65,250 കോടിയുടെ കള്ളപ്പണം പുറത്ത്

black money

 • കഴിഞ്ഞ പൊതുബജറ്റില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇന്‍കം ഡിക്ലറേഷന്‍ സ്‌കീമിലൂടെ 65250 കോടി രൂപയുടെ കള്ളപ്പണം പുറത്തുവന്നു. ധനമന്തി അരുണ്‍ ജയ്റ്റ്‌ലിയാണ് വിവരങ്ങള്‍ പുറത്ത് വിട്ടത്. ഇതില്‍ നികുതിയും പിഴയുമടക്കം 29362 കോടി രൂപ സര്‍ക്കാര്‍ ഖജനാവിലേക്കെത്തും. 4 മാസം നീണ്ടുനിന്ന പദ്ധതി സപ്തംബര്‍ 30-ന് അവസാനിച്ചപ്പോള്‍  64275 വെളിപ്പെടുത്തലുകളാണുണ്ടായത്. ഒരാള്‍ ശരാശരി 1 കോടിയുടെ കള്ളപ്പണം നിയമവിധേയമാക്കി. ഐ.ഡി.എസ്. വ്യവസ്ഥ പ്രകാരം വെളിപ്പെടുത്തല്‍ നടത്തിയവരുടെ പേരുവിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.  
 • ഇന്‍കം ഡിക്ലറേഷന്‍ സ്‌കീം 2016- 2015 ലെ ബ്ലാക്ക് മണി ആക്ടിനെ അടിസ്ഥാനമാക്കിയാണ് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രഖ്യാപിച്ചത്. 
 • വെളിപ്പെടുത്തല്‍ നടത്തുന്നവര്‍ക്ക് നികുതിയും പിഴയുമടക്കം 45 ശതമാനം നല്‍കി ഇന്‍കം ടാക്‌സ് ആക്ട് 1961, വെല്‍ത്ത് ടാക്‌സ് ആക്ട് 1957, ബിനാമി ട്രാന്‍സാക്ഷന്‍ (പ്രോഹിബിഷന്‍) ആക്ട് 1988 എന്നിവ പ്രകാരമുള്ള നടപടികളില്‍ നിന്നും ഒഴിവാകാമെന്നതായിരുന്നു പ്രധാന ആകര്‍ഷണം. 
 • 1997 ല്‍ വൊളന്ററി ഡിസ്‌ക്ലോഷര്‍ ഓഫ് ഇന്‍കം പദ്ധതി പ്രകാരം 9760 കോടി രൂപ പുറത്തുകൊണ്ടുവന്നിട്ടുണ്ട്. 

 

പാരിസ്  ഉടമ്പടിയില്‍ ഇന്ത്യയും

world earth day

 • മഹാത്മാഗാന്ധിയുടെ 147-ാം ജന്മദിനത്തില്‍ ആഗോള കാലാവസ്ഥാ വ്യതിയാന നിയന്ത്രണത്തിനായുള്ള പാരിസ് ഉടമ്പടി ഇന്ത്യ ഔദ്യോഗികമായി അംഗീകരിച്ചു. 
 • ഒക്ടോബര്‍ 2-ന് ഗാന്ധിജയന്തിയോടനുബന്ധിച്ചുള്ള അന്താരാഷ്ട്ര അഹിംസാ ദിനാചരണത്തിന്റെ ഭാഗമായി യു.എന്‍. ആസ്ഥാനത്തു നടന്ന ചടങ്ങില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഒപ്പിട്ട രേഖ ഇന്ത്യ കൈമാറി. ഉടമ്പടി അംഗീകരിക്കുന്ന 62-ാം രാഷ്ട്രമാണ് ഇന്ത്യ.
 • 2015 ഡിസംബറില്‍ ഐക്യരാഷ്ട്ര സംഘടനയുടെ നേതൃത്വത്തില്‍ പാരീസീല്‍ നടന്ന ആഗോള കാലാവസ്ഥാ ഉച്ചകോടിയില്‍ രൂപപ്പെട്ട 191 രാജ്യങ്ങള്‍ അംഗീകരിച്ച കരാറാണിത്. 
 • 2016 ഏപ്രിലിലാണ് ഇന്ത്യ കരാറില്‍ ഒപ്പുവെച്ചത്. ആഗോളതാപനം നിയന്ത്രിക്കാനും വനപരിപാലനത്തിനും ഓസോണ്‍ സംരക്ഷിക്കാനുമാണ് കരാര്‍ പ്രധാനമായും നിലവില്‍ വന്നത്.

 

 

മരണം വിതച്ച് മാത്യു കൊടുങ്കാറ്റ് 

mathew

 • അമേരിക്കയിലെ ദരിദ്ര രാജ്യമായ ഹെയ്തിയില്‍ മരണം വിതച്ച് മാത്യു കൊടുങ്കാറ്റ്. ഹെയ്തിയുടെ ദക്ഷിണ തീരത്ത് ഒക്ടോബര്‍ 2-ന് രൂപം കൊണ്ട കൊടുങ്കാറ്റ് തൊള്ളായിരത്തോളം പേരുടെ ജീവനപഹരിച്ചുവെന്നും 2.25 ബില്ല്യണ്‍ യു.എസ് ഡോളറിന്റെ നാശനഷ്ടമുണ്ടാക്കിയെന്നുമാണ് കണക്കാക്കുന്നത്. 
 • മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം. ദിവസങ്ങള്‍ നീണ്ടുനിന്ന പ്രളയത്തിലും കൊടുങ്കാറ്റിലും ആയിരക്കണക്കിനാളുകള്‍ ദുരന്തത്തിനിരയായി. 
 • ഹെയ്തിക്കുപുറമേ ഡൊമിനിക്കന്‍ റിപ്പബ്ലിക്, സെന്റ് വിന്‍സന്റ്, ഗ്രാനഡ,ഫ്‌ലോറിഡ എന്നിവിടങ്ങളിലും കാറ്റ് നാശം വിതച്ചു.

 

ഇന്ത്യക്കെതിരായ പരാതി അന്താരാഷ്ട്ര കോടതി തള്ളി

international court

 • അണ്വായുധ മത്സരം നിര്‍ത്തുന്നതില്‍ പരാജയപ്പെട്ടാന്നാരേപിച്ച് ഇന്ത്യ, ബ്രിട്ടണ്‍, പാകിസ്താന്‍ എന്നീ രാജ്യങ്ങള്‍ക്കെതിരെ മാര്‍ഷല്‍ ദ്വീപുകള്‍ നല്‍കിയ പരാതി ഐക്യരാഷ്ട്രസഭാ അന്താരാഷ്ട്ര നീതിന്യായ കോടതി(ഐ.സി.ജെ) തള്ളി. 
 • 1968 ലെ ആണവനിര്‍വ്യാപന കരാറുമായി സഹകരിക്കാത്ത ഒമ്പത് രാജ്യങ്ങള്‍ക്കെതിരായ പരാതിയുമായി 2014 ലാണ് മാര്‍ഷല്‍ ദ്വീപുകള്‍ കോടതിയെ സമീപിച്ചത്. ഇതില്‍ ചൈന, ഫ്രാന്‍സ്, ഇസ്രായേല്‍, ഉത്തരകൊറിയ, റഷ്യ, അമേരിക്ക എന്നീ രൂജ്യങ്ങള്‍ ഐ.സി.ജെ യുവിന്റ പരിധി അംഗീകരിച്ചിട്ടില്ലാത്തതിനാല്‍ ഇവര്‍ക്കെതിരായ കേസ് നിലനിന്നില്ല. 

 

ജിസാറ്റ്-18 ഭ്രമണപഥത്തില്‍

gsat 18

 • ഐ.എസ്.ആര്‍.ഒ. വികസിപ്പിച്ചെടുത്ത ഇന്ത്യയുടെ ഏറ്റവും വലിയ വാര്‍ത്താവിനിമയ ഉപഗ്രഹമായ ജി-സാറ്റ് 18 ഫ്രഞ്ച് ഗയാനയില്‍നിന്ന് ഒക്ടോബര്‍ 6-ന് വിക്ഷേപിച്ചു. 
 • ഫ്രഞ്ച് കമ്പനി ഏരിയന്‍ സ്പേസിന്റെ ഏരിയന്‍-5 എന്ന റോക്കറ്റിന്റെ സഹായത്തോടെയായിരുന്നു വിക്ഷേപണം. 
 • വാര്‍ത്താവിനിമയം സുഗമമാക്കാന്‍ 48 ട്രാന്‍സ്പോന്‍ഡറുകള്‍ ഘടിപ്പിച്ചിരിക്കുന്ന ഉപഗ്രഹത്തിന് 3404 കിലോഗ്രാം ഭാരമുണ്ട്. സി ബാന്‍ഡ്, കെ.യു. ബാന്‍ഡ് എന്നീ റേഡിയോ തരംഗങ്ങള്‍ പ്രേഷണംചെയ്യാന്‍ ജി സാറ്റിന് സാധിക്കും. 15 വര്‍ഷമാണ് ജി സാറ്റിന്റെ കാലാവധി.

 

സാര്‍ക്  സമ്മേളനം മാറ്റി

SAARC

 • പാകിസ്താനിലെ ഇസ്ലാമാബാദില്‍ നവംബറില്‍ നടക്കേണ്ടിയിരുന്ന 19-ാം സാര്‍ക് (സൗത്ത് ഏഷ്യന്‍ അസോസിയേഷന്‍ ഫോര്‍ റീജണല്‍ കോ ഓപ്പറേഷന്‍) ഉച്ചകോടി മാറ്റിവെച്ചു. 
 • എട്ടംഗങ്ങളുള്ള സാര്‍ക്കിലെ അഞ്ച് രാജ്യങ്ങള്‍ പങ്കെടുക്കാത്ത സാഹചര്യത്തിലാണിത്. 
 • ഉറി ഭീകരാക്രമണ പശ്ചാത്തലത്തില്‍ ഇന്ത്യ പങ്കെടുക്കില്ലെന്ന് അറിയിച്ചതോടെ ബംഗ്ലാദേശ്, ഭൂട്ടാന്‍, അഫ്ഗാനിസ്താന്‍, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളും ഉച്ചകോടി ബഹിഷ്‌കരിക്കുകയായിരുന്നു. 
 • നവംബര്‍ 9, 10 തീയതികളിലായിരുന്നു സാര്‍ക് നടക്കേണ്ടിയിരുന്നത്. 

 

 

ജിത്തു റായിക്ക് ചാമ്പ്യന്‍സ് ട്രോഫി കിരീടം

jeetu rai

 • റൈഫിള്‍ ആന്‍ഡ് പിസ്റ്റള്‍ ലോകകപ്പിന്റെ ഭാഗമായി നടന്ന ചാമ്പ്യന്‍സ് ട്രോഫി മത്സരത്തില്‍ പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ കിരീടമണിഞ്ഞ് ഇന്ത്യയുടെ ഷൂട്ടര്‍ ജിത്തു റായി ഒക്ടോബര്‍ 11-ന് ചാമ്പ്യന്‍സ് ഓഫ് ചാമ്പ്യന്‍സ് പട്ടത്തിന് അര്‍ഹനായി. 
 • ഫൈനലില്‍ സെര്‍ബിയന്‍ താരം ഡാമിര്‍ മൈക്കെച്ചിനെയാണ് ജിത്തു തോല്‍പ്പിച്ചത്. 

 

സാര്‍ക് സമ്മേളനം മാറ്റി; പാകിസ്താന് തിരിച്ചടി / Read More....

 

സൗരയൂഥത്തില്‍ മറ്റൊരു കുള്ളന്‍ ഗ്രഹം

 • സൗരയൂഥത്തില്‍ പ്ലൂട്ടോയ്ക്ക് സമാനമായി മറ്റൊരു കുള്ളന്‍ ഗ്രഹത്തെക്കൂടി കണ്ടെത്തി. എട്ടാം ഗ്രഹമായ നെപ്റ്റിയൂണും കഴിഞ്ഞ് സൗരയൂഥത്തിന് ഏറ്റവും വെളിയിലുള്ള കിയ്പര്‍ മേഖലയിലാണ് കുഞ്ഞന്‍ ഗ്രഹമുള്ളത്. 
 • മിഷിഗണ്‍ സര്‍വകലാശാലയിലെ ജ്യോതിശാസ്ത്രജ്ഞനായ ഡേവിഡ് ജെര്‍സഡും സംഘവുമാണ് ഒക്ടോബര്‍ 12-ന് ഈ കുഞ്ഞന്‍ ഗ്രഹത്തെ കണ്ടെത്തിയിരിക്കുന്നത്. 
 • 2014 യൂ.സെഡ്.224 എന്നാണ് ഇവര്‍ ഗ്രഹത്തിനിട്ടിരിക്കുന്ന പേര്. സൂര്യനില്‍ നിന്ന് 850 കോടി കിലോമീറ്റര്‍ അകലെയുള്ള ഗ്രഹത്തിന് പ്ലൂട്ടോയുടെ പകുതി വലുപ്പമുണ്ട്.

 

പ്ലൂട്ടോയ്ക്ക് തുണയായി സൗരയൂഥത്തില്‍ മറ്റൊരു കുള്ളന്‍ ഗ്രഹം / Read More.....

 

ഇ.പി. ജയരാജന്‍ രാജിവച്ചു

e p jayarajan

 • ബന്ധു നിയമനവുമായി ബന്ധപ്പെട്ട വിവാദത്തെ തുടര്‍ന്ന് വ്യവസായ മന്ത്രി ഇ.പി. ജയരാജന്‍ ഒക്ടോബര്‍ 14-ന് രാജിവച്ചു.
 • ജയരാജന്റെ ഭാര്യാ സഹോദരി പി.കെ. ശ്രീമതി എം.പിയുടെ മകന്‍ സുധീര്‍ നമ്പ്യാരെ കേരള ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് മാനേജിങ് ഡയറക്ടര്‍  സ്ഥാനത്ത് നിയമിച്ചതാണ് ജയരാജന്റെ രാജിയില്‍ കലാശിച്ചത്.

 

ബ്രിക്‌സ് ഉച്ചകോടി

brics

 • എട്ടാമത് ബ്രിക്‌സ് ഉച്ചകോടി ഒക്ടോബര്‍ 15,16 തീയതികളിലായി ഗോവയില്‍ നടന്നു. 
 • ഭീകരതയ്‌ക്കെതിരായ സമഗ്ര ഉടമ്പടി ഐക്യരാഷ്ട്രസഭ അടിയന്തരമായി നടപ്പാക്കണമെന്ന് ഉച്ചകോടി ആവശ്യപ്പെട്ടു. 
 • ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്, റഷ്യന്‍ പ്രസിഡന്റ് വ്‌ളാദമിര്‍ പുതിന്‍, ബ്രസീല്‍ പ്രസിഡന്റ് മൈക്കല്‍ ടെമര്‍, ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ജേക്കബ് സുമ എന്നിവര്‍ ഉച്ചകോടിയില്‍ പങ്കെടുത്തു.
 • കള്ളപ്പണം, മയക്ക് മരുന്ന എന്നിവ തടയുക, വിവിധോദ്ദേശ്യ വികസനങ്ങള്‍ക്കായി രാജ്യങ്ങളുടെ കൂട്ടായ്മകള്‍ രൂപീകരിച്ചിട്ടുള്ള മള്‍ട്ടി ലാറ്ററല്‍ ഡവലപ്‌മെന്റ് ബാങ്കുകളുടെ സാമ്പത്തിക പരിമിതി ഇല്ലാതാക്കുക തുടങ്ങിയവയാണ് മറ്റ് പ്രധാന തീരുമാനങ്ങള്‍.

 

സ്വന്തംമണ്ണിലെ ഭീകരത തടയുക -ബ്രിക്‌സ്‌ / Read More....

 

ഇന്ത്യ -റഷ്യ കരാര്‍

india russia

 • ദീര്‍ഘദൂര വ്യോമ പ്രതിരോധ മിസൈല്‍ സംവിധാനമായ എസ് 400 ട്രയംഫ് (Triumph) ഉള്‍പ്പെടെ 60000 കോടി രൂപയുടെ പ്രതിരോധക്കരാറില്‍ ഇന്ത്യയും റഷ്യയും ഒക്ടോബര്‍ 15-ന് ഒപ്പുവെച്ചു. 
 • ബ്രിക്സ് സമ്മേളനത്തില്‍ പങ്കെടുക്കാനായി റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുതിന്‍ ഇന്ത്യയിലെത്തിയ വേളയിലാണ് കരാറില്‍ ഒപ്പുവെച്ചത്. 
 • വാണിജ്യം,നിക്ഷേപം, പെട്രോളിയം,ബഹിരാകാശം, സ്മാര്‍ട്ട് സിറ്റി നിര്‍മാണം, റെയില്‍വേ തുടങ്ങിയ സുപ്രധാനമായ 16 കരാറുകളിലാണ് ഇരു രാജ്യങ്ങളും ഒപ്പുവെച്ചത്.

 

നൊബേല്‍ 2016

സമാധാനം

Juan Manuel Santos
ഹുവാന്‍ മാനുവല്‍ സാന്തോസ്
 • 2016-ലെ സമാധാന നൊബേല്‍  കൊളംബിയന്‍ പ്രസിഡന്റ് ഹുവാന്‍ മാനുവല്‍ സാന്തോസിന്. രാജ്യത്ത് അരനൂറ്റാണ്ട് നീണ്ടുനിന്ന ആഭ്യന്തര കലാപം അവസാനിപ്പിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ക്കാണ് പുരസ്‌കാരം.
 

വൈദ്യശാസ്ത്ര നൊബേല്‍ ഒസുമിക്ക്

Yoshinori Ohsumi
യോഷിനോരി ഒസുമി
 • വൈദ്യശാസ്ത്ര നൊബേല്‍ ജപ്പാനിലെ കോശഗവേഷകനായ യോഷിനോരി ഒസുമിക്ക് ലഭിച്ചു. ശരീരത്തിലെ കോശങ്ങളുടെ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതു സംബന്ധിച്ച പഠനത്തിനാണ് അദ്ദേഹത്തിന് അംഗീകാരം ലഭിച്ചത്. 
 • പഴയ കോശങ്ങള്‍ക്കു പകരം പുതിയ കോശങ്ങള്‍ രൂപപ്പെടുന്നതുമായി ബന്ധപ്പെട്ട ഓട്ടോഫോജിയുടെ കണ്ടെത്തലുകളാണ് അദ്ദേഹത്തിന്റെ പഠനത്തിന്റെ ആധാരം.

 

ഭൗതികശാസ്ത്രം

Physics Nobel

 • 2016-ലെ ഫിസിക്സ് നൊബേല്‍ പുരസ്‌കാരം ദ്രവ്യത്തിന്റെ അസാധാരണ അവസ്ഥകളെക്കുറിച്ചുള്ള പഠനത്തിന്. 
 • പഠനത്തിന് നേതൃത്വംനല്‍കിയ ബ്രിട്ടീഷ് വംശജരായ അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ ഡേവിഡ് തൂലെസ്, ഡങ്കന്‍ ഹാല്‍ഡെയിന്‍, മൈക്കല്‍ കോസ്റ്റര്‍ലിറ്റ്സ് എന്നിവര്‍ പുരസ്‌കാരം പങ്കിട്ടു. 
 • ടോപോളജി എന്ന ഈ പഠനം ക്വാണ്ടം കമ്പ്യൂട്ടിങ് ഉള്‍പ്പെടെയുള്ള മേഖലകളില്‍ പ്രാധാന്യമേറിയതാണ്. 

 

രസതന്ത്രം

Chemistry Nobel

 • കുഞ്ഞന്‍ തന്മാത്രായന്ത്രങ്ങളെ വികസിപ്പിച്ച മുന്നു ശാസ്ത്രജ്ഞര്‍ 2016 ലെ രസതന്ത്രത്തിനുള്ള നോബേല്‍ പുരസ്‌കാരത്തിനര്‍ഹരായി. 
 • ഫ്രാന്‍സിലെ സ്ട്രാസ്‌ബോര്‍ഗ് സര്‍വകലാശാലയിലെ ഴാന്‍ പിയറി സവാഷ്, അമേരിക്കയിലെ എവന്‍സ്റ്റണ്‍ നോര്‍ത്ത് വെസ്‌റ്റേണ്‍ സര്‍വകലാശാലയിലെ സര്‍.ജെ.ഫ്രെസര്‍ സ്റ്റോഡാര്‍ട്ട്, ഹോളണ്ടിലെ ഗ്രോണിഗന്‍ സര്‍വകലാശാലയിലെ ബര്‍ണാഡ് എല്‍ ഫെരിംഗ എന്നിവരാണ് പുരസ്‌കാരം പങ്കിട്ടത്. 

 

സാമ്പത്തികശാസ്ത്ര നൊബേല്‍ 

nobel

 • 2016-ലെ സാമ്പത്തികശാസ്ത്ര നൊബേല്‍ പുരസ്‌കാരം ബ്രിട്ടീഷ്-അമേരിക്കന്‍ സാമ്പത്തികശാസ്ത്രജ്ഞനായ ഒലിവര്‍ ഹാര്‍ട്ടും ഫിന്നിഷ് സാമ്പത്തിക ശാസ്ത്രജ്ഞനായ ബെംഗ്റ്റ് ഹോംസ്ട്രമും പങ്കുവെച്ചു. 
 • കരാര്‍സിദ്ധാന്തത്തിലെ വിലപ്പെട്ട സംഭാവനകളാണ് ഇരുവരെയും പുരസ്‌കാരത്തിന് അര്‍ഹരാക്കിയത്. 

 

സാഹിത്യ നൊബേല്‍ ബോബ് ഡിലന്

Bob Dylan

 • 2016-ലെ സാഹിത്യ നൊബേല്‍ പുരസ്‌കാരം ഗാനരചയിതാവും പോപ് സംഗീതജ്ഞനുമായ ബോബ് ഡിലന് ലഭിച്ചു. 
 • അമേരിക്കയുടെ മഹത്തായ ഗാന പാരമ്പര്യത്തിന് ഡിലന്‍ നല്‍കിയ കാവ്യാത്മക സംഭാവനകള്‍ പരിഗണിച്ചാണ് ബഹുമതി. 
 • ഇതാദ്യമായാണ് ഒരു സംഗീതജ്ഞന് സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം ലഭിക്കുന്നത്. 

 

അരിഹന്ത്

ഐ.എന്‍.എസ് അരിഹന്ത്

 • ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ആണവ അന്തര്‍ വാഹിനിയായ ഐ.എന്‍.എസ്.അരിഹന്ത് ഒക്ടോബര്‍ 17-ന് കമ്മിഷന്‍ ചെയ്തു. 
 • ആണവായുധങ്ങളുടെ ഉപയോഗത്തിന് സജ്ജമായ കപ്പലാണിത്. കടലില്‍നിന്നും കരയില്‍നിന്നും ആകാശത്തുനിന്നുമുള്ള അണ്വായുധ പ്രയോഗങ്ങളെ നേരിടുന്നതിനും അരിഹന്തിന് ശേഷിയുണ്ട്. 
 • ഇന്ത്യയില്‍ നിര്‍മിച്ച ആദ്യത്തെ ആണവായുധ അന്തര്‍വാഹിനിയായ അരിഹന്തിന്റെ നിര്‍മാണം 2009-ലാണ് പൂര്‍ത്തിയായത്.  

 

ഇറോം ശര്‍മിള പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു 

Irom Sarmila

 • പ്രജ- ഉരുക്ക് വനിതയുടെ പുതിയ രാഷ്ട്രീയ പാര്‍ട്ടി ഇങ്ങനെ അറിയപ്പെടും. 
 • പീപ്പിള്‍സ് റിസര്‍ജന്‍സ് ആന്‍ഡ് ജസ്റ്റിസ് അലയന്‍സ് എന്നാണ് മുഴുവന്‍ പേര്. 

 

ഐ.എന്‍.എസ്. തിഹായു 

 • ഇന്ത്യയില്‍ നിര്‍മിച്ച അതിവേഗ ആക്രമണ കപ്പല്‍ 'ഐ.എന്‍.എസ്. തിഹായു' നാവികസേനയുടെ ഭാഗമായി. 
 • വിശാഖപട്ടണത്ത് ഒക്ടോബര്‍ 19-ന് നടന്ന ചടങ്ങില്‍ നാവികസേനയുടെ കിഴക്കന്‍ മേഖലാ മേധാവി അഡ്മിറല്‍ എച്ച്.സി.എസ്. ബിഷ്ത് കപ്പല്‍ കമ്മീഷന്‍ ചെയ്തു. 
 • ആഴംകുറഞ്ഞ പ്രദേശത്തും അതിവേഗം സഞ്ചരിക്കുന്ന കപ്പല്‍ സമുദ്രനിരീക്ഷണം, ആക്രമണദൗത്യങ്ങള്‍, രക്ഷാപ്രവര്‍ത്തനം എന്നിവയ്ക്കാണ് പ്രധാനമായും ഉപയോഗിക്കുക.

 

കബഡി ലോകകപ്പില്‍ ഇന്ത്യയ്ക്ക് ഹാട്രിക് കിരീടം

kabadi

 • ലോക കബഡിയുടെ നെറുകെയില്‍ തുടര്‍ച്ചയായി മൂന്നാംതവണയും ഇന്ത്യ. 
 • ഒക്ടോബര്‍ 22-ന് അഹമ്മദാബാദില്‍ നടന്ന ഫൈനലില്‍ ഇറാനെ തകര്‍ത്താണ് (3829) ഇന്ത്യ കിരീടമണിഞ്ഞത്. 
 • 17 റെയ്ഡുകളില്‍ നിന്നായി 12 പോയന്റ് നേടിയ അജയ് താക്കൂറാണ് ഇന്ത്യയുടെ വിജയശില്‍പ്പി.

 

സൈറസ്  മിസ്ത്രി പുറത്ത്

Cyrus Mistry

 • ടാറ്റാ സണ്‍സിന്റെ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് സൈറസ് മിസ്ത്രിയെ മാറ്റി.  രത്തന്‍ ടാറ്റയെ താത്കാലിക ചെയര്‍മാനായി നിയമിച്ചു. ഒക്ടോബര്‍ 24-ന് ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് തീരുമാനം. 
 • നാലു മാസത്തിനകം പുതിയ ചെയര്‍മാനെ തിരഞ്ഞെടുക്കാന്‍ ഒരു സമിതിയെ നിയോഗിച്ചിട്ടുമുണ്ട്. രാജ്യത്തെ ഏറ്റവും വലിയ വ്യവസായ ഗ്രൂപ്പായ ടാറ്റയുടെ തലപ്പത്ത് നാലുവര്‍ഷം മുമ്പാണ് ടാറ്റാ കുടുംബത്തിനു പുറത്തുനിന്നുള്ള സൈറസ് പല്ലോന്‍ജി മിസ്ത്രി ചുമതലയേറ്റത്.

 

മാന്‍ ബുക്കര്‍ പോള്‍ ബീറ്റിക്ക്

paul beatty

 • മാന്‍ ബുക്കര്‍ പുരസ്‌കാരം അമേരിക്കന്‍ നോവലിസ്റ്റ് പോള്‍ ബീറ്റി സ്വന്തമാക്കി. ആദ്യമായാണ് ഒരു അമേരിക്കക്കാരന്‍ ഈ പുരസ്‌കാരത്തിന് അര്‍ഹനാകുന്നത്. 
 • ബീറ്റിയുടെ സ്വദേശമായ ലോസ് ആഞ്ജലിസിന്റെ പശ്ചാത്തലത്തില്‍ എഴുതിയ  'ദ സെല്‍ഔട്ട്' എന്ന നോവലാണ് പുരസ്‌കാര പ്രഖ്യാപനത്തില്‍ തലപ്പത്തെത്തിയത്.
 • ഒക്ടോബര്‍ 26-ന് ലണ്ടനിലെ ഗൈഡ് ഹാളില്‍ നടന്ന ചടങ്ങില്‍ ബ്രിട്ടീഷ് കിരീടാവകാശി ചാള്‍സിന്റെ പത്‌നി കാമില പാര്‍ക്കര്‍, ബീറ്റിക്ക് പുരസ്‌കാരം നല്‍കി. 
 • ബീറ്റിയുടെ നാലാമത്തെ നോവലാണ് ദ സെല്‍ ഔട്ട്. നാഷണല്‍ ബുക്ക് ക്രിട്ടിക്‌സ് സര്‍ക്കിള്‍ പുരസ്‌കാരവും നോവലിന് ലഭിച്ചിരുന്നു.

 

പാക്  ഉദ്യോഗസ്ഥനെ ഇന്ത്യ പുറത്താക്കി

india pak

 • അതിര്‍ത്തിയിലെ സേനാവിന്യാസമടക്കം അതിപ്രധാന പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തിയതിന് ഇന്ത്യയിലെ പാകിസ്താന്‍ സ്ഥാനപതികാര്യാലയ ഉദ്യോഗസ്ഥന്‍ മെഹമൂദ് അഖ്തറിനെ ഇന്ത്യ ഒക്ടോബര്‍ 27-ന് പുറത്താക്കി. 
 • ഡല്‍ഹി മൃഗശാലയുടെ പ്രധാന കവാടത്തില്‍വെച്ച് പ്രതിരോധ രഹസ്യങ്ങളടങ്ങിയ രേഖകള്‍ കൈമാറവെയാണ് അഖ്തറിനെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്. 

 

ഷി ജിന്‍ പിങ് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി പരമാധികാരി

 • ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങ്ങിനെ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പരമാധികാരിയായി പ്രഖ്യാപിച്ചു. 
 • നിലവില്‍ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറികൂടിയാണ് ഇദ്ദേഹം. മാവോയ്ക്ക് ശേഷമുള്ള ഏറ്റവും കരുത്തനായ നേതാവായാണ് ഷി ജിന്‍ പിങ്ങിനെ വിശേഷിപ്പിക്കുന്നത്.  മാവോയും ഡെംഗ് സിയാവോ പിംഗുമാണ് മുമ്പ ഈ പദവി അലങ്കരിച്ചിട്ടുള്ളത്. 

 

യസീദി യുവതികള്‍ക്ക് മനുഷ്യാവകാശ പുരസ്‌കാരം

Nadia Murad Basee, left, and Lamiya Aji Bashar,

 • യൂറോപ്യന്‍ പാര്‍ലമെന്റ് നല്‍കുന്ന സാഖരോവ് മനുഷ്യാവകാശ പുരസ്‌കാരം ഇസ്ലാമിക് സ്റ്റേറ്റിന്റെ തടവറയില്‍നിന്ന് രക്ഷപ്പെട്ട യസീദി യുവതികളായ നാദിയ മുറാദ്, താമിയ ഹാജി ബാഷര്‍ എന്നിവര്‍ അര്‍ഹരായി. 
 • ഭീകരരുടെ കൈയില്‍നിന്ന് രക്ഷപ്പെട്ടശേഷം യസീദി ജനതയ്ക്കുവേണ്ടി ഇവരുടെ നേതൃത്വത്തില്‍ നടത്തിയ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കാണ് പുരസ്‌കാരം. 
 • 2014-ലാണ് ഐ.എസ്. ഭീകരര്‍ ഇവരെ തടവിലാക്കിയത്.

 

മരിയാനോ രഹോയ് സ്‌പെയിന്‍ പ്രധാനമന്ത്രി

mariano rajoy

 • സോഷ്യലിസ്റ്റ് പാര്‍ട്ടി തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചതോടെ പീപ്പിള്‍സ് പാര്‍ട്ടി നേതാവായ മരിയാനോ രഹോയ് വീണ്ടും സ്പാനിഷ് പ്രധാനമന്ത്രിയായി ഒക്ടോബര്‍ 29-ന് തിരഞ്ഞെടുക്കപ്പെട്ടു.

 

യു.എന്‍ മനുഷ്യാവകാശ കൗണ്‍സില്‍: റഷ്യ പുറത്ത്

 • ഐക്യരാഷ്ട്രസഭാ മനുഷ്യാവകാശ കൗണ്‍സിലിലേക്കുള്ള തിരഞ്ഞെടുപ്പില്‍ സിറിയയിലെ സൈനിക മുന്നേറ്റത്തിന് നല്‍കുന്ന പിന്തുണയുടെ പേരില്‍ റഷ്യ പരാജയപ്പെട്ടു. 
 • കിഴക്കന്‍ യൂറോപ്പിനെ പ്രതിനിധാനം ചെയ്യാന്‍ ഹംഗറിയേയും ക്രൊയേഷ്യയേയുമാണ് തിരഞ്ഞെടുത്തിരിക്കുന്നത്. 
 • 2006-ല്‍ സ്ഥാപിതമായതുമുതല്‍ ഒരു വര്‍ഷമൊഴിച്ച് എല്ലാ വര്‍ഷവും കൗണ്‍സിലില്‍ അംഗത്വം നേടിയിട്ടുള്ള രാജ്യമാണ് റഷ്യ. 14 സീറ്റുകളുള്ള കൗണ്‍സിലിലേക്ക് 193 അംഗരാഷ്ട്രങ്ങളും ചേര്‍ന്നാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്. 

 

ഹോക്കി കിരീടം

Asian Champions Trophy hockey

 • ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ നിലവിലെ ചാമ്പ്യന്മാരായ പാകിസ്താനെ തകര്‍ത്ത് ഇന്ത്യ കിരീടമണിഞ്ഞു. 
 • മലേഷ്യയിലെ കുവാണ്ടനില്‍ ഒക്ടോബര്‍ 30-ന് നടന്ന മത്സരത്തില്‍ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് ചിരവൈരികളായ പാകിസ്താനെ ഇന്ത്യ തോല്‍പ്പിച്ചത്. 

 

മൈക്കല്‍ അവുന്‍ ലെബനന്‍ പ്രസിഡന്റ്

Michel Aoun

 • രണ്ടുവര്‍ഷത്തിലധികമായി നിലനില്‍ക്കുന്ന രാഷ്ട്രീയ ശൂന്യതയ്ക്ക് വിരാമമിട്ട് ഹിസ്ബുള്ള പ്രസ്ഥാനത്തിന്റെ പിന്തുണയുള്ള മുന്‍ പട്ടാള ജനറല്‍ മൈക്കല്‍ അവുന്‍ (81) ലെബനന്റെ പ്രസിഡന്റായി ഒക്ടോബര്‍ 31-ന് തിരഞ്ഞെടുക്കപ്പെട്ടു.

 

വയലാര്‍ അവാര്‍ഡ് യു.കെ. കുമാരന്

u k Kumaran

 • 2016-ലെ വയലാര്‍ രാമവര്‍മ സാഹിത്യ പുരസ്‌കാരം യു.കെ. കുമാരന്റെ 'തക്ഷന്‍കുന്ന് സ്വരൂപം' എന്ന നോവലിന് ലഭിച്ചു. 
 • ഒരുലക്ഷം രൂപയും കാനായി കുഞ്ഞിരാമന്‍ രൂപകല്പനചെയ്ത വെങ്കലശില്പവും പ്രശസ്തിപത്രവും അടങ്ങുന്ന താണ് പുരസ്‌കാരം.

 

ജി.വി. രാജ അവാര്‍ഡ്

s.l.narayanan

 • കേരള സ്പോര്‍ട്സ് കൗണ്‍സിലിന്റെ 2015-ലെ ജി.വി. രാജ അവാര്‍ഡിന് ചെസ്സ് താരം എസ്.എല്‍. നാരായണനും തുഴച്ചില്‍ താരം ഡിറ്റിമോള്‍ വര്‍ഗീസും അര്‍ഹരായി.
 • മൂന്നുലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് അവാര്‍ഡ്.  

 

ജിമ്മി ജോര്‍ജ് അവാര്‍ഡ് പി.ആര്‍. ശ്രീജേഷിന്

sreejesh

 • സംസ്ഥാനത്തെ മികച്ച കായികതാരത്തിലുള്ള 28-ാം ജിമ്മി ജോര്‍ജ് ഫൗണ്ടേഷന്‍ അവാര്‍ഡിന് ഹോക്കി താരം പി.ആര്‍. ശ്രീജേഷ് അര്‍ഹനായി. 25000 രൂപയും ഫലകവുമടങ്ങുന്നതാണ് അവാര്‍ഡ്. 
 • 2016-ല്‍ റിയോ ഒളിമ്പിക്സില്‍ ഇന്ത്യന്‍ ഹോക്കി ടീമിന്റെ നായകനായ ശ്രീജേഷ് അര്‍ജുന അവാര്‍ഡ് ജേതാവ് കൂടിയാണ്.

 

മാതൃഭൂമി പുരസ്‌കാരം

C Radhakrishnan

 • മലയാളത്തില്‍ സാഹിത്യസംഭാവനകള്‍ക്ക് നല്‍കുന്ന പുരസ്‌കാരങ്ങളില്‍ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയുള്ള മാതൃഭൂമി സാഹിത്യ പുരസ്‌കാരം 2016-ല്‍ പ്രശസ്ത എഴുത്തുകാരന്‍ സി. രാധാകൃഷന്. 
 • രണ്ടു ലക്ഷം രൂപയും പ്രശസ്തി പത്രവും എം.വി. ദേവന്‍ രൂപകല്പനചെയ്ത ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം. 

വിയോഗം

ഭൂമി ബോല്‍ അതുല്യ തേജ്

 • ഏഴു പതിറ്റാണ്ടു കാലത്തോളം തായ്‌ലന്‍ഡ് രാജാവായിരുന്ന ഭൂമിബോല്‍ അതുല്യതേജ്(89) ഒക്ടോബര്‍ 13-ന് അന്തരിച്ചു. 
 • ലോകത്ത് ഏറ്റവും കൂടുതല്‍ കാലം രാജഭരണം നടത്തിയ വ്യക്തിയെന്ന ബഹുമതി ഇദ്ദേഹത്തിന് സ്വന്തമാണ്. 
 • 1927-ല്‍ ജനിച്ച ഇദ്ദേഹം 1946-ലാണ് തായ് രാജാവായി അധികാരമേറ്റത്. 

ജുങ്കോ താബെ 

junko thabe

 • എവറസ്റ്റ് കൊടുമുടി കീഴടക്കിയ ആദ്യ വനിത ജുങ്കോ താബെ അന്തരിച്ചു. 
 • ജാപ്പനീസ് പര്‍വ്വതാരോഹകയായ താബെ 1975 ല്‍ 35-ാം വയസ്സിലാണ് ലോകത്തിന്റെ നെറുകയിലെത്തിയത്. 1969ല്‍ ഇവര്‍ രൂപം നല്‍കിയ ലേഡീസ് ക്ലൈമ്പിങ് ക്ലബ്ബിലെ 15 അംഗങ്ങളും ഒപ്പമുണ്ടായിരുന്നു. 
 • ഏഴു വന്‍കരകളിലേയും ഉയരം കൂടിയ കൊടുമുടികള്‍ കീഴടക്കിയ ആദ്യ വനിതയും ജുങ്കോ താബെയാണ്. 
 • സുനാമി ബാധിതരായ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം 2011-ല്‍ ജപ്പാനിലെ മൗണ്ട് ഫുജി കീഴടക്കിയതാണ് അവസാന ദൗത്യം. 

 

തയ്യാറാക്കിയത്: വൈശാഖ് വര്‍മ്മ