പപ്പടം എല്ലാവര്‍ക്കും വളരെയേറെ ഇഷ്ടമാണ്. മലയാളിയുടെ സദ്യയിലെ ഒരു പ്രധാന വിഭവവുമാണ് പപ്പടം. സദ്യയുടെ കേമത്തം കൂടുന്നതിനനസുരിച്ച് വല്ല്യ പപ്പടം, ചെറിയ പപ്പടം എന്നിങ്ങനെ വ്യത്യസ്തകളും കൂടും. പക്ഷേ പപ്പടത്തിലെ കാരത്തിന്റെ (അപ്പക്കാരം) അളവാണ് മതിയാവോളം അത്  കഴിയുന്നതില്‍നിന്ന് തടയുന്നത്. അപ്പക്കാരമെന്ന സോഡിയം കാര്‍ബണേറ്റ് അള്‍സറുണ്ടാക്കുന്നതാണെന്നതാണ് കാരണം.

എന്നാല്‍ അപ്പക്കാരമില്ലാത്ത പപ്പടം കിട്ടിയാലോ തികച്ചും ജൈവരീതിയില്‍ തയ്യാറാക്കിയത്. പാലക്കാട് കല്‍പ്പാത്തി കല്ലേപ്പുള്ളിയിലെ അയ്യര്‍ സ്‌പെഷല്‍ പപ്പട് ആണ് ഇത്തരം പപ്പടത്തിന്റെ വിതരക്കാര്‍. കോഴിക്കോട്ടു നടക്കുന്ന മാതൃഭൂമി കാര്‍ഷികമേളയിലാണ് കല്‍പ്പാത്തിയിലെ അയ്യര്‍ പപ്പടിന്റെ സ്റ്റാളുള്ളത്. പലവര്‍ണത്തില്‍ നിരനിരയായിവെച്ച പപ്പടകൊട്ടയില്‍ കണ്ണുടക്കിയാല്‍ വാങ്ങാതെ പേരില്ല. 

pappdജൈവ മസാലപപ്പടങ്ങളുടെ ഒരു നിരതന്നെയാണ് പപ്പടപ്രേമികളെ കാത്തിരിക്കുന്നത്. ജീരകപപ്പടം, പച്ചമുളക് പപ്പടം, വറ്റല്‍മുളക് പപ്പടം, തക്കാളി പപ്പടം, വെളുത്തുള്ളി പപ്പടം, ചീസ്പപ്പടം, ഉള്ളിപപ്പടം, ഉരുളക്കിഴങ്ങ് പപ്പടം, അയമോദക പപ്പടം എന്നിങ്ങനെ നിരവധിയിനങ്ങളുണ്ട്. ഓരോ തരത്തിന്റെയും കൃത്യം സാധനങ്ങള്‍ തന്നെയാണ് ഇതിനുപയോഗിക്കുന്നത്. അല്ലാതെ എസന്‍സ് അല്ല എന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. 

ദഹനപ്രക്രിയയുമായി ബന്ധപ്പെട്ട അസുഖങ്ങള്‍ക്കുപയോഗിക്കുന്ന വെളുത്തുള്ളി, അയമോദകമെന്നിവ പപ്പടരൂപത്തിലുണ്ട്. വെളുത്തുള്ളിയരച്ച് പപ്പടക്കൂട്ടില്‍ ചേര്‍ത്താണ് വെളുത്തുള്ളി പപ്പടത്തിന്റെ നിര്‍മാണം. അപോലെ തക്കാളിയും പച്ചമുളകും പൊതിനയിലയും ചേര്‍ത്ത് പപ്പടം നിര്‍മിക്കുന്നു. അയമോദക പപ്പടത്തിലും ജീരക പപ്പടത്തിലും അത് ചെറുതായി കടിക്കും. ചീസ് പപ്പടത്തിന് തനി വെണ്ണയുടെ രുചിയാണ്. പൊട്ടറ്റോ പപ്പടം വായിലിട്ടാല്‍ അലിഞ്ഞുപോകുന്നത്ര നൈസാണ്.

പാലക്കാട്ട് കല്പാത്തിയിലെ കുടില്‍വ്യവസായമായാണ് അയ്യര്‍ പപ്പടം നിര്‍മിക്കുന്നത്. മേളകളാണ് പ്രധാന വിപണന സാധ്യതകള്‍. കൂടാതെ മലപ്പുറത്തും പാലക്കാട്ടും ശ്രീലക്ഷ്മിയെന്ന ബ്രാന്‍ഡില്‍ വിതരണം ചെയ്യുന്ന അരിപ്പൊടി, ചൗവ്വരിപ്പൊടി, ഉഴുന്നുപൊടി എന്നിവയും ഒരോരോയിനത്തിനായി അതതിന്റെ കൂടുമാണ് പപ്പട നിര്‍മാണത്തിനുപയോഗിക്കുന്നത്. അപ്പക്കാരം ചേര്‍ക്കാത്തതുകൊണ്ട് സാധാരണ പപ്പടത്തിന്റേതുപോലെ പൊള്ളി പൊങ്ങിവരില്ലെങ്കിലും ഏവര്‍ക്കും ഇഷ്ടപ്പെടുന്ന രുചിയാണ് അയ്യര്‍ പപ്പടത്തിന്.

ഇരുപതോളം ജീവനക്കാരാണ് അയ്യര്‍ കമ്പനിയില്‍ പപ്പട നിര്‍മാണത്തിലേര്‍പ്പെട്ടിരിക്കുന്നത്. അവര്‍ക്കെല്ലാം ഒരു വരുമാനമാകുന്നതിനൊപ്പംതന്നെ ജൈവ രീതിയില്‍ കൃത്രിമങ്ങളില്ലാത്ത പപ്പടമെന്ന ലക്ഷ്യംകൂടിയാണ് ഇതിലേക്ക് നയിച്ചതെന്ന് ഇതിന്റെ ഉടമ ശ്രീരാഗ് പറഞ്ഞു. മേളയിലെത്തുന്നവര്‍ക്ക് തന്റെ പപ്പടത്തിന്റെ രുചിയും ഗുണവും പരിചയപ്പെടുത്തുന്നതിനായി ശ്രീരാഗ് ഇത് വറുത്ത് സാമ്പിളും നല്‍കുന്നുണ്ട്. ഇരുനൂറ്റമ്പത് ഗ്രാം പപ്പടത്തിന് 100 രൂപയാണ് വില. കാരമില്ലാത്ത കല്പാത്തി പപ്പടം രുചിക്കണമെന്നുള്ളവര്‍ക്ക് ശ്രീരാഗിന്റെ സ്റ്റാളിലെത്താം...