കോഴിക്കോട്: കൃഷിവിജ്ഞാനത്തിന്റെ പുത്തന്‍ പാഠങ്ങളൊരുക്കുന്ന മാതൃഭൂമി കാര്‍ഷിക മേളയില്‍ കര്‍ഷകരുടെ സംശയങ്ങള്‍ തീര്‍ക്കാനും അറിവ് പങ്കുവെക്കാനും പ്രമുഖരുടെ നിരതന്നെ പങ്കെടുക്കും. 
13 മുതല്‍ 17 വരെ കോഴിക്കോട് ബീച്ച് മറൈന്‍ ഗ്രൗണ്ടിലാണ് മേള.  

15 മുതല്‍ 17 വരെ സെമിനാറുകളും സംവാദങ്ങളുമാണ്. 15-ന് രാവിലെ 11-ന് നബാര്‍ഡിന്റെ ഫാര്‍മേഴ്‌സ് ക്ലബ്ബ് മീറ്റ്. രണ്ടിന് മാലിന്യപരിപാലനവും പുരയിടകൃഷിയും എന്ന വിഷയത്തില്‍ നിറവ് കോ-ഓര്‍ഡിനേറ്റര്‍ ബാബു പറമ്പത്ത് ക്ലാസെടുക്കും. മൂന്നിന് 'വീട്ടില്‍ വിളയിക്കാം പച്ചക്കറി' എന്ന വിഷയത്തില്‍ കൃഷിവകുപ്പ് മുന്‍ ജോയിന്റ് ഡയരക്ടര്‍ ഹീര നെട്ടൂര്‍ സംസാരിക്കും.

നാലിന് വാണിജ്യാടിസ്ഥാനത്തില്‍ കേരളത്തില്‍ കൃഷി ചെയ്യാവുന്ന ഔഷധസസ്യങ്ങളെക്കുറിച്ച് കോട്ടക്കല്‍ ആര്യവൈദ്യശാലയിലെ ശാസ്ത്രജ്ഞന്‍ മഹേഷ് കുമാറും, അഞ്ചിന് നാടന്‍ പശുക്കളുടെ പരിരക്ഷണം എന്തിന് എങ്ങനെ എന്നവിഷയത്തില്‍ വെറ്ററിനറി സര്‍ജന്‍ ഡോ. ജോബി ജോര്‍ജും സംസാരിക്കും. 

16-ന് രാവിലെ 11-ന് കര്‍ഷകമുഖാമുഖം. സുരേഷ് മുതുകുളം (പ്രിന്‍സിപ്പല്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍), ഡോ. ജയരാജ് (കൃഷി വിജ്ഞാനകേന്ദ്രം), പി. ബാലചന്ദ്രന്‍ (ജനറല്‍ മാനേജര്‍, നബാര്‍ഡ്), ഡോ. ഷിഹാബുദ്ദീന്‍(അസി. പ്രോജക്ട് ഓഫീസര്‍, ആര്‍.എ.ഐ.സി.), ഡോ. ദിനേശ് ചെറുവാട്ട് (ഫിഷറീസ് വകുപ്പ്) എന്നിവര്‍ കര്‍ഷകരുമായി സംവദിക്കും. കര്‍ഷകര്‍ക്ക് സംശയങ്ങള്‍ ചോദിക്കാം. കര്‍ഷകര്‍ക്കുള്ള പ്രത്യേക പദ്ധതികള്‍, സാമ്പത്തികസഹായം, ആനുകൂല്യം തുടങ്ങി വിവിധ കാര്യങ്ങള്‍ വിശദീകരിക്കും. മൂന്നിന് ചെലവില്ലാ പ്രകൃതി കൃഷിയെ കുറിച്ച് ഉണ്ണിഗോപാലും നാലിന് പ്രകൃതിജീവനത്തെ കുറിച്ച് ഡോ. രാധാകൃഷ്ണനും സംസാരിക്കും. 

 17-ന് 11-ന് കാര്‍ഷിക വാണിജ്യ മേഖലയിലെ പുത്തന്‍ പ്രവണതകളെപ്പറ്റി സ്വരൂപിന്റെ ക്ലാസ്സാണ്. 12.15-ന് കൃഷിയിലെ എളുപ്പവഴികളെ കുറിച്ച് എം. സോമശേഖരന്‍ നായരും മൂന്നിന് നാട്ടുവഴിയിലെ നാടന്‍ രുചികളെ കുറിച്ച് വി.സി. പ്രമോദ് കുമാറും സംസാരിക്കും. നാലിന് പക്ഷി പരിപാലനം എന്ന വിഷയത്തില്‍ ഡോ. പ്രശാന്ത് നാരായണന്‍ ക്ലാസെടുക്കും.

എല്ലാദിവസവും രാത്രി ഏഴിന്  കലാപരിപാടികളുമുണ്ട്. നബാര്‍ഡും വി-ഗാര്‍ഡ് ഡൊമസ്റ്റിക് ആന്‍ഡ് അഗ്രികള്‍ച്ചര്‍ പമ്പ്‌സുമാണ് പരിപാടിയുമായി സഹകരിക്കുന്നത്. കെ.ഡി.സി. ബാങ്കാണ് ബാങ്കിങ് പാര്‍ട്ണര്‍.