ഇന്ന് കര്‍ഷകദിനം കേരളത്തിലെമ്പാടും കര്‍ഷകരെക്കുറിച്ചും കൃഷിയെക്കുറിച്ചും ഏറെ വര്‍ത്തമാനങ്ങള്‍ നടക്കുന്ന ദിവസമാണിന്ന് നൂറുകണക്കിന് കര്‍ഷകരെ പൊന്നാടയണിക്കും പൊന്നാടകൊണ്ട് പൊതിയാനുള്ളവരെ പഞ്ചായത്ത് ഭരിക്കുന്നവരുടെ താല്പര്യം അനുസരിച്ച് നിശ്ചയിക്കും ഇന്ന് അധികാരികള്‍ കാര്‍ഷിക മേഖലയെ ഉദ്ധരിക്കാനുള്ള നിരവധി പ്രഖ്യാപനങ്ങളും നടത്തും.

എല്ലാ വര്‍ഷവും ആവര്‍ത്തിക്കുന്ന ഈ ആഘോഷംകൊണ്ട് കര്‍ഷകര്‍ക്കോ കാര്‍ഷിക മേഖലയ്‌ക്കോ ഇതുവരെ യാതൊരു ഗുണവുമുണ്ടായിട്ടില്ല. ചുറ്റും നോക്കിയാല്‍ കാണുന്നത് പിച്ചതെണ്ടിയാലും കാര്‍ഷിക മേഖലയിലേക്ക് ഇല്ലായെന്ന ദൃഢനിശ്ചയമെടുത്ത ന്യൂജനറേഷനെയാണ്. കൃഷിക്കാരുടെ മക്കളും ഇതുതന്നെയാണ് പറയുന്നത്.

ഇങ്ങനെയാണ് പറയേണ്ടത് എന്ന് കര്‍ഷകരായ മാതാപിതാക്കളും പറയുന്നു. കേരളത്തില്‍ കൃഷി പച്ച പിടിക്കുമെന്നതിന് വേറെ തെളിവ് അന്വേഷിക്കേണ്ടതില്ലല്ലോ!, ഈ പൊതു പ്രവണതയ്ക്ക് അപവാദമായി ഉന്നത വിദ്യഭ്യാസം ലഭിച്ച ചുരുക്കം ചില ചെറുപ്പക്കാര്‍ കാര്‍ഷിക രംഗത്തേക്ക് വരുന്നു എന്നത്് മറക്കാനാവില്ല. എന്നാലവരില്‍ എത്രപേര്‍ ഒരു പത്തുവര്‍ഷത്തിനപ്പുറം കൃഷിയിലവശേഷിക്കുമെന്നതിന് കാത്തിരുന്ന് കാണേണ്ടതാണ്. എന്തുകൊണ്ടാണിങ്ങനെയോക്കെ ? 

കര്‍ഷകദിനാഘോഷങ്ങള്‍ പൊടിപൊടിക്കുമ്പോള്‍ ആരും തന്നെ കാര്‍ഷിക മുരടിപ്പിന്റെ കാരണങ്ങള്‍ ആഴത്തിലിങ്ങി പരിശോധിക്കാറില്ല. ഈ കുറിപ്പിലൂടെ അത്തരമൊരു പരിശോധനയ്ക്ക് മുതിരുകയല്ല, മറിച്ച് അതിലേക്ക് വിരല്‍ ചൂണ്ടാന്‍ ശ്രമിക്കുന്നു എന്നുമാത്രം.

കാര്‍ഷിക മേഖലയുടെ പ്രശ്‌നങ്ങളെ കേവലം സാമ്പത്തിക തലത്തില്‍ മാത്രം ചുരുക്കി കാണുന്ന ശൈലിയാണിന്നുള്ളത്. അത് ശരിയല്ല വ്യവസായിക നാഗരികതയുടെ വികാസവും ഏകപക്ഷീയതയുമാണ്. ഒറ്റവാക്കില്‍ പറഞ്ഞാല്‍ കാര്‍ഷിക തകര്‍ച്ചയ്ക്ക് കാരണം. കൃഷിക്ക് സ്വന്തം കരുത്തുകൊണ്ട് നേരെ നില്‍ക്കാനാവാത്ത സ്ഥിതിയാണിന്നുള്ളത്. വ്യാവസായിക നാഗരികതയുടെ തണലില്‍ വളരുന്ന ഭരണക്കൂട സംവിധാനങ്ങുടെ താങ്ങുകാലില്‍ പടിച്ചുകയറാനാണിന്ന് കാര്‍ഷികമേഖല ശ്രമിക്കുന്നത.് എന്നാല്‍ ആ താങ്ങുകാലില്‍ പടിച്ചുകയറാന്‍ സാധിക്കുന്നുമില്ല.

ലോകമെങ്ങും ഇതുതന്നെയാണ് സ്ഥിതി. സര്‍ക്കാറുകളുടെ പിന്‍ബലത്തില്‍ നില്‍ക്കുന്ന കാര്‍ഷികരംഗത്ത് സര്‍ക്കാരുടെ ശേഷിയും മുന്‍ഗണനകളുമനുസരിച്ചുള്ള നയങ്ങളാണ് നടപ്പിലാക്കപ്പെടുന്നത്. വികസിത രാജ്യങ്ങളിലെ സര്‍ക്കാറുകള്‍ക്ക് അവിടുത്തെ കൃഷികള്‍ വലിയ കൈത്താങ്ങ് നല്‍കാനാവുന്നത് തന്‍മൂലം ഇവിടെ കാണുന്ന വിധത്തില്‍ കര്‍ഷകര്‍ വഴിയാധാരമാകുന്നില്ല എന്നെയുള്ളു.

കാര്‍ഷികമേഖലയ്ക്ക് അതിന്റെ ആന്തരിക കരുത്ത് വീണ്ടെടുത്ത് കൊണ്ടുമാത്രമെ ഫലപ്രദമായി മുന്നോട്ട്‌പോകാനാവുകയുള്ളു. കൃഷി കേവലം ഒരു സാമ്പത്തിക പ്രവര്‍ത്തനം മാത്രമല്ലായെന്നു തരിച്ചറിവോടെ കൃഷിയുടെ സംസ്‌ക്കാരം തിരികെ പടിക്കണം ഒട്ടും എളുപ്പമല്ലാത്ത കാര്യത്തെക്കുറിച്ചുള്ള ചിന്തകളും പരിശ്രമങ്ങളുമാണിനി ഉണ്ടാവേണ്ടത്.

കൃഷിയുടെ പാരിസ്ഥിതികവും രാഷ്ട്രീയവും സാംസ്‌ക്കാരികവും  ആത്മീയവുമായ തലങ്ങളെ സാമ്പത്തികതലത്തോടൊപ്പം ചേര്‍ത്തുപിടിക്കണം. കൃഷി ഒരു രണ്ടാംകിട തൊഴിലോ വിനോദമോ കൗതുകമോ അല്ല മനുഷ്യന് സ്വാസ്ഥ്യ ജീവിതം പ്രദാനം ചെയ്യാനുള്ള ഒന്നാണ് കാര്‍ഷിക പ്രവര്‍ത്തനമെന്ന ബോധ്യമുണ്ടാവണം മറ്റ് തൊഴിലുകള്‍ക്കിടയില്‍ അല്പം കൃഷി, ഈ അപ്‌ലകൃഷിക്ക് അനല്‍പ്പമായ പ്രചരണം ഇത്തരത്തിലുള്ള ഒരു കാല്പനിക കൃഷി ഇവിടെ പച്ചപടിക്കുന്നുണ്ട് അതിന് പോകാവുന്ന ഒരു ദൂരമുണ്ട് കാര്‍ഷിക പ്രവര്‍ത്തനങ്ങളോട് മറ്റ് തൊഴിലുകള്‍ ചേര്‍ത്തുവയ്ക്കുക എന്നതാവണം ഇനിയുള്ള സമീപനം ഇന്ന് കര്‍ഷകര്‍ പോലും കാര്‍ഷിക ജീവിതമല്ല നയിക്കുന്നത് വ്യാവസായിക നാഗരിക ജീവിതമാണ്.

അവരുടെ സ്വപ്‌നങ്ങളിലും ജീവിതശൈിലികളിലും തുടിച്ചുനില്‍ക്കുന്നത് വ്യവാസായിക നാഗരികതയുടെ മൂല്ല്യങ്ങളാണ്. ആധുനിക വ്യവസായിക നാഗരികതയുടെതായ ജീവിതം നയിക്കാനുള്ള വരുമാനം കൃഷികൊണ്ടുമാത്രം കണ്ടെത്താനാവുന്നില്ല. എന്നിടത്താണ് കര്‍ഷക വിലാപങ്ങളും ആത്മഹത്യകളും വര്‍ദ്ധിക്കുന്നത് കര്‍ഷക വിലാപങ്ങളും ആത്മഹത്യകളും വര്‍ദ്ധിക്കുന്നത് ആധുനിക നാഗരികതയുടെ തിളക്കമുള്ള വേഗതയേറിയ ഉന്മദത്തോളമെത്തുന്ന ജീവിതാഘോഷങ്ങളുടെ സ്വപ്‌നങ്ങള്‍ കര്‍കര്‍ക്ക് മാത്രം നിഷേധിക്കാനാവുമോ.

മറ്റ് തൊഴില്‍ മേഖലകളിലുള്ളവരെ പ്പോലെ ജീവിക്കാനുള്ള മോഹം കര്‍ഷകര്‍ക്കുണ്ടാവുന്നത് തടഞ്ഞുനിര്‍ത്താനാവുമോ പ്രത്യേകിച്ചും ആ ജീവിതശൈലികളാണ് മഹത്തരവും വികസിതവും പുരോഗനപരവുമെന്ന ചിന്താഗതി എല്ലാ നിമിഷങ്ങളിലും എല്ലാ വശത്തുനിന്നും പ്രസരിപ്പിക്കപ്പെടുമ്പോള്‍ ന്യൂഡില്‍സ് കഴിക്കുന്നതാണ് കപ്പപ്പുഴുക്ക് കഴിക്കുന്നതിലും പുരോഗമന പരമെന്ന ചിന്തയുടെ തീക്കാറ്റ് ആഞ്ഞുവീശുമ്പോള്‍ കാര്‍ഷിക ജീവിത ശൈലിയുടെ പച്ചപ്പ് കരിഞ്ഞുപോകുക സ്വാഭാവികമാണ്.

കര്‍ഷകന്റെ വരുമാനം എങ്ങനെയെങ്കിലും വര്‍ദ്ധിപ്പിച്ച് അവനെ കമ്പോളത്തില്‍ കൂടുതല്‍ വാങ്ങാന്‍ കഴിവുള്ളവനാക്കി ഉപഭോഗ ഉന്മാദങ്ങിളലേക്ക് എങ്ങനെ നയിക്കാമെന്ന ചര്‍ച്ചകളാണ് മറ്റൊരുവിധത്തില്‍ ഇവിടെ നടക്കുന്നത്. കര്‍ഷകദിനത്തിലും ആ വഴിക്കുള്ള ചര്‍കളെ ഉണ്ടാവു. എന്നാല്‍ മറ്റ് തൊഴില്‍ രംഗത്തുള്ളവരെ കൂടി ശരിയായ കാര്‍ഷിക ജീവിതത്തിന്റെ സുസ്ഥിരതയിലേക്ക് എങ്ങനെ നയിക്കാമെന്നതാണ്  ആലോചിക്കേണ്ടത്.

അത് നടക്കണമെങ്കില്‍ കാര്‍ഷിക ജീവിതത്തെ സമഗ്രതയോടെ നോക്കിക്കാണേണ്ടിവരും മനുഷ്യനും പ്രകൃതിക്കും സുസ്ഥിരത നല്‍കുന്ന കൃഷിയിടങ്ങളും അത്തരം കൃഷിയിടങ്ങളെ അടിസ്ഥാനമാക്കിയുള്ള ജീവിത ഇടങ്ങളും സ്വപ്‌നം കാണാന്‍ കഴിയണം അത്തരം സ്വപ്‌നങ്ങളുള്ളവര്‍ കര്‍ഷകദിനത്തില്‍ നാടന്‍ വിത്തിനങ്ങളെപ്പറ്റിയും ഗ്രാമ ചന്തകളെപ്പറ്റിയും, കാര്‍ഷിക വിഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള ചെറുകിടവ്യവസായങ്ങളെപ്പറ്റിയും, നാട്ടുചികിത്സയെപ്പറ്റിയും, 'മാറ്റാള്‍' പണിയെപ്പറ്റിയും അയല്‍ വീടുകളിലെ സന്തോഷങ്ങളും സങ്കടങ്ങളും പങ്കുവയ്ക്കുന്ന അന്യേന്യതയെപ്പറ്റിയും കര്‍ഷകദിനത്തില്‍ ചര്‍ച്ചചെയ്യും ഇതിനുപകരം മൂക്കറ്റം കമ്പോള നാഗരികതയില്‍ മുങ്ങിനിന്ന് ഉല്പാദിപ്പിച്ച് വില്‍ക്കാനും വാങ്ങി ഉപയോഗിക്കാനും രണ്ടവസരങ്ങളിലും കമ്പോളത്തില്‍ കബളിപ്പിക്കപ്പെടാനും വിധിക്കപ്പെട്ടവരായി സ്വയംശപിച്ച് കൊണ്ട് വിലപിക്കുന്നതല്ല കര്‍ഷകധര്‍മ്മം.

ഉപയോഗിക്കാനുള്ളവ ഉല്പാദിപ്പിക്കാനും ഉല്പാദിപ്പിക്കുന്നവ ഉപയോഗിക്കാനും മിച്ചമുള്ളത് വില്ക്കാനും കഴിയുന്ന ഒരു ജീവിതശൈലി കര്‍ഷകര്‍ സ്വീകരിച്ചുതുടങ്ങിയാല്‍ കര്‍ഷകര്‍ മുന്നോട്ട് പോകാനും പക്ഷെ അത്തരം ജീവിതം നയിക്കാന്‍ നല്ല ആത്മവീര്യം വേണം കമ്പോളത്തിന്റെ പ്രലോഭനങ്ങളെ കീഴ്‌പ്പെടുത്താനുള്ള ഒറ്റക്കും കൂട്ടായുമുള്ള കര്‍ഷക വീര്യമാണ് ഉണ്ടാവേണ്ടത്. അത്തരം ഉശിരുള്ള കര്‍ഷകര്‍ക്കും കര്‍ഷകക്കൂട്ടായ്മകളും സാവകാശമെങ്കിലും ഉയര്‍ന്നുവരുമെന്ന പ്രതീക്ഷയാണ് അടുത്ത നൂറ്റാണ്ടിലും ഭൂമുഖത്ത് മനുഷ്യ ജീവിതം സാധ്യമാവും എന്ന പ്രതീക്ഷയുടെ അടിസ്ഥാനം.