madhuഅമ്പലപ്പുഴ: സൂര്യതാപമേറ്റ് കൈകള്‍ പൊള്ളിയപ്പോള്‍ ഇനിയാര്‍ക്കും തന്റെ അനുഭവം ഉണ്ടാകരുതെന്ന് മധു പ്രതിജ്ഞയെടുത്തു. നാളെയെങ്കിലും സൂര്യതാപത്തിന് പരിഹാരമാകാന്‍ ഫലവൃക്ഷങ്ങളും തെങ്ങിന്‍ തൈകളും വച്ച് പിടിപ്പിക്കുവാനാണ് അദ്ദേഹം തീരുമാനിച്ചത്.

ആലപ്പുഴ മെഡിക്കല്‍ കോളേജിലെ മോര്‍ച്ചറിയ്ക്ക് മുന്‍പില്‍ തൈകള്‍ നട്ട് മധു ഇതിന് തുടക്കം കുറിച്ചു. മെഡിക്കല്‍ കോളേജിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കൂടിയായ മധുസൂദനന്‍ നായര്‍ക്ക് രണ്ട് ദിവസം മുന്‍പ് സൂര്യതാപമേറ്റതും മോര്‍ച്ചറിയ്ക്ക് മുന്‍പില്‍ വച്ചാണ്.

ആലപ്പുഴ പൂന്തോപ്പ് വാര്‍ഡില്‍ വടികാട്ട് വീട്ടില്‍ മധുസൂദനന്‍ നായര്‍ നാടകപ്രവര്‍ത്തകനും പരിസ്ഥിതി പ്രവര്‍ത്തകനും കൂടിയാണ്. മെഡിക്കല്‍ കോളേജ് ആസ്​പത്രി പരിസരത്ത് ഡോക്ടര്‍മാരുടെ പിന്തുണയോടെ നേരത്തെയും ചെടികള്‍ വച്ച് പിടിപ്പിച്ചിട്ടുണ്ട്.

ആലപ്പുഴയിലെ ഗാന്ധി റസിഡന്റ്‌സ് അസോസിയേഷന്‍ പ്രവര്‍ത്തകനായ പ്രസാദ് വടികാടാണ് വൃക്ഷത്തൈകള്‍ പ്രധാനമായും നല്‍കുന്നത്. മാവ്, കാര, വാക, തല്ലി, മരോട്ടിക്ക, അരണ, കണിക്കൊന്ന, അത്തി, കറിവേപ്പില, ആര്യവേപ്പ്, ലക്ഷ്മിതരു, ഗൗളീഗാത്ര തെങ്ങ് എന്നിവയാണ് വച്ച് പിടിപ്പിക്കുന്നത്.

മോര്‍ച്ചറി പരിസരത്ത് തുടങ്ങിയ ഹരിതവത്കരണം വിശാലമായ ആസ്​പത്രി സമുച്ചയം മുഴുവന്‍ വ്യാപിപ്പിക്കാനാണ് മധു പദ്ധതിയിടുന്നത്. ഇതിനായി ആസ്​പത്രി ജീവനക്കാരുടെ കൂട്ടായ്മയും ബോധവത്കരണ ഹരിതക്ലാസും നടപ്പിലാക്കും.

ഡോ. ആര്‍.വി.രാംലാല്‍ അടക്കമുള്ള ഡോക്ടര്‍മാരുടെയും ആസ്​പത്രി അധികൃതരുടെയും പിന്തുണ മധുവിന് കരുത്താകുന്നുണ്ട്. ചെടികള്‍ നടാനും വെള്ളമൊഴിച്ച് പരിപാലിക്കാനും സഹപ്രവര്‍ത്തകരായ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഹനീഷ്, ബാബു, വിശ്വംഭരന്‍, മുരളീധരന്‍, സത്യന്‍ തുടങ്ങിയവരും ഒപ്പമുണ്ട്.