കടലോരത്തെ കാഴ്ചകള്‍ കാണാനെത്തുന്നവരെ ബുധനാഴ്ച മുതല്‍ കാത്തിരിക്കുന്നത് മറ്റൊരു വിസ്മയമാണ്. നഗരത്തിന്റെ മുക്കിലും മൂലയിലും പച്ചക്കറി മേളകള്‍ നടക്കുമ്പോള്‍ കൃഷിയെ ഒന്നാകെ ബീച്ച് മറൈന്‍ ഗ്രൗണ്ടിലേക്ക് കൊണ്ടു വരികയാണ് മാതൃഭൂമി. 

നഷ്ടമാകുന്ന കാര്‍ഷിക സംസ്‌കൃതിയെ കൈയ്യെത്തിപ്പിടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മാതൃഭൂമി കാര്‍ഷിക മേള നടത്തുന്നത്. കേവലമൊരു പ്രദര്‍ശനത്തിനും വില്‍പനക്കുമപ്പുറം കൃഷിക്കായി എന്തെല്ലാം ചെയ്യാം, എങ്ങനെ കൃഷി നടത്താം തുടങ്ങി വലിയ കൃഷിപാഠം പകര്‍ന്നു നല്‍കുന്നതാണ് മേള.

ബുധനാഴ്ച രാവിലെ 11-ന് തുടങ്ങിയ മേളയുടെ ഔദ്യോഗിക ഉദ്ഘാടനം വൈകീട്ട് അഞ്ചിന് കൃഷി വകുപ്പ് മുന്‍ ഡെപ്യൂട്ടി ഡയരക്ടര്‍ ആര്‍.ഹേലി നിര്‍വഹിക്കും. കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.പി.രാജേന്ദ്രനും മാതൃഭൂമി മാനേജിങ് എഡിറ്റര്‍ പി.വി.ചന്ദ്രനും മുഖ്യാതിഥികളാവും. മേള 17-ന് സമാപിക്കും. രാവിലെ 11 മുതല്‍ രാത്രി ഒമ്പത് വരെയാണ് മേള. പ്രവേശനം സൗജന്യമാണ്.