വിട പറയുന്ന ഒരു വർഷത്തിന്റെ കായിക കണക്കെടുപ്പ് നടത്തിയാൽ പെൺകരുത്തിന്റെ ചിത്രമാകും തെളിഞ്ഞു വരിക. റിയോ ഒളിമ്പിക്സിൽ ഇന്ത്യയുടെ അഭിമാനം മുറെകെപ്പിടിച്ച പി.വി സിന്ധുവും സാക്ഷി മാലിക്കും ദിപ കർമാക്കറും. കോർട്ടിനുള്ളിൽ വീണ്ടും റെക്കോഡിലേക്ക് റാക്കറ്റേന്തിയ സെറീന വില്ല്യംസും സാനിയ മിർസ-മാർട്ടിന ഹിംഗിസ് ജോഡിയും. അതിനപ്പുറത്തേക്ക് നോക്കിയാൽ മെസ്സിയുടെ കണ്ണീരിനും കേരള ബ്ലാസ്റ്റേഴ്സിന്റെ കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടപ്പെട്ട കിരീടത്തിനും ഇടിക്കൂട്ടിലെ ഇതിഹാസം മുഹമ്മദ് അലിയുടെ വിടവാങ്ങലിനും ലോകം സാക്ഷിയായി. വെല്ലാനാരുമില്ലെന്ന് തെളിയിച്ച് ഉസെെൻ ബോൾട്ടും ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചരിത്രമായി ലെസ്റ്റർ സിറ്റിയും ക്രിക്കറ്റിൽ കരുൺ നായരെന്ന താരോദയവും 2016ലെ മുഖമുദ്രകളായി. ഹോക്കിയിൽ പ്രതാപകാലത്തേക്കുള്ള തിരിച്ചുപോക്കിലാണ് ഇന്ത്യൻ ടീം.  2016ലെ 366 ദിവസങ്ങളിൽ ലോക കായികവേദി എങ്ങനെയായിരുന്നു. ജനുവരി മുതൽ ഡിസംബർ വരെയുള്ള കണക്കെടുപ്പിൽ തെളിയുന്നത്...

മെസ്സി ലോക ഫുട്ബോളര്‍

messi

ബാഴ്‌സലോണയുടെ അര്‍ജന്റീന താരം ലയണല്‍ മെസ്സി അഞ്ചാംവട്ടവും ലോകഫുട്‌ബോളര്‍ക്കുള്ള ഫിഫയുടെ ബാലൺദ്യോര്‍ പുരസ്‌കാരം നേടി. ആഗോള ഫുട്‌ബോള്‍ സംഘടനയ്ക്ക് കീഴിലുളള രാജ്യങ്ങളിലെ ദേശിയ പരിശീലകരും ക്യാപ്റ്റന്മാരും മാധ്യമ പ്രവര്‍ത്തകരും പങ്കെടുത്ത വോട്ടെടുപ്പില്‍ മെസ്സിക്ക് 41.33 ശതമാനം വോട്ട് ലഭിച്ചു. റയല്‍ മാഡ്രിഡിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് 27.76 ശതമാനം വോട്ടാണ് നേടാനായത്. ബാഴ്‌സലോണയുടെ നെയ്മര്‍ 7.86 ശതമാനം വോട്ടോടെ ബഹുദൂരം പിന്നിലായി. അമേരിക്കന്‍ ടീമിന്റെ മധ്യനിരതാരം കാര്‍ലി ആന്‍ ലോയ്ഡ് ആണ് മികച്ച വനിതാ താരം. മികച്ച പുരുഷ ടീം കോച്ച് ബാഴ്‌സലോണയുടെ ലൂയിസ് എൻറിക്കെയും മികച്ച വനിതാ കോച്ച് അമേരിക്കന്‍ ടീമിന്റെ ജില്‍ എലിസുമാണ്.

ക്രിക്കറ്റിലെ ആദ്യ മില്ലേനിയം

Pranav Dhanawade

മുംബൈയിലെ സ്‌കൂള്‍ ക്രിക്കറ്റര്‍ ഒരിന്നിങ്‌സില്‍ 1000 റണ്‍സ് നേടുന്ന ആദ്യ താരമായി. ഭണ്ഡാരി ട്രോഫി അണ്ടര്‍-16 ഇന്റര്‍ സ്‌കൂള്‍ ക്രിക്കറ്റില്‍ കെ.സി. ഗാന്ധി സ്‌കൂളിനായി ഓപ്പണ്‍ ചെയ്ത 15കാരനായ പ്രണവ് ധന്‍വാദെയാണ് പുറത്താകാതെ 1009 റണ്‍സെടുത്തത്. ഒരു ഇന്നിങ്‌സില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് എന്ന, ഇംഗ്ലീഷുകാരനായ എ.ഇ.ജെ. കോളിന്‍സിന്റെ പേരിലുണ്ടായിരുന്ന 117 വര്‍ഷം പഴക്കമുള്ള ലോകറെക്കോഡാണ് പ്രണവ് തകര്‍ത്തത്. 1899-ല്‍ ഇംഗ്ലണ്ടില്‍ നോര്‍ത്ത് ടൗണിനെതിരെ ക്ലാര്‍ക്ക് ഹൗസിനുവേണ്ടി കോള്ളിന്‍സ് 628 റണ്‍സാണ് നേടിയത്. ഇന്ത്യന്‍ താരങ്ങളില്‍ മുംബൈക്കാരനായ പൃഥ്വി ഷാ റിസ്വി സ്പ്രിങ്ഫീല്‍ഡ് ഹൈസ്‌കൂളിനുവേണ്ടി ഒരു വര്‍ഷം മുന്‍പ്  546 റണ്‍സ് നേടിയതും പഴങ്കഥയായി

ലോക റെക്കോഡുമായി അപൂര്‍വി ചന്ദേല

Apoorvi

ഇന്ത്യയുടെ വനിതാതാരം അപൂര്‍വി ചന്ദേല സ്വീഡിഷ് കപ്പ് ഗ്രാന്‍ഡ്പ്രീയില്‍ മികച്ച ഷൂട്ടറായി.  ഒരു ലോക റെക്കോഡോടെ രണ്ട് സ്വര്‍ണം നേടിയാണ് അപൂർവി മികച്ച താരമായത്. വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ വിഭാഗത്തില്‍ 211.2 സ്‌കോര്‍ ചെയ്താണ് അപൂര്‍വി ലോക റെക്കോഡോടെ സ്വര്‍ണം നേടിയത്. രണ്ടാം സ്വര്‍ണം 10 മീറ്റര്‍ ട്രൈ-സീരിസിലായിരുന്നു.

സാനിയ-ഹിംഗിസ് സഖ്യത്തിന് ലോക റെക്കോഡ്

sania

ഇന്ത്യയുടെ സാനിയ മിര്‍സയും സ്വിസ് താരം മാര്‍ട്ടിന ഹിംഗിസും അടങ്ങുന്ന ടീം ടെന്നിസ് ഡബിള്‍സില്‍ ലോകറെക്കോഡിട്ടു. തുടര്‍ച്ചയായ 30 മല്‍സരവിജയങ്ങളിലേക്കാണ് ഇന്തോ-സ്വിസ് ജോഡി കുതിച്ചെത്തിയത്. 22 വര്‍ഷം മുന്‍പ് 1994ല്‍ ജിഗി ഫെര്‍ണാന്‍ഡസും നടാഷ വെരേവയും ചേര്‍ന്ന് നേടിയ 28 വിജയങ്ങളെന്ന റെക്കോഡ് പഴങ്കഥയായി. സിഡ്‌നി ഓപ്പണിലെ വനിതാ ഡബിൾസ കിരീടജയത്തോടെയാണ് സാനിയ-ഹിംഗിസ് സഖ്യം റെക്കോഡ് ജയം കൊയ്തത്.

ഇന്‍ഫന്റിനോ ഫിഫ പ്രസിഡന്റ് 

fifa

ഫിഫയുടെ ഒമ്പതാം പ്രസിഡന്റായി സ്വിറ്റ്സര്‍ലന്‍ഡുകാരന്‍ ജിയാനി ഇന്‍ഫന്റിനോ തിരഞ്ഞെടുക്കപ്പെട്ടു. യൂറോപ്യന്‍ ഫുട്ബോള്‍ ഭരണസമിതിയുടെ ജനറല്‍ സെക്രട്ടറിയാണ് 45-കാരനായ ഇന്‍ഫന്റിനോ. രണ്ടാംഘട്ട വോട്ടെടുപ്പില്‍ ഇന്‍ഫന്റിനോയ്ക്ക് 88ഉം ബഹ്റൈന്‍ രാജകുടുംബാംഗം ശൈഖ് സല്‍മാന്‍ ബിന്‍ ഇബ്രാഹിം അല്‍ ഖലീഫയ്ക്ക് 85ഉം വോട്ടാണ് ലഭിച്ചത്.


മരുന്നില്‍ കുടുങ്ങി ഷറപ്പോവ

maria sharapova

അഞ്ചുതവണ ഗ്രാന്റ്സ്ലാം കിരീടം നേടിയ മുന്‍ ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം റഷ്യയുടെ മരിയ ഷറപ്പോവയെ ഉത്തേജകമരുന്ന് ഉപയോഗിച്ചതിന്റെ പേരില്‍ ടെന്നീസില്‍ നിന്ന് താത്കാലികമായി വിലക്കി. മാര്‍ച്ച് 8-ന് ഷറപ്പോവ തന്നെയാണ് ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതായി അറിയിച്ചത്. മെല്‍ഡോണിയം എന്ന മരുന്ന് 2006 മുതല്‍ ഉപയോഗിച്ചു വരുന്നതായി ഷറപ്പോവ സമ്മതിക്കുകയായിരുന്നു. 

ഹോക്കി ഇന്ത്യയുടെ പുരസ്‌കാരവുമായി  ശ്രീജേഷ്‌

sreejesh

കഴിഞ്ഞ സീസണിലെ മികച്ച ഹോക്കി താരത്തിനുള്ള ഹോക്കി ഇന്ത്യയുടെ പുരസ്‌കാരം മലയാളി ഗോള്‍കീപ്പര്‍ പി.ആര്‍. ശ്രീജേഷിന്. ചരിത്രത്തില്‍ ആദ്യമായാണ് ഒരു മലയാളി താരത്തിന് ഈ പുരസ്‌കാരം ലഭിക്കുന്നത്. 25 ലക്ഷം രൂപയാണ് പുരസ്‌കാരത്തുക. ദീപികയാണ് വനിതാ വിഭാഗത്തില്‍ മികച്ച താരം. ധ്യാന്‍ചന്ദ് ആജീവനാന്ത പുരസ്‌കാരം മുന്‍ഹോക്കി നായകന്‍ ശങ്കര്‍ ലക്ഷ്മണിന് ലഭിച്ചു.

വാട്സണ്‍ വിരമിച്ചു

Shane Watson

ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം ഷെയ്ന്‍ വാട്സണ്‍ (34) അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് വിരമിച്ചു. മാര്‍ച്ച് 27-ന് ഇന്ത്യക്കെതിരെ മൊഹാലിയില്‍ നടന്ന ട്വന്റി-20 ലോകകപ്പ് മത്സരത്തോടെയായിരുന്നു വിരമിക്കല്‍. ഈ മത്സരത്തില്‍ ഇന്ത്യയോട് തോറ്റ് ഒാസ്ട്രേലിയ ലോകകപ്പില്‍നിന്ന് പുറത്തായിരുന്നു.

ചരിത്രമെഴുതി ലെസ്റ്റര്‍ സിറ്റി

458163-leicester-award-8-a.jpg

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നൂറ്റാണ്ടിന്റെ ചരിത്രമെഴുതി ലെസ്റ്റര്‍ സിറ്റി കിരീടം നേടി. ലീഗിലെ മുന്‍നിരക്കാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, മാഞ്ചസ്റ്റര്‍ സിറ്റി, ആഴ്‌സണല്‍, ചെല്‍സി എന്നിവരെ പിന്തള്ളിയാണ് ലെസ്റ്റര്‍ കന്നിക്കിരീടത്തില്‍ മുത്തമിട്ടത്. ഈ നാല് ടീമുകളല്ലാതെ കിരീടം നേടിയ രണ്ടാമത്തെ ക്ലബ്ബാണ് ലെസ്റ്റര്‍ സിറ്റി. 1994-95 സീസണില്‍ ബ്ലാക്കേബേണ്‍ റോവേഴ്‌സാണ് ഈ നേട്ടം കൈവരിച്ച ആദ്യ ക്ലബ്ബ്. 


ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സൈന നേവാളിന്

Saina Nehwal

ഓസ്ട്രേലിയന്‍ ബാഡ്മിന്റണ്‍ ഓപ്പണ്‍ കിരീടം ഇന്ത്യയുടെ ഒന്നാം നമ്പര്‍താരം സൈന നേവാളിന്.  സിഡ്നിയില്‍ ജൂണ്‍ 12-ന് നടന്ന ഫൈനലില്‍ ചൈനയുടെ സണ്‍ യൂവിനെയാണ് സൈന പരാജയപ്പെടുത്തിയത്.


കോപ്പയില്‍ അര്‍ജന്റീനയുടെ കണ്ണുനീര്‍

chile

കോപ്പ അമേരിക്ക ഫുട്ബോളില്‍  ഒരിക്കൽ കൂടി അർജന്റീനയുടെ കണ്ണീർ വീണു. ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തിനൊടുവിൽ അർജന്റീനയെ പരാജയപ്പെടുത്തി ചിലി കിരീടം നേടി. ഷൂട്ടൗട്ടില്‍ രണ്ടിനെതിരെ നാല് ഗോളിനായിരുന്നു വിജയം. അര്‍ജന്റീനയുടെ സൂപ്പര്‍താരം ലയണല്‍ മെസ്സിയും ബെനേഗയും കിക്ക് പാഴാക്കിയത് അര്‍ജന്റീനയ്ക്ക് തിരിച്ചടിയായി. കോപ്പ ഫൈനലില്‍ അര്‍ജന്റീനയുടെ തുടര്‍ച്ചയായ നാലാം തോല്‍വിയായിരുന്നു അത്. ചിലി തുടര്‍ച്ചയായി രണ്ടാം കിരീട നേട്ടവും. പിന്നാലെ രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് വിരമിക്കുന്നതായി മെസ്സിയുടെ പ്രഖ്യാപനം.

മുഹമ്മദലിക്ക് വിട

Muhammad Ali

ബോക്സിങ് ഇതിഹാസം മുഹമ്മദ് അലി (74) ജൂണ്‍ 4-ന് അരിസോണയിലെ ഫീനിക്സില്‍ അന്തരിച്ചു. അമേരിക്കയിലെ കെന്റക്കിയിലെ ലൂയിസ് വില്ലെയില്‍ 1942-ലായിരുന്നു ജനനം. കാഷ്യസ് ക്ലേ ജൂനിയര്‍ എന്നായിരുന്നു ആദ്യ കാല പേര്. 1954-ല്‍ 12-ാം വയസ്സില്‍ ബോക്സിങ് താരമായി. 1960-ല്‍ 18-ാം വയസ്സില്‍ അമേരിക്കയ്ക്കു വേണ്ടി റോം ഒളിമ്പിക്സില്‍ സ്വര്‍ണം നേടി. 1964-ല്‍ 22-ാമത്തെ വയസ്സില്‍ സോണി ലിസ്റ്റനെ തോല്‍പിച്ച് ലോക ഹെവിവെയ്റ്റ് ചാമ്പ്യനായി. ഇതിനുശേഷമാണ് ഇസ്ലാം മതം സ്വീകരിച്ച് മുഹമ്മദ് അലി എന്ന് പേരു മാറ്റിയത്. മൂന്ന് ഹെവിവെയിറ്റ് കിരീടത്തിനുടമയായ ആദ്യ ബോക്സറാണ് മുഹമ്മദ് അലി. 2005-ല്‍ അമേരിക്കയുടെ പരമോന്നത ബഹുമതിയായ പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഓഫ് ഫ്രീഡം ലഭിച്ചു

പോര്‍ച്ചുഗലിന് യൂറോ കപ്പ്

Euro cup final

ജൂലായ് 10-ന് നടന്ന ഫൈനലില്‍ ഫ്രാന്‍സിനെ 1-0ന് പരാജയപ്പെടുത്തി പോര്‍ച്ചുഗല്‍ ആദ്യമായി യൂറോ കപ്പ് ഫുട്ബോള്‍ കിരീടം നേടി. പോര്‍ച്ചുഗലിനുവേണ്ടി എഡര്‍ ആണ് വിജയഗോള്‍ നേടിയത്. പരിക്കേറ്റതിനെ തുടര്‍ന്ന് ക്രിസ്റ്റ്യാനോയ്ക്ക് പാതിവഴിയില്‍ മത്സരം അവസാനിപ്പിച്ച് സെെഡ് ബെഞ്ചിലേക്ക് മാറേണ്ടി വന്നു. 

പ്രൊഫഷണല്‍ ബോക്‌സിങ് കിരീടം നേടി വിജേന്ദര്‍

VIJENDER SINGH

ഇന്ത്യന്‍ ബോക്‌സര്‍ വിജേന്ദര്‍ സിങ്ങിന് പ്രൊഫഷണല്‍ ബോക്‌സിങ് റിങ്ങില്‍ ആദ്യകിരീടം. സൂപ്പര്‍ മിഡില്‍വെയ്റ്റ് വിഭാഗത്തില്‍ ഓസ്ട്രേലിയയുടെ കെറിഹോപ്പിനെ തോല്‍പ്പിച്ച് ഏഷ്യ-പസഫിക് സൂപ്പര്‍ മിഡില്‍ വെയ്റ്റ് കിരീടം നേടിയത്. പത്ത് റൗണ്ട് നീണ്ടപോരാട്ടത്തിലാണ് ഇന്ത്യന്‍താരം ജയം നേടിയത്. 2008 ബെയ്ജിങ് ഒളിമ്പിക്‌സില്‍ ഇന്ത്യക്കായി വെങ്കലമെഡല്‍ നേടിയിട്ടുളള വിജേന്ദര്‍ പ്രൊഫഷണല്‍ ബോക്‌സിങ്ങിലേക്ക് കൂടുമാറിയതിന് ശേഷം കളിച്ച ആറ് മത്സരങ്ങളിലും ജയം നേടി. 2010-ലെ ഗാങ്ഷ്വു ഏഷ്യന്‍ ഗെയിംസില്‍ രാജ്യത്തിനായി വിജേന്ദര്‍ സ്വർണം നേടി.

ഒളിമ്പിക്‌സില്‍ അമേരിക്ക, ബോള്‍ട്ടിന് ട്രിപ്പിള്‍ ട്രിപ്പിള്‍

ബോള്‍ട്ടിന് ട്രിപ്പിള്‍ ട്രിപ്പിള്‍

മെഡല്‍ നിലയില്‍ അമേരിക്ക ഒന്നാമത്. 46 സ്വര്‍ണം, 37 വെള്ളി, 38 വെങ്കലം. ആകെ 121 മെഡലുകള്‍. രണ്ടാം സ്ഥാനത്ത് ബ്രിട്ടണ്‍. 27 സ്വര്‍ണം, 23 വെള്ളി, 17 വെങ്കലം. ആകെ 67 മെഡലുകള്‍.മൂന്നാം സ്ഥാനത്ത് ചൈന. 26 സ്വര്‍ണം, 18 വെള്ളി, 26 വെങ്കലം. ആകെ 70 മെഡലുകള്‍. അത്‌ലറ്റിക്‌സില്‍ ജമൈക്കയുടെ ഉസൈന്‍ ബോള്‍ട്ടിന് അപൂര്‍വ ട്രിപ്പിള്‍ ട്രിപ്പിള്‍. 100, 200, 4-400 മീറ്റിര്‍ റിലേ എന്നിവയില്‍ മൂന്ന് ഒളിമ്പിക്‌സിലും(ബെയ്ജിങ്, ലണ്ടന്‍, റിയോ) സ്വര്‍ണം. റിയോയില്‍ ഏറ്റവും കൂടുതല്‍ മെഡല്‍ നേടിയത് അമേരിക്കയുടെ നീന്തല്‍താരം മൈക്കല്‍ ഫെല്‍പ്‌സ്. അഞ്ച് സ്വര്‍ണവും ഒരു വെള്ളിയും. റിയോ ഒളിമ്പിക്‌സിലെ വേഗമേറിയ താരങ്ങള്‍ ജമൈക്കയുടെ ഉസൈന്‍ ബോള്‍ട്ടും എലെയ്ന്‍ തോംപ്‌സണും.

ഇന്ത്യയുടെ അഭിമാനമായി സിന്ധുവും സാക്ഷിയും ദിപയും

sindhu sakshi dipa rio

ഒളിമ്പിക് ബാഡ്മിന്റണില്‍ വെള്ളി നേടി പി.വി സിന്ധുവും ഗുസ്തിയില്‍ വെങ്കലം നേടി സാക്ഷി മാലിക്കും ആര്‍ട്ടിസ്റ്റിക് ജിംനാസ്റ്റിക്‌സില്‍ നാലാമതെത്തി ദിപ കര്‍മാക്കറും റിയോയില്‍ ഇന്ത്യയുടെ അഭിമാന താരങ്ങളായി. ബാഡ്മിന്റണ്‍ ഫൈനലില്‍ സ്‌പെയ്‌നിന്റെ കരോളിന മാരിനോട് തോറ്റെങ്കിലും വെള്ളി മെഡലിലൂടെ ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ താരമായി സിന്ധു. വെങ്കലം നേടിയ സാക്ഷി വനിതാ ഗുസ്തിയില്‍ മെഡല്‍ നേടുന്ന ആദ്യ താരമായി. ജിംനാസ്റ്റിക്‌സില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും മികച്ച പ്രകടനം ദിപയും റിയോയില്‍ പിന്നിട്ടു.


നര്‍സിങ്ങിന് വിലക്ക്

narsingh yadav

ഉത്തേജകമരുന്ന് ഉപയോഗിച്ചെന്ന കണ്ടെത്തലിനെത്തുടര്‍ന്ന് ഇന്ത്യന്‍ ഗുസ്തി താരം നര്‍സിങ് യാദവിന് അന്താരാഷ്ട്ര കായികകോടതി നാലുവര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തി. 74 കിലോ ഗ്രാം ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ ഒളിമ്പിക്സില്‍ മത്സരിക്കാനിരിക്കുന്നതിനിടെയായിരുന്നു കോടതിയുടെ വിലക്ക് നിലവില്‍വന്നത്. ഉത്തേജകമരുന്ന് ബോധപൂര്‍വം ഉപയോഗിച്ചതല്ലെന്ന നര്‍സിങ്ങിന്റെ വാദം പരിഗണിച്ച് ദേശീയ ഉത്തേജകവിരുദ്ധ സമിതിയായ നാഡ നര്‍സിങ്ങിനെ കുറ്റവിമുക്തനാക്കിയിരുന്നു. എന്നാല്‍ നാഡയുടെ തീരുമാനത്തിനെതിരെ വാഡ അന്താരാഷ്ട്ര കായികകോടതിയെ സമീപിക്കുകയായിരുന്നു. ഇതിലാണ് നര്‍സിങ്ങിനെ വിലക്കിക്കൊണ്ടുള്ള വിധിയുണ്ടായത്. 

ദില്‍ഷന്‍ വിരമിച്ചു

dilshan

17 വര്‍ഷത്തോളം ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന്റെ ഭാഗമായിരുന്ന തിലകരത്നെ ദില്‍ഷന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ആഗസ്ത് 28-ന് ഓസ്ട്രേലിയക്കെതിരെ ദാംബുള്ളയില്‍ നടന്ന ഏകദിന മത്സരത്തോടെയായിരുന്നു വിരമിക്കല്‍.


ഇംഗ്ലണ്ടിന് ലോക റെക്കോഡ് 

england

ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറിന് ഇംഗ്ലണ്ട് അവകാശികളായി. ആഗസ്ത് 30-ന് ഇംഗ്ലണ്ടിലെ ട്രെന്‍ഡ്ബ്രിഡ്ജില്‍ പാക്കിസ്താനെതിരായ മൂന്നാം മത്സരത്തില്‍ 50 ഓവറില്‍ മൂന്നുവിക്കറ്റ് നഷ്ടത്തില്‍ 444 റണ്‍സ് അടിച്ചാണ് അവര്‍ റെക്കോഡ് സ്വന്തമാക്കിയത്. 2006-ല്‍ ഹോളണ്ടിനെതിരെ ശ്രീലങ്ക നേടിയ 443 റണ്‍സിന്റെ റെക്കോഡ് ഇതോടെ പഴങ്കഥയായി.

ബിന്ദ്രയുടെ വിരമിക്കല്‍

Rio

ഒളിമ്പിക്‌സിലെ ഇന്ത്യയുടെ ഏക വ്യക്തിഗത സ്വര്‍ണമെഡല്‍ ജേതാവ് അഭിനവ് ബിന്ദ്ര സെപ്റ്റംബര്‍ നാലിന് ഷൂട്ടിങ് മത്സരവേദിയോട് വിടപറഞ്ഞു.2008 ബെയ്ജിങ് ഒളിമ്പിക്സില്‍ 10 മീറ്റര്‍ എയര്‍ റൈഫിള്‍ ഷൂട്ടിങ്ങിലാണ് ബിന്ദ്ര സ്വര്‍ണം നേടിയത്. റിയോ ഒളിമ്പിക്‌സില്‍ 10 മീറ്റര്‍ എയര്‍ പിസ്റ്റണ്‍ റൈഫിളില്‍ നാലാംസ്ഥാനം നേടിയിരുന്നു. റിയോയില്‍ ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യയുടെ പതാകയേന്തിയത് ബിന്ദ്രയായിരുന്നു.

യോഗേശ്വര്‍ വെങ്കലത്തില്‍ നിന്ന് വെള്ളിയിലേക്ക്

yogeshwar dutt

2012 ലണ്ടന്‍ ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ യോഗേശ്വര്‍ ദത്തിന്റെ മെഡല്‍നേട്ടം വെള്ളിയായി.അന്ന് വെള്ളിനേടിയ റഷ്യയുടെ ബെസിക്ക് കുദുക്കോവ് ഉത്തേജകമരുന്നടിച്ചതായി തെളിഞ്ഞതോടെയാണ് യോഗേശ്വർ വെള്ളി നേട്ടത്തിലെത്തയത്. എന്നാല്‍ ആ വെള്ളി മെഡല്‍ കുത്‌കോവിന്റെ കുടുംബം തന്നെ സൂക്ഷിച്ചാല്‍ മതിയെന്ന് യോഗേശ്വര്‍ പിന്നീട് വ്യക്തമാക്കി. കാറപകടത്തില്‍ കൊല്ലപ്പെട്ട കുത്‌കോവിനോടുള്ള സഹാനുഭൂതിയാണ്‌ തനിക്ക് പ്രധാനപ്പെട്ടതെന്നും കുത്‌കോവ് മികച്ച ബോക്‌സറാണെന്നും യോഗേശ്വര്‍ പ്രതികരിച്ചിരുന്നു. 60 കിലോഗ്രാം ഫ്രീസ്‌റ്റൈലിലാണ് യോഗേശ്വര്‍ വെങ്കലം നേടിയിരുന്നത്.

സെറീന വില്ല്യംസിന് റെക്കോര്‍ഡ്

Serena Williams

ടെന്നീസ് ലോക ഒന്നാംനമ്പര്‍ താരമായ സെറീന വില്യംസിന് ഗ്രാന്‍ഡ്സ്ലാം ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍(308) വിജയിച്ചതിന്റെ റെക്കോഡ്. കസാക്കിസ്താന്‍ താരമായ യാരോസ്ലാവാ ഷ്വദോവയെ യു.എസ്. ഓപ്പണിന്റെ നാലാം റൗണ്ടില്‍ തോല്‍പ്പിച്ചതോടെയാണ് റോജര്‍ ഫെഡററുടെ 307 ഗ്രാന്‍ഡ്സ്ലാം ജയങ്ങള്‍ എന്ന റെക്കോഡ് സെറീന തകര്‍ത്തത്. ഗ്രാന്‍ഡ്സ്ലാം ടെന്നീസ് ടൂര്‍ണമെന്റില്‍ ഏറ്റവും കൂടൂതല്‍ സിംഗിള്‍സ് ജയിക്കുന്ന വനിതാതാരം എന്ന റെക്കോഡും സെറീന സ്വന്തമാക്കി. ചെക് റിപ്പബ്ലിക്കിന്റെ മാര്‍ട്ടീന നവരത്ലോവയുടെ 306 മത്സരവിജയമെന്ന റെക്കോഡാണ് സെറീന മറികടന്നത്.യു.എസ്.ഓപ്പണിന്റെ മൂന്നാം റൗണ്ടില്‍ സ്വീഡന്റെ ജൊപാന ലാര്‍സനെ തോല്‍പ്പിച്ചാണ് സെറീന കരിയറിലെ 307-ാമത്തെ വിജയം സ്വന്തമാക്കിയത്.


ഫിഫ ബാലണ്‍ദ്യോര്‍ പുരസ്‌കാരം ഇനിയില്ല

ബാലണ്‍ ദ്യോര്‍: സ്പാനിഷ് ലീഗില്‍നിന്ന് 10 പേര്‍

ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോളര്‍ക്ക് ഫിഫയും ബാലണ്‍ദ്യോറും സംയുക്തമായി നല്‍കി വന്നിരുന്ന ഫിഫ ബാലണ്‍ദ്യോര്‍ പുരസ്‌കാരം ഇനിയുണ്ടാകില്ല. ഫിഫയും ഫ്രാന്‍സ് ഫുട്ബോളും തമ്മില്‍ പിരിഞ്ഞതാണ് പുരസ്‌കാരം നല്‍കാത്തതിനുള്ള കാരണം. പകരം പഴയപോലെ ഫിഫയുടെ അവാര്‍ഡും ഫ്രഞ്ച് പ്രസിദ്ധീകരണമായ ഫ്രാന്‍സ് ഫുട്ബോള്‍ നല്‍കുന്ന പുരസ്‌കാരവും വെവ്വേറെ നല്‍കും.ഫ്രാന്‍സ് ഫുട്ബോള്‍ എന്ന പ്രസിദ്ധീകരണം 1956 മുതല്‍ യൂറോപ്പിലെ മികച്ച താരത്തിന് നല്‍കിവരുന്ന പുരസ്‌കാരമായിരുന്നു ബാലണ്‍ദ്യോര്‍. അന്താരാഷ്ട്ര ഫുട്ബോള്‍ സംഘടനയായ ഫിഫ ലോകത്തിലെ മികച്ച താരത്തിന് വേള്‍ഡ് പ്ലെയര്‍ ദ ഇയര്‍ അവാര്‍ഡ് ഏര്‍പ്പെടുത്തിയത് 1991-ലും. 2010 മുതല്‍ക്കാണ് ഈ രണ്ടു പുരസ്‌കാരങ്ങളും ലയിപ്പിച്ച് ഫിഫ ബാലണ്‍ദ്യോര്‍ പുരസ്‌കാരമാക്കിയത്.ആദ്യമായി പുരസ്‌കാരം കരസ്ഥമാക്കിയത് അര്‍ജന്റീനയുടെ ലയണല്‍ മെസ്സി ആയിരുന്നു. 

ചെഫറിന്‍ യുവേഫ പ്രസിഡന്റ്

Aleksander Ceferin

യൂറോപ്യന്‍ ഫുട്ബോള്‍ സംഘടനയായ യുവേഫയുടെ പ്രസിഡന്റായി അലക്സാന്‍ഡര്‍ ചെഫറിന്‍ തിരഞ്ഞെടുക്കപ്പെട്ടു.സെപ്റ്റംബര്‍ 15ന് ആതന്‍സില്‍ നടന്ന പ്രത്യേക തിരഞ്ഞെടുപ്പില്‍ ഡച്ച് എതിരാളി മിഖായേല്‍ വാന്‍ പ്രാഗിനെയാണ് ചെഫറിന്‍ തോല്പിച്ചത്. സ്ലോവേനിയന്‍ ഫുട്ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് കൂടിയായ ഇദ്ദേഹത്തിന് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റീനോയുടെ പിന്‍ബലമാണ് തുണയായത്.

അഞ്ഞൂറിന്റെ തിളക്കത്തില്‍ ടീം ഇന്ത്യ

Kanpur test

അഞ്ഞൂറാം ടെസ്റ്റ് മത്സരത്തിൽ ഇന്ത്യക്ക് തകർപ്പൻ വിജയം. സെപ്റ്റംബര്‍ 23 മുതല്‍ 27 വരെ കാണ്‍പൂരിലെ ഗ്രീന്‍ പാര്‍ക്ക് സ്റ്റേഡിയത്തില്‍ നടന്ന ഒന്നാം ടെസ്റ്റിലാണ് ഇന്ത്യ ന്യൂസിലന്‍ഡിനെ 197 റണ്‍സിന് പരാജയപ്പെടുത്തിയത്. ഇന്ത്യയുടെ രവീന്ദ്ര ജഡേജയാണ് കളിയിലെ താരം.

പാരാലിമ്പിക്‌സില്‍ ചരിത്രമെഴുതി ഇന്ത്യ

rio


രണ്ടു സ്വര്‍ണം, ഒരു വെള്ളി. ഒരു വെങ്കലം, ഒരു ലോകറെക്കോഡ് പ്രകടനം തുടങ്ങിയ നേട്ടങ്ങളോടെ റിയോയിലെ പാരാലിമ്പിക്സില്‍ ഇന്ത്യ ചരിത്രംകുറിച്ചു. പുരുഷന്മാരുടെ ഹൈജമ്പില്‍ മാരിയപ്പന്‍ തങ്കവേലുവാണ് ആദ്യസ്വര്‍ണം നേടിയത്. ഇതേയിനത്തില്‍ ഇന്ത്യയുടെതന്നെ വരുണ്‍ സിങ് ഭാട്ടി വെങ്കലം നേടി. 1.89 മീറ്റര്‍ പിന്നിട്ടാണ് മാരിയപ്പന്‍ ഒന്നാമതെത്തിയത്. പാരാലിമ്പിക്സില്‍ സ്വര്‍ണം നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമാണ് മാരിയപ്പന്‍. 1972-ല്‍ നീന്തലില്‍ മുരളീകാന്ത് പേട്കറിന് ലഭിച്ച സ്വര്‍ണമാണ് ഇന്ത്യയുടെ ആദ്യ നേട്ടം.

ജാവലിന്‍ ത്രോയില്‍ എഫ് 46 വിഭാഗത്തില്‍ ഇന്ത്യയുടെ ദേവേന്ദ്ര ജജാരിയ ലോകറെക്കോഡോടെ സ്വര്‍ണം നേടി. ഇടതുകൈയില്ലാത്ത ജജാരിയ 63.97 മീറ്റര്‍ ദൂരത്തേക്ക് ജാവലിന്‍ എറിഞ്ഞാണ് അംഗപരിമിതര്‍ക്കുള്ള പാരാലിമ്പിക്സില്‍ തന്റെ രണ്ടാംസ്വര്‍ണം തികച്ചത്. 2004-ലെ ആതന്‍സ് പാരാലിമ്പിക്സിലായിരുന്നു ജജാരിയയുടെ ആദ്യ സ്വര്‍ണം. വനിതകളുടെ എഫ് 53 വിഭാഗം ഷോട്പുട്ടില്‍ ദീപാ മാലിക് വെള്ളി നേടി.


കബഡിയില്‍ ട്രിപ്പിളടിച്ച് ഇന്ത്യ

kabadi

ലോക കബഡിയുടെ നെറുകെയില്‍ തുടര്‍ച്ചയായി മൂന്നാംതവണയും ഇന്ത്യ. ഒക്ടോബര്‍ 22-ന് അഹമ്മദാബാദില്‍ നടന്ന ഫൈനലില്‍ ഇറാനെ തകര്‍ത്താണ് (38-29) ഇന്ത്യ കിരീടമണിഞ്ഞത്. 17 റെയ്ഡുകളില്‍ നിന്നായി 12 പോയന്റ് നേടിയ അജയ് താക്കൂറാണ് ഇന്ത്യയുടെ വിജയശില്‍പ്പി.

ചാമ്പ്യന്‍സ് ട്രോഫി ഹോക്കി കിരീടം ഇന്ത്യക്ക്

Asian Champions Trophy hockey

ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ നിലവിലെ ചാമ്പ്യന്മാരായ പാകിസ്താനെ തകര്‍ത്ത് ഇന്ത്യ കിരീടമണിഞ്ഞു. മലേഷ്യയിലെ കുവാണ്ടനില്‍ ഒക്ടോബര്‍ 30-ന് നടന്ന മത്സരത്തില്‍ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് ചിരവൈരികളായ പാകിസ്താനെ ഇന്ത്യ തോല്‍പ്പിച്ചത്. 

സിംഗപ്പൂരില്‍ നടന്ന നാലാം വനിതാ ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയിലും ഇന്ത്യ കിരീടം ചൂടി. നവംബര്‍ 5-ന് നടന്ന ഫൈനലില്‍ ചൈനയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ഇന്ത്യ കിരീടം നേടിയത്.വനിതാ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യന്‍ വനിതാസംഘത്തിന്റെ കന്നി കിരീടമാണിത്.

എ.എഫ്.സി കപ്പില്‍ ബെംഗളൂരു എഫ്.സിയുടെ കുതിപ്പ്

afc football

എ.എഫ്.സി. കപ്പ് ഫൈനല്‍ കളിക്കുന്ന ആദ്യ ഇന്ത്യന്‍ ക്ലബ്ബ് എന്ന ഖ്യാതിയോടെ കിരീടപ്പോരാട്ടത്തിനിറങ്ങിയ ബെംഗളൂരു എഫ്.സി.ക്ക് ഫൈനലില്‍ തോല്‍വി. നവംബര്‍ 5-ന് ദോഹയില്‍ നടന്ന ഫൈനലില്‍ ഇറാഖില്‍നിന്നുള്ള എയര്‍ ഫോഴ്സ് ക്ലബ്ബ് ഏകപക്ഷീയമായ ഒരു ഗോളിനാണ് ഇന്ത്യന്‍ ടീമിനെ തോല്‍പ്പിച്ചത്. 71-ാം മിനിറ്റില്‍ ഗോള്‍ നേടിയ സൂപ്പര്‍താരം ഹമ്മാദി അഹമ്മദാണ് ഇറാഖ് ക്ലബ്ബിന്റെ വിജയശില്പി. ഫെെനലിൽ പരാജയപ്പെട്ടെങ്കിലും എ.എഫ്.സി കപ്പിന്റെ കലാശക്കളിക്ക് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ ക്ലബ്ബെന്ന ചരിത്രം ബെംഗളൂരു എഫ്.സി സ്വന്തമാക്കി.

ദേശീയ ജൂനിയര്‍ അത്‌ലറ്റിക് മീറ്റില്‍ കേരളത്തിന് കിരീടം

WhatsApp-Image-2016-11-14-at-12.39.09.jpg

നവംബര്‍ 14-ന് സമാപിച്ച 32-ാം ദേശീയ ജൂനിയര്‍ അത്ലറ്റിക് മീറ്റില്‍ കേരളത്തിന് കിരീടം.429 പോയന്റുകള്‍ നേടിയാണ് കേരളം തുടര്‍ച്ചയായ അഞ്ചാം തവണയും ചാമ്പ്യന്‍പട്ടം നിലനിര്‍ത്തിയത്. 413.5 പോയിന്റോടെ തമിഴ്നാട് രണ്ടും 409 പോയിന്റോടെ ഹരിയാണ മൂന്നും സ്ഥാനങ്ങളിലെത്തി. കേരളത്തിന്റെ 22-ാമത്തെ ഓവറോള്‍ കിരീടം കൂടിയാണിത്.

സിന്ധുവിന് ആദ്യ സൂപ്പര്‍ സീരിസ് കിരീടം

pv sindhu

ഇന്ത്യയുടെ ഒളിമ്പിക്സ് വെള്ളിമെഡല്‍ ജേതാവ് പി.വി. സിന്ധു കരിയറിലാദ്യമായി സൂപ്പര്‍ സിരീസ് കിരീടത്തിന് ഉടമയായി. നവംബര്‍ 20-ന് നടന്ന ചൈന സൂപ്പര്‍ സിരീസ് ഫൈനലില്‍ ആതിഥേയതാരമായ സണ്‍ യുവിനെ കീഴടക്കിയാണ് (21-11, 17-21, 21-11) സിന്ധു ആദ്യ സൂപ്പര്‍ സിരീസ് കിരീടം നേടിയത്.

അതിവേഗ സെഞ്ചുറിയുമായി ഋഷഭ് പന്ത്

Rishabh Pant

ഡല്‍ഹിയുടെ യുവ ക്രിക്കറ്റ് താരം ഋഷഭ് പന്ത് ഇന്ത്യന്‍ ഫസ്റ്റ് ക്ലാസ്സ് ക്രിക്കറ്റിലെ അതിവേഗ സെഞ്ചുറിക്ക് ഉടമയായി. രഞ്ജി ക്രിക്കറ്റ് ഗ്രൂപ്പ് ബിയില്‍ ജാര്‍ഖണ്ഡിനെതിരെ 48 പന്തില്‍ സെഞ്ചുറി നേടിയ ഋഷഭ് 29 വര്‍ഷം പഴക്കമുള്ള റെക്കോഡാണ് ഭേദിച്ചത്. 1987-88 രഞ്ജി ട്രോഫി സീസണില്‍ അസമിന്റെ രാജേഷ് ബോറയും 1988-89 സീസണില്‍ തമിഴ്നാടിന്റെ വി.ബി. ചന്ദ്രശേഖറും കുറിച്ച 56 പന്തില്‍ 100 റണ്‍സ് എന്ന റെക്കോഡാണ് മറികടന്നത്.

ചെസ്സ് കിരീടം കാള്‍സണ്

carlsen

ന്യൂയോര്‍ക്കില്‍ നടന്ന ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ മാഗ്നസ് കാള്‍സണ് കിരീടം. റഷ്യന്‍ താരം സെര്‍ജികര്യാക്കിനെയാണ് നോര്‍വെയുടെ കാള്‍സണ്‍ പരാജയപ്പെടുത്തിയത്. കാള്‍സന്റെ മൂന്നാമത്തെ കിരീട നേട്ടമാണിത്

ഐ.എസ്.എല്ലില്‍ കൊല്‍ക്കത്തക്ക് കിരീടം

കേരള ബ്ലാസ്റ്റേഴ്‌സിനെ ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തി ഐസ്എല്‍ മൂന്നാം സീസണ്‍ കിരീടവുമായി അത്‌ലറ്റികോ

ഷൂട്ടൗട്ടില്‍ കലാശിച്ച ഫൈനലില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെ പരാജയപ്പെടുത്തി അത്‌ലറ്റികോ ദി കൊല്‍ക്കത്ത ഐ.എസ്.എല്‍. കിരീടം സ്വന്തമാക്കി. 2014-ലെ ആദ്യ സീസണിലും ബ്ലാസ്റ്റേഴ്‌സിനെ തോല്‍പ്പിച്ച് അത്‌ലറ്റികോ കിരീടം നേടിയിരുന്നു.

ജൂനിയര്‍ ഹോക്കി ലോക കിരീടം ഇന്ത്യക്ക്

junior hockey world cup

ബെല്‍ജിയത്തെ ഒന്നിനെതിരെ രണ്ടു ഗോളിന് പരാജയപ്പെടുത്തി ഇന്ത്യ ലോക ജൂനിയര്‍ ഹോക്കി ചാമ്പ്യന്‍മാരായി. 15 വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് ഇന്ത്യ ജൂനിയര്‍ ഹോക്കി കിരീടം നേടുന്നത്. ഗുര്‍ജന്ത് സിംഗും സിമ്രന്‍ജിത് സിംഗും ഇന്ത്യക്കായി ഗോള്‍ നേടി. 

ട്രാക്കിനോട് വിട പറഞ്ഞ് റോസ്ബര്‍ഗ്

Nico Rosberg

ഫോര്‍മുല വണ്‍ ലോക ചാമ്പ്യനായതിന് പിന്നാലെ ജര്‍മന്‍ ഡ്രൈവര്‍ നിക്കോ റോസ്ബര്‍ഗ് റെയ്‌സിങ് ട്രാക്കിനോട് വിട പറഞ്ഞു. സീസണിലെ 21 ഗ്രാന്‍ഡ്പ്രീകളില്‍ ഒമ്പെതണ്ണത്തിലും വിജയിച്ചാണ് മെഴ്‌സിഡസിന്റെ ഡ്രൈവറായ റോസ്ബര്‍ഗ് ലോക ചാമ്പ്യനായത്. റെയ്‌സിങ് ട്രാക്കിലിറങ്ങി പത്ത് വര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവിലാണ് റോസ്ബര്‍ഗ് ചാമ്പ്യന്‍ ഡ്രൈവറായത്. 

ചരിത്രമെഴുതി കരുണ്‍ നായര്‍

Karun Nair

മലയാളിയായ കരുണ്‍ നായര്‍ ഇംഗ്ലണ്ടിനെതിരായി ചെന്നൈ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ നടന്ന ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ചുറി നേടി ചരിത്രമെഴുതി. പുറത്താകാതെ 303 റണ്‍സാണ് കരുണ്‍ നേടിയത്. വീരേന്ദര്‍ സേവാഗിനു ശേഷം ടെസ്റ്റില്‍ ട്രിപ്പിള്‍ തികയ്ക്കുന്ന ആദ്യ ഇന്ത്യന്‍ താരമാണ് കരുണ്‍. ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയുടെ ഏറ്റവുമയര്‍ന്ന സ്‌കോറിനും ചെപ്പോക്ക് സ്‌റ്റേഡിയം സാക്ഷിയായി.

അശ്വിന്‍ ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍

Aswin-Kohli

ഐ.സി.സി. ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം ഇന്ത്യയുടെ രവിചന്ദ്രന്‍ അശ്വിന്. മികച്ച ടെസ്റ്റ് ക്രിക്കറ്റര്‍ക്കുള്ള പുരസ്‌കാരവും അശ്വിന്‍ അപൂര്‍വ ഡബിള്‍ തികച്ചു. സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്കും രാഹുല്‍ ദ്രാവിഡിനും ശേഷം മികച്ച ടെസ്റ്റ് കളിക്കാരനാകുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമാണ് അശ്വിന്‍. മികച്ച ഏകദിന ക്രിക്കറ്റര്‍ക്കുള്ള പുരസ്‌കാരം ദക്ഷിണാഫ്രിക്കയുടെ ക്വിന്റണ്‍ ഡി കോക്ക് നേടി.മികച്ച ട്വന്റി-20 ക്രിക്കറ്റര്‍ക്കുള്ള പുരസ്‌കാരം ലഭിച്ചത് വെസ്റ്റ് ഇന്‍ഡീസിന്റെ കാര്‍ലോസ് ബ്രാത്ത്വൈറ്റിനാണ്