1. ആമസോണ്‍ ഇക്കോ ഡോട്ട് 

Amazon Echo Dot

2016 മാര്‍ച്ചില്‍ പുറത്തിറങ്ങിയ ആമസോണിന്റെ 'ഇക്കോ ഡോട്ട്' എന്ന സ്മാര്‍ട്ട് വോയ്‌സ്- വയര്‍ലെസ് സ്പീക്കർ ഓഡിയോ ഉപകരണമെന്ന നിലയ്ക്ക് മികവുറ്റതാണ്. ബൈബിള്‍ വചനങ്ങള്‍ വായിക്കുക തൊട്ട് യൂബര്‍ ടാക്സി ബുക്കുചെയ്യുക വരെയുളള മുന്നൂറിലേറെ കാര്യങ്ങള്‍ ചെയ്യാന്‍ ഇക്കോ ഡോട്ടിനാകും. 

കോസ്‌മെറ്റിക് ക്രീമുകളുടെ പാത്രത്തെ ഓര്‍മിപ്പിക്കുന്ന കറുത്തൊരു ഡപ്പിയാണ് ഇക്കോ ഡോട്ട്. 250 ഗ്രാമാണ് ഇതിന്റെ ഭാരം. വോള്യം റിങ്, മ്യൂട്ട് ബട്ടന്, ആക്ഷന്‍ ബട്ടന്‍, ചെറിയൊരു നീല ലൈറ്റ്... ഇത്രമാത്രമേ ഡോട്ടിന് പുറത്തുളളൂ. ഉള്ളില്‍ ഏഴു ചെറുമൈക്രോഫോണുകളുമുണ്ട്. യു.എസ്.ബി. ചാര്‍ജിങ് കോഡ് ഉപയോഗിച്ച് ഇതിലേക്ക് ചാര്‍ജ് നിറയ്ക്കാം. 

യജനമാനന്‍/യജമാനത്തി പറയുന്ന കാര്യങ്ങള്‍ ഉടന്‍ പിടിച്ചെടുത്ത് അതിനനുസരിച്ച് പ്രവര്‍ത്തിക്കുക എന്നതാണ് മൈക്രോഫോണുകളുടെ ധര്‍മം. ആരെങ്കിലും എന്തെങ്കിലുമൊക്കെ പറഞ്ഞാല്‍ ഡോട്ട് അത് കേട്ടുകൊള്ളണമെന്നില്ല. അലക്‌സ, ഇക്കോ, ആമസോണ്‍ എന്നീ വാക്കുകളിലേതെങ്കിലുമൊന്ന് ആദ്യം പറയണം, എങ്കില്‍ മാത്രമേ ഇക്കോ ഡോട്ട് ഉറക്കം വിട്ടുണരൂ. അതിന് ശേഷം എന്ത് കാര്യം പറഞ്ഞാലും ഉടനടി നിറവേറ്റിത്തരും. വൈ-ഫൈ സൗകര്യവും സ്മാര്‍ട് ഹോം ഉപകരണങ്ങളുമുള്ള വീടുകളില്‍ മാത്രമേ ഇക്കോ ഡോട്ട് പ്രവര്‍ത്തിക്കൂ. 90 ഡോളറാണ് ഇതിന്റെ വില.

2. പോക്കിമാന്‍ ഗോ 

pokemon go

2016 ജൂലായ് 6ന് അവതരിപ്പിക്കപ്പെട്ട 'പോക്കിമോന്‍ ഗോ' എന്ന ഗെയിമാണ് 'ഗെയിം ഓഫ് ദി ഇയര്‍' പട്ടം നേടുന്നത്. മൊബൈല്‍ സ്‌ക്രീനിലെ കഥാപാത്രങ്ങള്‍ യഥാര്‍ഥ സ്ഥലത്ത് പ്രത്യക്ഷപ്പെടുന്ന പ്രതീതി സ്‌ക്രീനില്‍ സൃഷ്ടിക്കുന്ന 'ഓഗ്‌മെന്റഡ് റിയാലിറ്റി' ഗെയിമാണ് പോക്കിമോന്‍ ഗോ. 

ജപ്പാനിലെ നിന്‍ടെന്‍ഡോ കമ്പനിയുടെ പോക്കിമോന്‍ എന്ന കഥാപാത്രവുമായി ബന്ധപ്പെട്ട ഈ കളിയുടെ നിര്‍മിച്ചത് നിയാന്റിക് ലാബ്‌സ് എന്ന സ്റ്റാര്‍ട്ട് അപ്പ് സംരംഭമാണ്. ഈ കളിയില്‍ ചെയ്യേണ്ടത് ആപ്പിലെ സ്‌ക്രീനില്‍ നോക്കി ചുറ്റുപാടും നടന്ന് നിങ്ങളുടെ അടുത്തുളള പോക്കിമോനെ പിടിക്കുക എന്നതാണ്. 

പിടിക്കാന്‍ ചുറ്റും ഒരു പോക്കിമോന്‍ കഥാപാത്രം ഉണ്ടെങ്കില്‍ അതിനെ സ്‌ക്രീനില്‍ കാണാന്‍ സാധിക്കും. നമ്മള്‍ ഒരു സ്ഥലത്തെത്തി ക്യാമറയും ജി.പി.എസും ഓണാക്കിയാല്‍ ആ സ്ഥലത്തിനനുസരിച്ച പോക്കിമോനായിരിക്കും പ്രത്യക്ഷപ്പെടുക. പാര്‍ക്കിലെത്തിയാല്‍, കണ്‍മുന്നിലുള്ള പാര്‍ക്കിന്റെ പശ്ചാത്തലത്തില്‍ പോക്കിമോന്‍ സ്്ക്രീനില്‍ തെളിയും. പുഴയോരത്തെത്തിയാല്‍ പോക്കിമോന്‍ നീന്തിയായിരിക്കും കളിക്കുക.

വീടിനുള്ളില്‍ ഇരുന്ന് മാത്രം ഗെയിം കളിക്കുന്ന പുതുതലമുറ ഒന്ന് പുറംലോകം കാണാന്‍ പോക്കിമോന്‍ ഗോ വഴിയൊരുക്കി. ലോകമെങ്ങുമായി അമ്പതു കോടി പേര്‍ പോക്കിമാന്‍ ഗോ ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്. വര്‍ഷാവസനത്തോടെ പോക്കിക്കുട്ടന്‍ ഇന്ത്യയിലുമെത്തി.

3. ഗൂഗിള്‍ പിക്‌സല്‍

ഗൂഗിള്‍ പിക്‌സല്‍ ഫോണുകള്‍ പുറത്തിറക്കി: വില 57,000

'ബെസ്റ്റ് സ്മാര്‍ട്ട്‌ഫോണ്‍ ഓഫ് ദി ഇയര്‍' എന്ന് വേണമെങ്കില്‍ ഗൂഗിള്‍ പിക്‌സലിനെ വിശേഷിപ്പിക്കാം. ഒക്ടോബര്‍ നാലിനായിരുന്നു ഗൂഗിള്‍ പിക്‌സല്‍ ഔദ്യോഗികമായി അവതരിപ്പിക്കപ്പെട്ടത്. 

ആ മാസം തീരുന്നതിന് മുമ്പ് 33,000 ഫോണുകള്‍ വിറ്റഴിച്ചുകൊണ്ട് ഇന്ത്യന്‍ പ്രീമിയം സെഗ്‌മെന്റ് ഫോണ്‍ വിപണിയില്‍ മൂന്നാം സ്ഥാനം നേടാന്‍ പിക്‌സലിനായി. 66 ശതമാനം അധികവളര്‍ച്ച നേടിക്കൊണ്ട് ആപ്പിള്‍ തന്നെയാണ് ഈ രംഗത്തെ ഒന്നാമന്‍. രണ്ടാം സ്ഥാനത്തുള്ള സാംസങിന്റെ കച്ചവടത്തില്‍ 23 ശതമാനം ഇടിവുണ്ടായതും പിക്‌സലിന് നേട്ടമായി. 57,000 രൂപയാണ് ഗൂഗിള്‍ പിക്‌സലിന്റെ വില. 

'നെക്‌സസ്' എന്ന ബ്രാന്‍ഡ് നാമത്തില്‍ ഗൂഗിള്‍ ഇതിന് മുമ്പും സ്മാര്‍ട്‌ഫോണുകള്‍ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും അതൊക്കെ മറ്റ് കമ്പനികളുടെ സഹായത്തോടെയുള്ള കൂട്ടുസംരംഭങ്ങളായിരുന്നു. എച്ച്.ടി.സി., എല്‍.ജി., മോട്ടറോള, സാംസങ്, വാവേ എന്നീ കമ്പനികളായിരുന്നു നെക്‌സസ് ഫോണുകള്‍ നിര്‍മിച്ചുനല്‍കിയിരുന്നത്. 

അതുകൊണ്ട് തന്നെ ഫോണിന്റെ ഹാര്‍ഡ്‌വേര്‍ മേഖലയില്‍ ഗൂഗിളിന് കാര്യമായി ഇടപെടാന്‍ പറ്റിയിരുന്നില്ല. എന്നാല്‍ പിക്‌സലിലെത്തുമ്പോള്‍ കാര്യങ്ങള്‍ മാറുകയാണ്. ഈ ഫോണിന്റെ ഓരോ ഘടകങ്ങളും എങ്ങനെയായിരിക്കണമെന്ന് നിശ്ചയിച്ചത് ഗൂഗിളിന്റെ എഞ്ചിനിയര്‍മാരാണ്. 

നിര്‍മാണത്തിന്റെ മേല്‍നോട്ടം വഹിച്ചതും അവര്‍ തന്നെ. ഗൂഗിള്‍ പുതുതായി രൂപവത്കരിച്ച 'ആല്‍ഫെബറ്റ്' എന്ന കമ്പനിക്കാണ് പിക്‌സലിന്റെ നിര്‍മാണ,വിപണനച്ചുമതല. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനമായ ഗൂഗിള്‍ അസിസ്റ്റന്റിന്റെ പ്രവര്‍ത്തനം, ഡേഡ്രീം എന്ന വെര്‍ച്വല്‍ റിയാലിറ്റി പ്ലാറ്റ്‌ഫോം എന്നിവയെല്ലാം പിക്‌സലിന്റെ മേന്മ കൂട്ടുന്നു. 

1080ത1920 പിക്‌സല്‍ റിസൊല്യൂഷനുളള അഞ്ച് ഇഞ്ച് ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. 1.6 ഗിഗാഹെര്‍ട്‌സ് ശേഷിയുള്ള ക്വാഡ്‌കോര്‍ പ്രൊസസര്‍, നാല് ജി.ബി. റാം, 32 ജി.ബി. ഇന്‍ബില്‍ട്ട് സ്റ്റോറേജ്, എന്നിവയാണിതിന്റെ ഹാര്‍ഡ്‌വേര്‍ സ്‌പെസിഫിക്കേഷന്‍. ആന്‍ഡ്രോയ്ഡ് 7.1 നൂഗട്ട് പതിപ്പില്‍ പ്രവര്‍ത്തിക്കുന്ന പിക്‌സലില്‍ 12.3 മെഗാപിക്‌സല്‍ പിന്‍കാമറയും എട്ട് മെഗാപിക്‌സലിന്റെ മുന്‍കാമറയുമുണ്ട്. ബാറ്ററിശേഷി 2770 എം.എ.എച്ച്. 

4. സര്‍ഫേസ് സ്റ്റുഡിയോ

Surface Studio

സ്മാര്‍ട്ട്‌ഫോണുകളും ടാബ്ലറ്റുകളും അരങ്ങ് വാണ 2016ല്‍ മികച്ച കംപ്യൂട്ടര്‍ എന്ന നല്ല പേര് നേടിയതാരായിരുന്നു? മൈക്രോസോഫ്റ്റിന്റെ സര്‍ഫേസ് സ്റ്റുഡിയോ എന്നതാണുത്തരം. മൈക്രോസോഫ്റ്റ് പൂര്‍ണമായി നിര്‍മിച്ച ആദ്യ ഡെസ്‌ക്‌ടോപ്പ് കംപ്യൂട്ടര്‍ എന്ന ബഹുമതിയുളള സര്‍ഫേസ് സ്റ്റുഡിയോ ഈവര്‍ഷം ഒക്‌ടോബര്‍ 26നായിരുന്നു അവതരിപ്പിക്കപ്പെട്ടത്. 

വിന്‍ഡോസ് 10 ഒ.എസില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റുഡിയോയുടെ വില 2,999 ഡോളറില്‍ തുടങ്ങുന്നു. ഗ്രാഫിക് ആര്‍ട്ടിസ്്റ്റുമാര്‍, ഡിസൈനര്‍മാര്‍ തുടങ്ങിയ പ്രൊഫഷനലുകളെ ലക്ഷ്യമിട്ട് പുറത്തിറക്കിയ ഈ കംപ്യൂട്ടറിന് 28 ഇഞ്ച് സ്‌ക്രീനാണുളളത്. മൗസിനും കീബോര്‍ഡിനുമൊപ്പം സ്‌ക്രീനില്‍ വരയ്ക്കാന്‍ 'സര്‍ഫേസ് പെന്നും' കമ്പ്യൂട്ടറിന് കൂടെ ലഭിക്കും. 

5. ഐപാഡ് പ്രോ

i pad pro

ടാബ്ലറ്റ് കംപ്യൂട്ടറുകളുടെ തട്ടകത്തില്‍ തങ്ങള്‍ തന്നെയാണ് രാജാക്കന്‍മാര്‍ എന്ന് ആപ്പിള്‍ ഒരുവട്ടം കൂടി തെളിയിച്ച വര്‍ഷമായിരുന്നു 2016. കമ്പനി മാര്‍ച്ചില്‍ പുറത്തിറക്കിയ ഐപാഡ് പ്രോയാണ് മികച്ച ടാബ്ലറ്റ് കംപ്യൂട്ടറായി തിരഞ്ഞെടുക്കപ്പെട്ടത്. മൈക്രോസോഫ്റ്റിന്റെ സര്‍ഫേസ് പ്രോ 4നെ പിന്നിലാക്കിയാണ് ഐപാഡ് പ്രോ ഈ നേട്ടം സ്വന്തമാക്കുന്നത്. 

9.7 ഇഞ്ച് സ്‌ക്രീന്‍ വലിപ്പമുളള ഐപാഡ് പ്രോയുടെ വൈ-ഫൈ വേരിയന്റിന് 49,900 രൂപയും വൈ-ഫൈ, സെല്ലുലാര്‍ വേരിയന്റിന് 61,900 രൂപയുമാണ് വില. ഐഒഎസ് 9 ഒ.എസില്‍ പ്രവര്‍ത്തിക്കുന്ന ടാബില്‍ 32 ജി.ബി. സ്‌റ്റോറേജ് ശേഷി, 12 മെഗാപിക്‌സല്‍ പിന്‍കാമറ, അഞ്ച് മെഗാപിക്‌സല്‍ മുന്‍കാമറ എന്നിവയുണ്ട്. 

6. 'പ്രിസ്മ' 

Prisma

'ആപ്പ് ഓഫ് ദി ഇയര്‍' എന്ന് വിശേഷിപ്പിക്കാം പ്രിസ്മ ആപ്പിനെ. സാദാ പടങ്ങളെ മോഡേണ്‍ ആര്‍ട്ട് ചിത്രങ്ങളാക്കി മാറ്റുന്ന ഈ മൊബൈല്‍ ആപ്ലിക്കേഷന്‍ ജൂണ്‍ 11നായിരുന്നു പുറത്തിറങ്ങിയത്. ആഴ്ചകള്‍ക്കുള്ളില്‍ തന്നെ ലക്ഷക്കണക്കിനാളുകള്‍ ഈ ആപ്ലിക്കേഷന്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്തു.  

അലക്‌സി മൊയ്‌സീന്‍കോവ് എന്ന റഷ്യക്കാരനും നാല് സുഹൃത്തുക്കളും ചേര്‍ന്ന് നടത്തുന്ന സ്റ്റാര്‍ട്ട് സംരംഭമാണ് പ്രിസ്മ വികസിപ്പിച്ചെടുത്തത്. ഇന്‍സ്റ്റഗ്രാമിലും മറ്റ് ഫോട്ടോ എഡിറ്റിങ് ആപ്ലിക്കേഷനുകളിലും ചെയ്യുന്നതുപോലെ ഫോട്ടോയ്ക്ക്് മുകളില്‍ ഒരു ഫില്‍ട്ടറിടുകയല്ല പ്രിസ്മ ചെയ്യുന്നത്. 

നിങ്ങള്‍ തരുന്ന ഫോട്ടോ കൃത്യമായി പഠിച്ച് പുതിയതൊന്ന് വരയ്ക്കുകയാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും ന്യൂറല്‍ നെറ്റ്‌വര്‍ക്കും ഉപയോഗിച്ചാണ് ഇത് സാധ്യമാക്കുന്നത്. ചിത്രകലയിലെ വിവിധ സങ്കേതങ്ങളെ ഓര്‍മിപ്പിക്കുന്ന ഇംപ്രഷന്‍, ഗോത്തിക്ക്, മൊസൈക്ക് തുടങ്ങി 33 ഫില്‍ട്ടറുകളാണ് പ്രിസ്മയിലുള്ളത്. ആവശ്യക്കാര്‍ക്ക് ഇഷ്ടമുളളത് തിരഞ്ഞെടുത്ത് ഫോട്ടോ ആ രീതിയിലാക്കാം. സെക്കന്‍ഡുകള്‍ക്കുള്ളില്‍ ഫോട്ടോയെ പെയിന്റിങാക്കി മാറ്റുന്ന പ്രിസ്മ ആപ്ലിക്കേഷന്‍ ലക്ഷക്കണക്കിനാളുകള്‍ സ്മാര്‍ട്ട്‌ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ട്. 

ടെക്‌ലോകത്തെ മറ്റ് വിശേഷങ്ങള്‍ 

1. ഗൂഗിള്‍ 'ഡ്യുവോ' 

Google Duo

ഗൂഗിള്‍ സ്വന്തമായി വികസിപ്പിച്ചെടുത്ത വീഡിയോ കോളിങ് ആപ്ലിക്കേഷനായ 'ഡ്യുവോ' ആഗസ്ത് 16ന് ഔദ്യോഗികമായി അവതരിപ്പിക്കപ്പെട്ടു. വേഗം കുറഞ്ഞ നെറ്റ്‌വര്‍ക്കിലും മികച്ച നിലവാരത്തിലുള്ള വീഡിയോ കോളുകളാണ് ഗൂഗിള്‍ ഉറപ്പുനല്‍കുന്നത് ലാളിത്യവും മികവുമാണ് ആപ്പിന്റെ മുഖമുദ്ര. 

ഇതുവരെയുള്ള ആപ്പുകളില്‍ ഫോണെടുത്താല്‍ മാത്രമേ, വിളിക്കുന്നയാളെ കാണാനാവുമായിരുന്നുള്ളൂ. എന്നാല്‍ ബെല്ലടിക്കുമ്പോള്‍ തന്നെ വിളിക്കുന്നയാളുടെ തത്സമയ വീഡിയോ കോള്‍ സ്വീകരിക്കുന്നയാള്‍ക്ക് കാണാനാകുമെന്നതാണ് ഗൂഗിള്‍ ഡ്യുവോയുടെ പ്രത്യേകത. നെറ്റ്‌വര്‍ക്ക് മോഡില്‍ നിന്ന് വൈ-ഫൈയിലേക്ക് ഇന്റര്‍നെറ്റ് മാറിയാലും കോള്‍ കട്ടാകില്ലെന്നും ഗൂഗിള്‍ പറയുന്നു. 

ജിമെയില്‍ അക്കൗണ്ടില്ലാതെ ഫോണ്‍നമ്പറിലൂടെ ഉപയോഗിക്കാനാകുന്ന ഗൂഗിളിന്റെ ആദ്യത്തെ ആപ്ലിക്കേഷനാണ് ഡ്യുവോ. ബ്ലാക്ക്‌ബെറി ഫോണുകള്‍ക്ക് സമാനമായ രീതിയില്‍ പുഷ് മെസേജ് സംവിധാനത്തോട് കൂടിയ 'അല്ലോ' എന്ന മെസഞ്ചര്‍ ആപ്പും ഡ്യുവോയ്ക്ക് പിന്നാലെ ഗൂഗിള്‍ പുറത്തിറക്കി. 

2. ആന്‍ഡ്രോയ്ഡ് നൂഗട്ട് 

Android 7.0 Nougat

ന്‍ഡ്രോയ്ഡിന്റെ ഏറ്റവും പുതിയ പതിപ്പായ നൂഗട്ട് 2016 ആഗസ്ത് 22ന് പുറത്തിറങ്ങി.  വിപണിയിലെത്തി. സാധാരണപോലെ ഇത്തവണയും ഒരു മധുരപലഹാരത്തിന്റെ പേരാണ് ആന്‍ഡ്രോയ്ഡ് 7ന്റെ വിപണിനാമം. ഒരു ഓപ്പറേറ്റിങ് സിസ്റ്റം എന്ന നിലയില്‍ വലിയ വിപ്ലവമൊന്നും  നൂഗട്ട് കൊണ്ടുവരുന്നില്ലെങ്കിലും, ഈ പതിപ്പ് അവതരിപ്പിക്കുന്ന മാറ്റങ്ങള്‍ ശ്രദ്ധേയമാണ്. സ്പ്ലിറ്റ് സ്‌ക്രീനുകളാണ് നൂഗട്ട് പതിപ്പിന്റെ പ്രധാന ആകര്‍ഷണം.  ഫോണിന്റെ ഡിസ്‌പ്ലേയില്‍ ഒരേസമയത്ത് രണ്ട് സ്‌ക്രീനുകള്‍ കാണാന്‍ ഇതുവഴി സാധിക്കും. 

രണ്ട് ആപ്ലിക്കേഷനുകള്‍ തുറന്നിരിക്കുന്നുവെങ്കില്‍, രണ്ടും ചെറിയ സ്‌ക്രീനാക്കി ഒരുമിച്ച് കാണാനും, ഒന്നില്‍നിന്ന് മറ്റൊന്നിലേക്ക് മാറാനും സാധിക്കും. ഫോണില്‍ എന്തെങ്കിലും ചെയ്യുന്നതിനിടയില്‍ ടെക്സ്റ്റ് അല്ലെങ്കില്‍ ഇ-മെയില്‍ സന്ദേശം വന്നാല്‍ നോട്ടിഫിക്കേഷനില്‍തന്നെ മറുപടിയെഴുതാന്‍ സഹായിക്കുന്ന ക്വിക്ക് റിപ്ലൈ ഓപ്ഷന്‍, ഓരോ ആപ്പിന്റെയും ഡാറ്റ ഉപയോഗം നിയന്ത്രിക്കാനുള്ള ഡാറ്റ സേവര്‍ ഓപ്ഷന്‍, പ്രവര്‍ത്തിക്കുന്ന എല്ലാ അപ്പുകളെയും ഒറ്റ ടാപ്പില്‍ അടയ്ക്കാന്‍ ക്‌ളിയര്‍ ഓള്‍ എന്ന ഫീച്ചര്‍ എന്നിവയെല്ലാം നൂഗട്ട് പതിപ്പിന്റെ സവിശേഷതകളായി. എല്‍.ജിയുടെ വി20 എന്ന സ്മാര്‍ട്ട്‌ഫോണിലാണ് നൂഗട്ട് പതിപ്പ് ആദ്യമായി ഉപയോഗിക്കപ്പെട്ടത്. 

3. റിലയന്‍സ് ജിയോ

Reliance Jio

ന്ത്യന്‍ ടെലികോം രംഗത്തെ അടിമുടി മാറ്റിമറിക്കുകയെന്ന ലക്ഷ്യത്തോടെ റിലയന്‍സിന്റെ ജിയോ ഇന്‍ഫോകോം ലിമിറ്റഡ് സപ്തംബര്‍ 5ന് പ്രവര്‍ത്തനം തുടങ്ങി. രാജ്യം മുഴുവന്‍ 4ജി നെറ്റ്‌വര്‍ക്ക് സേവനം ലഭ്യമാക്കാന്‍ ജിയോയ്ക്ക് മാത്രമേ അനുമതി ലഭിച്ചിരുന്നുള്ളൂ. ഇതിനായി രണ്ടര ലക്ഷം കിലോമീറ്റര്‍ ദൂരമുള്ള ഫൈബര്‍ ഒപ്ടിക് കേബിള്‍ ശൃംഖലയും കമ്പനി സ്ഥാപിച്ചിട്ടുണ്ട്.

ഡിസംബര്‍ 31വരെ ഇന്റര്‍നെറ്റ്, വോയ്‌സ് കോള്‍, വീഡിയോ കോള്‍ എന്നിവ തികച്ചും സൗജന്യമായി നല്‍കുന്ന 'വെല്‍കം ഓഫറേ'ാടു കൂടിയായിരുന്നു ജിയോയുടെ വരവ്. വോയ്‌സ് കോളുകള്‍ ആജീവനാന്തം സൗജന്യമായി നല്‍കുമെന്നും കമ്പനി പറഞ്ഞു. 

പുറത്തിറക്കി 26 ദിവസത്തിനുള്ളില്‍ തന്നെ 1.6 കോടി ഉപഭോക്താക്കളെ സ്വന്തമാക്കിക്കൊണ്ട് റിലയന്‍സ് ജിയോ മറ്റ് ടെലികോം കമ്പനികളെ ഞെട്ടിച്ചു. 83 ദിവസമായപ്പോഴേക്കും ജിയോ വരിക്കാരുടെ എണ്ണം അഞ്ച് കോടി കടന്നു. 

പത്തുകോടി ഉപഭോക്താക്കളാണു ജിയോയുടെ ലക്ഷ്യം. ഒരു മാസം 250 കോടി ജി.ബി. ഡാറ്റ ഉപയോഗിക്കുന്ന വരിക്കാരാണ് കമ്പനിയുടെ സ്വപ്നമെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി പറയുന്നു. ആ ലക്ഷ്യം സാക്ഷാത്കരിക്കാനായി 'വെല്‍കം ഓഫറി'ന്റെ സമയപരിധി നീട്ടിയിരിക്കുകയാണ് ജിയോ ഇപ്പോള്‍. കമ്പനിയുടെ പുതിയ തീരുമാന പ്രകാരം മാര്‍ച്ച് 31 വരെ സൗജന്യനേട്ടം ലഭിക്കും. 

4. ഐഫോണ്‍ 7 

iPhone Camera

പ്പിള്‍ ഐഫോണിന്റെ ഏറ്റവും പുതിയ പതിപ്പായ ഐഫോണ്‍ 7 സപ്തംബര്‍ ഏഴിന് പുറത്തിറങ്ങി. പുതിയ ഫോണ്‍ ഒക്ടോബര്‍ 7 മുതല്‍ ഇന്ത്യയില്‍ ലഭിച്ചുതുടങ്ങി. 60,000 രൂപയാകും ഇന്ത്യയിലെ വില.
കാമറയിലും പ്രൊസസറിലും ഡിസ്‌പ്ലേയിലുമൊക്കെ അടിമുടി മാറ്റങ്ങള്‍ വരുത്തിക്കൊണ്ടാണ് ഐഫോണ്‍ 7ന്റെ അവതാരം. എന്നാല്‍ 2015ല്‍ ഇറങ്ങിയ ഐഫോണ്‍ 6എസില്‍ നിന്ന് കാഴ്ചയില്‍ വലിയ വ്യത്യാസമൊന്നും പുതിയ ഫോണിനില്ല. 

സ്‌ക്രീനിലെ സ്പര്‍ശത്തിന്റെ ശക്തിക്കനുസരിച്ച് ഓപ്ഷനുകള്‍ മാറി വരുന്ന 3ഡി ടച്ച് സംവിധാനം ഈ ഫോണിലുണ്ട്. സാംസങും സോണിയുമൊക്കെ വര്‍ഷങ്ങള്‍ക്ക് മുമ്പേ വാട്ടര്‍ റെസിസ്റ്റന്റ് ഫോണുകള്‍ ഇറക്കിയിട്ടുണ്ടെങ്കിലും ഇതാദ്യമായി ആപ്പിളും ആ വഴിയിലേക്ക് തിരിയുകയാണ്. ഐ.പി.67 വാട്ടര്‍-റെസിസ്റ്റന്റ് ശേഷിയുള്ള മോഡലാണ് ഐഫോണ്‍ 7. 

വെള്ളം കടക്കുന്നത് പ്രതിരോധിക്കാനായിരിക്കും പുതിയ ഫോണില്‍ ഹെഡ്‌ഫോണ്‍ ജാക്കും ആപ്പിള്‍ ഉപേക്ഷിച്ചിട്ടുണ്ട്. ലൈറ്റ്‌നിങ് കണക്ടര്‍ പോര്‍ട്ട് വഴി ബന്ധിപ്പിക്കാവുന്ന വയര്‍ലെസ് ഇയര്‍പോഡ് ഹെഡ്‌ഫോണുകളാണ് ഫോണിനൊപ്പം ആപ്പിള്‍ നല്‍കുന്നത്.

12 മെഗാപിക്‌സലിന്റെ പിന്‍കാമറയും ഏഴ് മെഗാപിക്‌സലിന്റെ മുന്‍കാമറയുമാണ് ഐഫോണ്‍ 7ലുളളത്. ഇതോടൊപ്പമിറങ്ങിയ പ്രീമിയം മോഡല്‍ ഐഫോണ്‍ 7 പ്ലസില്‍ 12 മെഗാപിക്‌സലിന്റെ ഇരട്ടകാമറകളാണുള്ളത്. ഇവയില്‍ ഒന്നിന് 28 എം.എം. ലെന്‍സും അടുത്തത് 56 എം.എം. ലെന്‍സുമാണുള്ളത്. 

രണ്ട് ലെന്‍സുകളിലുമായി പതിയുന്ന ദൃശ്യങ്ങള്‍ ഒന്നായി ചേര്‍ത്ത് മികച്ച ചിത്രങ്ങള്‍ സമ്മാനിക്കാന്‍ കാമറകള്‍ക്കാകും. ഐഫോണ്‍ 6എസില്‍ ഉപയോഗിച്ച എ9 പ്രൊസസറിന് പകരം പുതിയ എ10 ക്വാഡ്‌കോര്‍ പ്രൊസസര്‍  ഐഫോണ്‍ 7ല്‍ ഉപയോഗിച്ചിരിക്കുന്നു. 12 മണിക്കൂര്‍ തുടര്‍ച്ചയായ 4ജി നെറ്റ് ബ്രൗസിങ് ആയുസ്സ് ഉറപ്പുതരുന്ന ബാറ്ററിയാണ് ഐഫോണ്‍ 7 ല്‍ ഉള്ളത്

5. ഗാലക്‌സി എസ് 7

Galaxy S7, Galaxy S7 Edge

സാംസങ് ഗാലക്‌സി നിരയിലെ ഏറ്റവും പുതിയ സ്മാര്‍ട്‌ഫോണ്‍ മോഡലായ എസ് 7 മാര്‍ച്ച് 11ന് അവതരിപ്പിക്കപ്പെട്ടു. ഗാലക്‌സി എസ് 7നൊപ്പം സ്‌ക്രീനിന്റെ വശങ്ങളിലും ഡിസ്‌പ്ലേയുളള എസ്7 എഡ്ജ് എന്ന മോഡല്‍ കൂടി കമ്പനി പുറത്തിറക്കിയിട്ടുണ്ട്.  

കഴിഞ്ഞവര്‍ഷമിറങ്ങിയ എസ്6ല്‍ നിന്ന് കാതലായ വ്യത്യാസങ്ങളൊന്നും ഒറ്റനോട്ടത്തില്‍ എസ്7ല്‍ കാണാനില്ല. 5.1 ഇഞ്ച് വലിപ്പമുള്ള ക്യു.എച്ച്.ഡി. സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേയായിരുന്നു എസ്6ല്‍ ഉണ്ടായിരുന്നത്. അതേ ഡിസ്‌പ്ലേ തന്നെയാണ് എസ്7ലും. സ്‌ക്രീന്‍ റിസൊല്യൂഷന്‍ 1440ത2560 മെഗാപിക്‌സല്‍സ്. 

എസ്7 എഡ്ജില്‍ മാത്രം സ്‌ക്രീന്‍ വലിപ്പം അഞ്ചര ഇഞ്ച് ആക്കിയിട്ടുണ്ട്. 'ഓള്‍വേസ് ഓണ്‍' സാങ്കേതികവിദ്യയോട് കൂടിയ സ്‌ക്രീനുകളാണ് രണ്ട് ഫോണുകളും. സ്റ്റാന്‍ഡ്‌ബൈ മോഡിലാണെങ്കിലും സ്‌ക്രീനിലെ ഡേറ്റും സമയവും പ്രധാന നോട്ടിഫിക്കേഷനുകളുമൊക്കെ കാണാന്‍ സാധിക്കുമെന്നതാണ് 'ഓള്‍വേസ് ഓണ്‍' സംവിധാനം കൊണ്ടുള്ള നേട്ടം. 

ആന്‍ഡ്രോയ്ഡ് 6.0 മാഷ്മലോ വെര്‍ഷനില്‍ പ്രവര്‍ത്തിക്കുന്ന ഗാലക്‌സി എസ്7ല്‍ കണക്ടിവിറ്റിക്കായി 4ജി അടക്കമുള്ള എല്ലാ ഓപ്ഷനുകളും സുരക്ഷയ്ക്കായി ഫിംഗര്‍പ്രിന്റ് സ്‌കാനറുമുണ്ട്. ഇന്ത്യയില്‍ 48,400 രൂപയാണ് സാംസങ് ഗാലക്‌സി എസ് 7ന്റെ വില. 

6. പൊട്ടിത്തെറിച്ച് നോട്ട്  7 

തീയും പുകയും: സാംസങ് ഗാലക്‌സി നോട്ട് 7 ഉത്പാദനം നിര്‍ത്തി

ബാറ്ററി തീപിടിച്ചു പൊട്ടിത്തെറിക്കാന്‍ സാധ്യതയുള്ള ഫോണുകള്‍ക്കു പകരം നല്‍കിയ ഫോണുകളും തീപിടിക്കുന്നതായി വാര്‍ത്തകള്‍ വന്നതോടെ, ഗാലക്‌സി നോട്ട് 7 സ്മാര്‍ട് ഫോണിന്റെ ഉല്‍പാദനവും വിപണനവും നിര്‍ത്തിവയ്ക്കാന്‍ സാംസങ് 

നിര്‍ബന്ധിതരായി. ഈ ഫോണ്‍ ഉപയോഗിക്കരുതെന്ന് ലോകമെങ്ങുമുള്ള ഉപയോക്താക്കളോട് കമ്പനി അഭ്യര്‍ഥിച്ചിട്ടുണ്ട്. ആഗോള വിപണിയില്‍ നിന്ന് 25 ലക്ഷം നോട്ട് 7 ഫോണുകളാണ് 2016ല്‍ കമ്പനി തിരികെ വിളിച്ചത്. 

പകരം നല്‍കി തുടങ്ങിയ ഫോണുകള്‍ക്കും അതേ പോരായ്മതന്നെ കണ്ടെത്തിയത് കമ്പനിയുടെ പ്രതിച്ഛായയ്ക്കു സാരമായ മങ്ങലേല്‍പ്പിച്ചു. യു.എസിലെയും യൂറോപ്പിലെയും പ്രമുഖ ടെലികോം ഓപ്പറേറ്റര്‍മാരും നോട്ട് 7 വില്‍പന നിര്‍ത്തിവച്ചു. വിമാനയാത്രക്കാര്‍ നോട്ട് 7 ഉപയോഗിക്കരുതെന്ന് പല വിമാനക്കമ്പനികളും നിഷ്‌കര്‍ഷിക്കുന്നു.