Sun strokeകോഴിക്കോട്: ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയ കോഴിക്കോട് സൂര്യാതപമേറ്റ് രണ്ടു പേര്‍ മരിച്ചു. കാരശ്ശേരി പഞ്ചായത്തിലെ തോട്ടക്കാട പൈക്കാടന്‍ മല എളമ്പിലാശേരി കോളനിയിലെ രാമന്‍ (80), വളയം കുയ്‌തേരി വാതുക്കല്‍ പറമ്പത്ത് രവീന്ദ്രന്‍ (69) എന്നിവരാണ് മരിച്ചത്.

ആദിവാസിയായ രാമന്‍ ശനിയാഴ്ച രാവിലെയാണ് മരിച്ചതായി കണ്ടെത്തിയത്. തോട്ടക്കാട് മരഞ്ചാട്ടി റോഡരികില്‍ വീണു കിടക്കുകയായിരുന്നു. മരപ്പണിക്കും മറ്റും പോയിരുന്ന ആളാണ് രാമന്‍. വെള്ളിയാഴ്ച ജോലികഴിഞ്ഞ് വീട്ടിലേക്കു നടന്നു പോകുംവഴിയാണ് സൂര്യാഘാതമേറ്റതെന്നു കരുതുന്നു. ദേഹമാസകലം പൊള്ളലേറ്റിട്ടുണ്ട്. മൃതദേഹം മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടത്തി. ശാരദ, മിനി, ഷാജു, പരേതയായ ഓമന എന്നിവര്‍ മക്കളാണ്.

വിമുക്തഭടനും പൊതുമരാമത്ത് വകുപ്പ് റിട്ട. ജീവനക്കാരനുമായിരുന്ന രവീന്ദ്രന്‍ കൃഷിസ്ഥലത്ത് വീണു മരിക്കുകയായിരുന്നു. ഭാര്യ: ഹൈമവതി. മക്കള്‍ രഞ്ജിനി, മഞ്ചുഷ. മരുമക്കള്‍: മുരളീധരന്‍, സുധീഷ്.