payasamപായസക്കൂട്ട്, ബിരിയാണി കൂട്ട്, പുട്ടുപൊടി, ഹലുവ തുടങ്ങി ചക്ക കൊണ്ടുള്ള മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ നീണ്ട നിരയാണ് മാതൃഭൂമി കാര്‍ഷികമേളയിലുള്ളത്.

പാലക്കാട് നിന്നുള്ള പീപ്പിള്‍ സര്‍വീസ് സൊസൈറ്റിയാണ് 'ചക്ക ദൗത്യം' പദ്ധതിയുടെ ഭാഗമായി ചക്ക കൊണ്ടുള്ള പലവിധ ഉത്പന്നങ്ങളുമായി എത്തിയിട്ടുള്ളത്. കേക്ക്, ഉണ്ണിയപ്പം, അച്ചാര്‍, ചമ്മന്തിപ്പൊടി, ചക്കപ്പഴം ഉണക്കി സൂക്ഷിച്ചത് തുടങ്ങി നീണ്ടനിര തന്നെയാണ് ഇവര്‍ കൊണ്ടുവന്നിട്ടുള്ളത്. 

    നാളികേര വികസനബോര്‍ഡിന്റെ കീഴിലുള്ള സ്റ്റാളുകളില്‍ നിറയുന്നതിലേറെയും വിവിധങ്ങളായ വെളിച്ചെണ്ണയും നീരയുമൊക്കെയാണ്. ചക്കിലാട്ടിയ വെളിച്ചെണ്ണ, വെന്ത വെളിച്ചെണ്ണ, ഉരുക്കിയ വെളിച്ചെണ്ണ എന്നിവയ്ക്ക് പുറമെ നീര കൊണ്ടുള്ള ഉത്പന്നങ്ങളും ഉണ്ട്. ഷുഗറുള്ളവര്‍ക്ക് പോലും ഉപയോഗിക്കാവുന്ന നീര തേനും സിറപ്പും സുര്‍ക്കയും സ്റ്റാളില്‍ ഇടംപിടിച്ചിരിക്കുന്നു. 

കാസര്‍കോട് സി.പി.സി.ആര്‍.ഐ. എത്തിച്ചിട്ടുള്ളത് ചന്ദ്രശങ്കര, കല്പജ്യോതി, കേര ശങ്കര തുടങ്ങി പത്തിലേറെ ഇനം തേങ്ങകളാണ്. നബാര്‍ഡിന്റെ കീഴിലുള്ള സംഘങ്ങള്‍ എത്തിച്ചിരിക്കുന്നത് കാപ്പിപ്പൊടി, ചിപ്സ്, കാന്താരി മുളക്, അവലോസുണ്ട തുടങ്ങിയ നാടന്‍ ഉത്പന്നങ്ങളാണ്. 

കുടുംബശ്രീ പ്രവര്‍ത്തകരുടെ കൂണ്‍ പായസമാണ് വ്യത്യസ്തമായ ഒരിനം. ഒരു കപ്പിന് 25 രൂപയാണ് വില. കൂണ്‍ ബിരിയാണി, കട്ലറ്റ്, സമൂസ എന്നിവയും ഉണ്ട്.

 ജൈവ അരിയും കപ്പപ്പൊടിയുമെല്ലാം ആവശ്യക്കാരെ കാത്തിരിക്കുന്നു. ജീവിതശൈലീ രോഗങ്ങള്‍ നിയന്ത്രിക്കാനായി കൈറ്റോണ്‍ കാപ്സൂളുമായി മത്സ്യഫെഡും ഉണ്ട്. 

രാവിലെ 11 മുതല്‍ രാത്രി ഒമ്പത് വരെ നടക്കുന്ന പരിപാടിയില്‍ ഭക്ഷ്യമേളയും രാത്രി ഏഴിന് കലാപരിപാടികളും ഉണ്ട്.