Kalabhavan mani

ഹിറ്റുകളുടെയും ഫ്ലോപ്പുകളുടെയും ഇടയിലാണ് ഒരു സിനിമയുടെ ആയുസ്സ്. വെള്ളിത്തിരയുടെ വാര്‍ഷിക കണക്കെടുപ്പില്‍ തെളിഞ്ഞുനില്‍ക്കുന്നതും ലാഭനഷ്ടങ്ങളുടെ പട്ടിക തന്നെ. കണക്കുകളുടെ ഈ കളിക്ക് പിടിതരാതെ കുതറിപ്പോകും ചിലപ്പോഴെങ്കിലും സിനിമയെന്ന കലാരൂപം. അതുതന്നെയാണ് അതിനെ ജനകീയമാക്കുന്നതും ഏറ്റവും ശക്തമായ മാധ്യമമാക്കുന്നതും. വിടപറയുന്ന ഒരു വര്‍ഷം വിളവെടുപ്പ് നടത്തിയാല്‍ കണക്കുകളുടെ ഗുണനിലവാരത്തിന്റെയും പട്ടികയില്‍ മുന്നില്‍ നില്‍ക്കുന്നത് നേട്ടങ്ങള്‍ തന്നെയാവും. എന്നാല്‍, പുലിമുരുകന്റെ കരുത്തില്‍ കോടിക്ലബില്‍ കരുത്തറിയിച്ച  മലയാള സിനിമയ്ക്ക് അപ്രതീക്ഷിതമായി മണിനാദം നിലച്ചതിന്റെ നഷ്ടവുമുണ്ട് ഓര്‍ത്തുവയ്ക്കാന്‍. വർഷത്തിന്റെ അവസാനരംഗത്ത് രസംകൊല്ലിയായി കടന്നുവന്ന സിനിമാസമരമെന്ന വില്ലനും. കണക്കെടുപ്പിന്റെ ഒരു ഫ്ലാഷ്ബാക്കിലേയ്ക്ക്....

കോടികളുടെ കിലുക്കം

Kabali

 • പുലിമുരുകന്‍: മലയാള സിനിമയുടെ ചരിത്രത്തില്‍ നൂറു കോടി ക്ലബില്‍ ഇടം നേടുന്ന ആദ്യ ചിത്രമെന്ന ഖ്യാതി പുലിമുരുകന്. മോഹന്‍ലാല്‍ പ്രധാന വേഷത്തിലെത്തുന്ന ഈ ചിത്രത്തിന്റെ സംവിധായകന്‍ വൈശാഖാണ്. 
 • സുല്‍ത്താന്‍: 2016 ല്‍ ഏറ്റവും കൂടുതല്‍ വരുമാനം നേടിയ ഇന്ത്യന്‍ ചിത്രം. അലി അബ്ബാസ് സഫര്‍ സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ സല്‍മാന്‍ ഖാനാണ് നായകന്‍.
 • കബാലി: രജനികാന്ത് നായകനായെത്തിയ കബാലി 2016 ല്‍ ഏറ്റവും തരംഗം സൃഷ്ടിച്ച ചിത്രമെന്ന ഖ്യാതി നേടി. 2015 ല്‍ പുറത്തിറങ്ങിയ ബാഹുബലിക്ക് ശേഷം ഏറ്റവും വരുമാനം നേടിയ തെന്നിന്ത്യന്‍ ചിത്രമാണ് കബാലി. പാ രഞ്ജിത്താണ് ചിത്രത്തിന്റെ സംവിധായകന്‍.
 • ദംഗൽ: 2016ന് തിരശ്ശീല വീഴുന്നത് ആമിർ ഖാന്റെ ഈ സ്പോർട്സ് ബയോപിക്കിന്റെ റിലീസോടെയാണ്. ഗുസ്തിക്കാരൻ മഹാവീർ ഫോഗട്ടിന്റെയും മക്കളുടെയും കഥ പറഞ്ഞ ചിത്രം റിലീസ് ചെയ്ത് ഒരാഴ്ചയ്ക്കുള്ളിൽ തന്നെ 150 കോടി രൂപ കളക്റ്റ് ചെയ്ത് പുതിയ ചരിത്രമെഴുതുകയാണ്. ദംഗലിന്റെ പണക്കിലുക്കം കൊണ്ട് പുതിയ വർഷം തുടങ്ങാനാവുന്നത് ബോളിവുഡിന്റെ ശുഭലക്ഷണമായി.

 

 

പുരസ്‌കാരത്തിളക്കം

ദേശീയ പുരസ്‌കാരം

 • മികച്ച സിനിമ: ബാഹുബലി (രാജമൗലി)
 • മികച്ച സംവിധായകന്‍- സഞ്ജയ് ലീലാ ബന്‍സാലി (ബാജിറാവോ മസ്താനി)
 • മികച്ച നടന്‍- അമിതാഭ് ബച്ചന്‍ (പിങ്ക്)
 • മികച്ച നടി- കങ്കണ റണാവത്ത് (തനു വെഡ്സ് മനു റിട്ടേണ്‍സ്)
 • മികച്ച നവാഗത സംവിധായകന്‍- നീരജ് ഖൈവാന്‍ (മാസാന്‍)

national award

മലയാളത്തിന്റെ നേട്ടങ്ങള്‍

Jayasurya

 • സ്പെഷന്‍ ജ്യൂറി പുരസ്‌കാരം: ജയസൂര്യ (സു..സുധി വാത്മീകം, ലുക്കാ ചുപ്പി)
 • മികച്ച മലയാള സിനിമ- പത്തേമാരി (സലീം അഹമ്മദ്)
 • സാമൂഹ്യ പ്രസക്തിയുള്ള മികച്ച ചിത്രം- നിര്‍ണായകം (വികെ പ്രകാശ്)

 

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം

Charlie

 • മികച്ച സിനിമ-  ഒഴിവു ദിവസത്തെ കളി (സനല്‍കുമാര്‍ ശശിധരന്‍)
 • മികച്ച സംവിധായകന്‍- മാര്‍ട്ടിന്‍ പ്രക്കാട്ട് (ചാര്‍ലി)
 • മികച്ച നടന്‍- ദുല്‍ഖര്‍ സല്‍മാന്‍ (ചാര്‍ലി)
 • മികച്ച നടി- (പാര്‍വതി)
 • മികച്ച തിരക്കഥാകൃത്ത്- ഉണ്ണി ആര്‍, മാര്‍ട്ടിന്‍ പ്രക്കാട്ട് (ചാര്‍ലി)

 

ഓസ്‌ക്കർ 

The revenant

 • മികച്ച ചിത്രം- സ്പോട്ട്ലൈറ്റ് (ടോം മക്കാര്‍ത്തി)
 • മികച്ച സംവിധായകന്‍-അലസാന്ദ്രോ ഗോണ്‍സാലെസ് ഇനാരിറ്റു (ദ റെവെനന്റ്)
 • മികച്ച നടന്‍- ലിയനാര്‍ഡോ ഡി കാപ്രിയോ (ദ റെവെനന്റ്)
 • മികച്ച നടി-ബ്രീ ലാര്‍സണ്‍ (ദ റൂം)
 • ബോളിവുഡ് താരം പ്രിയങ്ക ചോപ്രയും അവതാരകരിൽ ഒരാളായിരുന്നു.

 

വിവാദങ്ങളുടെ ആന്റി ക്ലൈമാക്സ്

 • കരണ്‍ ജോഹര്‍ ചിത്രം ആ ദില്‍ ഹെ മുഷ്‌കിലില്‍ പാക് താകം ഫവദ് ഖാന്‍ പ്രധാവ വേഷത്തിലെത്തിയത് വിവാദം സൃഷ്ടിച്ചു. ഉറി ഭീകരാക്രമണത്തെ തുടര്‍ന്നാണ് പ്രശ്നങ്ങള്‍ രൂക്ഷമാകുന്നത്. 

ae dil hai mushkil

 • മലയാളത്തിന്റെ പ്രിയനടൻ നടന്‍ കലാഭവന്‍ മണിയുടെ മരണം വന്‍ വിവാദങ്ങള്‍ക്ക് തിരിക്കൊളുത്തി. മണിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ബന്ധുക്കളുടെ പരാതിയില്‍ പോലീസ് കേസെടുത്തു. 
 • അന്താരാഷ്ട്ര ചലച്ചിത്ര മേളയുമായി ബന്ധപ്പെട്ട് നിരവധി നാടകീയ സംഭവങ്ങളാണ് അരങ്ങേറിയത്. ദേശീയഗാന വിവാദവും ജയന്‍ ചെറിയാന്റെ കാ ബോഡിസ്‌കേപ്സ് എന്ന ചിത്രത്തിന്റെ പ്രദര്‍ശനവുമായി ബന്ധപ്പെട്ടു നടന്ന പ്രതിഷേധങ്ങളും വാര്‍ത്തകളിൽ ഇടം പിടിച്ചു. 
 • ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചന്‍, ഐശ്വര്യ റായ്, അജയ് ദേവ്ഗണ്‍ എന്നിവരുടെ പേരുകള്‍ പനാമാ പേപ്പറിൽ കള്ളപ്പണക്കാരുടെ പട്ടികയില്‍ ഇടം നേടിയത് വിവാദങ്ങള്‍ക്ക് തിരി കൊളുത്തി.  
 • അഭിഷേക് ചൗബെ സംവിധാനം ചെയ്യുന്ന ക്രൈം ത്രില്ലര്‍ ചിത്രം ഉഠ്താ പഞ്ചാബില്‍ സെന്‍സര്‍ ബോര്‍ഡിന്റെ ഇടപെടല്‍ വിവാദങ്ങള്‍ സൃഷ്ടിച്ചു. പഞ്ചാബില്‍ നിലനിൽക്കുന്ന മയക്കുമരുന്നു മാഫിയയെപ്പറ്റി പറയുന്ന ചിത്രത്തില്‍ 94 കട്ടുകളാണ് സെന്‍സര്‍ ബോര്‍ഡ് വിധിച്ചത്.
 • സെയ്ഫ് അലി ഖാൻ-കരീന കപൂർ ദമ്പതികൾ മകന് തൈമുർ എന്ന് പേരിട്ടതായിരുന്നു വർഷാവസാനം കേട്ട മറ്റൊരു വിവാദം. ചരിത്രത്തിൽ വൻ രക്തച്ചൊരിച്ചിലിന് കാരണക്കാരനായ വൈദേശികാക്രമണകാരിയുടെ പേരിട്ടുവെന്ന് പറഞ്ഞ് ട്വിറ്ററിൽ വൻ ആക്രമണമായിരുന്നു കരീനയ്ക്കും സെയ്ഫിനും നേരെ. ഒടുവിൽ സെയ്ഫും കരീനയുടെ പിതൃസഹോദരൻ ഋഷി കപൂറും നേരിട്ട് വരേണ്ടിവന്നു തർക്കം അവസാനിപ്പിക്കാൻ.
 • മറയുന്ന വർഷം വിവാദങ്ങൾക്ക് തിരികൊളുത്തിയ മറ്റൊന്ന് മോഹൻലാലിന്റെ ബ്ലോഗുകളാണ്. ഉറി ഭീകരാക്രമണത്തെ കുറിച്ചും നോട്ട് നിരോധനത്തെ അനുകൂലിച്ചുമുള്ള മോഹൻലാലിന്റെ ബ്ലോഗുകളാണ്. സാമൂഹ്യമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്കാണ് ഈ ബ്ലോഗുകൾ വഴിവച്ചത്.

 

ഉത്സവമായി ചലച്ചിത്രമേളകൾ

IFFI 2016: സുവർണമയൂരമായി ഇറാന്റെ പുത്രി

daughter

പുരസ്കാര ജേതാക്കൾ:

 • മികച്ച ചിത്രം: ഡോട്ടർ (ഇറാൻ)
 • മികച്ച നടന്‍- ഫര്‍ഹാദ് അസ്ലാനി, ചിത്രം- ദ ഡോട്ടര്‍ (ഇറാൻ)
 • മികച്ച നടി- എലീന വാസ്‌ക. ചിത്രം മെലോ മഡ് (ലാറ്റ്വിയ)
 • മികച്ച സംവിധായകന്‍- സോണര്‍ കാനര്‍, ബാരിസ് കായ, ചിത്രം: റൗഫ് (തുർക്കി)
 • പ്രത്യേക ജൂറി പുരസ്‌കാരം- ദ ത്രോണ്‍, (ദക്ഷിണ കൊറിയ), സംവിധായകന്‍ ലീ ജൂന്‍ ഇക്
 • ഐ.സി.എഫ്.ടി. യുണെസ്‌ക്കോ ഗാന്ധി അവാര്‍ഡ്- കോള്‍ഡ് ഓഫ് കലന്ദര്‍ ( തുര്‍ക്കി), സംവിധാനം: മുസ്തഫ കാര
 • ഐ.സി.എഫ്.ടി. യുണെസ്‌ക്കോ ഗാന്ധി അവാര്‍ഡിന്റെ പ്രത്യേക പുരസ്‌കാരം-  അപ്പോളജി (കാനഡ), സംവിധാനം- ടിഫാനി ഹിസിങ് Read More: സ്പെഷ്യൽ പേജ്

 

 IFFK 2016: പ്രേക്ഷകഹൃദയത്തിലെ ക്ലാഷ്  

IFFK AWARDS

പ്രേക്ഷക ഹൃദയം കവര്‍ന്ന ഈജിപ്ഷ്യന്‍ ചിത്രം ക്ലാഷ് ഇരുപത്തിയൊന്നാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ പുരസ്‌കാരങ്ങള്‍ തൂത്തുവാരി. മികച്ച ചിത്രത്തിനുള്ള സുവര്‍ണ ചകോരവും പ്രേക്ഷകര്‍ തിരഞ്ഞെടുത്ത മികച്ച ചിത്രത്തിനുള്ള രജത ചകോരവുമാണ് മുഹമ്മദ് ദിയാബ് സംവിധാനം ചെയ്ത ചിത്രം നേടിയത്. ഈജിപ്തിലെ മുല്ലപ്പൂ വിപ്ലവത്തിന്റെ പശ്ചാത്തലത്തില്‍ തയ്യാറാക്കിയ ചിത്രമാണ് ക്ലാഷ്. പ്രേക്ഷകരുടെ ആവശ്യാര്‍ഥം അഞ്ച് തവണയാണ് ക്ലാഷ് മേളയില്‍ പ്രദര്‍ശിപ്പിച്ചത്.

ഐ. എഫ്. എഫ്.കെ.യുടെ മത്സരവിഭാഗത്തില്‍ സാന്നിധ്യമറിയിച്ച വനിതയായ വിധു വിന്‍സെന്റിന്റെ ചിത്രം മാന്‍ഹോളും രണ്ട് അവാര്‍ഡുകള്‍ നേടി. കക്കൂസ് കുഴി തോണ്ടുന്നവരുടെ ജീവിതാവസ്ഥ ചിത്രീകരിച്ച മാന്‍ഹോള്‍ മികച്ച നവാഗത സംവിധായികയ്ക്കും മികച്ച  മലയാള ചിത്രത്തിനുമുള്ള ഫിപ്രസി അവാര്‍ഡുമാണ് നേടിയത്.

മികച്ച സംവിധായകനുള്ള രജത ചകോരം ക്ലെയര്‍ ഒഒബ്‌സ്‌ക്യുര്‍ സംവിധാനം ചെയ്ത യെസിം ഉസ്‌തോഗ്‌ലു കരസ്ഥമാക്കി. മികച്ച അന്താരാഷ്ട്ര ചിത്രത്തിനുള്ള ഫിപ്രസി പുരസ്‌കാരം വെയര്‍ഹൗസഡ് കരസ്ഥമാക്കി. മികച്ച ഏഷ്യന്‍ ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌കാരം കോള്‍ഡ് ഓഫ് കലന്ദറും മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌കാരം  രാജീവ് രവിയുടെ കമ്മട്ടിപ്പാടവും സ്വന്തമാക്കി.

Read More: സ്പെഷ്യൽ പേജ്

വിട....

Vida

മലയാള സിനിമാലോകത്തിന് ഏറ്റവും വലിയ ആഘാതം ഏല്‍പ്പിച്ച വര്‍ഷമായിരുന്നു 2016. കലാഭവൻ മണിക്ക് പുറമെ അറുപത് വര്‍ഷത്തിലേറെയായി മലയാള സാഹിത്യ രംഗത്ത് നിറഞ്ഞു നിന്ന, കവിയും ഗാനരചയിതാവും ജ്ഞാനപീഠ ജേതാവുമായ ഒ.എന്‍.വി. കുറുപ്പ്, തനത് നാടകവേദിക്ക് തുടക്കം കുറിച്ച ആചാര്യനും കവിയും ഗാനരചയിതാവും ഗായകനുമായ കാവാലം നാരായണപ്പണിക്കര്‍, മലയാള സിനിമയില്‍ ഹാസ്യത്തിന് സ്ത്രീപക്ഷ ഭാവുകത്വം നല്‍കിയ നടി കല്‍പന, തിരക്കഥാകൃത്ത് ടി.എ. റസാഖ്, ട്രാഫിക് എന്ന ചിത്രത്തിലൂടെ പ്രശസ്തനായ സംവിധായകന്‍ രാജേഷ് പിള്ള, യുവനടന്‍ ജിഷ്ണു, സംഗീത സംവിധായികയും ഗായികയുമായ ഷാന്‍ ജോണ്‍സണ്‍, നടന്‍ ജഗന്നാഥ വര്‍മ, പാരഡികളുടെ തമ്പുരാൻ വി.ഡി.രാജപ്പൻ തുടങ്ങി 27 പ്രതിഭകളുടെ വിയോഗത്തിന് മലയാള സിനിമ ഈ വര്‍ഷം സാക്ഷിയായി. ലഗാൻ ഫെയിം രാജേഷ് വിവേകിന്റെ മരണം ബോളിവുഡിന്റെ നഷ്ടമായി.

സിനിമയില്ലാ ക്രിസ്മസ്; നിശ്ചലമായ തിയ്യറ്ററുകൾ  

show cancelled

ബോളിവുഡ് വർഷാവസാനം ദംഗലിന്റെ വിജയം ആഘോഷിച്ചപ്പോൾ നിശ്ചലമാവുന്ന തിയ്യറ്ററുകൾ കണ്ടുകൊണ്ടാണ് മലയാളത്തിന്റെ 2016ന് തിരശ്ശീല വീഴുന്നത്. ലാഭവിഹിതം പങ്കുവയ്ക്കുന്നത് സംബന്ധിച്ച് തിയ്യറ്റർ ഉടമകളുടെയും വിതരണക്കാരുടെയും നിർമാതാക്കളുടെയും സംഘടനകൾ തമ്മിലുള്ള തർക്കത്തെ തുടർന്ന് ഒരൊറ്റ മലയാള ചിത്രംപോലും ഈ ക്രിസ്മസിന് റിലീസ് ചെയ്തില്ല. മന്ത്രി ഇടപെട്ടിട്ടും പരിഹാരമാവാത്ത തർക്കം കൂടുതൽ വഷളാവുന്ന സാധ്യതകളാണ് വർഷാവസാനം കാണുന്നത്. നിലവിൽ ഓടിക്കൊണ്ടിരിക്കുന്ന സിനിമകൾ പോലും പിൻവലിക്കുമെന്ന ഭീഷണിയും നിലനിൽക്കുന്നു. ചരിത്രത്തിൽ ആദ്യമായി ഒരു മലയാള ചിത്രം നൂറ് കോടി ക്ലബിൽ ഇടം നേടിയ വർഷം തന്നെ പുതിയ സിനിമകളില്ലാത്ത ഒരു ക്രിസ്മസ് കാലത്തിനും സാക്ഷ്യം വഹിക്കേണ്ടിവന്നത് മലയാള സിനിമയുടെ വലിയ ദുര്യോഗങ്ങളിൽ ഒന്നായി. സിനിമാക്കാർ തന്നെ നായകനും വില്ലനുമായി പോരടിക്കുന്നത് കണ്ട് പൊളിഞ്ഞുപോയൊരു മൂന്നാംകിട മസാലച്ചിത്രം പോലെയാണ് മലയാള സിനിമ പുതിയ വർഷത്തേയ്ക്ക് കാലെടുത്തുവയ്ക്കുന്നത്.