പത്തനംതിട്ട: അടുക്കളയില്‍നിന്നും കൃഷിയിടത്തിലേക്കിറങ്ങിയ കുടുംബശ്രീ പ്രവര്‍ത്തകര്‍ വിളയിക്കുന്നത് വിഷമില്ലാത്ത പച്ചക്കറിയുടെ നൂറുമേനി. പന്തളം നഗരസഭയിലെ കുരമ്പാല 19-ാം വാര്‍ഡിലെ സംഘകൃഷിക്കാരാണ് കുരമ്പാല പുതുവാക്കല്‍ ഏലായിലെ മണ്ണില്‍ പൊന്നുവിളയിച്ച് പെണ്‍കരുത്ത് കാട്ടിയത്.

സാധാരണ വീട്ടമ്മമാരേപ്പോലെയല്ല കുരമ്പാലയിലെ സംഘകൃഷിക്കാരായ വീട്ടമ്മമാര്‍ ചെയ്യുന്നത്. പാടത്ത് പുരുഷന്മാേരപ്പോലെ തൂമ്പയും കൂന്താലിയുമെടുത്ത് പണിയെടുക്കും. വിളയ്ക്ക് വെള്ളം നനയ്ക്കുന്നതും വളമിടുന്നതും പരിപാലിയ്ക്കുന്നതുമെല്ലാം അവര്‍ തന്നെയാണ്.

ഹരിത, നന്മ, ദീപശ്രീ, തേജസ്, പുലരി തുടങ്ങിയ സംഘങ്ങളാണ് ഏത്തവാഴ, കപ്പ, കാച്ചില്‍ ചേന, ചേമ്പ്, പയര്‍, പടവലം, കിഴങ്ങ് തുടങ്ങിയ വിളകള്‍ കൃഷിചെയ്യുന്നത്. സംഘാംഗങ്ങളുടെ സ്വന്തം ഭൂമിയിലും പാട്ടത്തിനെടുത്ത ഭൂമിയിലുമായാണ് കൃഷി. ഓരോ ലക്ഷം രൂപാ ബാങ്കില്‍ നിന്നും വായ്പയെടുത്താണ് കൃഷി തുടങ്ങിയത്. 

വിളവെടുപ്പ് പകുതിയായപ്പോള്‍ത്തന്നെ വായ്പയെടുത്ത പണം ബാങ്കില്‍ കൃത്യമായി അടച്ചുകഴിഞ്ഞു. ജൈവ വളവും ജൈവ കീടനാശിനിയും ഉപയോഗിച്ച് നടത്തുന്ന കൃഷിയായതിനാല്‍ വിളവെടുത്ത് വരമ്പത്ത് വെയ്ക്കുമ്പോള്‍ത്തന്നെ ആവശ്യക്കാര്‍ വാങ്ങിക്കൊണ്ടുപോകും.
ബാക്കിയുള്ളവ കുരമ്പാല കര്‍ഷക വിപണിയില്‍ കൊടുക്കും. കൃഷി ലാഭകരമാണോ എന്ന് ചോദിച്ചപ്പോള്‍ കഴിഞ്ഞ വര്‍ഷം ഓരോ സ്വര്‍ണ്ണ വള വാങ്ങാനുള്ള പണം കിട്ടിയെന്നായിരുന്നു വീട്ടമ്മമാരുടെ മറുപടി. കാലാവസ്ഥ ചതിച്ചില്ലെങ്കില്‍ നൂറുമേനി ഉറപ്പ്. ഓണക്കാലത്തേക്കുള്ള ഏത്തവാഴക്കുലയും പച്ചക്കറിയിനങ്ങളും എടുക്കാനുള്ള തയ്യാറെടുപ്പിലാണ് കുടുംബശ്രീ അംഗങ്ങള്‍.