പാലോട്: കാടിന്റെ മക്കള്‍ക്ക് കാടുകാക്കല്‍ ഇന്നൊരു നിയോഗമാണ്. വനപാലകരോടൊത്ത് വനം കാക്കുന്ന ആദിവാസികളായ ഇവരെ ഔദ്യോഗികമായി വനസംരക്ഷണസമിതി(വി.എസ്.എസ്.) പ്രവര്‍ത്തകരെന്നാണ് വിളിക്കുന്നത്.

ഉള്‍വനങ്ങളില്‍ പാര്‍ത്തിരുന്ന ആദിവാസികളായ യുവതീയുവാക്കളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കു കൊണ്ടുവരുക എന്ന ലക്ഷ്യത്തോടെയാണ് 2006ല്‍ വി.എസ്.എസ്. തുടങ്ങിയത്. പത്തുവര്‍ഷം കഴിഞ്ഞപ്പോള്‍ ജില്ലയിലെ നൂറുകണക്കിന് ആദിവാസിക്കുടുംബങ്ങളുടെ ജീവിതവരുമാനമായി മാറി വി.എസ്.എസ്.

ജില്ലയിലെ വിവിധ ഭാഗങ്ങളിലായി ഇരുന്നൂറോളം വനസംരക്ഷണസമിതി പ്രവര്‍ത്തകരുണ്ട്. പൊന്മുടി, കല്ലാര്‍, കോട്ടൂര്‍, മങ്കയം, ബോണക്കാട്, പേപ്പാറ, കുളത്തൂപ്പുഴ എന്നിവിടങ്ങളിലാണ് ഇവരുടെ പ്രവര്‍ത്തനം. വനം കാക്കുന്നതിനൊപ്പം അതിക്രമിച്ചുകയറുന്നവരെ തടയുക, സന്ദര്‍ശകര്‍ക്കു മാര്‍ഗനിര്‍ദേശവും സഹായവും നല്‍കുക തുടങ്ങിയവയാണ് ചുമതലകള്‍. വനപാലകര്‍ക്കൊപ്പമാണ് പ്രവര്‍ത്തനം. ഈ കൂട്ടായ്മയില്‍ സ്ത്രീകളാണ് കൂടുതല്‍.

പൊന്മുടിയിലാണ് ഏറ്റവുമധികം വനസംരക്ഷണസമിതി പ്രവര്‍ത്തകരുള്ളത് -135 പേര്‍. മാസത്തില്‍ ഇരുപത് ദിവസം ജോലിനോക്കുന്ന ഇവരുടെ പ്രതിമാസശമ്പളം 5000 രൂപ വരെയാണ്. വരുമാനത്തേക്കാള്‍ പുറംലോകവുമായുള്ള ബന്ധം, ലോകവിവരങ്ങള്‍ അറിയാനുള്ള സാഹചര്യം എന്നിവയെല്ലാം വളരെ വലുതാണന്ന് കൂട്ടായ്മയിലെ ആതിര പറയുന്നു. പത്താം ക്ലാസ് കഴിഞ്ഞതോടെയാണ് ആതിര ഈ കൂട്ടായ്മയിലെത്തിയത്.

സാമൂഹികവിരുദ്ധരുടെ താവളമായിരുന്ന പൊന്മുടിയില്‍ പണ്ട് കുടുംബത്തോടൊപ്പമുള്ള യാത്ര പലരും ഒഴിവാക്കിയിരുന്നു. എന്നാലിപ്പോള്‍ അവധിദിനങ്ങളില്‍ 2000 വാഹനങ്ങള്‍ വരെയാണ് പൊന്മുടിമലകയറിയെത്തുന്നത്. കഴിഞ്ഞവര്‍ഷം മാത്രം ടൂറിസം മേഖലയില്‍നിന്നു വനംവകുപ്പിന്റെ വരുമാനം 183 കോടി രൂപയായിരുന്നു. ഈ മികച്ച നേട്ടം വനസംരക്ഷണസമിതി പ്രവര്‍ത്തകരുടെ വിയര്‍പ്പിന്റെ വിലകൂടിയാണ്.

വനവിഭവങ്ങള്‍കൊണ്ട് സ്റ്റാള്‍, അച്ചാര്‍ യൂണിറ്റ്, ട്രക്കിങ്ങിന് വഴികാട്ടി, ഇക്കോഷോപ്പ്, കഫ്റ്റീരിയ എന്നിവയുടെയെല്ലാം നിയന്ത്രണവും ഏകോപനവും ഇവര്‍ക്കുതന്നെ. കാടിന്റെ സൗന്ദര്യം കെടുത്താനിറങ്ങുന്നവര്‍തന്നെയാണ് തങ്ങളുടെ ശത്രുക്കളെന്ന് വി.എസ്.എസിന്റെ ചുമതലക്കാരനായ പാലോട് റേഞ്ച് ഓഫീസര്‍ എസ്.വിനോദ് പറയുന്നു. ലോക വനദിനം കാടും പരിസരവും വൃത്തിയാക്കികൊണ്ട് ഇവര്‍ ആഘോഷിക്കും.