഞതിനെ തുടര്‍ന്നാണ് പ്രഖ്യാപനമെന്ന് ലോകാരോഗ്യസംഘടന വ്യക്തമാക്കി.
 • പശ്ചിമ ആഫ്രിക്കയില്‍ 2014-ല്‍ വ്യാപകമായി പൊട്ടിപ്പുറപ്പെട്ട മഹാവ്യാധിയില്‍ നിന്ന് ഗിനിയയും സിയെറ ലിയോണും നേരത്തേ വിമുക്തി നേടിയിരുന്നു. എന്നാല്‍, രോഗം പടരുന്നത് തടയാന്‍ കഴിഞ്ഞെങ്കിലും അതിനെതിരെയുള്ള പോരാട്ടം അവസാനിച്ചിട്ടില്ലെന്ന് ലോകാരോഗ്യസംഘടനയുടെ ഡയറക്ടര്‍ പീറ്റര്‍ ഗ്രാഫ് വ്യക്തമാക്കി.
 • 1976-ല്‍ കണ്ടെത്തിയ എബോള മാരകമായി പൊട്ടിപ്പുറപ്പെട്ടത് 2014-ലായിരുന്നു. ലൈബീരിയ, സിയെറ ലിയോണ്‍, ഗിനിയ എന്നീ രാജ്യങ്ങളെയാണ് കാര്യമായി ബാധിച്ചത്. 4800 പേരാണ് ഇതേത്തുടര്‍ന്ന് ലൈബീരിയില്‍ മാത്രം മരിച്ചത്. ലോകത്ത് ഇതുവരെയായി 11,000-ത്തിലധികം പേര്‍ക്ക് ജീവഹാനി നേരിട്ടതായാണ് ഔദ്യോഗിക സ്ഥിരീകരണം.
 • റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത മരണസംഖ്യ ഇതിലുമേറെ വരും. ലോകത്താകമാനം 29,000 പേരാണ് എബോളയുടെ ദുരിതഫലം അനുഭവിക്കാനിടയായത്. രോഗത്തിനെതിരെ പൊരുതിയ 500 ആരോഗ്യ സംരക്ഷണപ്രവര്‍ത്തകരും മരണത്തിന് കീഴടങ്ങി.

 

ഇറാനുമേലുള്ള ഉപരോധം നീക്കി (16-1-2016)

IRAN

 • ആണവായുധ നിര്‍മാണമടക്കം വിവിധ കാരണങ്ങളാല്‍ പതിറ്റാണ്ടുകളായി ഇറാനുമേല്‍ ചുമത്തിയിരുന്ന ഉപരോധങ്ങളില്‍ ഭൂരിഭാഗവും അമേരിക്കയും യൂറോപ്യന്‍ യൂണിയനും ഐക്യരാഷ്ട്രസഭയും (യു.എന്‍.) പിന്‍വലിച്ചു. 'കരാര്‍ നടപ്പാക്കല്‍ദിനമായി നിശ്ചയിച്ചിരുന്ന ജനവരി 16-നായിരുന്നു പ്രഖ്യാപനം.

ഇറാന്‍ ഇനി ആഗോളവിപണിയില്‍

ഇറാനുമേലുള്ള ഉപരോധം നീക്കി

 • വിയന്നയില്‍ യു.എസ്. വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയും ഇറാന്‍ വിദേശകാര്യമന്ത്രി ജാവേദ് സരീഫും നടത്തിയ കൂടിക്കാഴ്ച കഴിഞ്ഞയുടനായിരുന്നു ഇത്. ആണവപരിപാടികളില്‍ നിന്ന് പിന്‍മാറാമെന്ന് ഉറപ്പ് ഇറാന്‍ പാലിച്ചുവെന്ന് യു.എന്നിന്റെ ആണവനിരീക്ഷണ വിഭാഗമായ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിക്ക് (ഐ.എ.ഇ.എ.) ബോധ്യപ്പെട്ടതിനെത്തുടര്‍ാണ് ഉപരോധം നീക്കിയത്.
 • യു.എസ്., ബ്രിട്ടന്‍, റഷ്യ, ഫ്രാന്‍സ്, ജര്‍മനി, ചൈന എന്നീ രാഷ്ട്രങ്ങളുമായി 2015 ജൂലായ് 14ന് ഒപ്പുവെച്ച കരാര്‍പ്രകാരമാണ് ഇറാന്‍ ആണവപരിപാടികളില്‍നിന്ന് പിന്‍മാറിയത്.

 

ഐആര്‍എന്‍എസ്എസ് 1ഇ ഭ്രമണപഥത്തില്‍ (20-1-2016)

India Regional Navigation Satellite System

 • ഐ.എസ്.ആര്‍.ഒ. വികസിപ്പിച്ചെടുത്ത ഇന്ത്യയുടെ സ്വന്തം ഗതിനിര്‍ണയ ഉപഗ്രഹക്കൂട്ടത്തിലെ അഞ്ചാമത്തെത് (IRNSS 1E) ഭ്രമണപഥത്തിലെത്തി. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍നിന്ന് ജനവരി 20-നാണ് ഐഎസ്ആര്‍ഒയുടെ പിഎസ്എല്‍വി. സി 31 അഞ്ചാം ഗതിനിര്‍ണയ ഉപഗ്രഹവുമായി കുതിച്ചുയര്‍ന്നത്. ഉപഗ്രഹസംവിധാനത്തിന് വിദേശരാഷ്ട്രങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് വിക്ഷേപണം.

 • കരയിലൂടെയും വെള്ളത്തിലൂടെയും ആകാശത്തിലൂടെയുമുള്ള യാത്രയ്ക്ക് സഹായം നല്‍കുകയാണ് നാവിഗേഷന്‍ ഉപഗ്രഹങ്ങളുടെ ദൗത്യം. നിലവില്‍ അമേരിക്കയ്ക്കും റഷ്യയ്ക്കും യൂറോപ്പിനും ചൈനയ്ക്കും ജപ്പാനും ഈ ഉപഗ്രഹസംവിധാനമുണ്ട്.

 ഇന്ത്യയുടെ അഞ്ചാം ഗതിനിര്‍ണയ ഉപഗ്രഹം ഭ്രമണപഥത്തില്‍
 

 • സ്വന്തം നാവിഗേഷന്‍ സംവിധാനത്തിനായി ഏഴ് ഉപഗ്രഹങ്ങളുടെ ശൃഖലയായ 'ഇന്ത്യ റീജിണല്‍ നാവിഗേഷന്‍ സാറ്റ്‌ലൈറ്റ് സിസ്റ്റ'ത്തിന് ( India Regional Navigation Satellite System - IRNSS ) രൂപംനല്‍കാനാണ് ഇന്ത്യയുടെ പദ്ധതി. 
 • ഈ സംവിധാനത്തിന്റെ ഭാഗമായ ആദ്യ ഉപഗ്രഹം 'ഐആര്‍എന്‍എസ്എസ് 1 എ' 2013 ജൂലായില്‍ പിഎസ്എല്‍വി-സി 22 റോക്കറ്റ് ഭ്രമണപഥത്തിലെത്തിച്ചിരുന്നു.
 • 2015 മാര്‍ച്ച് 28നാണ് നാലാമത്തെ ഉപഗ്രഹമായ 'ഐആര്‍എന്‍എസ്എസ്-ഡി'യുടെ വിക്ഷേപണം നടന്നത്. ഇപ്പോള്‍ വിക്ഷേപിച്ച 1,425 കിലോഗ്രാം ഭാരമുള്ള 'ഐആര്‍എന്‍എസ്എസ്-1 ഇ' യുടെ ആയുസ്സ് പത്തുവര്‍ഷമാണ്. 

 


മെസ്സി ലോകഫുട്‌ബോളര്‍

ert

 • ബാഴ്‌സലോണയുടെ അര്‍ജന്റീന താരം ലയണല്‍ മെസ്സി അഞ്ചാംവട്ടവും ലോകഫുട്‌ബോളര്‍ക്കുള്ള ഫിഫയുടെ ബാലദ്യോര്‍ പുരസ്‌കാരം നേടി.ആഗോള ഫുട്‌ബോള്‍ സംഘടനക്ക് കീഴിലുളള രാജ്യങ്ങളിലെ ദേശിയ പരിശീലകരും ക്യാപ്റ്റന്മാരും മാധ്യമ പ്രവര്‍ത്തകരും പങ്കെടുത്ത വോട്ടെടുപ്പില്‍ മെസ്സിക്ക് 41.33 ശതമാനം വോട്ട് ലഭിച്ചു.
 • റയല്‍ മാഡ്രിഡിന്റെ ക്രിസ്റ്റിയാനോ റൊണാള്‍ഡോക്ക് 27.76 ശതമാനം വോട്ടാണ് നേടാനായത്. ബാഴ്‌സലോണയുടെ നെയ്മര്‍ 7.86 ശതമാനം വോട്ടോടെ ബഹുദൂരം പിന്നിലായി. അമേരിക്കന്‍ ടീമിന്റെ മധ്യനിരതാരം കാര്‍ലി ആന്‍ ലോയ്ഡ് ആണ് മികച്ച വനിതാ താരം. മികച്ച പുരുഷ ടീം കോച്ച് ബാഴ്‌സലോണയുടെ ലൂയിസ് എന്റീക്കെയും മികച്ച വനിതാ കോച്ച് അമേരിക്കന്‍ ടീമിന്റെ ജില്‍ എലിസുമാണ്.

 

ഗോള്‍ഡന്‍ ഗ്ലോബ് നേട്ടവുമായി 'റെവനെന്റ്' 

decaprio

 • എഴുപത്തിമൂന്നാാമത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരത്തില്‍ റെവനെന്റ്' ഡ്രാമ വിഭാഗത്തിലെ മികച്ച ചിത്രമായി. ചിത്രത്തിലെ അഭിനയത്തിന് ലിയനാര്‍ഡോ ഡികാപ്രിയോ മികച്ച നടനായി.

ഗോള്‍ഡന്‍ ഗ്ലോബ് തൂത്തുവാരി റെവനെന്റ്

 • റൂം എ ചിത്രത്തിലെ അഭിനയത്തിന് ബ്രയി ലാര്‍സന്‍ മികച്ച നടിയായി.' റെവെനെന്റ്' സാക്ഷാത്ക്കരിച്ച അലക്‌സാണ്ട്രോ ഗോസാലസ് ഇനറിറ്റു ആണ് മികച്ച സംവിധായകന്‍. മ്യൂസിക്കല്‍/ കോമഡി വിഭാഗത്തില്‍ റിഡ്‌ലി സ്‌കോറിന്റെ
  സയന്‍സ് ഫിക്ഷനായ ദി മാര്‍ഷ്യനാണ് മികച്ച ചിത്രം.

മറ്റ് അവാര്‍ഡുകള്‍:
മികച്ച സംഗീതം: എന്‍യോ മേറികോണ്‍ ( ഫെയ്റ്റ്ഫുള്‍ എയ്റ്റ്)
മികച്ച ഒറിജിനല്‍ ഗാനം: റൈറ്റിങ്‌സ് ഒാണ്‍ ദി വാള്‍ (സാം സ്മിത്ത്, സ്‌പെക്ടര്‍)
മികച്ച ആനിമേഷന്‍ ചിത്രം (ഇന്‍സൈഡ് ഔട്ട്)
മികച്ച തിരക്കഥ: ആരോണ്‍ സോര്‍കിന്‍ (സ്റ്റീവ് ജോബ്‌സ്)
മികച്ച വിദേശ ചിത്രം: സണ്‍ ഓഫ് സൗള്‍ (ഹംഗറി)

ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരദാനത്തിന്റെ പാര്‍ട്ടിക്കാഴ്ചകള്‍

 

പദ്മ-ധീരതാ പുരസ്‌കാരങ്ങള്‍ 

 • ആര്‍ട്ട് ഓഫ് ലിവിങ് സ്ഥാപകന്‍ ശ്രീശ്രീ രവിശങ്കര്‍, നടന്‍ രജനീകാന്ത്, റിലയന്‍സ് സ്ഥാപകന്‍ ധിരുഭായ് അംബാനി (മരണാനന്തരം), കുച്ചിപ്പുഡി നര്‍ത്തകി യാമിനി കൃഷ്ണമൂര്‍ത്തി, ബംഗാളി ക്ലാസിക്കല്‍ ഗായിക ഗിരിജാദേവി, ആന്ധ്രയിലെ ഈനാട് പത്രാധിപരായിരുന്ന രാമോജി റാവു, അഡയാര്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചെയര്‍പേഴ്സണ്‍ ഡോ. വി. ശാന്ത, കശ്മീര്‍ മുന്‍ ഗവര്‍ണര്‍ ജഗ്മോഹന്‍, ഡിആര്‍ഡിഒയുടെ മുന്‍ തലവന്‍ ഡോ. വാസുദേവ് കല്‍കുന്തേ ആത്രേ, യുഎസ്എയിലെ പ്രവാസി ഭാരതീയനും പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനുമായ അവിനാഷ് ദീക്ഷിത് എന്നിവര്‍ക്ക് പദ്മവിഭൂഷണ്‍. 
 • മുന്‍ സി.എ.ജി ജനറല്‍ വിനോദ് റായി, ചിന്മയ മിഷന്‍ ആഗോള മേധാവി സ്വാമി തേജോമയാനന്ദ, നടന്‍ അനുപം ഖേര്‍, ഗായകന്‍ ഉദിത് നാരായണന്‍, സ്വാമി ദയാനന്ദ സരസ്വതി, കായികതാരങ്ങളായി സൈന നേവാള്‍, സാനിയ മിര്‍സ തുടങ്ങി 19 പേര്‍ക്കാണ് പദ്മഭൂഷണ്‍.
 • ഗാന്ധിയനായ പി. ഗോപിനാഥന്‍ നായര്‍, സാമൂഹികപ്രവര്‍ത്തകന്‍ ഡോ. സുന്ദര്‍ ആദിത്യ മേനോന്‍, സുനിതാ കൃഷ്ണന്‍ എന്നീ മലയാളികളുള്‍പ്പടെ 83 പേര്‍ക്ക് പദ്മശ്രീയും ലഭിച്ചു.
 • രാഷ്ട്രീയ റൈഫിള്‍സിലെ ലാന്‍സ് നായിക് മോഹന്‍ നാഥ് ഗോസ്വാമിക്കു മരണാനന്തര ബഹുമതിയായി അശോകചക്രം പ്രഖ്യാപിച്ചു
 •  

89പദ്മ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

 

രഘുവീര്‍ ചൗധരിക്ക് ജ്ഞാനപീഠം

raghuveer chaudhari

 • ഗുജറാത്തി സാഹിത്യകാരന്‍ രഘുവീര്‍ ചൗധരിക്ക് 2015-ലെ ജ്ഞാനപീഠപുരസ്‌കാരം. 
 • നോവലിസ്റ്റും കവിയും നിരൂപകനുമായ ചൗധരി 80-തിലേറെ പുസ്തകങ്ങളെഴുതിയിട്ടുണ്ട്. 
 • 1938-ല്‍ ഗാന്ധിനഗറില്‍ ജനിച്ച ചൗധരി ഗാന്ധിയനാണ്. അമൃത, വേണു വത്സല, ഉപര്‍വാസ് ത്രയം എന്നിവയാണ് അദ്ദേഹത്തിന്റെ ശ്രദ്ധേയ നോവലുകള്‍. -ഉപര്‍വാസ് ത്രയത്തിന് 1977-ല്‍ സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു.

 

ക്രിക്കറ്റിലെ ആദ്യ മില്ലേനിയം (1000 റണ്‍സ്)

Pranav Dhanawade

 • മുംബൈയിലെ സ്‌കൂള്‍ ക്രിക്കറ്റര്‍ ഒരിന്നിങ്‌സില്‍ 1000 റണ്‍സ് നേടുന്ന ആദ്യ താരമായി. ഭണ്ഡാരി ട്രോഫി അണ്ടര്‍-16 ഇന്റര്‍ സ്‌കൂള്‍ ക്രിക്കറ്റില്‍ കെ.സി. ഗാന്ധി സ്‌കൂളിനായി ഓപ്പണ്‍ ചെയ്ത 15-കാരനായ പ്രണവ് ധന്‍വാഡെയാണ് പുറത്താകാതെ 1009 റണ്‍സെടുത്തത്. 
 • ഒരു ഇന്നിങ്‌സില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് എന്ന, ഇംഗ്ലീഷുകാരനായ എ.ഇ.ജെ. കോളിന്‍സിന്റെ പേരിലുണ്ടായിരുന്ന 117 വര്‍ഷം പഴക്കമുള്ള ലോകറെക്കോഡാണ് പ്രണവ് തകര്‍ത്തത്. 1899-ല്‍ ഇംഗ്ലണ്ടില്‍ നോര്‍ത്ത് ടൗണിനെതിരെ ക്ലാര്‍ക്ക് ഹൗസിനുവേണ്ടി കോള്ളിന്‍സ് 628 റണ്‍സാണ് നേടിയത്. 
 • ഇന്ത്യന്‍ താരങ്ങളില്‍ മുംബൈക്കാരനായ പൃഥ്വി ഷാ റിസ്‌വി സ്പ്രിങ്ഫീല്‍ഡ് ഹൈസ്‌കൂളിനുവേണ്ടി ഒരു വര്‍ഷം മുന്‍പ്  546 റണ്‍സ് നേടിയതും പഴങ്കഥയായി. 

 

ആകാശഗംഗാ സംഗമം

Merging galaxies

 • രണ്ട് ഗാലക്‌സികള്‍ 23 കോടി പ്രകാശവര്‍ഷമകലെ കൂടിച്ചേര്‍ന്ന് ഒന്നാകുന്നത് ജനവരിയില്‍ ലോകം കണ്ടു. 
 • ഹബ്ബിള്‍ സ്‌പേസ് ടെലസ്‌കോപ്പ് പകര്‍ത്തിയതാണ് ഈ അപൂര്‍വ്വദൃശ്യം. 
 • വിചിത്രാകൃതിയുള്ള ഒരു ഗാലക്‌സി എന്ന് കരുതിയിരുന്ന ചഏഇ 6052 ആണ്, ഒറ്റ ഗാലക്‌സിയല്ലെന്നും രണ്ടെണ്ണം കൂടിച്ചേരുന്നതാണെന്നും വ്യക്തമായത്. 
 • ഹബ്ബിളിലെ 'വൈഡ് ഫീല്‍ഡ് പ്ലാനറ്ററി കാമറ 2' പകര്‍ത്തിയ ദൃശ്യം നാസയാണ് പുറത്തുവിട്ടത്.

 

ദൗത്യം കഴിഞ്ഞ് തിരിച്ചുവന്ന റോക്കറ്റ്

Falcon 9

 • ഉപഗ്രഹ വിക്ഷേപണ രംഗത്ത് പുതുചരിത്രം പിറന്നു. വിക്ഷേപണത്തിനു ശേഷം റോക്കറ്റ് തിരിച്ചിറക്കാനുള്ള അമേരിക്കന്‍ കമ്പനി സ്‌പേസ് എക്‌സിന്റെ ദൗത്യം വിജയകരമായി. 
 • ജനവരിയില്‍ ഫ്‌ളോറിഡയിലെ കേപ് കാനവെറലില്‍ നിന്ന് 11 ഉപഗ്രഹങ്ങളുമായി വിക്ഷേപിച്ച ഫാല്‍ക്കണ്‍ 9 എന്ന റോക്കറ്റ് ദൗത്യം പൂര്‍ത്തിയാക്കിയ ശേഷം തിരിച്ച് ഭൂമിയിലിറക്കി. 
 • റോക്കറ്റ് വിക്ഷേപിച്ച് ആറുമൈല്‍ (9.5 കിലോമീറ്റര്‍) സഞ്ചരിച്ച് 10 മിനിറ്റിനു ശേഷമാണ് ലംബമായി തിരിച്ചിറങ്ങിയത്. വിക്ഷേപണം ചെയ്ത അതേയിടത്ത് റോക്കറ്റ് തിരിച്ച് ലാന്‍ഡ് ചെയ്തു. 
 • പതിനൊന്ന് ഉപഗ്രഹങ്ങളും പേറി ഫ്‌ളോറിഡയില്‍ നിന്നും കുതിച്ചുയര്‍ന്ന ഫാല്‍ക്കണ്‍ 9 എല്ലാ ഉപഗ്രഹങ്ങളും ഭ്രമണപഥത്തില്‍ എത്തിച്ച ശേഷമാണ് ഭൂമിയില്‍ തിരിച്ചിറങ്ങിയത്. സ്‌പേസ് എക്‌സ് തലവന്‍ എലന്‍ മുസ്‌കിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ദൗത്യത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത്.

ബഹിരാകാശ രംഗത്ത് പുതിയ നാഴികക്കല്ല്; വിക്ഷേപണത്തിനു ശേഷം റോക്കറ്റ് തിരിച്ചിറക്കി

 


അപൂര്‍വി ചന്ദേല മികച്ച ഷൂട്ടര്‍

Apoorvi

 • ഇന്ത്യയുടെ വനിതാതാരം അപൂര്‍വി ചന്ദേല സ്വീഡിഷ് കപ്പ് ഗ്രാന്‍ഡ്പ്രീയില്‍ മികച്ച ഷൂട്ടറായി. 
 • ഒരു ലോക റെക്കോഡോടെ രണ്ട് സ്വര്‍ണ്ണം നേടിയാണ് അപൂവി മികച്ച താരമായത്.
 • വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ വിഭാഗത്തില്‍ 211.2 സ്‌കോര്‍ ചെയ്താണ് അപൂര്‍വി ലോക റെക്കോഡോടെ സ്വര്‍ണം നേടിയത്. 
 • രണ്ടാം സ്വര്‍ണം 10 മീറ്റര്‍ ട്രൈ-സീരിസില്‍.

 

സാനിയ-ഹിംഗിസ് സഖ്യത്തിന് റെക്കോഡ്

സാനിയ-ഹിംഗിസ് സഖ്യത്തിന് കിരീടം

 • ഇന്ത്യയുടെ സാനിയ മിര്‍സയും സ്വിസ് താരം മാര്‍ട്ടിന ഹിംഗിസും അടങ്ങുന്ന ടീം ടെന്നിസ് ഡബിള്‍സില്‍ ലോകറെക്കോഡിട്ടു.
 • തുടര്‍ച്ചയായ 30 മല്‍സരവിജയങ്ങളിലേക്കാണ് ഇന്തോ-സ്വിസ് ജോഡി കുതിച്ചെത്തിയത്.
 • 22 വര്‍ഷം മുന്‍പ് 1994ല്‍ ജിഗി ഫെര്‍ണാന്‍ഡസും നടാഷ വെരേവയും ചേര്‍ന്ന് നേടിയ 28 വിജയങ്ങളെന്ന റെക്കോര്‍ഡ് പഴങ്കഥയായി.
 • സിഡ്‌നി ഓപ്പണ്‍ ടെന്നീസിലെ വനിത ഡബിള്‍സ് കിരീടജയത്തോടെയാണ് സാനിയ-ഹിംഗിസ് സഖ്യം റെക്കോഡ് ജയം കൊയ്തത്

 

ബഹിരാകാശത്ത് ആദ്യമായി പൂ വിരിഞ്ഞു

First flower from Space

 • ബഹിരാകാശത്ത് വിരിഞ്ഞ ആദ്യപൂവിന്റെ ചിത്രം നാസ പുറത്തുവിട്ടു.
 • അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ (ഐ.എസ്.എസ്) വെജി ലാബില്‍ വിരിഞ്ഞ സീനിയ പുഷ്പത്തിന്റെ ചിത്രമാണ് നാസ ശാസ്ത്രജ്ഞന്‍ സ്‌കോട്ട് കെല്ലി ട്വിറ്ററില്‍ പങ്കിട്ടു. 
 • ചുവപ്പ്, നീല, പച്ച നിറങ്ങളിലുള്ള എല്‍.ഇ.ഡി ലൈറ്റുകള്‍ ഉപയോഗിച്ച് സൂര്യപ്രകാശത്തിന് സമാനമായ അന്തരീക്ഷം ചെടികള്‍ക്കായി അവിടെ സൃഷ്ടിച്ചാണ് ചെടി വളര്‍ത്തിയെടുത്തത്.

ബഹിരാകാശത്ത് ആദ്യമായി പൂ വിരിഞ്ഞു; ചിത്രവുമായി നാസ

 

ഒന്‍പതാം ഗ്രഹത്തിന് തെളിവുമായി ഗവേഷകര്‍ 

Planet Nine

 • സൗരയൂഥത്തിന്റെ ബാഹ്യമേഖലയില്‍ ദൈര്‍ഘ്യമേറിയ ഭ്രമണപഥത്തില്‍ സൂര്യനെ ചുറ്റുന്ന ഭീമന്‍വസ്തു സ്ഥിതിചെയ്യുന്നതിനുള്ള തെളിവാണ് ഗവേഷകര്‍ക്ക് ലഭിച്ചത്.
 • 'ഒന്‍പതാം ഗ്രഹം' (Planet Nine) എന്ന് വിശേഷിപ്പിക്കുന്ന പുതിയ ഗ്രഹത്തിനുള്ള തെളിവ്, 'കാലിഫോര്‍ണിയ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ടെക്നോളജി'യിലെ (കാല്‍ടെക്) വിഖ്യാത ഗ്രഹശാസ്ത്രജ്ഞനായ മൈക്കല്‍ ബ്രൗണും കോണ്‍സ്റ്റാന്റിന്‍ ബട്ട്യാഗിനും ചേര്‍ന്നാണ് കണ്ടെത്തിയത്. 
 • സൗരയൂഥത്തില്‍ കൈപ്പര്‍ ബെല്‍റ്റ് (Kuiper Betl) എന്നറിയപ്പെടുന്ന വിദൂരമേഖലയില്‍ കുള്ളന്‍ ഗ്രഹമായ പ്ലൂട്ടോയ്ക്കപ്പുറമാണ് പുതിയ വസ്തുവിന്റെ സ്ഥാനം.

സൗരയൂഥത്തില്‍ 'ഒന്‍പതാം ഗ്രഹം'; തെളിവുമായി ഗവേഷകര്‍

 

സാഫ് കപ്പ് ഇന്ത്യക്ക്

സാഫ് കപ്പ് ഫുട്‌ബോള്‍ കിരീടം ഇന്ത്യയ്ക്ക്‌

 • സാഫ്കപ്പ് ഫുട്‌ബോളില്‍ ഇന്ത്യ കിരീടം തിരിച്ചുപിടിച്ചു. ഫൈനലില്‍ അഫ്ഗാനിസ്ഥാനെ തോല്‍പ്പിച്ചാണ് ജേതാക്കളായത്. കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്‍മാരായിരുന്നു അഫ്ഗാന്‍. 
 • ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ഏഴാം കിരീടമായിരുന്നു. 1993, 1997, 1999, 2005, 2009, 2011 വര്‍ഷങ്ങളിലാണ് ഇതിന് മുമ്പ് കിരീടം നേടിയത്. 
 • തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന ടൂര്‍ണമെന്റില്‍ 12 കളിയില്‍ നിന്ന് 44 ഗോളുകളാണ് പിറന്നത്.
 • നാല് ഗോള്‍ നേടിയ അഫ്ഗാന്റെ കൈബര്‍ അമാനി ടോപ് സ്‌കോററായി.

 

ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടം ദ്യോകോവിച്ചിന്

Novak Djokovic

 • ലോക ഒന്നാം നമ്പര്‍ നൊവാക് ദ്യോകോവിച്ചിന് ആറാം ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസ് കിരീടം.
 • ഫൈനലില്‍ ബ്രിട്ടന്റെ ആന്‍ഡി മറയെയാണ് ദ്യോകോവിച്ച് നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയത്. സ്‌കോര്‍: 6-1, 7-5, 7-6 (73).
 • ആറ് ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടങ്ങള്‍ എന്ന ഓസ്ട്രേലിയയുടെ റോയ് എമേഴ്സന്റെ റെക്കോഡിനൊപ്പമെത്തിയിരിക്കുകയാണ് 28-കാരനായ ദ്യോകോവിച്ച്
 • ജര്‍മനിയുടെ ആഞ്ജലിക് കെര്‍ബറിനാണ് വനിതാ കിരീടം.
 • ഫൈനലില്‍ അമേരിക്കയുടെ സെറീന വില്യംസിനെയാണ് കെര്‍ബര്‍ പരാജയപ്പെടുത്തിയത്. 
 • ഓസ്ട്രേലിയന്‍ ഓപ്പണ്‍ ഡബിള്‍സ് കിരീടം നേടി ഇന്തോ-സ്വിസ് താരങ്ങളായി സാനിയ മിര്‍സയും മാര്‍ട്ടിന ഹിംഗിസും പുതിയ റെക്കോഡിട്ടു. 
 • തുടര്‍ച്ചയായ 36-ാം ജയത്തോടെയാണ് സാനിയയും ഹിംഗിസും ഓസ്ട്രേലിയന്‍ ഓപ്പണിലും വിജയഗാഥ രചിച്ചത്.

 

ഏറ്റവും വലിയ 'സൗരയൂഥം' 

Biggest Solar System

 

 • മാതൃനക്ഷത്രത്തെ ഒരുലക്ഷം കോടി കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തില്‍ ചുറ്റുന്ന അന്യഗ്രഹത്തെ ജ്യോതിശാസ്ത്രജ്ഞര്‍ കണ്ടെത്തി.
 • ഇതുവരെ തിരിച്ചറിഞ്ഞതില്‍ ഏറ്റവും വലിയ 'സൗരയൂഥം' ( solarss ystem) ആണ് ആ ഗ്രഹസംവിധാനമെന്ന് ഗവേഷകര്‍ പറയുന്നു.
 • മാതൃനക്ഷത്രമില്ലാതെ അലഞ്ഞുതിരിയുന്ന 'നാഥനില്ലാഗ്രഹം' ( rogue planet) എന്ന് ഇത്രനാളും കരുതിയ 2 MASS J 2126 എന്ന വാതകഭീമന്‍, കണ്ടെത്തിയതില്‍ ഏറ്റവും വലിയ സൗരയൂഥത്തിന്റെ ഭാഗമാണെന്നാണ് ഇപ്പോള്‍ തിരിച്ചറിഞ്ഞിരിക്കുന്നത്.

 

വിടപറഞ്ഞവര്‍

എ.ബി. ബര്‍ദന്‍

ab bardhan

 • ഒന്നരപ്പതിറ്റാണ്ടിലേറെ സി.പി.ഐയെ നയിച്ച എം.ബി. ബര്‍ദന്‍ (92) ജനവരി രണ്ടിന് അന്തരിച്ചു.
 • 1996-ല്‍ സി.പി.ഐയുടെ അഖിലേന്ത്യ ജനറല്‍ സെക്രട്ടറിയായ അദ്ദേഹം 2012 വരെ ആസ്ഥാനത്തു തുടര്‍ന്നു. 
 • എ.ഐ.എസ്.എഫിലൂടെ രാഷ്ട്രീയത്തില്‍വന്നു. 1957-ല്‍ മഹാരാഷ്ട്ര നിയമസഭാംഗമായി. 1990-ല്‍ പ്രവര്‍ത്തനം ഡല്‍ഹിയിലേക്കുമാറ്റി. 
 • ഇടതുപക്ഷത്തിന്റെ പിന്തുണയോടെ യു.പി.എ. സര്‍ക്കാര്‍ രൂപവത്ക്കരിക്കുന്നതില്‍ സി.പി.എം. നേതാവ് ഹര്‍കിഷന്‍ സിങ് സുര്‍ജിത്തിനൊപ്പം നിര്‍ണായക പങ്കുവഹിച്ചു.

 

മുഫ്തി മുഹമ്മദ് 

ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സയീദ് അന്തരിച്ചു

 • ജമ്മുകശ്മീര്‍ മുഖ്യമന്ത്രിയും പി.ഡി.പി സ്ഥാപകനേതാവുമായ മുഫ്തി മുഹമ്മദ് സയ്യിദ് ജനവരി 7-ന് അന്തരിച്ചു.
 • ബി.ജെ.പിയുടെ പിന്തുണയോടെ 2015 മാര്‍ച്ച് ഒന്നിനാണ് മുഫ്തി മുഹമ്മദ് സയ്യിദ് ജമ്മുകശ്മീര്‍ മുഖ്യമന്ത്രിയായി ചുമതലയേറ്റത്.
 • ഇന്ത്യയിലെ ആദ്യ മുസ്‌ലിം ആഭ്യന്തരമന്ത്രിയാണ്.1989-ല്‍ വി.പി. സിങ് സര്‍ക്കാറിലാണ് ഇദ്ദേഹം ആഭ്യന്ത്രമന്ത്രിയായിരുന്നത്. 
 • 1999-ലാണ് ഇദ്ദേഹം പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (പി.ഡി.പി.) രൂപവത്ക്കരിച്ചത്. 
 • 2002-ലെ കോണ്‍ഗ്രസ് -പി.ഡി.പി. സര്‍ക്കാറില്‍ മൂന്നുവര്‍ഷം മുഖ്യമന്ത്രിയായിരുന്നു. 

 

മൃണാളിനി സാരാഭായ് 

mrinalini sarabhai

 • പ്രശസ്ത നര്‍ത്തകിയും ഇന്ത്യന്‍ ബഹിരാകാശ പദ്ധതിയുടെ പിതാവ് വിക്രം സാരാഭായിയുടെ ഭാര്യയുമായ മൃണാളിനി സാരാഭായ് ജനവരി 21-ന് അന്തരിച്ചു. 
 • പ്രശസ്ത നടിയും നര്‍ത്തകിയുമായ മല്ലികാ സാരാഭായിയും കാര്‍ത്തികേയ സാരാഭായിയുമാണ് മക്കള്‍.
 • പദ്മശ്രീ (1965), പദ്മഭൂഷണ്‍ (1992) പുരസ്‌കാരങ്ങള്‍ നല്‍കി രാജ്യം അവരെ ആദരിച്ചിട്ടുണ്ട്.
 • 'ഹൃദയത്തിന്റെ സ്വരം' ആണ് ആത്മകഥ.

 

കല്‍പ്പന 

നടി കല്‍പ്പന അന്തരിച്ചു

 • മലയാള സിനിമയിലെ നിറസാന്നിധ്യമായിരുന്ന പ്രശസ്ത നടി കല്‍പ്പന ജനവരി 25-ന് അന്തരിച്ചു.
 • 'തനിച്ചല്ല ഞാന്‍' എന്ന സിനിമയിലെ പ്രകടനത്തിന് മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരം നേടിയ കല്‍പ്പന മുന്നൂറിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

 

തയ്യാറാക്കിയത്: വൈശാഖ് വര്‍മ്മ