നാലു തലമുറയെ പാടിച്ച നാദര്‍ഷി

ആര്‍.കെ. ദാമോദരന്‍ Posted on: 03 Aug 2013


ഗാനഗന്ധര്‍വന്‍ യേശുദാസ്, അദ്ദേഹത്തിന്റെ പിതാവ് അഗസ്റ്റിന്‍ ജോസഫ്, മകന്‍ വിജയ് യേശുദാസ്, പേരക്കുട്ടിയും വിജയിന്റെ മകളുമായ അമേയ എന്നീ നാലുതലമുറയെ ചലച്ചിത്ര സംഗീതത്തിനു പരിചയപ്പെടുത്തിയ നാദര്‍ഷിയാണ് ദക്ഷിണാമൂര്‍ത്തി സ്വാമി. അഗസ്റ്റിന്‍ ജോസഫിനെ 'നല്ലതങ്ക'യിലൂടെയാണ് അദ്ദേഹം പരിചയപ്പെടുത്തിയതെങ്കില്‍ യേശുദാസിനെ'ദേവാലയ'ത്തിലൂടെയും വിജയിനെ 'ഇടനാഴിയില്‍ ഒരു കാലൊച്ച'യിലൂടെയും കുഞ്ഞ് അമേയയെ ഇനിയും പുറത്തിറങ്ങിയിട്ടില്ലാത്ത 'ശ്യാമരാഗ'ത്തിലൂടെയുമാണ്അദ്ദേഹം അവതരിപ്പിച്ചത്. ചെമ്പൈ സ്വാമിയെ കര്‍ണാടക സംഗീതഗുരുവായി നാദനമസ്‌കാരം ചെയ്തു വന്ന യേശുദാസ് ദക്ഷിണാമൂര്‍ത്തി സ്വാമിയെയാണ് തന്റെ ചലച്ചിത്രഗാനഗുരുവായി അവസാനംവരെ ആദരിച്ചിരുന്നത്.

'കാട്ടിലെ പാഴ്മുളംതണ്ടില്‍ നിന്ന് പാട്ടിന്റെ പാലാഴിതീര്‍ത്ത' ശ്രീകൃഷ്ണ ഭഗവാനെപ്പോലെ സംഗീത അവതാരമായിരുന്നു ദക്ഷിണാമൂര്‍ത്തി സ്വാമി. പത്ര വാര്‍ത്തയെടുത്ത് കൊടുത്താല്‍പോലും പാട്ടാക്കുമായിരുന്നു സ്വാമി. ഭക്തിസംഗീതത്തിനും വിശിഷ്യാ മലയാള ചലച്ചിത്രസംഗീതത്തിനും എണ്ണപ്പെട്ട സ,ംഭാവനകള്‍ അദ്ദേഹം നല്‍കിയത് മലയാളം മധുരതരം ആസ്വദിച്ചു. 1950ല്‍ 'നല്ലതങ്ക'യില്‍ നിന്നാണ് അദ്ദേഹം തന്റെ ചലച്ചിത്രസംഗീതകലയ്ക്ക് തുടക്കം കുറിക്കുന്നത്. സ്വാമി തന്റെ പ്രിയരാഗമായി 'ഖരഹരപ്രിയ'യെയാണ് ആലാപലഹരിയാക്കിയത്. 'ഉത്തരാസ്വയംവര'വും 'അശോകപൂര്‍ണിമ'യും 'പുലയനാര്‍ മണിയമ്മ'യുമൊക്കെ 'ഖരഹരപ്രിയ' എന്ന രാഗത്തിലൂടെ സ്വാമി സാധാരണക്കാരായ കുളിമുറിപ്പാട്ടുകാരുടെ വരെ ചുണ്ടിലെ മൂളിപ്പാട്ടാക്കി. ശുദ്ധമായ കര്‍ണാടക സംഗീതം എങ്ങനെ ലളിതസംഗീതമായി പകര്‍ത്താം എന്നതിന്റെ പാഠപതിപ്പുകളാണ് സ്വാമിയുടെ ഗാനങ്ങള്‍. 'സ്വപ്നങ്ങളേ നിങ്ങള്‍ സ്വര്‍ഗകുമാരികളല്ലോ....' എന്ന 'ശഹാന' രാഗഗാനം ത്യാഗരാജ സ്വാമികളുടെ 'വന്ദനമു രഘുനന്ദനാ' എന്ന കൃതിയുടെ താളംമാറ്റിയ (ത്രിശ്രം) പകര്‍പ്പാണെന്ന് സ്വാമി തന്നെ എന്നോട് പറഞ്ഞിട്ടുണ്ട്. ത്യാഗരാജ 'ഹിന്ദോളകൃതി'യായ 'സാമജവരഗമനാ...' തന്നെയല്ലേ സ്വാമിയുടെ 'കാവ്യപുസ്തകമല്ലോ ജീവിതം' എന്ന പി. ഭാസ്‌കരഗാനം. ഹാസ്യരസ പ്രധാനമായ 'നാഗരാദി എണ്ണയുണ്ട്...' എന്ന ചലച്ചിത്രഗാനത്തില്‍ പോലും കര്‍ണാടക സംഗീതത്തിന്റെ കല കാണിച്ചുതന്നു ദക്ഷിണാമൂര്‍ത്തി. സംഗീതം ഈശ്വരസമര്‍പ്പണം തന്നെയായിരുന്നു അദ്ദേത്തിന്. എല്ലാ അഷ്ടമിക്കും വൈക്കത്ത് കച്ചേരി പാടിയിരുന്ന അദ്ദേഹത്തിന്റെ ചുണ്ടില്‍ 'നാരായണാ, വൈക്കത്തപ്പാ...' എന്നല്ലാതെ ഒരു വാക്കും വന്നിരുന്നില്ല.

മലയാള ചലച്ചിത്രസംഗീതത്തിലെ ചതുര്‍മൂര്‍ത്തികളില്‍ (ദക്ഷിണാമൂര്‍ത്തി, കെ. രാഘവന്‍, ദേവരാജന്‍, ബാബുരാജ്) ആദ്യം ചലച്ചിത്രസംഗീതരംഗത്തെത്തിയ സ്വാമി (1950) വെറും ഒരു ചലച്ചിത്ര സംഗീതസംവിധായകന്‍ മാത്രമായിരുന്നില്ല, നൂറോളം കീര്‍ത്തനങ്ങള്‍ രചിച്ച് സ്വയംചിട്ടപ്പെടുത്തി പാടിയ ഒരു വാഗ്ഗേയകാരന്‍ കൂടിയായിരുന്നു.Adaranjalikal
Condolences

 

ga
Photo Gallery
DAKSHINAMOORTHY HITS