എര്‍ണാകുളം: വീട്ടില്‍ ഒരു പപ്പായ ഉണ്ടെങ്കില്‍ ഇപ്പോള്‍ രണ്ടുണ്ട് കാര്യം, ആരോഗ്യത്തിനും ഒപ്പം ആദായവും നേടാം. മാലിപ്പാറ സ്വദേശി പുന്നക്കുന്നേല്‍ ആന്റണി എന്ന കര്‍ഷകന്‍  കാട്ടിത്തരുന്നത് ഇതാണ്. സാധാരണ നമ്മുടെ നാട്ടിന്‍ പുറങ്ങളില്‍ യഥേഷ്ടം പപ്പായ അഥവ കപ്പളങ്ങ ഉണ്ടെങ്കിലും, പലപ്പോഴും ഉയരം കൂടുതലും പിന്നെ വെറുതെ കിട്ടുന്നതായത് കൊണ്ടും ഉപയോഗിക്കാതെ കളയുകയാണ് പതിവ്. 

പക്ഷെ ആന്റണി അത്തരം പതിവുകള്‍ മാറ്റി. ഇദ്ദേഹത്തിന്റെ പ്രധാന വരുമാനമാര്‍ഗമാണ് പപ്പായ കൃഷി. എന്നും പുതിയ വിളകളുടെ   പരീക്ഷണത്തിന് തയ്യാറാവുന്നതാണ് ഈ കര്‍ഷകനെ വ്യത്യസ്ഥനാക്കുന്നത്.തായ്വാനില്‍ നിന്ന് ഇറക്കുമതി ചെയ്ത റെഡ് ലേഡി ഇനം വിത്ത് മുളപ്പിച്ച് മൂന്നര ഏക്കറില്‍ ആന്റണി കൃഷി ചെയ്തിട്ടുണ്ട്. 1200 പപ്പായ ഉണ്ടിവിടെ. പത്താം മാസത്തിലാണ് പൂര്‍ണ വളര്‍ച്ച എത്തി വിളവെടുപ്പ് തുടങ്ങുന്നതെങ്കിലും എട്ടാം മാസം മുതല്‍ ആന്റണിക്ക് നല്ല വിളവ് കിട്ടിത്തുടങ്ങി.

പരീക്ഷണാടിസ്ഥാനത്തില്‍ കൃഷി ചെയ്തെങ്കിലും നല്ല ആദായമാണ് പപ്പായ തരുന്നതെന്ന് ആന്റണിയുടെ സാക്ഷ്യം. രണ്ട് മാസം ഇടവിട്ടാണ് മൂപ്പെത്തിയ കായകള്‍ പാകമായി പറിച്ചെടുക്കുന്നത്. ഒരു വര്‍ഷം ശരാശരി ഒരു മരത്തില്‍ നിന്ന് 60-75 കായകള്‍ കിട്ടും.മൂപ്പെത്തിയ ഒരു കായയ്ക്ക് ഒന്നു മുതല്‍ മൂന്ന് കിലോ വരെ തൂക്കം ലഭിക്കും. മാര്‍ക്കറ്റില്‍ കിലോയ്ക്ക് 35 രൂപ വിലയുള്ള പപ്പായയ്ക്ക് കര്‍ഷകന് 20 രൂപ വില്‍ക്കുമ്പോള്‍ കിട്ടും.

തായ്വാന്‍ ഇനത്തിന്  നാടന്‍ പപ്പായയേക്കാള്‍ വലിപ്പം കൂടുതല്‍ ഉണ്ട്. അപൂര്‍വയിനമായ 'തായ്വാന്‍ യെല്ലോ'യും പരീക്ഷണ അടിസ്ഥാനത്തില്‍ വിത്തു മുളപ്പിച്ച് 100 എണ്ണം കൃഷി ചെയ്തിട്ടുണ്ട്. ആനക്കൊമ്പിന്റെ ആകൃതിയിലുള്ള ഇതിന്റെ കായ്കള്‍ ആകര്‍ഷകമാണ്. രുചിയിലും മണത്തിലും റെഡ്ലേഡിയേക്കാള്‍ മികച്ചതും.

നാടന്‍ പപ്പായ രണ്ടോ മൂന്നോ ദിവസം കൊണ്ട് കേടാവുമ്പോള്‍ തായ്വാന്‍ പപ്പായ രണ്ടാഴ്ചയിലേറെ  കേടാവാതിരിക്കും. നാടന്‍ പപ്പായ ശരാശരി 20 അടിയിലേറെ ഉയരം വയ്ക്കുമ്പോള്‍ തായ്വാന്‍ ലേഡിക്ക് പരമാവധി ആറടി ഉയരമേയുള്ളൂ. അതുകൊണ്ട് കൈ കൊണ്ട് എളുപ്പം പറിച്ചെടുക്കാം.
 പപ്പായ കാന്‍സറിനെ പ്രതിരോധിക്കുകയും ബ്ലഡ് കൗണ്ട് കൂട്ടുന്നതുമാണെന്ന് ശാസ്ത്രമതം. നാരുള്ള ഭക്ഷണമായത് കൊണ്ട് ദഹനത്തിന് ഉത്തേജനം നല്‍കുന്നതുമാണ്. സൗന്ദര്യ വര്‍ദ്ധക വസ്തുക്കളിലും പപ്പായ ഒഴിച്ചു കൂടാത്തതാണ്.