Picture

ശബ്ദം കൊണ്ട് ലോകത്തിന്റെ നെറുകയിലെത്തിയ മലയാളി

മലയാളത്തിന്റെ അഭിമാനം ലോകത്തിന്റെ നെറുകയിലെത്തിച്ച പ്രതിഭയാണ് റസൂല്‍ പൂക്കുട്ടി. ചലച്ചിത്ര മേഖലയിലെ ലോകോത്തര പുരസ്‌കാരമായ ഓസ്‌കാര്‍ നേടിയ മലയാളി. കൊല്ലം ജില്ലയിലെ ഒരു മലയോര ഗ്രാമത്തില്‍ ജനിച്ച് മലയാളം, ഹിന്ദി, ഹോളിവുഡ് സിനിമകളില്‍ പ്രവര്‍ത്തിച്ച്, ചലച്ചിത്ര ശബ്ദലേഖനം എന്ന തന്റെ മേഖലയില്‍ ലോകത്തിലെ ഏറ്റവും മികച്ച സാങ്കേതിക പ്രവര്‍ത്തകനായി മാറിയ മലയാളികളുടെ സ്വന്തം റസൂല്‍ പൂക്കുട്ടി.

Movie

വിളക്കുപാറയില്‍നിന്ന് പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലേയ്ക്ക്

ബിരുദത്തിനു ശേഷം പിതാവിന്റെ ആഗ്രഹ പ്രകാരം തിരുവനന്തപുരം ലോ കോളേജില്‍ ചേര്‍ന്നെങ്കിലും പഠനം പാതിക്ക് നിര്‍ത്തി. ഒരു പത്രത്തില്‍ പരസ്യം കണ്ടതിനെ തുടര്‍ന്ന് പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സൗണ്ട് എന്‍ജിനീയറിങ് കോഴ്‌സിന് അപേക്ഷിച്ചു. പ്രവേശനം നേടുകയും 1995ല്‍ റാങ്കോടെ പഠനം പൂര്‍ത്തിയാക്കുകയും ചെയ്തു. മുംബൈ പ്രവര്‍ത്തനമേഖലയാക്കി ബോളിവുഡ് സിനിമകളില്‍ പ്രവര്‍ത്തിച്ചു തുടങ്ങി.

Picture

ഇന്ത്യന്‍ സിനിമയ്ക്ക് പുതിയ ശബ്ദം

1997ല്‍ പുറത്തുവന്ന പ്രൈവറ്റ് ഡിക്ടറ്റീവ് എന്ന ചിത്രത്തിനായിരുന്നു ആദ്യമായി ശബ്ദ രൂപകല്‍പന നിര്‍വ്വഹിച്ചത്. 2005ല്‍ പുറത്തുവന്ന സഞ്ജയ് ലീല ബന്‍സാലിയുടെ ബ്ലാക്ക് എന്ന ബോളിവുഡ് ചിത്രം റസൂല്‍ പൂക്കുട്ടിയുടെ കരിയറില്‍ ഏറ്റവും വലിയ വഴിത്തിരിവായി. തുടര്‍ന്ന് മുസാഫിര്‍, സിന്‍ഡ, ട്രാഫിക് സിഗ്നല്‍, ഗാന്ധി മൈ ഫാദര്‍, സവാരിയ, ദസ് കഹാനിയാന്‍, പഴശ്ശിരാജ, എന്തിരന്‍ തുടങ്ങിയ ചിത്രങ്ങളുടെ ശബ്ദ സംവിധാനം ഏറെ ശ്രദ്ധിക്കപ്പെട്ടു.

Location

ഓസ്‌കാറില്‍ ഒരു മലയാളിയുടെ കരസ്പര്‍ശം

ഡേവിഡ് ബോയല്‍ സംവിധാനം ചെയ്ത സ്ലംഡോഗ് മില്യണയര്‍ എന്ന ഇംഗ്ലീഷ് ചിത്രം റസൂലിന് നേടിക്കൊടുത്തത് ഓസ്‌കാര്‍ അടക്കം നിരവധി ലോകോത്തര ബഹുമതികളാണ്. റിച്ചാര്‍ഡ് പ്രൈക്, ഇയാന്‍ ടാപ് എന്നിവര്‍ക്കൊപ്പമാണ് ശബ്ദ മിശ്രണത്തിനുള്ള 2009ലെ ഓസ്‌കാര്‍ പുരസ്‌കാരം റസൂല്‍ പൂക്കുട്ടി പങ്കിട്ടത്. തനിക്കു കിട്ടിയ ലോകോത്തര പുരസ്കാരം രാജ്യത്തിന് സമര്‍പ്പിച്ചുകൊണ്ട് ഓസ്കാര്‍ വേദിയില്‍ റസൂല്‍ പറഞ്ഞ വാക്കുകള്‍ ഓരോ ഇന്ത്യക്കാരന്റെ മനസ്സിലും പ്രതിധ്വനിച്ചു. ബ്രിട്ടനിലെ ബാഫ്ത അവാര്‍ഡും ഈ ചിത്രത്തിലെ ശബ്ദലേഖനത്തിലൂടെ റസൂല്‍ പൂക്കുട്ടിക്ക് ലഭിച്ചു.

Location

അപൂര്‍വ്വ നേട്ടങ്ങളുടെ ഉന്നതിയില്‍

സ്ലംഡോഗ് മില്യണയറിന് ലഭിച്ച ഓസ്‌കാര്‍ പുരസ്‌കാരം കൂടാതെ ബ്രിട്ടനിലെ ബാഫ്ത അവാര്‍ഡ്, പഴശിരാജ എന്ന ചിത്രത്തിലെ ശബ്ദലേഖനത്തിന് ദേശീയ ചലച്ചിത്ര അവാര്‍ഡ്, പത്മശ്രീ പുരസ്‌കാരം തുടങ്ങി നിരവധി ദേശീയ രാജ്യാന്തര പുരസ്‌കാരങ്ങള്‍ റസൂല്‍ പൂക്കുട്ടി നേടി. ഇന്ത്യാസ് ഡോട്ടര്‍ എന്ന ഡോക്യുമെന്ററിയ്ക്ക് ഗോള്‍ഡന്‍ റീല്‍ അവാര്‍ഡും ലഭിച്ചു. അക്കാദമി ഓഫ് മോഷന്‍ പിക്ചേര്‍സ് ആന്റ് സയന്‍സസ് ശബ്ദമിശ്രണത്തിലേക്കുള്ള അവാര്‍ഡ് കമ്മറ്റിയില്‍ അംഗമാകുന്ന ആദ്യ ഏഷ്യക്കാരനാണ്.

Movie

റസൂല്‍ പൂക്കുട്ടി ഫൗണ്ടേഷന്‍

സിനിമാ രംഗത്തെ തന്റെ നേട്ടങ്ങളും പ്രശസ്തിയും അവിടെ മാത്രം ഒതുക്കാതെ, സമൂഹത്തിന് പ്രയോജനകരമായ വിധത്തില്‍ ഉപയോഗപ്പെടുത്താനുള്ള റസൂല്‍ പൂക്കുട്ടിയുടെ ആഗ്രഹത്തിന്റെ ഫലമാണ് അദ്ദേഹം സ്ഥാപിച്ച റസൂല്‍ പൂക്കുട്ടി ഫൗണ്ടേഷന്‍. ഗ്രാമീണ മേഖലയിലെ ദരിദ്രരായ കുട്ടികള്‍ക്ക് ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസവും ആരോഗ്യ പരിപാലന സംവിധാനവും ഒരുക്കുകയാണ് ഫൗണ്ടേഷന്റെ ലക്ഷ്യം.

Movie

ജനനം, വിദ്യാഭ്യാസം

ബസ് ടിക്കറ്റ് ചെക്കറായിരുന്ന പി. ടി. പൂക്കുട്ടിയുടെയും നബീസാ ബീവിയുടെയും എട്ട് മക്കളില്‍ ഏറ്റവും ഇളയവനായി 1971 മെയ് 30ന് കൊല്ലം ജില്ലയിലെ വിളക്കുപാറയില്‍ ജനനം. സ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം കായംകുളം എംഎസ്എം കോളേജില്‍ നിന്ന് ഫിസിക്‌സില്‍ ബിരുദം നേടി. പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് സൗണ്ട് എന്‍ജിനീയറിങ്ങില്‍ ബിരുദം.ഷാദിയ ആണ് റസൂല്‍ പൂക്കുട്ടിയുടെ ജീവിത പങ്കാളി. ഇവര്‍ക്ക് രണ്ട് കുട്ടികളുണ്ട്.

Picture

റസൂല്‍ യശസ്സിനെ നന്മയാക്കി മാറ്റി: ബച്ചന്‍

''റസൂലിനെ പോലെ ചിന്തിക്കുന്നവര്‍ നമുക്കിടയില്‍ അത്യപൂര്‍വ്വമാണ്. തനിക്കു ലഭിച്ച പ്രശസ്തിയില്‍ മയങ്ങി ജീവിക്കുന്നതിനു പകരം, സഹജീവികള്‍ക്ക് നന്മ ചെയ്യാന്‍ തന്റെ യശസ്സിനെ ഉപയോഗപ്പെടുത്തുകയാണ് അദ്ദേഹം ചെയ്തത്''- കൊച്ചിയില്‍ റസൂല്‍ പൂക്കുട്ടി ഫൗണ്ടേഷന്റെ പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ അമിതാഭ് ബച്ചന്‍ പറഞ്ഞു.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.