thennalaമലപ്പുറത്തെ തെന്നല ഗ്രാമത്തില്‍ നിന്നെല്ലാ മാസവും തിരുവനന്തപുരത്തേക്കൊരു ചാക്ക് ജൈവ അരി പാര്‍സലായി പോവും. വേറെയെവിടേക്കുമല്ല ക്ലിഫ് ഹൗസിലേക്ക്. നമ്മുടെ മുഖ്യമന്ത്രിയും കുടുംബവും കഴിക്കുന്ന അരി ഉത്പാദിപ്പിക്കുന്നതൊരു വനിതാ കൂട്ടായ്മയാണ്. തെന്നലയിലെ വനിതാകൂട്ടായ്മ വിളയിച്ചെടുക്കുന്ന നെല്ലിനങ്ങള്‍, അവര്‍ സംസ്‌കരിച്ചെടുക്കുന്ന അരി വെറൈറ്റികള്‍ ഒരു ബ്രാന്‍ഡായി മാറുകയാണ്. ആഴ്സനിക്കിന്റെയും പോളിഷ്ചെയ്യാനുപയോഗിക്കുന്ന മറ്റ് രാസവസ്തുക്കളുടെയും സാന്നിധ്യമില്ലാത്ത നല്ല അരി ലഭിക്കാന്‍ മലപ്പുറത്തെ ആശ്രയിക്കാവുന്ന രീതിയിലേക്ക് വളരുകയാണ് തെന്നല അഗ്രോമാര്‍ക്കറ്റിങ് കമ്പനി. 

അഞ്ഞൂറുപേരടങ്ങുന്ന കുടുംബശ്രീ കൂട്ടായ്മയിലെ അംഗങ്ങളാണ് ഇതിലെ കര്‍ഷകര്‍. തെന്നലയില്‍ മുമ്പ് അനേകം ഏക്കര്‍ കണക്കിന് ഭൂമി തരിശിട്ടിരിക്കുകയായിരുന്നു. ഇത് കണ്ട കുടുംബശ്രീ അംഗങ്ങള്‍ അധികാരികളെ സമീപിക്കുകയും നെല്‍കൃഷിചെയ്യാനുള്ള അനുമതി നേടുകയുമായിരുന്നു. നബാര്‍ഡിന്റെയും കൃഷിഭവന്റെയും കുടംബശ്രീ ജില്ലാ മിഷന്റെയും സഹായം ലഭിച്ചു.  ആദ്യതവണ 13 ഏക്കറിലാണ് കൃഷി തുടങ്ങിയത്. ഇന്നിപ്പോള്‍ അത് 1360 ഏക്കറിലേക്ക് വ്യാപിപ്പിച്ചിരിക്കുന്നു. thennala

ഉമ,  ഐശ്വര്യ നെല്‍വിത്തുകളാണ് ഇവര്‍ പ്രധാനമായും  പാടത്തിറക്കുന്നത്. വനിതാ അംഗങ്ങളുടെ ചിട്ടയായ പരിചരണത്താല്‍ നല്ല വിളവു ലഭിക്കുന്നുണ്ട്. ഉത്പാദിപ്പിക്കുന്ന നെല്ല് വിപണനം ചെയ്യുകയെന്നതായിരുന്നു അംഗങ്ങള്‍ക്കിടയാിലെ ആദ്യ വെല്ലുവിളി സപ്ലൈക്കോയില്‍ നല്‍കിയാന്‍ പണം ലഭിക്കാന്‍ കാല താമസവും നേരിടും. അങ്ങനെ അംഗങ്ങള്‍ കൂടിയാലോചിച്ച ഒരു തീരുമാനമെടുത്തു. 500 പേരില്‍ ഓരോ അംഗവും 1000 രൂപ വീതമെടുത്ത് ഒരു മാര്‍ക്കറ്റിങ് കമ്പനി രൂപവത്കരിക്കുക. അങ്ങനെ 2015 സെപ്തംബറില്‍ കമ്പനിയായി.  

വിവിധയിനം ജൈവ അരികളാണ് കമ്പനി ഇന്ന്് ഉത്പാദിപ്പിക്കുന്നത്. മട്ട, തവിടു കളയാത്ത അരി, ഉണങ്ങല്ലരി, പായസ അരി, അവില്‍ , അരിപ്പൊടി, എന്നിവയും ഉത്പാദിപ്പിക്കുന്നു. തെന്നല അഗ്രോ മാര്‍ക്കറ്റിങ് കമ്പനിയുടെ പേരില്‍ അത് കേരളം മുഴുവനും വിറ്റഴിക്കുന്നു. വനിതകള്‍ മാത്രമുള്ള കമ്പനി കൊറിയറായാണ് ഉത്പന്നമെത്തിക്കുന്നത്. 

ആര്യവൈദ്യശാല കോട്ടക്കല്‍, കേരളത്തിലെ നിരവധി പ്രകൃതിചികിത്സാ കേന്ദ്രങ്ങള്‍, സ്‌കൂളുകള്‍, റൈസിഡന്റ്സ് അസോസിയേഷനുകള്‍ കൂടാതെ രാസവസ്തുക്കളുടെ സാന്നിധ്യമില്ലാത്ത ഭക്ഷണം ഇഷ്ടപ്പെടുന്ന വ്യക്തികള്‍ എന്നിവരാണ് പ്രധാന ഉപഭോക്താക്കള്‍. 

 നെല്ലില്‍ നിന്ന് കപ്പയിലേക്ക് വ്യാപിപ്പിക്കുകയാണ് കമ്പനിയുടെ പ്രവര്‍ത്തനം. കപ്പയില്‍ നിന്ന് 40 വിധം ഉത്പന്നങ്ങള്‍ തയ്യാറാക്കി വിപണനം നടത്തുകയാണ് കമ്പനിയുടെ അടുത്ത ലക്ഷ്യം- കമ്പനിയുടെ ചെയര്‍മാന്‍ താര ടി. യും മാനേജിങ് ഡയറക്ടര്‍ ജാസ്മിന്‍ എ. യും പറയുന്നു.