കൊച്ചി: ഒന്നു ശമിച്ചെങ്കിലും ഇത്തവണ കൊടും വേനലിലുണ്ടായ കാട്ടുതീ നമ്മുടെ കാടകങ്ങളെ വല്ലാതെ മുറിവേല്പിച്ചു. കഴിഞ്ഞ ഡിസംബര്‍ പകുതി മുതല്‍ ഈ മാസത്തിന്റെ തുടക്കം വരെ അമ്പതോളം ഇടങ്ങളിലാണ് കാട്ടുതീയുണ്ടായത്. 1717 ഹെക്ടര്‍ കാട് കത്തിയെന്നാണ് ഔദ്യോഗിക കണക്ക്. പക്ഷേ, ചെറുതും വലുതുമായ കാട്ടുതീയില്‍ കരിഞ്ഞമരുന്നത് എന്തൊക്കെയാണെന്നോ എത്രയൊക്കെയാണെന്നോ അറിയില്ല. അതിന്റെ കണക്ക് ആരും എടുത്തിട്ടുമില്ല.

അനിയന്ത്രിതമായ തീ ഓരോ കാടിന്റെയും വ്യത്യസ്തമായ ആവാസ വ്യവസ്ഥയ്ക്കുണ്ടാക്കുന്ന ആഘാതം വളരെ വലുതാണ്. കാടിന്റെ നിലനില്പിന് അത്യാവശ്യമായ സസ്യലതാദികളും സൂക്ഷ്മാണുക്കളും ഇല്ലാതാകുന്നത് മറ്റുള്ളവയുടെ നിലനില്പിനു ഭീഷണിയാകുന്നു. തീയെ പ്രതിരോധിക്കാനുള്ള സ്വാഭാവികമായ കഴിവില്ലാത്തതിനാല്‍ കാട്ടുതീയില്‍ വെന്തൊടുങ്ങുന്നത് അനേകം ജന്തുജാലങ്ങളാണ്.
 
കൂടെക്കൂടെ ഒരിടത്തുണ്ടാകുന്നതും കൂടുതല്‍ സ്ഥലത്തെ ബാധിക്കുന്നതുമായ തീ കാടിന്റെ ജൈവ സ്വഭാവത്തെ മാറ്റിമറിക്കുമെന്ന് പത്തുവര്‍ഷം മുമ്പു നടത്തിയ പഠനത്തില്‍ ഗ്ലോബല്‍ ഫയര്‍ മാനേജ്‌മെന്റ് സെന്ററിലെ വിദഗ്ദ്ധര്‍ കണ്ടെത്തിയിട്ടുണ്ട്. തീപിടിത്ത സാധ്യതയെ മുന്‍നിര്‍ത്തി, കാടുകളെ വേര്‍തിരിച്ചായിരുന്നു ആ പഠനം. അത്തരമൊരു അന്വേഷണം, കാട്ടുതീ കൂടുതലാകുന്ന കാലത്തും നമുക്കില്ല.

മിന്നലും ഘര്‍ഷണവും പോലുള്ള സ്വാഭാവിക കാരണങ്ങളാല്‍ നമ്മുടെ കാട്ടിലിപ്പോള്‍ തീപിടിത്തമുണ്ടാവുന്നില്ല. മനുഷ്യന്റെ ഇടപെടല്‍ കൊണ്ട് തീ പിടിക്കാനുള്ള സമൃദ്ധി കാടിനില്ലാതായതാണ് കാരണം. മാത്രമല്ല, സ്വാഭാവികമായുണ്ടാകുന്ന തീ നിയന്ത്രിക്കാന്‍ ആ കാടിനു തന്നെ കഴിവുണ്ടായിരിക്കുകയും ചെയ്യും.
 
parambikulam
കടുത്ത വേനലില്‍ കരിഞ്ഞുണങ്ങിയ കാട്. പറമ്പികുളത്തുനിന്നും: ഫോട്ടോ: ഷമീഷ്‌

 

കാട്ടുതീയുടെ കാര്യത്തില്‍ ഇപ്പോള്‍ നാം നേരിടുന്ന പരിമിതികള്‍:

* കാടിന്റെ അതിര്‍ത്തിയിലും ഉള്ളിലും താമസിക്കുന്നവരെ അതിന്റെ സംരക്ഷകരാക്കാനും അതുവഴി കാടു കാക്കാനും ഫലപ്രദമായ പദ്ധതികളില്ല.

* തീയില്‍ നിന്നു കാടിനെ രക്ഷിക്കാനും അനിയന്ത്രിതമായ തീ ഉണ്ടാകാതിരിക്കാനുമായി ശാസ്ത്രീയ മാനേജ്‌മെന്റ് സംവിധാനമില്ല.

* വനം വകുപ്പിന്റെ ബോധവത്കരണ യത്‌നങ്ങള്‍ അപര്യാപ്തം

* കാട്ടുതീയെ ചെറുക്കാന്‍ അതിനു മാത്രമായി ആവശ്യത്തിനു ഫണ്ടില്ല. വനസംരക്ഷണ ഫണ്ട് തീരെ അപര്യാപ്തം

* കൃത്യമായ ആസൂത്രണവും നടത്തിപ്പും ഇല്ല. തീയുണ്ടായാല്‍ അപ്പോള്‍ കാണാമെന്ന അവസ്ഥ.

* കാട്ടുതീ നിയന്ത്രിക്കുന്നതിലും വരാതെ നോക്കുന്നതിലും പ്രാവീണ്യരല്ല വനപാലകര്‍

* കാട്ടുതീയുണ്ടായിട്ടുണ്ടെന്ന് അറിയാനും ആവശ്യമായ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അറിയിക്കാനും ഇപ്പോഴുള്ള സംവിധാനം അപര്യാപ്തം

* സമയത്ത് മുന്‍കരുതലുകളെടുക്കുന്നതില്‍ വീഴ്ചയുണ്ടാകുന്നു

* കാട്ടുതീ നിയന്ത്രിക്കാനും ഉണ്ടാകാതിരിക്കാനും മറ്റു വകുപ്പുകളുമായും സംഘടനകളുമായും ചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ വനം വകുപ്പിനില്ല.

കടുത്ത വേനലാണ് ഇക്കുറിയുണ്ടായിട്ടുള്ളതെന്നും കാട്ടുതീ കൂടാനുള്ള കാരണം അതാണെന്നും വനംവകുപ്പു മേധാവി ഡോ. എസ്.സി. ജോഷി പറഞ്ഞു. തീയുണ്ടായാല്‍ വിവരങ്ങള്‍ യഥാസമയം എസ്.എം.എസ്. അലര്‍ട്ടായി നല്‍കുന്ന സംവിധാനമൊരുക്കിയിട്ടുണ്ട്. തീപിടിത്ത സാധ്യത മുന്‍നിര്‍ത്തി ഓരോ പ്രദേശത്തേയും വേര്‍തിരിച്ചാണ് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.