ചെറായി: കുഴുപ്പിള്ളിയിലെ ചെറുവൈപ്പ് കവലയില്‍ നിന്ന് ഒരു കിലോമീറ്റര്‍ കിഴക്ക്, അമലോല്‍ഭവ മാതാവിന്റെ ദേവാലയത്തിനടുത്തുള്ള അഞ്ചില്‍ വീടിന്റെ പടി കടന്നാല്‍ കാണാം, ജൈവകൃഷിയുടെ വിസ്മയലോകം.ഇടതൂര്‍ന്ന് വിവിധയിനം പച്ചക്കറികള്‍ കൃഷി ചെയ്തിരിക്കുന്ന ഇവിടെ സവാളയും വെളുത്തുള്ളിയും വരെയുണ്ട്.

വീട്ടുടമസ്ഥനായ മനോജാണ് 'ഗ്രീന്‍ ഗാര്‍ഡന്‍' എന്ന് പേരിട്ടിരിക്കുന്ന ഈ തോട്ടത്തിന്റെ ശില്പി. 37- കാരനായ മനോജ് തന്റെ 36 സെന്റ് പുരയിടത്തിലാണ് ഗ്രീന്‍ ഗാര്‍ഡന്‍ തീര്‍ത്തിരിക്കുന്നത്.

പാവല്‍, വെണ്ട, ചീര, പീച്ചില്‍, വള്ളിപ്പയര്‍, മുളക് എന്നിങ്ങനെ 36 ഇനങ്ങളാണ് ഇവിടെ കൃഷി ചെയ്തിരിക്കുന്നത്. ഇതില്‍ വള്ളിപ്പയറാണ് താരം. ഏതാണ്ട് 620 കടയോളം വള്ളിപ്പയര്‍ നട്ടുപിടിപ്പിച്ചിട്ടുണ്ട്. ഓരോ ആഴ്ചയും വിളവെടുക്കുമ്പോള്‍ 150 കിലോ പയര്‍ ലഭിക്കും. 100 കടയോളം പാവലും 65 കടയോളം പീച്ചിലും കിട്ടുന്നു. കഴിഞ്ഞ വര്‍ഷം മനോജിന് ഒരു ലക്ഷം രൂപയ്ക്ക് മേല്‍ പച്ചക്കറികള്‍ വില്‍ക്കാന്‍ സാധിച്ചു.

കുഴുപ്പിള്ളി സഹകരണ ബാങ്കിനാണ് സാധനങ്ങള്‍ നല്‍കുക. വീട്ടില്‍ വന്ന് ആവശ്യപ്പെടുന്നവര്‍ക്കും പച്ചക്കറികള്‍ വില്‍ക്കാറുണ്ട്. വളവും കീടനാശിനികളും എല്ലാം ജൈവമാണ് ഉപയോഗിക്കുന്നത്. ചെമ്മീന്‍ കെട്ട് കാവല്‍ ജോലിക്കിടെയാണ് മനോജ് ഗ്രീന്‍ ഗാര്‍ഡനിലെ ജോലിയില്‍ മുഴുകുക. സഹായത്തിന് അമ്മയും ഉണ്ടാകും. പഞ്ചായത്തിലെ മികച്ച കര്‍ഷകനുള്‍പ്പെടെയുള്ള നിരവധി അംഗീകാരങ്ങള്‍ ഇക്കാലയളവില്‍ മനോജിനെ തേടിയെത്തിയിട്ടുണ്ട്.