കല്‍ക്കണ്ടവും കാരയ്ക്കയും ജുബ്ബായുടെ പോക്കറ്റില്‍ എപ്പോഴും കരുതിവെയ്ക്കുന്ന ശീലമുണ്ടായിരുന്നു മഹാകവി പി. കുഞ്ഞിരാമന് നായര്‍ക്ക്; പഠിപ്പിച്ചിരുന്ന കുട്ടികള്‍ക്ക് നല്കാന്. എന്നാല്‍ സ്വന്തം മക്കള്‍ക്കു മാത്രം അദ്ദേഹം ഇതൊന്നും നല്‍കിയില്ല. മൂന്ന് അമ്മമാരില്‍ പിറന്ന്, പരസ്പരം അറിയാതെ വര്‍ഷങ്ങളോളം കഴിഞ്ഞ നാല് സഹോദരങ്ങള്‍. സ്നേഹപ്രകടനങ്ങളും സമ്മാനക്കൂമ്പാരങ്ങളും ലഭിച്ചില്ല എന്നുമാത്രമല്ല, അച്ഛന് അവരെ കാണാന്‍ വന്നിരുന്നതുപോലും വല്ലപ്പോഴുമാണ്.
പി. ഓര്‍മ്മകളിലേക്ക് യാത്രയായിട്ട് ഈ മാസം 38 വര്‍ഷം തികഞ്ഞു. എന്നാല്‍ അച്ഛനെ കുറിച്ച് പറയുമ്പോള്‍ ഇപ്പോഴും ഈ മക്കള്‍ വാചാലരാകും, ഓര്‍മ്മകള്‍ പങ്കുവയ്ക്കുമ്പോള്‍ ഇപ്പോഴും അവരുടെ കണ്ണുകള്‍ നിറയും...
കാഞ്ഞങ്ങാട് വെള്ളിക്കോത്തുള്ള കവിയുടെ തറവാടിന് സമീപത്തുള്ള ചെട്ടിവളപ്പ് വീട്ടിലാണ് കാര്‍ത്ത്യായനിയുടെ മകളായ എം. രാധമ്മ (78) താമസിക്കുന്നത്. മഹാകവി പി. മെമ്മോറിയല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളിന് സമീപത്ത് കുഞ്ഞുലക്ഷ്മിയുടെ മകന് വി. രവീന്ദ്രന് നായരും (81) മൂന്നു കിലോമീറ്റര്‍ മാറി ആനന്ദാശ്രമത്തില്‍ സഹോദരി ലീലയും (83) താമസിക്കുന്നു. കൂട്ടത്തിലെ ഇളയയാളായ ബാലാമണി (56). ലക്കിടിയിലാണെങ്കിലും സഹോദരങ്ങളെ കാണാന്‍ അടിക്കടി കാഞ്ഞങ്ങാട്ടെത്താറുണ്ട്.
മാതൃഭൂമി ഡോട്ട് കോമിലൂടെ മഹാകവി പി.യുടെ മക്കള്‍ ഓര്‍മ്മകള്‍ പങ്കുവെയ്ക്കുകയാണ്...
ബാലാമണി: കുട്ടിക്കാലത്ത് അച്ഛനെ അധികമൊന്നും കാണാന്‍ കിട്ടിയിരുന്നില്ല. അച്ഛന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ എത്തുന്ന സമയങ്ങളില്‍ അമ്മയോടൊപ്പം പോയിരുന്നു. മുതിര്‍ന്നപ്പോള്‍ അച്ഛനെ അങ്ങോട്ട് പോയിക്കാണാന്‍ തുടങ്ങി.
അച്ഛന് നിര്‍ബന്ധം പിടിച്ചതിനെ തുടര്‍ന്നാണ് സംസ്കൃതം പഠിക്കാന്‍ ചേര്‍ന്നത്. ജീവിതത്തില്‍ ഒരധ്യാപികയാവാന് കാരണമായതും ഈയൊരു നിര്‍ദേശം തന്നെ. സ്കൂളില്‍ ചേര്‍ന്നപ്പോള്‍ ഒരു മരക്കാലുള്ള കുടയും പ്ലാസ്റ്റിക്ക് കൊട്ടയും വാങ്ങിത്തന്നു. ഒരുപക്ഷേ ജീവിത്തില്‍ അച്ഛന് തന്നെ സമ്മാനങ്ങള്‍ എന്നുപറയാന്‍ ഇതുമാത്രമാണ് ഉള്ളത്.
തൃശൂരെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന സമയം കാണാന്‍ ചെന്നിരുന്നു. അന്ന് അച്ഛന്റെ അടുത്തിരുന്ന് ഓറഞ്ച് പൊളിച്ചു നല്കി, എനിക്കും അദ്ദേഹം തന്നു. കിടക്കയുടെ കീഴില്‍ വെച്ചിരുന്ന ചില്ലറകളും നോട്ടുകളും എന്റെ കയ്യില്‍ വെച്ചുതന്നു.
സ്നേഹലാളനകളും സമ്മാനങ്ങളും വാരിക്കോരി നല്കുന്ന ഒരു അച്ഛനായിരുന്നില്ല മഹാകവി. വല്ലപ്പോഴും മാത്രമാണ് ഒപ്പം കഴിഞ്ഞിരുന്നതും. ഈയൊരു സ്വഭാവസവിശേഷതയെ മക്കള്‍ എങ്ങനെയാണ് കണ്ടിരുന്നത്? അച്ഛനോട് എന്നെങ്കിലും ദേഷ്യം തോന്നിയിട്ടുണ്ടോ?
രവീന്ദ്രന്: വീട്ടില്‍ വല്ലപ്പോഴും വരുന്ന അതിഥിയായിരുന്നു അച്ഛന്. ഗൃഹനാഥനായ പി.യെ ഓര്‍മയില്ല. കുട്ടിക്കാലത്ത് സ്നേഹലാളനകളൊന്നും അച്ഛനില്‍ നിന്ന് ലഭിച്ചിരുന്നുമില്ല. എന്നാല്‍ അദ്ദേഹത്തോട് ഒരിക്കല്‍ പോലും മക്കള്‍ക്ക് ദേഷ്യം തോന്നിയിട്ടില്ല. മാത്രവുമല്ല ലോകവിവരവും കാര്യപ്രാപ്തിയും പക്വതയുമെല്ലാം അദ്ദേഹത്തിലൂടെയാണ് ഞങ്ങള്‍ക്ക് കൈവന്നത്. നിര്‍ഭയമായി ജീവിക്കാന്‍ അച്ഛന് പഠിപ്പിച്ചു. ലോകം മുഴുവനും ഒന്നാണ് എന്ന സന്ദേശം പ്രവര്‍ത്തികളിലൂടെ അദ്ദേഹം പകര്ന്നുനല്കി.
ഒരിക്കല്‍ അച്ഛന്റെ കുറെ പുതിയ പുസ്തകങ്ങളും ഖദര്‍മുണ്ടും എലി കത്രിച്ചുകളഞ്ഞു. എലിയെ വിഷം വെച്ചു കൊല്ലാന്‍ പലരും നിര്‍ദേശിച്ചു. എന്നാല്‍ അദ്ദേഹം അതിന് തയ്യാറായില്ല. അവസാനം എലിയെ പിടിച്ച് കുറെ ദൂരെ കൊണ്ടുപോയി ഉപേക്ഷിക്കാന്‍ ഒരാളെ ഏല്പിച്ചു. അയാള്‍ എലിയെ കൊല്ലുന്നില്ല എന്ന് ഉറപ്പുവരുത്താന്‍ എന്നെയും കൂടെ വിട്ടു. അനേകം ജീവജാലങ്ങളില്‍ ഒന്നുമാത്രമാണ് മനുഷ്യന് എന്ന തിരിച്ചറിവാണ് അതില്‍ നിന്ന് ലഭിച്ചത്.
രാധ: തേങ്ങാപ്പൂളും ശര്‍ക്കരയും അച്ഛന്റെ പ്രിയ ഭക്ഷണമായിരുന്നു. അണ്ണാറക്കണ്ണനു നല്കാന് എപ്പോഴും ഒരു പങ്ക് പറമ്പില്‍ മാറ്റിവെയ്ക്കും.
രവീന്ദ്രന്: അതുപോലെ സ്കൂളിലേക്ക് പോകുന്ന വഴി പശുവിന് നല്കാന് എന്നും ഓരോ പഴം അദ്ദേഹം കൈയില്‍ കരുതുമായിരുന്നു. ലോകം മുഴുവന്‍ ഒന്നാണ് എന്ന സന്ദേശമാണ് ഇതില്‍നിന്നെല്ലാം അച്ഛന് ഞങ്ങളെ പഠിപ്പിച്ചത്.
ലീല: പെണ്‍കുട്ടികളെ പഠിക്കാന്‍ വിടാത്ത കാലത്ത് ഞാന്‍ പഠിക്കണമെന്ന് അദ്ദേഹം നിര്‍ബന്ധം പിടിച്ചു. എന്നെ സ്കൂളില്‍ ചേര്‍ത്തു. അധ്യാപിക എന്ന നിലയിലുള്ള ഔദ്യോഗിക ജീവിതം എനിക്കു ലഭിച്ചത് അദ്ദേഹത്തിന്റെ ഈ തീരുമാനത്തിലൂടെയാണ്.
കാര്‍ക്കശ്യവും ഗൗരവവുമുള്ള അച്ഛനായിരുന്നു പി. അദ്ദേഹം മക്കളെ ശാസിക്കുകയോ അടിക്കുകയോ ചെയ്തിരുന്നോ?
ലീല: അച്ഛന്റെ കൈയില്‍ നിന്ന് ഒരിക്കല്‍ പോലും എനിക്ക് അടികിട്ടിയിട്ടില്ല. വീട്ടിലെത്തിയാല്‍ എപ്പോഴും ഞാന്‍ അടുത്ത് വേണം. എന്നാല്‍ മറ്റുമക്കളെല്ലാം അച്ഛനില്‍ നിന്ന് ആവശ്യത്തിന് വഴക്കും അടിയും വാങ്ങിയിട്ടുണ്ട്.
അച്ഛന് എഴുത്ത് തുടങ്ങിയാല്‍ പിന്നെ വീട്ടില്‍ ആരുവന്നാലും ഇല്ല എന്നുപറയാനാണ് നിര്‍ദേശം. ഒരിക്കല്‍ ഒരു സ്വാമിജി വന്നു. സ്വാമിജിയോട് എങ്ങനെ ഇല്ല എന്നുപറയും? അച്ഛന്റെ നിര്‍ദേശം ധിക്കരിക്കുകയുമരുത്. ഭയത്തോടെയാണെങ്കിലും അച്ഛന് ഇവിടില്ല എന്ന് ഞാന്‍ പറഞ്ഞു. 'സ്വാമിജിയോട് നുണ പറയുന്നോ' എന്നു ചോദിച്ച് പിന്നാലെ അച്ഛന് ഇറങ്ങിവന്നു. ഞാന്‍ പേടിച്ചുവിറച്ചു. ഒടുവില്‍ ഇരുവരും ചിരിക്കാന്‍ തുടങ്ങിയപ്പോഴാണ് എന്റെ ശ്വാസം നേരെവീണത്.
രവീന്ദ്രന്: ഞാനൊരു സ്ഥിരം തല്ലുകൊള്ളിയായിരുന്നു. 16-ാം വയസ്സില്‍ ജോലി അന്വേഷിച്ച് വീടുവിട്ടു പോകുന്നു എന്നുപറഞ്ഞതിനാണ് അച്ഛന് ഏറ്റവും കൂടുതല്‍ ശകാരിച്ചത്. ധിക്കാരി എന്നു വിളിച്ച് കൈകൊണ്ട് അടിച്ചു. പിന്നീട് വര്‍ഷങ്ങള്‍ക്കുശേഷം, ദുര്‍ഗാഹൈസ്കൂളില്‍ ജോലി ലഭിച്ചശേഷം ഞാന്‍ അച്ഛനെ കാണാന്‍ ചെന്നു. എന്നെ കണ്ടപ്പോള്‍ ഒന്നും മിണ്ടിയില്ല. ഞാന്‍ കാലില്‍ വീണ് നമസ്കരിച്ചു.ഏറെ നേരം പിന്നാലെ നടന്നശേഷമാണ് അച്ഛന് മിണ്ടാന്‍പോലും കൂട്ടാക്കിയത്.
എഴുത്തില്‍ മുഴുകിയിരിക്കുന്ന അച്ഛനെ ഓര്‍മയുണ്ടോ?
ലീല: കവിതയെഴുത്തില് അച്ഛന്റെ സഹായിയായിരുന്നു ഞാന്‍. വല്യമ്മക്ക് കവിതകള്‍ വായിച്ചുകൊടുക്കാനും എന്നെയാണ് ചുമതലപ്പെടുത്തിയിരുന്നത്. അച്ഛന് എഴുതാനിരുന്നാല്‍ പിന്നെ വീട് നിശബ്ദമായിരിക്കും. മുകളിലത്തെ മുറിയിലാണ് എഴുത്ത്. രാത്രി ഏറെ വൈകിയും എഴുത്ത് നീളും. ഈ സമയമെല്ലാം അമ്മയും ഞാനും ഭക്ഷണമായി കാത്തിരിക്കുകയാവും. എഴുത്തിനിടയ്ക്ക് മുറിയില്‍ നിന്ന് തലയിട്ട് അടിക്കുന്നതും കരയുന്നതുമെല്ലാം കേള്‍ക്കാം.

അച്ഛനെ അവസാനമായി കണ്ടപ്പോള്‍ പറഞ്ഞ വാക്കുകള്‍?
രാധ: അച്ഛന് അയച്ചു തന്ന കത്തുകളെല്ലാം സൂക്ഷിച്ചുവെച്ചിട്ടുണ്ട്. തറവാട്ടിലെ ഭഗവതിസേവയുടെ പ്രസാദം അയച്ചുകൊടുക്കാന്‍ ആവശ്യപ്പെട്ടായിരുന്നു അവസാനമായി എനിക്ക് എഴുതിയത്.
ലീല: അച്ഛന്റെ അവസാനകാലത്ത്, ഒരു ദിവസം വീട്ടില്‍ നിന്ന് ചായകുടിച്ച് ഇറങ്ങുമ്പോള്‍ ഇനിയെന്നുവരുമെന്ന് അമ്മ ചോദിച്ചു. നമ്മള് വഴിപോക്കരല്ലേ എന്ന് അമ്മയെയും എന്നെയും നോക്കി പറഞ്ഞ ശേഷം അദ്ദേഹം നടന്നകന്നു.
മഹാകവി പി.യുടെ കവിത മകന് രവീന്ദ്രന് നായര്‍ ആലപിക്കുന്നു
രവീന്ദ്രന്: അച്ഛന് തൃശൂരിലെ ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോള്‍ അന്ന് മൈസൂരില്‍ ജോലിചെയ്യുകയായിരുന്ന എന്നെ വിളിപ്പിച്ചു. ഗുരുവായൂരില്‍ പോയി കണികാണണമെന്ന് ആഗ്രഹമുണ്ടെന്ന് പറഞ്ഞു. 1978-ഏപ്രില്‍ മാസത്തിലാണ് സംഭവം. അങ്ങനെ വിഷുവിന് തലേദിവസം അച്ഛനുമൊത്ത് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കണികണ്ടു. അവസാനമായി അദ്ദേഹവുമൊത്തുള്ള അനുഭവം ഇതാണ്.
മറക്കാനാവാത്ത അനുഭവം?
ലീല: ഗുരുവായൂരില്‍ വെച്ചായിരുന്നു എന്റെ വിവാഹം. എന്നാല്‍ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ അച്ഛന് വന്നിരുന്നില്ല. രവിയുടെയും രാധയുടെയും വിവാഹത്തിന് അവസാനനിമിഷം അച്ഛന് എത്തിച്ചേര്‍ന്നിരുന്നു. രണ്ടുദിവസം കഴിഞ്ഞാണ് അദ്ദേഹം വീട്ടിലെത്തുന്നത്. വിവാഹത്തിന് വരാതിരുന്നത് എന്തുകൊണ്ടാണെന്നു ചോദിച്ചപ്പോള്‍, 'അക്കാര്യം മറന്നുപോയി' എന്നായിരുന്നു മറുപടി.
രാധ: അച്ഛന്റെ അവസാനകാലത്ത് ഒരുദിവസം കുറേ കുപ്പായങ്ങള്‍ എനിക്ക് കൊണ്ടുതന്നു. അത്രയും കാലം ഒന്നും വാങ്ങിത്തരാതിരുന്ന അച്ഛന്റെ ഈ പ്രവൃത്തി എന്നെ വളരെയധികം അത്ഭുതപ്പെടുത്തിയിരുന്നു.