newspaper
ഫോട്ടോ: പി. പ്രമോദ് കുമാര്‍

കോഴിക്കോട്: ഇന്ത്യയിലും വിദേശ രാജ്യങ്ങളിലുമുള്ള പത്രങ്ങള്‍ വിദ്യാര്‍ഥികളെ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി കോഴിക്കോട് ബിലാത്തിക്കുളം യു.പി സ്‌കൂളില്‍ വിദ്യാരംഗത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വായനാവാരാചരണം അറിവിന്റെ വാതായനങ്ങള്‍ വിദ്യാര്‍ഥികള്‍ക്കു മുന്നില്‍ തുറന്നിട്ടു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ചരിത്ര വിഭാഗം അധ്യാപകന്‍ ഡോ.കെ.എന്‍ ഗണേഷ്  വാരാചരണം ഉദ്ഘാടനം ചെയ്തു. കുട്ടികളില്‍ വായനാശീലം വളര്‍ത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. ഒരോരുത്തരും അവരവര്‍ക്ക് താത്പര്യമുള്ള പുസ്തകങ്ങള്‍ തിരഞ്ഞെടുത്ത് വായിക്കാന്‍ തുടങ്ങുന്നതാണ് വായനയോട് താത്പര്യം വളര്‍ത്താന്‍ നല്ലതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. 

ഇന്ത്യയിലെ വിവിധ ഭാഷകളിലെ പത്രങ്ങള്‍ വായനാവാരാചരണത്തിന്റെ ഭാഗമായി ഇവര്‍ സംഘടിപ്പിച്ചു. മലയാള ഭാഷയില്‍ 25 പത്രങ്ങളും ഇംഗ്ലീഷില്‍ 13 പത്രങ്ങളും ഉറുദുവിലും ബംഗാളിയിലുമായി ഒന്നു വീതം പത്രങ്ങളും ഇവരുടെ ശേഖരണത്തിലുണ്ട്. മറാഠിയില്‍ രണ്ടു പത്രങ്ങളും കന്നഡയില്‍ അഞ്ചു പത്രങ്ങളും ഇവിടെ പ്രദര്‍ശനത്തിനെത്തി. ഹിന്ദിയില്‍ 28 പത്രങ്ങളാണ് ഇവര്‍ പ്രദര്‍ശിപ്പിച്ചത്. തമിഴില്‍ അഞ്ച് പത്രങ്ങളും. 

'വായനാ വാരവുമായി ബന്ധപ്പെട്ട്  കുട്ടികളുടെ വീട്ടില്‍ച്ചെന്ന് നോട്ടീസ് കൊടുത്തു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഭക്ഷണം കഴിഞ്ഞ് സ്‌കൂളിന് സമീപത്തുള്ള വീടുകളില്‍ കയറിയിറങ്ങി കുട്ടികളോട് കഴിയാവുന്നത്ര പുസ്തകങ്ങള്‍ ശേഖരിച്ചു വെക്കാന്‍ പറഞ്ഞു.  അടുത്ത വെള്ളിയാഴ്ച ഞങ്ങള്‍ പോയി പുസ്തകങ്ങള്‍ വിദ്യാര്‍ത്ഥികളില്‍ നിന്നും ശേഖരിച്ച് സ്‌കൂള്‍ ലൈബ്രറിയില്‍ കൊണ്ടു വന്നു. വായിച്ചു പഴകിയ പുസ്തകങ്ങള്‍ തന്നവരും പുതിയ പുസ്തകങ്ങള്‍ക്കായി പണം നല്‍കിയവരുമുണ്ട്. മുംബൈയിലും ബംഗാളിലുമൊക്കെ താമസിക്കുന്ന ബന്ധുക്കളോടും സുഹൃത്തുക്കളോടുമൊക്കെ നാലു മാസങ്ങള്‍ക്കു മുമ്പേ തന്നെ ഇക്കാര്യം അറിയിച്ചിരുന്നു. ഇന്ത്യയില്‍ നിന്ന് ആകെ 86 പത്രങ്ങള്‍ ഞങ്ങള്‍ ശേഖരിച്ചു. ആസ്‌ട്രേലിയ, ഫ്രാന്‍സ്, നോര്‍വെ, റഷ്യ, തായ്‌ലാന്റ് ,സിംഗപ്പൂര്‍ തുടങ്ങിയ വിദേശ രാജ്യങ്ങളില്‍ നിന്നുമായി 12 പത്രങ്ങളും കിട്ടി. അറേബ്യന്‍ നാടുകളില്‍ നിന്ന് എട്ട് പത്രങ്ങള്‍ സംഘടിപ്പിക്കാനായി. ഞങ്ങള്‍ നാല് മാസം മുമ്പേ ഇങ്ങനെയൊരു പദ്ധതി പഌന്‍ ചെയ്തിരുന്നു. വിദേശത്ത് വിനോദ യാത്രയ്ക്ക് പോയവരോട് വരുമ്പോള്‍ കിട്ടാവുന്നത്ര പത്രങ്ങള്‍ സംഘടിപ്പിച്ചുകൊണ്ടു വരാന്‍ ഞങ്ങള്‍ പറഞ്ഞിരുന്നു. ഡെന്‍മാര്‍ക്ക്, ഫിന്‍ലാന്‍ഡ്,മലേഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള  പത്രങ്ങളും ഇവിടെ പ്രദര്‍ശനത്തിനൊരുക്കിയിട്ടുണ്ട്. പത്രങ്ങള്‍ മാത്രമല്ല 250 ഓളം പുസ്തകങ്ങളുടെ പ്രദര്‍ശനവും ഇവിടെ  ഒരുക്കിയിട്ടുണ്ട്. നോവല്‍, യാത്രാ വിവരണം, കഥ, ആത്മകഥ,ഗണിതം,ശാസ്ത്രം എന്നീ വിവിധ വിഭാഗങ്ങളിലായി 250 ഓളം പുസ്തകങ്ങളും പ്രദര്‍ശനത്തിനൊരുക്കി. '  സ്‌കൂള്‍ അദ്ധ്യാപിക നീലിമ പറയുന്നു.

paper
ഫോട്ടോ: പി. പ്രമോദ് കുമാര്‍

തങ്ങള്‍ ഇതുവരെ കാണുകയോ കേള്‍ക്കുകയോ ചെയ്യാത്ത പത്രങ്ങള്‍ കണ്‍മുന്നിലെത്തിയപ്പോള്‍ അറിവിന്റെ വിസ്മയലോകത്തെത്തിയ പ്രതീതിയായിരുന്നു കുട്ടികള്‍ക്ക്. ഇത്രയേറെ പത്രങ്ങള്‍ മലയാള ഭാഷയ്ക്ക് സ്വന്തമാണോ എന്നൊരു തിരിച്ചറിവും കൂടിയായിത്തീര്‍ന്നു ഈ പ്രദര്‍ശനം.